മഹാരാജാസ് കോളേജ് : ചരിത്രമുറങ്ങുന്ന ഒരു കലാലയം…

കൊച്ചിയിൽ സ്ഥിതി ചെയ്യുന്ന ഒരു വളരെ പഴക്കമുള്ള കലാലയമാണ് മഹാരാജാസ് കോളേജ്. 1875-ൽ ആണ് ഈ കോളേജ് നിലവിൽ വന്നത്. നാഷണൽ അസ്സെസ്മെന്റ് ആന്റ് അക്രെഡിറ്റേഷൻ കൌൺസിൽ(NAAC) എന്ന വിദ്യാഭ്യാസത്തിന്റെ‍ നിലവാരത്തിന്റെ സൂചിക നിശ്ചയിക്കുന്ന കൗൺസിൽ എ ഗ്രേഡ് നൽകി ഈ കോളേജിനെ അംഗീകരിക്കുകയുണ്ടായി. കോട്ടയം എം.ജി യൂനിവേഴ്‌സിറ്റിയുടെ കീഴിലാണ് ഈ കലാലയം നിലകൊള്ളുന്നത്.

കൊച്ചി രാജാവ് രാമവർമ മഹാരാജാവിന്റെ ദിവാൻ ശങ്കരവാര്യരുടെ കാലത്ത് (1840﹣1856) ആരംഭിച്ച ഇംഗ്ലീഷ് എലിമെന്ററി സ്കൂളാണ് പിന്നീട് ഹൈസ‌്കൂളും മഹാരാജാസ് കോളേജുമായി മാറിയത്. ഹിസ് ഹൈനസ് രാജാസ് സ്കൂൾ എന്ന പേരിലായിരുന്നു തുടക്കം. ബ്രിട്ടീഷുകാരുമായി സംസാരിക്കുമ്പോൾ വിവർത്തനം ചെയ്യുവാനായി മറ്റൊരാളുടെ സഹായം തേടാതിരിക്കുന്നതിനു സഹായിക്കലാണ് ഈ വിദ്യാലയം സ്ഥാപിക്കുന്നതിന്റെ പിന്നിലുണ്ടായിരുന്ന ലക്ഷ്യം. 1875ൽ സ്കൂളിനെ രണ്ടാം ഗ്രേഡ് കോളേജായി ഉയർത്തി.

സ്കൂളിന്റെ പ്രിൻസിപ്പലായിരുന്ന ആൽഫ്രഡ് ഫോബ്സ് സീലിതന്നെയായിരുന്നു കോളേജിന്റെയും പ്രിൻസിപ്പൽ. കേംബ്രിഡ്ജ് സർവകലാശാലയുടെ രൂപഭംഗി മനസ്സിൽക്കണ്ട് കോളേജ്മന്ദിരം വിഭാവനം ചെയ്തതും സീലിയാണ്. അതുവരെ എറണാകുളം കോളേജ‌് എന്നറിയപ്പെട്ട കോളേജിന‌് മഹാരാജാസ‌് എന്ന‌് നാമകരണംചെയ്യണമെന്ന ആവശ്യവുമായി 1925ൽ കോളേജിലെ പ്രിൻസിപ്പലായിരുന്ന വെങ്കിടേശ്വര അയ്യരുടെ നേതൃത്വത്തിൽ തൃപ്പൂണിത്തുറ ഹിൽപാലസിലെത്തി രാജാവിന‌് നിവേദനം നൽകി. സുവർണജൂബിലി ആഘോഷിച്ച ആ വർഷംമുതൽ എറണാകുളം കോളേജ‌് മഹാരാജാസ‌് ആയി.

1925 ജൂണിലാണ് മഹാരാജാസ് കോളജ് എന്ന നാമം ഈ കോളേജിന് ലഭിക്കുന്നത്. അന്ന് ഗണിതം, ഭൗതികശാസ്ത്രം, രസതന്ത്രം, ജന്തുശാസ്ത്രം, ചരിത്രം, സാമ്പത്തികശാസ്ത്രം എന്നീ ശാഖകളിലായിരുന്നു ഇവിടെ അദ്ധ്യാപനം ഉണ്ടായിരുന്നത്. ഇവ കൂടാതെ കായികവിദ്യാഭ്യാസവും ഇവിടെ പഠിപ്പിക്കപ്പെട്ടിരുന്നു. മദ്രാസ് യൂണിവേർസിറ്റിയുടെ കീഴിയായിരുന്നു ഈ സ്ഥാപനം. അക്കാലത്തുതന്നെ രണ്ട് വിദ്യാർത്ഥി ഹോസ്റ്റലുകളും ഈ വിദ്യാലയത്തിന്റെ ഭാഗമായി ഉണ്ടായിരുന്നു. ഈ വിദ്യാലയത്തിൽ ശാസ്ത്ര സാഹിത്യ സംഘടനകളും എന്ന് പൂർണ്ണ തോതിൽ പ്രവർത്തിച്ചിരുന്നു.

മഹാരാജാസ് കോളേജ്, 1925-ൽ സുവർണ്ണ ജൂബിലി ആഘോഷങ്ങൾ സംഘടിപ്പിച്ചു. സർ സി.വി. രാമനും ഡോ. എസ്. രാധാകൃഷ്ണനുമായിരുന്നു ആ ചടങ്ങിലെ പ്രാസംഗികർ. 1947-ലാണ് മഹാരാജാസ് കോളേജിൽ ആദ്യമായി ബിരുദാനന്ത ബിരുദപഠനം തുടങ്ങുന്നത്. രസതന്ത്രമായിരുന്നു പഠനവിഷയം. എം.എസ്.സി കൂടാതെ പി.എച്.ഡി യിലും പഠനം നടത്താൻ ഈ വിദ്യാലയത്തിൽ സൌകര്യമുണ്ടായിരുന്നു. 1949-ൽ തിരുവിതാംകൂർ സംസ്ഥാനവും കൊച്ചി സംസ്ഥാനവും ഒന്നായതോടു കൂടി ഈ വിദ്യാലയം തിരുവിതാംകൂർ യൂണിവേർസിറ്റിയുടെ കീഴിലായി. 1925-ൽ വെറും 500 വിദ്യാർത്ഥികളുണ്ടായിരുന്ന ഈ വിദ്യാലയത്തിൽ ഇന്ന് മൂവായിരത്തിൽപ്പരം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 21 അദ്ധ്യാപകർ മാത്രമായിരുന്നു 1925-ൽ മഹാരാജാസിൽ ഉണ്ടായിരുന്നത്. ഇന്ന് 200-ൽ പരം അദ്ധ്യാപകർ ഈ വിദ്യാലയത്തിന്റെ ഭാഗമാണ്.

പേരുപോലെ രാജകീയമാണ് മഹാരാജാസ് കോളജിന്റെ പാരമ്പര്യ പെരുമ. മഹാരഥൻമാരായ അധ്യാപക പ്രമുഖരുടെ നീണ്ട നിര, വിവിധ മേഖകളിൽ രാജ്യാന്തര തലത്തിൽ വരെ പേരുകേട്ടവരായി വളർന്ന വിദ്യാർഥികൾ. സാധാരണക്കാരായ കുട്ടികളെ സ്വപ്നം കാണാനും സാധ്യതകളുടെ വിശാലമായ ലോകത്തേക്കു സൗഹൃദത്തിന്റെ കൈപിടിച്ചു വളർത്താനും പഠിപ്പിച്ച സർക്കാർ കലാലയം. മഹാരാജാസിൽനിന്ന‌് പഠിച്ചിറങ്ങി ലോകമറിയപ്പെട്ട പ്രശസ്ത വ്യക്തികൾ ഏറെയാണ്. അതിൽ കേന്ദ്ര, സംസ്ഥാന മന്ത്രിമാരുണ്ട‌്, ഉന്നത ഉദ്യോഗസ്ഥരുണ്ട‌്. സുപ്രീംകോടതി ചീഫ‌് ജസ‌്റ്റിസുണ്ട‌്. സാമൂഹ്യ﹣സാംസ‌്കാരിക﹣സാഹിത്യ﹣രാഷ്ട്രീയ രംഗങ്ങളിൽ പേരെടുത്ത നിരവധി പേരുണ്ട‌്.

ചങ്ങമ്പുഴ, വൈലോപ്പിള്ളി, ജസ‌്റ്റിസ‌് കെ ജി ബാലകൃഷ‌്ണൻ, എ കെ ആന്റണി, വയലാർ രവി, ഡോ. തോമസ‌് ഐസക‌്, ബാലചന്ദ്രൻ ചുള്ളിക്കാട്, കെ ആർ ഗൗരിയമ്മ, ഡോ എം ലീലാവതി, ബിനോയ‌് വിശ്വം, മമ്മൂട്ടി, ടിനി ടോം, അമൽ നീരദ്, ജസ്റ്റിസ്‌ സുകുമാരൻ, ഡോ. കെ ആർ വിശ്വംഭരൻ, ഡോ. വി പി ഗംഗാധരൻ, ഡോ. എ എസ‌് സ്വാമിനാഥൻ, കെ എസ‌് എസ‌് നമ്പൂതിരിപ്പാട‌്, എൻ ഗോപാലകൃഷ‌്ണൻ, അപ്പൻ തമ്പുരാൻ, സി അന്തപ്പായി, ടി കെ കൃഷ‌്ണ മേനോൻ, കെ എസ്‌ രാധാകൃഷ്‌ണൻ, ഇടപ്പള്ളി കരുണാകര മേനോൻ, കെ പി പത്മനാഭ മേനോൻ, പി കെ ബാലകൃഷ‌്ണൻ, കെ പി അപ്പൻ, വിജയലക്ഷ‌്മി, ഡോ.കെ.എസ്. രാധാകൃഷ്ണൻ, സലിംകുമാർ, രാജീവ‌് രവി, ആഷിക‌് അബു, സിദ്ദിഖ്‌ അങ്ങനെ നീളുന്നു ആ നിര.

രാഷ്ട്രീയത്തിന‌് ഒരിക്കലും ഈ കലാലയത്തിൽ വിലക്കുണ്ടായിട്ടില്ല. രാഷ്ട്രീയം എന്നും മഹാരാജാസിന്റെ ജീവനാഡിയായിരുന്നു. രാജ്യത്തിന്റെ സ്വാതന്ത്ര്യസമരത്തിന‌്, കേരളത്തിന്റെ നവോത്ഥാന മുന്നേറ്റത്തിന‌്, മതനിരപേക്ഷതയുടെ സംരക്ഷണത്തിന‌് ഒക്കെ ഏറെ സംഭാവനകൾ ഇവിടെനിന്നുണ്ടായി. ഇന്ന് കേരളത്തിലുള്ള മിക്ക രാഷ്ട്രീയ നേതാക്കളെയും സംഭാവന ചെയ്തത് മഹാരാജാസ് കോളേജ് ആണെന്ന് അഭിമാനത്തോടെ പറയും എറണാകുളത്തുകാർ. വിദ്യാർഥി രാഷ്ട്രീയത്തിന്റെ വിളനിലമായിരിക്കുമ്പോഴും മഹാരാജാസിനു കളങ്കം ചാർത്തുന്നതു സംഘർഷങ്ങളും തെറ്റായ പ്രവൃത്തികളുമാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണു അഭിമന്യു എന്ന മിടുക്കനായ വിദ്യാർത്ഥിയുടെ മരണം. മഹാരാജാസിനെ ഈയടുത്ത് കൂടുതൽ നോവിച്ച സംഭവം. എപ്പോഴും പുഞ്ചിരിക്കുന്ന മുഖവുമായി ക്യാംപസിൽ ഓടിനടന്നിരുന്ന അഭിമന്യുവിനെ ഓർത്ത് മഹാരാജാസ് വിതുമ്പുമ്പോൾ കലാലയ ഇടനാഴികളിലിരുന്ന് അവൻ പാടിയിരുന്ന നാടൻപാട്ടുകളും അവിടെ അലയടിച്ചു നില്‍‌പുണ്ട്.

കേരളത്തിലെ ഇതര കലാലയങ്ങളിൽനിന്ന‌് മഹാരാജാസിനെ വേറിട്ടുനിർത്തുന്നത‌് ഇവിടത്തെ അന്തരീക്ഷവും കേംബ്രിഡ‌്ജ‌് സർവകാലാശാലയുടെ മാതൃകയിൽ നിർമിച്ച കെട്ടിടങ്ങളും സൗഹൃദങ്ങളും സംവാദങ്ങളും പ്രണയങ്ങളും സമരങ്ങളുമൊക്കെയാണ‌്. അതിനുപരി, സ്വതന്ത്രവും ജൈവവും സർഗാത്മകവുമായ ക്യാമ്പസാണ‌്. ഇവിടത്തെ മഴമരത്തിനും മുത്തശ്ശിമരത്തിനും സമരമരത്തിനും മുല്ലപ്പന്തലിനും സെന്റർ സർക്കിളിനും പിരിയൻ ഗോവണികൾക്കുമെല്ലാം പറയാനുണ്ട‌് ഓരോരോ കഥകൾ. ഈ ക്യാമ്പസും ഇവിടത്തെ പ്രണയങ്ങളും സമരങ്ങളും അനുഭവങ്ങളും യുവജനോത്സവങ്ങളുമെല്ലാം എത്രയെത്ര കവിതകളായി, കഥകളായി, സിനിമകളായി. ഒടുവിൽ പുറത്തിറങ്ങിയ പൂമരവും മെക‌്സിക്കൻ അപാരതയും സിഐഐയും സീനിയേഴ്‌സും വരെ എത്രയെത്ര സിനിമകൾ.

ലോകമറിയുന്ന സാഹിത്യ നായകന്മാർ, ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, ചലച്ചിത്രകാരന്മാർ, ന്യായാധിപർ എന്നിങ്ങനെ എത്ര പേർക്കാണ‌് ഈ ക്യാമ്പസ‌് ജന്മംനൽകിയത‌്. നാലുവർഷത്തിലൊരിക്കൽ നടക്കുന്ന പൂർവവിദ്യാർഥി സംഗമമായ മഹാരാജകീയത്തിനായി മാത്രം ലോകത്തിന്റെ വിവിധ കോണുകളിൽനിന്ന‌് കൊച്ചിയിലേക്ക‌് വിമാനംപിടിക്കുന്ന അഞ്ഞൂറോളം പൂർവവിദ്യാർഥികൾ ലോകത്തിലെ മറ്റേതൊരു കലാലയത്തിലാണ‌് ഉണ്ടാകുക? മഹാരാജാസിൽ പ്രവേശനം നേടുക എന്നത‌് ഇന്നും ഏതൊരു വിദ്യാർഥിയുടെയും സ്വപ‌്നമാണ‌്.

കടപ്പാട് – മിൽജിത്‌ രവീന്ദ്രൻ, ദേശാഭിമാനി, വിക്കിപീഡിയ. , ചിത്രങ്ങൾ – Shahid manakkappadi, Ameer Mahrajas.