പഞ്ചാബിലെ ലുധിയാനയിൽ നിന്നും കശ്മീരിന്റെ കവാടമായ ജമ്മുവിലേക്ക്…

പഞ്ചാബിലെ ലുധിയാനയിൽ എംജി ഹെക്ടർ കാറിന്റെ ടെസ്റ്റ് ഡ്രൈവും റിവ്യൂവും ഒക്കെ ചെയ്ത ശേഷം ഞങ്ങൾ ജമ്മു ലക്ഷ്യമാക്കി യാത്ര തുടങ്ങി. പോകുന്ന വഴി ഒരു മാളിൽ കയറി ഞങ്ങൾ ചെറിയ ഷോപ്പിംഗ് ഒക്കെ നടത്തുകയും അവിടെ ഒരു റെസ്റ്റോറന്റിൽ നിന്നും പഞ്ചാബി സ്റ്റൈൽ ബിരിയാണി കഴിക്കുകയും ചെയ്തു. അങ്ങനെ ഞങ്ങൾ ഹൈവേയിൽ കയറി ജമ്മുവിലേക്ക് യാത്രയായി.

നഗരത്തിരക്കുകളൊക്കെ കഴിഞ്ഞപ്പോൾ പിന്നീട് ഗ്രാമാന്തരീക്ഷത്തിലൂടെയായി ഞങ്ങളുടെ യാത്ര. ഹൈവേയ്ക്ക് പാരലലായി റെയിൽപ്പാതയും പോകുന്നുണ്ടായിരുന്നു. ഹാരിസ് ഇക്ക പിന്നിലിരുന്നു നന്നായി ഉറങ്ങുകയായിരുന്നു. എമിലായിരുന്നു വണ്ടി ഓടിച്ചിരുന്നത്. പെട്ടെന്നായിരുന്നു ഒരു ബൈക്കുകാരൻ അപ്പുറത്തെ റോഡിൽ നിന്നും ഞങ്ങളുടെ ലെയ്‌നിലേക്ക് യാതൊരുവിധ ശ്രദ്ധയുമില്ലാതെ വട്ടം കയറിവന്നത്. എമിൽ നന്നായി ബ്രേക്ക് ചവിട്ടി. ഭാഗ്യത്തിന് വണ്ടി അതിൽ തട്ടാതെ നിന്നു. ABS സംവിധാനം ഉള്ളതിന്റെ ഗുണം അപ്പോഴായിരുന്നു ഞങ്ങൾക്ക് മനസ്സിലായത്. ബൈക്കുകാരനെ മലയാളത്തിൽ തെറിവിളിച്ചുകൊണ്ട് ഞങ്ങൾ വീണ്ടും യാത്ര തുടർന്നു.

ഞങ്ങളുടെ ഇടതുവശത്തായി സൂര്യൻ അസ്തമനം ആരംഭിച്ചിരുന്നു. അങ്ങനെ പത്താൻകോട്ട് ഒക്കെ കഴിഞ്ഞു അവസാനം രാത്രിയോടെ ഞങ്ങൾ കശ്മീർ സംസ്ഥാനത്ത് പ്രവേശിച്ചു. ഹൈവേയിൽ ലോറിക്കാരുടെ തിരക്കായിരുന്നു. അവർക്കിടയിലൂടെ ഞങ്ങൾ യാത്ര തുടർന്നുകൊണ്ടേയിരുന്നു. ഒടുവിൽ ഞങ്ങൾ ജമ്മുവിൽ എത്തിച്ചേർന്നു. ഞങ്ങളുടെ മനസ്സിൽ ഉണ്ടായിരുന്നതു പോലെയായിരുന്നില്ല നേരിട്ടു കണ്ടപ്പോൾ ജമ്മു. രാത്രിയായതിനാൽ അധികം കാഴ്ചകളൊന്നും കാണുവാൻ സാധിച്ചിരുന്നില്ല.

ജമ്മുവിൽ ഞങ്ങൾ താമസിക്കുവാനായി ഒരു റൂമെടുത്തിരുന്നു. താമസിച്ച ഹോട്ടലിൽ നിന്നു തന്നെ ഭക്ഷണം ഞങ്ങൾ കഴിക്കുകയുണ്ടായി. ഹോട്ടലും റൂമുകളുമൊക്കെ നല്ലതായിരുന്നുവെങ്കിലും ഭക്ഷണം വളരെ മോശമായിരുന്നു. ഒരു ദിവസം അവിടെ താമസിച്ചതിനു ശേഷം ഞങ്ങൾ അടുത്ത ദിവസം രാവിലെ തന്നെ യാത്ര തുടങ്ങി. കശ്മീരിന്റെ തലസ്ഥാനമായ ശ്രീനഗർ ആയിരുന്നു ഞങ്ങളുടെ അടുത്ത ലക്‌ഷ്യം. കയറ്റവും ഇറക്കവും വളവും തിരിവുമൊക്കെയായിരുന്നുവെങ്കിലും നല്ല കിടിലൻ ഹൈവേയായിരുന്നു അവിടത്തേത്.

പോകുന്ന വഴിയിൽ ഒരു ഹോട്ടൽ കണ്ടപ്പോൾ ഞങ്ങൾ അവിടെക്കയറി ബ്രേക്ക്ഫാസ്റ്റ് കഴിച്ചു. അവിടെയാണെങ്കിൽ ഒടുക്കത്തെ കത്തി റേറ്റും. ഹോട്ടലുകാരെ പ്രാകി ബില്ലും കൊടുത്തു ഞങ്ങൾ അവിടെ നിന്നും ഇറങ്ങി. പോകുന്ന വഴിയിൽ ഞങ്ങൾ കുറെ തുരങ്കങ്ങളിലൂടെ പാസ്സ് ചെയ്തിരുന്നു. തുരങ്കങ്ങളിലൂടെയുള്ള യാത്ര വളരെ മനോഹരവും വ്യത്യസ്തവും ആയിരുന്നു. കുറെദൂരം മുന്നോട്ടു പോയപ്പോൾ വഴിയരികിൽ കിലോമീറ്ററുകളോളം നീളത്തിൽ ലോറികൾ ക്യൂവായി നിർത്തിയിട്ടിരിക്കുന്നതു കണ്ടു.

അതിനിടെ ഞങ്ങൾ കേരള രജിസ്ട്രേഷനിലുള്ള ഒരു ബുള്ളറ്റ് കണ്ടു. ഉടനെ ഞങ്ങൾ വണ്ടി നിർത്തി പരസ്പരം പരിചയപ്പെട്ടു. റാന്നി സ്വദേശിയായ ഒരു മലയാളി ഡോക്ടർ ആയിരുന്നു അത്. അവർ പത്തുപേരടങ്ങുന്ന ഒരു ടീമായി പുറപ്പെട്ടതായിരുന്നു. പരിചയപ്പെട്ട സ്ഥിതിയ്ക്ക് ഒന്നിച്ചു ഞങ്ങൾ ഒരു ഐസ്ക്രീമൊക്കെ കഴിച്ചു കുറച്ചു നേരം ചെലവഴിച്ചു. ഭൂമിയിലെ സ്വർഗ്ഗമായ കശ്മീരിലെ ശ്രീനഗറിലേക്കുള്ള യാത്ര പിന്നീട് ഞങ്ങൾ തുടർന്നു…

Our Sponsors: 1) Dream Catcher Resort, Munnar: 9745637111. 2) SR Jungle Resort, Anaikatty: 9659850555, 8973950555. (Follow to get discounts: https://www.instagram.com/sr_jungle_resort_coimbatore/). 3) Goosebery Mens Apparel: http://goosebery.co.in(TECHTRAVELEAT എന്ന കൂപ്പൺ കോഡ് ഉപയോഗിച്ചാൽ 25% ഡിസ്‌കൗണ്ട് ലഭിക്കും). 4) Rotary Club Kochi United. 5) DBS Automotive: 97452 22566. 6) Kairali Ford: 81380 14455. Special Thanks to 1) Le Meridien, Kochi. 2) Redband Racing, Thrissur. 3) Nexus Communication, Penta Menaka, Kochi. 4) Royalsky Holidays – 9846571800.