തൃശ്ശൂരിലെ പെണ്ണുങ്ങളുടെ ചങ്കായ ഒരു കെഎസ്ആർടിസി ബസ്

കെഎസ്ആർടിസി ബസ്സുകളിൽ യാത്ര ചെയ്യാത്ത മലയാളികൾ കുറവായിരിക്കും. എന്നാൽ കെഎസ്ആർടിസിയുടെ ലേഡീസ് ഒൺലി ബസ് നിങ്ങൾ കണ്ടിട്ടുണ്ടോ? കുറച്ചുനാൾ മുൻപ് സ്ത്രീകൾക്ക് മാത്രമായി പിങ്ക് ബസ് എന്ന പേരിൽ ബസ്സുകൾ കെഎസ്ആർടിസി നിരത്തിലിറക്കിയെങ്കിലും അവയെല്ലാം (യാത്രക്കാരുടെ കുറവുമൂലമാണോ എന്തോ?) പിന്നീട് നിർത്തലാക്കപ്പെടുകയാണുണ്ടായത്. എറണാകുളത്തും മറ്റും ലേഡീസ് ഒൺലി ബസ് സർവ്വീസുകൾ ഒരിടയ്ക്ക് നടത്തിയിരുന്നെങ്കിലും പിന്നീട് അവയുടെ പതിയെ സർവ്വീസ് ആവസാനിപ്പിച്ചു.

ഈയൊരു അവസ്ഥയിലും തൃശ്ശൂരിൽ ഒരു ലേഡീസ് ഒൺലി ബസ് സർവ്വീസ് നടത്തുന്നുണ്ട് എന്ന വാർത്ത പുതുമയായിരിക്കും എല്ലാവർക്കും. മൂന്നര പതിറ്റാണ്ടിലേറെയായി മുടങ്ങാതെ സർവ്വീസ് നടത്തുന്ന, തൃശ്ശൂർ ഡിപ്പോയുടെ RAM 457 എന്ന ഈ ഓർഡിനറി പെൺബസ് സ്ഥിരയാത്രക്കാരായ പെൺകുട്ടികൾക്കും സ്ത്രീകൾക്കും തങ്ങളുടെ ‘ചങ്ക്’ തന്നെയാണ്.

ചാലക്കുടിയിൽ നിന്നുമാണ് ഈ പെൺബസ്സിന്റെ യാത്ര തുടങ്ങുന്നത്. രാവിലെ 6.55 നു ചാലക്കുടിയിൽ നിന്നും ‘തൃശ്ശൂർ, ചേറൂർ’ ബോർഡ് വെച്ചുകൊണ്ട് സർവ്വീസ് ആരംഭിക്കുന്ന ഈ ബസ്സിൽ ‘സ്ത്രീകൾ മാത്രം’ എന്നൊരു ബോർഡും കൂടിയുണ്ടാകും. തൃശ്ശൂരിലെ പ്രശസ്തമായ വനിതാകോളേജായ വിമല കോളേജ് ഭാഗത്തേക്ക് ആണ് ഈ പെൺബസ് സർവ്വീസ് നടത്തുന്നത്. തൃശ്ശൂർ എഞ്ചിനീയറിംഗ് കോളേജിലും ഇതിനടുത്തു തന്നെയാണ്. കൂടാതെ തൃശ്ശൂരിലും മറ്റും ജോലിയ്ക്ക് പോകുന്ന സ്ത്രീകൾക്കും RAM 457 തന്നെ ശരണം.

രാവിലെ 6.55 നു ചാലക്കുടിയിൽ നിന്നും പുറപ്പെടുന്ന ബസ് രാവിലെ 8.05 ഓടുകൂടി ബസ് വിമലാ കോളേജിനു സമീപത്ത് എത്തിച്ചേരും. പിന്നെ 8.30 നു പ്രസ്തുത ബസ് സാധാരണ ഓർഡിനറി ആയി (എല്ലാവർക്കും കയറാവുന്ന) ആലുവയിലേക്കാണ് പോകുന്നത്. പിന്നീട് കോളേജ് വിടുന്ന സമയം നോക്കി വൈകുന്നേരം 3.35 നു വിമലാ കോളേജ് പരിസരത്തു നിന്നും ബസ് വിദ്യാർത്ഥിനികളെയും കയറ്റി ചാലക്കുടിയിലേക്ക് സർവ്വീസ് നടത്തുന്ന ബസ് വൈകുന്നേരം 5 മണിയോടെ അവിടെയെത്തിച്ചേരുകയും ചെയ്യും. രാവിലെയും വൈകുന്നേരവും മാത്രമാണ് ഈ ബസ് ലേഡീസ് ഒൺലി ആകുന്നത്. ബാക്കി ട്രിപ്പുകളെല്ലാം സാധാരണ രീതിയിലാണ് ഓടുന്നത്.

രാവിലെയും വൈകുന്നേരവും സ്ഥിരമായി ഈ പെൺബസ്സിൽ യാത്ര ചെയ്യുന്ന സ്ത്രീകളും വിദ്യാർത്ഥിനികളും ഏറെയാണ്. ബസ് ജീവനക്കാരെല്ലാം ഇവർക്ക് സ്വന്തം ആങ്ങളമാരെപ്പോലെയും. അതുപോലെ യാത്രയ്ക്കിടയിൽ നിരവധി സുഹൃത്ബന്ധങ്ങളും ഇവർക്കിടയിൽ ഉടലെടുത്തിട്ടുമുണ്ട്. കോളേജ് വിദ്യാർഥിനികൾക്ക് പുറമെ എൻട്രൻസ് കോച്ചിംഗ് സെന്ററുകളിലേക്കു സ്ഥിരമായി പോകുന്നവരും RAM 457 ലെ സ്ഥിരയാത്രികരാണ്. ലേഡീസ് ഒൺലി ബസ് യാത്ര എല്ലാവരും നന്നായി ആസ്വദിച്ചു തന്നെയാണ് പോകുന്നത്.

സാധാരണ ബസ്സുകളിൽ തിക്കിലും തിരക്കിലും പെട്ട്, ചില സാമൂഹ്യവിരുദ്ധരുടെ ശല്യങ്ങളും സഹിച്ചു കൊണ്ട് മൂഡ്ഔട്ട് ആയി കോളേജിൽ എത്തുന്ന വിദ്യാർത്ഥിനികൾ നമ്മുടെ സമൂഹത്തിൽ ഏറെയാണ്. പണ്ടുമുതൽക്കേ ഇതൊരു സ്ഥിരം പല്ലവി തന്നെയാണ് താനും. ഇതിനെല്ലാം ഒരു മാറ്റം എന്ന നിലയിൽ ഇത്തരത്തിലുള്ള ലേഡീസ് ഒൺലി ബസ്സുകൾ രാവിലെയും വൈകുന്നേരവും തിരക്കേറിയ റൂട്ടുകളിൽ കെഎസ്ആർടിസി ഇനിയും ആരംഭിക്കണം എന്നാണ് സ്ത്രീയാത്രക്കാരുടെ ആവശ്യം.

ചിത്രം കടപ്പാട് – മാതൃഭൂമി.