കുറുമ്പന്മാരുടെ കുറുമ്പാലക്കോട്ടയും മാലിന്യങ്ങളുടെ കൂമ്പാരവും…

വയനാട്ടിൽ സൂര്യോദയം മനോഹരമായി കാണുവാൻ സാധിക്കുന്ന ഒരു സ്ഥലമുണ്ട്. സോഷ്യൽ മീഡിയയിലൂടെ പ്രശസ്തമായ കുറുമ്പാലക്കോട്ടയാണ് ആ സ്ഥലം. വയനാട്ടിലെ അതിമനോഹരമായ ഒരു സ്ഥലവും കൂടിയാണ് കുറുമ്പാലക്കോട്ട ഹിൽസ്. ദിവസേന ആയിരക്കണക്കിനാളുകളാണ് ഇവിടെ സൺറൈസ് കാണാനായി എത്തുന്നത്. വായനാട്ടിലെ കുഞ്ഞ് മീശപ്പുലിമലയാണ് കുറുമ്പാലക്കോട്ട എന്നു വേണമെങ്കിൽ പറയാം.

വയനാട്ടിൽ ഹൈനാസ്‌ ഇക്കയുടെ കൂടെ താമസിക്കുന്നതിനിടെയാണ് കുറുമ്പാലക്കോട്ട ഞങ്ങളുടെ ചർച്ചയിൽ ഉയർന്നു വന്നത്. സോഷ്യൽ മീഡിയ വഴി പ്രശസ്തമായതോടെ വിവിധ ദേശങ്ങളിൽ നിന്നും ഇവിടേക്ക് ധാരാളം ആളുകൾ വരുന്നുണ്ട്. ചിലരൊക്കെ രാത്രി മലമുകളിൽ ടെന്റ് അടിച്ചു താമസിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ മനോഹരമായ ഈ സ്ഥലത്തിനുണ്ടായ പ്രശസ്തി സമ്മാനിച്ചത് മാലിന്യങ്ങളുടെ കൂട്ടമാണ്. സഞ്ചാരികൾ ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ ആരും തിരിഞ്ഞുനോക്കാനില്ലാതെ അവിടെങ്ങനെ കിടക്കുകയാണത്രെ.

ഇതെല്ലാം ചർച്ച ചെയ്തപ്പോൾ അടുത്ത ദിവസം രാവിലെ തന്നെ അവിടേക്ക് ഒന്ന് പോകണമെന്നായി. സൂര്യോദയം കാണുവാനല്ല, മറിച്ച് അവിടെയുള്ള മാലിന്യങ്ങൾ കുറച്ചെങ്കിലും നീക്കം ചെയ്യാൻ പറ്റുമോയെന്നു നോക്കുവാനാണ്. എൻ്റെ ആഗ്രഹം കേട്ടപ്പോൾ ഹൈനാസ്‌ ഇക്കയ്ക്കും സന്തോഷമായി. അങ്ങനെ ഞങ്ങൾ പിറ്റേദിവസം രാവിലെ തന്നെ അവിടേക്ക് യാത്ര തിരിച്ചു.

കൽപ്പറ്റയിൽ നിന്നും ഏകദേശം 18 കിലോമീറ്റർ ദൂരത്തായാണ് കുറുമ്പാലക്കോട്ട സ്ഥിതി ചെയ്യുന്നത്. കൽപ്പറ്റ – കമ്പളക്കാട് റോഡിലൂടെയാണ് അവിടേക്ക് പോകേണ്ടത്. ഓഫ്റോഡ് വാഹനങ്ങൾ മാത്രമേ മലമുകളിലേക്ക് പോകുകയുള്ളൂ. മറ്റു വാഹനങ്ങളിൽ വരുന്നവർ താഴെ വണ്ടി വെച്ചിട്ട് മുകളിലേക്ക് നടന്നു പോകേണ്ടി വരും. ഹൈനാസ്‌ ഇക്കയുടെ ഥാർ ജീപ്പ് ആയതിനാൽ ഞങ്ങൾ മുകളിൽ വരെ അതിൽ സഞ്ചരിച്ചു.

ഞങ്ങൾ അവിടേക്ക് കയറുന്ന സമയത്ത് ധാരാളം ആളുകൾ നടന്നും ബൈക്കിലും ഒക്കെ അവിടേക്ക് പോകുന്നുണ്ടായിരുന്നു. ജീപ്പ് പോകുന്നയിടം വരെ പോയി വണ്ടി അവിടെ പാർക്ക് ചെയ്തിട്ട് ഞങ്ങൾ മുകളിലേക്ക് നടക്കുവാൻ തുടങ്ങി. സൂര്യൻ ഉദിക്കുവാൻ തുടങ്ങുന്നേയുണ്ടായിരുന്നുള്ളൂ. മുകളിൽ എത്തിയപ്പോഴാണ് ഞാൻ അന്തംവിട്ടു പോയത്. കൂടി വന്നാൽ ഒരു 50 പേരെ അവിടെ പ്രതീക്ഷിച്ച എനിക്ക് കാണാനായത് ഏകദേശം അയ്യായിരത്തോളം ആളുകളെയായിരുന്നു. സഞ്ചാരികളെല്ലാവരും സൂര്യോദയം കാണുവാനായി ഉറ്റുനോക്കി നിൽക്കുകയായിരുന്നു. അധികം വൈകാതെ നാടകത്തിനു തിരശീല ഉയരുന്നതുപോലെ സൂര്യൻ എല്ലാവരെയും നോക്കി പുഞ്ചിരിച്ചുകൊണ്ട് മുകളിലേക്ക് ഉയർന്നു വന്നു.

സഞ്ചാരികളെല്ലാം കാഴ്ചകൾ ക്യാമറയിലും മൊബൈലിലും പകർത്തുന്ന തിരക്കിലായിരുന്നു. സൂര്യോദയം കണ്ടതോടെ ചിലരെല്ലാം തിരികെ പോകുവാൻ ആരംഭിച്ചു. ആളുകൾ മാറിക്കഴിഞ്ഞപ്പോഴാണ് മനസ്സു മടുപ്പിക്കുന്ന ആ കാഴ്ച ദൃശ്യമായി തുടങ്ങിയത്. അവിടെ എല്ലായിടത്തും പ്ലാസ്റ്റിക്ക് കുപ്പികളും, ഭക്ഷണാവശിഷ്ടങ്ങളും ഒക്കെ അടങ്ങിയ മാലിന്യക്കൂട്ടമായിരുന്നു. തിരക്ക് കുറച്ചൊഴിഞ്ഞപ്പോൾ ഞങ്ങൾ കയ്യിൽ കരുതിയ ചാക്കുകൾ പുറത്തെടുക്കുകയും മാലിന്യങ്ങൾ ഓരോന്നായി അതിലേക്ക് എടുത്തു ഇടുവാനും ആരംഭിച്ചു. ഞങ്ങളുടെ അഭ്യർത്ഥന മാനിച്ച് അവിടെ വന്ന ഒരു കൂട്ടം സഞ്ചാരികളും ഈ പ്രവൃത്തിയിൽ പങ്കുചേർന്നു.

ഇത്രയും മനോഹരമായ ഈ സ്ഥലത്ത് വന്നിരുന്നു മദ്യപിക്കുക എന്ന ഉദ്ദേശ്യത്തോടെ വരുന്നവരാണ് കൂടുതലായും ഇവിടം വൃത്തികേടാക്കുന്നത്. ധാരാളവും മദ്യക്കുപ്പികളാണ് ഞങ്ങൾക്ക് അവിടെ നിന്നും ലഭിച്ചത്. തലേദിവസം ടെന്റ് അടിച്ചു താമസിച്ചവർ വരെ അവിടെ ഭക്ഷണ സാധനങ്ങൾ അലക്ഷ്യമായി കളഞ്ഞിട്ടുണ്ടായിരുന്നു. അവയെല്ലാം ഞങ്ങൾ വൃത്തിയാക്കുകയും ചെയ്തു.

ഇത്രയും സഞ്ചാരികൾ എത്തുന്ന ഈ സ്ഥലം ടൂറിസം വകുപ്പ് തിരിഞ്ഞു നോക്കാത്തത് മൂലമാണ് ഇത്രയും മോശപ്പെട്ട രീതിയിൽ കിടക്കുന്നത്. മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിനായി ഇവിടെ ഒരു ബോക്സ് പോലുമില്ലായിരുന്നു. പിന്നെങ്ങനെ ആളുകൾ വേസ്റ്റുകൾ ശരിയായ രീതിയിൽ നിക്ഷേപിക്കും? ഈ കാര്യത്തിൽ സഞ്ചാരികളെ മാത്രം കുറ്റം പറയുവാൻ സാധിക്കില്ല.

ഞങ്ങൾ പത്തോളം ചാക്കുകളുമായിട്ടാണ് ഇവിടേക്ക് വന്നത്. നിമിഷനേരങ്ങൾക്കകം ആ ചാക്കുകൾ മുഴുവനും മാലിന്യങ്ങൾ കൊണ്ട് നിറഞ്ഞു. ഞങ്ങളെക്കാൾ ആവേശമായിരുന്നു ഞങ്ങളോടൊപ്പം അവിടെവെച്ചു ചേർന്ന യുവാക്കളായ സഞ്ചാരികൾക്ക്. എല്ലാവരും ആവേശത്തോടെയായിരുന്നു അവിടം വൃത്തിയാക്കുവാനായി മുന്നിട്ടിറങ്ങിയത്. ചാക്കുകൾ നിറഞ്ഞതോടെ ഞങ്ങൾ അവയെല്ലാം ചുമന്നുകൊണ്ട് ഒരിടത്തു വെച്ചു. ഇവയെല്ലാം ഇനി കൃത്യമായ രീതിയിൽ നിർമ്മാർജ്ജനം ചെയ്യുവാനുള്ള മാർഗ്ഗങ്ങൾ ഹൈനാസ്‌ ഇക്കയും കൂട്ടരും റെഡിയാക്കിയിരുന്നു.

ആദ്യ ഘട്ട ക്ളീനിങ് കഴിഞ്ഞു വീണ്ടും ചാക്കുകളുമായി ഞങ്ങൾ മുകളിലേക്ക് കയറി. ആ സമയംകൊണ്ട് അവിടെ വീണ്ടും മാലിന്യങ്ങൾ കുറച്ചൊക്കെ നിറഞ്ഞിരുന്നു. എന്തു പറഞ്ഞാലും നന്നാകാത്ത നമ്മുടെ ഒരു കൂട്ടം ആളുകൾ പറ്റിച്ചതാണ്. ഇതിനിടെ എൻ്റെ ചെരിപ്പ് പൊട്ടുകയും ചെയ്തു. ചെരിപ്പ് ഞാൻ മാലിന്യങ്ങൾ നിക്ഷേപിക്കുന്ന ചാക്കിൽ ഇട്ടിട്ടു നഗ്നപാദനായി നടന്നു. വീണ്ടും നിമിഷനേരങ്ങൾക്കകം ഞങ്ങളുടെ ചാക്കുകളെല്ലാം നിറഞ്ഞു. രണ്ടു മൂന്നു ടിപ്പർ ലോറികളിൽ കയറ്റിയാലും തീരാത്തയത്ര മാലിന്യങ്ങൾ അവിടെയുണ്ടായിരുന്നു.

ഞങ്ങൾ മാലിന്യങ്ങൾ നിറച്ച ചാക്കുകളെല്ലാം ഹൈനാസ്‌ ഇക്കയുടെ വണ്ടിയിൽ കയറ്റി നിർമ്മാർജ്ജനം ചെയ്യുന്നതിനായി യാത്രയായി. ഇത്രയധികം മാലിന്യങ്ങൾ ഉണ്ടാകുമെന്നു ഞങ്ങൾ സ്വപ്നത്തിൽപ്പോലും വിചാരിച്ചിരുന്നില്ല. മാലിന്യങ്ങളുമായി ഞങ്ങൾ കൽപ്പറ്റ ടൗണിലെ മാലിന്യങ്ങൾ ശേഖരിക്കുന്ന ഒരു സ്ഥലത്തെത്തി. ഹൈനാസ്‌ ഇക്കയുടെ സുഹൃത്ത് റമീസ് ആയിരുന്നു ഇതിനായി ഞങ്ങളെ ഹെല്പ് ചെയ്തത്. പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് സംസ്കരിച്ച ശേഷം മറ്റു സ്ഥലങ്ങളിലേക്ക് നിർമ്മാണ പ്രവർത്തനങ്ങൾക്കായി അയയ്ക്കുന്ന ചെയ്യുന്നതെന്ന് റമീസ് പറഞ്ഞു.

ഈ വീഡിയോ കുറുമ്പാലക്കോട്ടയെ നെഗറ്റീവ് ആയി കാണിക്കാനുണ്ടാക്കിയതല്ല. പകരം ഇവിടെ നടക്കുന്ന ഇത്തരം കാര്യങ്ങൾ അധികാരികളുടെ മുന്നിൽ എത്തിച്ച് ഇവിടുത്തെ കാര്യങ്ങൾ നിയന്ത്രിച്ചില്ലെങ്കിൽ മദ്യപിച്ച് അഴിഞ്ഞാടാൻ ആളുകൾ വരുന്ന ഒരു സ്ഥലം എന്ന് ഭാവിയിൽ ഇതറിയപ്പെടും. വയനാട്ടിലെ ഒരു നമ്പർ വൺ ടൂറിസം സാധ്യതയുള്ള ഈ സ്ഥലം നശിഞ്ഞ് പോകാതിരിക്കട്ടെ. ഈ വീഡിയോ നിങ്ങളുടെ കൂട്ടുകാരിലേക്ക് പരമാവധി ഷെയർ ചെയ്യുക. ഞങ്ങളോടൊപ്പം സഹകരിച്ച Discover Wayanaad, Wayanaadan FB Team തുടങ്ങിയവരോടും പിന്നെ മാലിന്യങ്ങൾ എടുക്കുവാൻ കൂടെ നിന്ന എല്ലാ കൂട്ടുകാർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി.