ഒരു വഴിയുടെ ഒരുവശം ഇന്ത്യയും അപ്പുറം നേപ്പാളും

എഴുത്ത് – പ്രകാശ് നായർ മേലില.

ചിത്രത്തിൽ കാണുന്നത് ഇന്ത്യ – നേപ്പാൾ അതിർത്തിയിലെ രണ്ടു ഗ്രാമങ്ങളാണ്. അതിൽ റോഡിനു വലതുവശത്തുള്ളത് ബീഹാറിലെ നേപ്പാളിനോട് ചേർന്ന അതിർത്തിയിലുള്ള ‘മാദവ്പൂർ’ ഗ്രാമവും ഇടതുവശത്ത് നേപ്പാളിൻ്റെ ‘മട്ടിഹാനി’ ഗ്രാമവുമാണ്. റോഡിനു നടുവിൽക്കൂടെയാണ് ഇന്ത്യ നേപ്പാൾ അതിർത്തി കടന്നുപോകുന്നത്.

അടുത്തസമയം വരെ ഇവിടെ അതിർത്തി നിയന്ത്രണങ്ങൾ ഒന്നുമില്ലായിരുന്നു. ഇന്ത്യൻ ഭാഗത്തുള്ള കടകളിലും ക്ഷേത്രങ്ങളിലും ധാരണമാളുകൾ നേപ്പാൾ ഭാഗത്തുനിന്നും അനുദിനം വന്നുപോയിരുന്നു. കിണറുകളിലെ വെള്ളം വരെ ഇവിടെനിന്നുമാണ് കൊണ്ടുപോയിരുന്നത്. രണ്ടു രാജ്യക്കാരാണെന്ന ചിന്തപോലുമില്ലാതെയാണ് കാലങ്ങളായി അവർ ജീവിച്ചുവന്നത്. ആഹാരരീതികളും ഭാഷയും സംസ്കാരവുമെല്ലാം ഒന്നുതന്നെയായിരുന്നു.

മൈഥിലി ഭാഷയും നേപ്പാളി ഭാഷയും ഇരു ഭാഗത്തുള്ളവർക്കുമറിയാം. കുട്ടികളുടെ കളികളും ചങ്ങാത്തവും ആളുകളുടെ കുശലങ്ങളും സല്ലാപവുമെല്ലാം അതിർത്തിക്കപ്പുറമിപ്പുറം വിലക്കുകളില്ലാതെയാണ് നടന്നുവന്നത്. ഇരു ഭാഗക്കാരും അങ്ങോട്ടുമിങ്ങോട്ടും വീടുകളിൽ ദിവസവും പോയിവരുമായിരുന്നു. ഇന്ത്യൻ ഭാഗത്തുള്ള പാടത്തും പറമ്പുകളിലും പണിചെയ്യാൻ നേപ്പാളിൽ നിന്നും സ്ത്രീ പുരുഷഭേദമന്യേ ധാരാളമാളുകൾ വന്നുപോകുന്നതും പതിവായിരുന്നു. ഇവിടെ കൂലി കൂടുതലും ഇന്ത്യൻ രൂപയുടെ ഉയർന്ന മൂല്യവുമായിരുന്നു കാരണം.

എന്നാൽ ഇപ്പോൾ സ്ഥിതിയാകെ മാറിക്കഴിഞ്ഞു. ഇന്ത്യൻ അതിർത്തിയിൽ നേപ്പാൾ സുരക്ഷ ശക്തമാക്കിയിരിക്കുന്നു. നേപ്പാൾ സൈനികർ അവിടെ പെട്രോളിംഗ് നടത്തുന്നതുമൂലം ആളുകൾക്ക് ഇപ്പുറത്തേക്കുവരാൻ വലിയ ബുദ്ധിമുട്ടാണ്. ഇന്ത്യയിൽ സാധനങ്ങൾക്ക് നേപ്പാളിനേക്കാൾ വലിയ വിലക്കുറവുണ്ട്. ഒരു കിലോ പഞ്ചസാര നേപ്പാളിൽ 200 രൂപയാണ് വില. ഒരു കിലോ ഉരുളക്കിഴങ്ങു് 100 രൂപ. ഇന്ത്യയിൽ കിലോ 25 രൂപയ്ക്കു കിട്ടുന്ന അരിക്ക് നേപ്പാളിൽ 120 രൂപയാണ്.

മുൻപ് ഇന്ത്യ നേപ്പാൾ ഓപ്പൺ ബോർഡറായിരുന്നെങ്കിൽ ഇപ്പോൾ നേപ്പാളിൻ്റെ ചൈനീസ് ചങ്ങാത്തം മൂലം ഇന്ത്യയുമായി അതിർത്തിത്തർക്കം രൂക്ഷമാകുകയും ഇരു രാജ്യങ്ങളും തമ്മിൽ നൂറ്റാണ്ടുകളായി നിലനിന്നിരുന്ന സൗഹൃദം ശത്രുതയിലേക്ക് വഴിമാറുകയും ചെയ്തതാണ് അതിർത്തി ഗ്രാമങ്ങളിൽ ഇപ്പോൾ നിഴലിക്കുന്ന പ്രശ്നങ്ങൾക്ക് കാരണം.

നേപ്പാൾ അവരുടെ അതിർത്തിയിലുടനീളം സെക്യൂരിറ്റി ശക്തമാക്കിയതിനാൽ ഇന്ത്യയിൽ നിന്ന് സാധനങ്ങൾ വാങ്ങി ഊടുവഴികളിലൂടെ പോകുന്നവരെ പിടികൂടി അവരുടെ സാധനം നശിപ്പിച്ചുകളയുന്ന സംഭവങ്ങൾ അനവധിയാണ്. ചിലരെയൊക്കെ മർദ്ദിക്കുന്നുമുണ്ട്. ഇന്ത്യയിലേക്ക് പോകരുതെന്നും അവിടെ നിന്നും സാധനങ്ങൾ വാങ്ങരുതെന്നുമാണ് നേപ്പാൾ സെക്യൂരിറ്റി ഉദ്യോഗസ്ഥർ അവരുടെ അതിർത്തി ഗ്രാമങ്ങളിൽ ഇപ്പോൾ നൽകുന്ന മുന്നറിയിപ്പുകൾ.

വലിയ സുരാക്ഷാകവചമൊന്നുമില്ലാതിരുന്ന ഇരു രാജ്യങ്ങളിലെയും അതിർത്തിഗ്രാമങ്ങളിലെ ഗ്രാമീണർ നേപ്പാളിൻ്റെ ഇപ്പോഴത്തെ നിലപാടിൽ കടുത്ത അമർഷത്തിലാണ്. റൊട്ടി – ബേട്ടി ബന്ധമായിരുന്നു ഇവരൊക്കെ തമ്മിൽ. അതായത് ആഹാരവും വിവാഹവും വരെ. ഇരു ഭാഗത്തെയും ഗ്രാമീണർ തമ്മിൽ നിരവധി വിവാഹങ്ങളും നടന്നിട്ടുണ്ട്. അവരൊക്കെ ഇപ്പോൾ ബുദ്ധിമുട്ടിലാണ്. പോകാനോ വരാനോ അനുവാദമില്ല.

നേപ്പാളിൻ്റെ മട്ടിഹാനി ഉൾപ്പെടെ അതിർത്തിയോടുചേർന്നുകിടക്കുന്ന പല ഗ്രാമങ്ങളിലും അവർക്ക് ഇന്ത്യയിൽ ലയിക്കണമെന്ന അഭിപ്രായം ഇപ്പോൾ ശക്തമാകുകയാണ്.