ലഡാക്കിലേക്ക് വരുന്നവർക്കായി..!

ലഡാക്കിലേക്ക് വരുന്നവർക്കായി..!

ഡൽഹിയിൽ വരെ വന്ന സ്ഥിതിക്ക് ഒന്ന് പോയേച്ചും വരാം എന്ന മൂഡിൽ പോകേണ്ട സ്ഥലമല്ല ലഡാഖ്. മറ്റുള്ള വിനോദ സഞ്ചാരമേഖലകളിൽ കിട്ടുന്ന സൗകര്യങ്ങളൊന്നും പ്രതീക്ഷിച്ചൊന്നും ഇങ്ങോട്ട് വരണ്ട. ലഡാക്കൊരു തണുത്ത വരണ്ട മരുഭൂമിയാണ്. വേനൽക്കാലത്ത് മാത്രം പച്ചപ്പുള്ള നാട്. സാധാരണ ഗതിയിൽ സഹിക്കാനാകുന്ന കാലാവസ്ഥ ഏപ്രിൽ മുതൽ ഒക്ടോബർ അവസാനം വരെയാണ്. ലഡാക്കിലെ പച്ചപ്പ് വച്ച് കാലാവസ്ഥയും മനസിലാക്കാം.

ഏപ്രിലിൽ ചെറുതായി മരങ്ങളൊക്കെ തളിർത്തു തുടങ്ങും. ചാരനിരത്തിലായിരിക്കും മാറ്റങ്ങളൊക്കെ. ഇല്ലയൊക്കെ വിടർന്ന് പച്ചനിറം കാണാൻ ഏപ്രിൽ അവസാനമാകും. അതിനനുസരിച്ച് മഞ്ഞും കുറയും. മാർച്ചാവസാനം എന്റെ വീടിന്റെ പുറകിൽ നിന്ന് മഞ്ഞിനെ തൊട്ടെടുക്കാമെങ്കിൽ പിന്നെ ദിവസം കഴിയും തോറും തണുപ്പ് കുറയുമ്പോൾ മഞ്ഞ് മലകയറും. ഏപ്രിൽ മേയോടെ ആപ്രിക്കോട്ടുകൾ പഴുത്ത് തുടങ്ങും. ജൂൺ ജൂലൈ ആകുമ്പോഴേക്കും ആപ്രിക്കോട്ട് മരങ്ങളൊക്കെ മഞ്ഞ നിറത്തിൽ ആപ്രിക്കോട്ട് കൊണ്ട് നിറയും. പലതരം പൂക്കളും നിറയെയുണ്ടാകും. ഈ സമയം ആപ്പിളും കായ്ച്ചു തുടങ്ങും. ഈ സമയത്തെ തണുപ്പ് മുന്നാറിലെ തണുപ്പിനൊക്കെ സമാനമാണ്. അഗസ്റ്റിലും സെപ്റ്റംബറിലുമായി ആപ്പിൾ വളർന്നു പഴുക്കും. തണുപ്പ് കുറച്ചുകൂടി കുറയും. രാത്രി പുതപ്പ് പുതച്ചുറങ്ങാനുള്ള തണുപ്പ്.. അത്രേയൊള്ളൂ. പക്ഷെ മഞ്ഞ് അപ്പോഴും മലയിൽ ഉണ്ടാകും. സെപ്റ്റംബർ പകുതിയോടെ മലകയറിയ മഞ്ഞ് വീണ്ടും മലയിറങ്ങും. ആപ്പിളൊക്കെ നവംബർ വരെയും കാണും.

ലഡാക്കിലേക്ക് ശ്രീനഗർ മാർഗം ഏപ്രിൽ ആദ്യം മുതൽ യാത്ര ചെയ്യാനാകും. സോജില്ല പാസ് ഒഴിച്ചാൽ ബാക്കിയുള്ള ശ്രീനഗർ വഴി നല്ലതാണ്. പാസിലെ മോശം റോഡ് ആകെ മുപ്പതു കിലോമീറ്ററോളം വരും. രാവിലെ ഏഴു മണിയോടെ ഇറങ്ങിയാൽ ഉച്ചക്ക് മുൻപ് കാർഗിലും വൈകിട്ടോടെ ലഡാക്കും എത്താം. പത്തു മുതൽ പതിനാറു മണിക്കൂർ വരെ യാത്ര ചെയ്യേണ്ടിവരും. ശ്രീനഗർ വിട്ടാൽ സോനാമാർഗ്, സോജി ലാ, ദ്രാസ്സ്, കാർഗിൽ, ലാമയുരു വഴി സംഗം, മാഗ്നെറ്റിക് ഹിൽ, മുതലായ സ്ഥലങ്ങൾ കടന്ന് ലേയിൽ എത്താം. ദീർഘ ദൂരം യാത്ര ചെയ്യാൻ ബുദ്ധിമുട്ടാണ് എങ്കിൽ ദ്രാസിലോ ലാമയുരുവോ നിൽക്കാം.

കാർഗിലിൽ എത്തും മുൻപായി ദ്രാസിന് അടുത്താണ് വാർ മ്യൂസിയം. കാർഗിലിനും ലെയ്ക്കും ഇടയിൽ ലാമയുരുവിന് അടുത്തായുള്ള ഫത്തു ലാ പാസ് എന്റെ പേർസണൽ ഫേവറേറ്റ് ആണ്. ഈ വഴിയിൽ ദ്രാസ്സ് എന്റെ ഏറ്റവും പ്രിയപ്പെട്ട സ്ഥലമാണ്. സ്വന്തം വണ്ടിയിൽ വരുന്നവർ ശ്രീനഗർ വിറ്റാൽ ഗന്ദർബാൽ, കംഗൻ, സോനാമാർഗ്, കാർഗിൽ, ഖൽസി എന്നിവടങ്ങളിൽ മാത്രമാണ് പാമ്പുള്ളത് എന്നത് ശ്രദ്ധിക്കണം. ഏപ്രിൽ ആദ്യം സോജി ലാ ഒന്നിടവിട്ട ദിവസങ്ങളിലാണ് ഓരോ വശങ്ങളിലേക്കും വണ്ടികൾ കടത്തിവിടുക. അല്ലെങ്കിൽ ദിവസത്തിന്റെ ആദ്യ പകുതി ഒരു എട്ടു മണിക്ക് ശേഷം ഒരു വശത്തേക്കും മറു പകുതിയിൽ മറ്റേ വശത്തേക്കും. ഇതിൽ ഒരിളവും പ്രതീക്ഷിക്കേണ്ട.

മണാലി ലഡാഖ് വഴി തുറക്കാൻ ഏപ്രിൽ അവസാനമാകും. കൃത്യം തീയതി പറയാനാകില്ല. മണാലി-ലെ മാർഗ്ഗം ഒരു ദിവസം കൊണ്ട് എത്താതിരിക്കുന്നതാകും നല്ലത്. പന്ത്രണ്ടു മുതൽ പതിനെട്ടു മണിക്കൂർ വരെ സാധാരണ ഗതിയിൽ യാത്രാ സമയമെടുക്കും. എഴുപതു ശതമാനത്തോളം റോഡ് നല്ലതാണ്. ചിലയിടങ്ങളിൽ റോഡ് പണിയും നടക്കുന്നു. ഇടയിൽ പാങ്ങിലോ സർച്ചുവിലോ സ്റ്റേ ചെയ്യാം. ഉയരവും കാലാവസ്ഥയും കണക്കിലെടുക്കുമ്പോൾ സർച്ചുവാകും കൂടുതൽ ഉത്തമം.

റോത്താങ്, കീലോങ്, ജിസ്പ, ബരാലച്ച ലാ, സർച്ചു, ലാച്ചുലുങ് ലാ, പാങ്ങ്, തംഗ്ലാങ് ലാ, ഉപ്ഷി, കരു എന്നിവയാണ് വഴിയിലെ പ്രധാന സ്ഥലങ്ങൾ. കരുവെന്ന സ്ഥലം ലേയിൽ നിന്ന് നാല്പത്തിയഞ്ചു കിലോമീറ്റെർ അകലെയാണ്. കരുവിനും റോത്താങ്ങിനും ഇടയിൽ കീലോങിൽ മാത്രമാണ് പെട്രോൾ/ഡീസൽ പമ്പ് ഉള്ളത്. ഞാനാ വഴിക്ക് പോയപ്പോൾ പലപ്പോഴും അവൈഡ് ഇന്ധനം ഇല്ലാത്ത സാഹചര്യം ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് സ്വന്തം വണ്ടിയിൽ പ്രസ്തുത വഴിയേ ലേയിൽ വരുന്നവരും മണാലി പോകുന്നവരും ഇന്ധനം കരുതണം. പോസ്റ്റ്പെയ്ഡ് നമ്പർ മാത്രമേ ലഡാഖ് ജമ്മു ശ്രീനഗർ പ്രദേശങ്ങളിൽ പ്രവർത്തിക്കൂ, BSNL, AIRTEL, JIO ആണ് ആകെ കിട്ടുന്നത്.

ഈ രണ്ടു വഴിയിലും റോഡ് മാർഗ്ഗം വരുമ്പോൾ കുടിവെള്ളം കരുതണം. ഇടയിൽ കാണുന്ന വെള്ളമൊക്കെ പിടിച്ചു കുടിച്ചാൽ നല്ല പണികിട്ടും. ആ വെള്ളത്തിലൊക്കെ മിനറൽസ് കൂടുതലാണ്. ശീലമുള്ളവർക്ക് കുഴപ്പമില്ല. ലൈറ്റ് ഫുഡ് കഴിക്കുന്നതാണ് നല്ലത്. ഇല്ലെങ്കിൽ വയറിളകും, ശർദിക്കും. പലവട്ടത്തെ അനുഭവം ഗുരു.

ഇനി ഫ്ലൈറ്റ് മാർഗ്ഗം വന്നാൽ, വെറും ഒന്നേകാൽ മണിക്കൂറിൽ ഫ്ലയിങ് ടൈമിൽ ഡൽഹിയിൽ നിന്നും മൂന്നു മണിക്കൂറിൽ മുംബൈയിൽ നിന്നും മുക്കാൽ മണിക്കൂറിൽ ശ്രീനഗറിൽ നിന്നും ലഡാക്കെത്താം. ശ്രീനഗർ ലഡാഖ് ഫ്ലൈറ്റിനുള്ളിലും നെറ്റ്വർക്ക് കിട്ടും. സത്യായിട്ടും. അനുഭവം സാക്ഷി.

Mainly for ladies: ഓപ്പൺ എയർ ആണ് പലപ്പോഴും ടോയ്‌ലറ്റിന്റെ കാര്യത്തിൽ നടക്കുവൊള്ളൂ. wetwipes കയ്യിൽ കരുതുന്നത് സ്ത്രീകൾക്ക് അത്യാവശ്യം. പീരീഡ്സ് പൊതുവെ നേരെത്തെയാകും. അതും പ്രതീക്ഷിക്കണം. പാഡ് വാങ്ങാൻ ഇടയിൽ കടയൊന്നും കിട്ടില്ല. ഇതിനെപ്പേടിച്ച് വെള്ളം കുടിക്കാതിരുന്നാൽ വരുന്ന വഴിക്ക് SNM ഹോസ്പിറ്റലിൽ നേരെ കേറി അഡ്മിറ്റ് ആകാം. തലവേദനയാണ് ആദ്യത്തെ ലക്ഷണം. സ്കിൻ ഡ്രൈയാകും. മോയിസ്ച്ചറൈസർ, ലിപ് ബാം, സൺസ്‌ക്രീൻ ഒക്കെ കയ്യിൽ കരുതണം. ലഡാഖ് വരുമ്പോൾ വരുമ്പോൾ സൺഗ്ലാസ് അത്യാവശ്യമാണ്, പൊങ്ങച്ചമല്ല.

NB: കഴിഞ്ഞ വർഷം ശ്രീനഗർ വഴി ഏപ്രിൽ രണ്ടിനാണ് അവശ്യ സാധനങ്ങളുമായി എന്റെ ഭർത്താവ് വണ്ടി ഓടിച്ചുകയറിയത്. മണാലി വഴി ഏപ്രിൽ ആദ്യം വണ്ടികൾ വന്നിരുന്നെങ്കിലും ഇടക്ക് മണ്ണിടിഞ്ഞ് വീണ്ടും വഴിയടഞ്ഞു.

എഴുത്ത്: ജോഷ്‌ന ഷാരോൺ ജോൺസൺ. ലഡാക്കിനെ സംബന്ധിച്ച സംശയങ്ങൾക്കായി വിളിക്കാം: ജോഷ്‌ന & സുധീഷ് 9539041383.