മൈത്രി ബസ്സിലെ കോഴിക്കോട് – ഗുരുവായൂർ യാത്രാ ഓർമ്മകൾ

1996 ആണ് വർഷം. അച്ഛന്റേം അമ്മേടേം ചേച്ചിമാരുടെയും കൂടെയുള്ള ഗുരുവായൂർ യാത്രകൾ മറക്കാൻ പറ്റാത്ത യാത്രകൾ ആയിരുന്നു. റോഡിനോട് ചേർന്നുള്ള വീടായതു കൊണ്ട് കോഴിക്കോട് – ബാലുശ്ശേരി റോട്ടിലുള്ള മിക്ക ബസുകളും ഹോൺ കേട്ട് ഞാൻ പറയുമായിരുന്നു. ഗുരുവായൂർ യാത്രകൾ മാത്രമായിരുന്നു അന്ന് ദീർഘദൂര യാത്രക്കുള്ള ഒരേ ഒരു പോംവഴി. അത് കൊണ്ട് ഗുരുവായൂർ പോവുന്നു എന്ന് കേൾക്കുമ്പോൾ തന്നെ ആവേശം അന്ന്.

ബസിന്റെ സമയം റൌണ്ട് ചെയ്താണ് പറഞ്ഞിരിക്കുന്നത് (കറക്റ്റ് സമയത്തിലെ അറിവില്ലായ്മ തന്നെ ആണ് കാരണം എന്ന് പറയേണ്ടല്ലോ) അന്ന് കൊല്ലത്തിൽ രണ്ടു പ്രാവശ്യം എങ്കിലും ഗുരുവായൂർ യാത്ര കാണും. അന്നശ്ശേരി നിന്നുള്ള ബസ് 5.10 കക്കോടിയിൽ നിന്നും കയറി 5.30 ആവും പുതിയ സ്റ്റാൻഡ് എത്തുമ്പോൾ. അപ്പോഴേക്കും അമൃതാസ് പോയി SKS സ്റ്റാൻഡിനു പുറത്തു കാത്തു നിൽപ്പുണ്ടാവും. നേരെ നടന്നു കോഴിക്കോട് തൃശൂർ ട്രാക്കിലെത്തുമ്പോൾ ഡൗളൗസും, ഗോപികയും, മൈത്രീയും അണിഞ്ഞൊരുങ്ങി നിൽപ്പുണ്ടാവും. 5.45 ഡൗലൗസ് സ്റ്റാൻഡ് വിടും പുറകിൽ 5:50 ഗോപികയും. 6:00 മണിക്കാണ് മൈത്രീയുടെ യാത്ര സ്റ്റാർട്ട് ചെയ്യുക.

കണ്ടക്ടർ നല്ല കിടുക്കൻ ലെതർ ഷൂസ് ഒക്കെ ഇട്ട ഒരു ചേട്ടൻ ഡ്രൈവറും കിടു സെറ്റ് അപ്പ്. ഹവായ് ചെരുപ്പും കള്ളി മുണ്ടും ഉടുത്തു (എല്ലാവരുമല്ല ചിലരെങ്കിലു) ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്ന ബസ് ജീവനക്കാരെ കണ്ടിട്ടുള്ള എനിക്ക് ഇവർ രണ്ടു പേരും പുതുമയുള്ള കാഴ്ച ആയിരുന്നു.

ഈ പുഴയും കടന്നു റിലീസ് ആയ കൊല്ലം ആയിരുന്നു. കണ്ടക്ടർ ചേട്ടൻ കാസെറ്റ് പ്ലയെർ ഓൺ ചെയ്തു “വൈഡൂര്യ കമ്മൽ അണിഞ്ഞു” പാട്ടുമായി മൈത്രീ സ്റ്റാൻഡ് വിട്ടു. പതുക്കെ മാങ്കാവ് ബൈപാസ്സിലേക്കു കയറി. മിംസിന്റെ അടുത്തുള്ള അമ്പലത്തിനടുത്തു ബസ് നിർത്തി. കിളി ഓടിപ്പോയി മാലയും പ്രസാദവും വാങ്ങി തിരിച്ചെത്തി. കണ്ടക്ടർ ചന്ദനം വേണ്ട ചിലർക്കൊക്കെ കൊടുക്കുന്നുണ്ടായിരുന്നു.

വണ്ടി പതുക്കെ നീങ്ങി. വളരെ മെല്ലെ ആയിരുന്നു യാത്ര. ഈ വണ്ടി ഇതിപ്പോൾ ഗുരുവായൂർ എപ്പോൾ എത്തും എന്ന് ഞാൻ ആലോചിച്ചു തുടങ്ങി. 6:25 ആയപ്പോൾ രാമനാട്ടുകര എത്തി. അവിടെ നിന്ന് കുറച്ചു പേര് കയറി ബസ് തൃശൂർ റോഡിലേക്ക് കയറിയതും എവിടെ നിന്നോ ആവേശം കയറിയ പോലെ ഡ്രൈവർ ഗിയർ അടിച്ചിടാൻ തുടങ്ങി.

ശെരിക്കും ഒരു FP ആയി ഓടിത്തുടങ്ങി. യൂണിവേഴ്സിറ്റി, ചേളാരി ഒക്കെ കണ്ണടച്ച് തുറക്കുന്ന വേഗത്തിൽ പുറകിലായി. ഞാൻ പതുക്കെ കണ്ണടച്ചു തുറന്നപ്പോൾ കോഴിച്ചെന കഴിഞ്ഞുള്ള ഹംബ് ചാടുകയായിരുന്നു ബസ്. സമയം 6:55 ആയതേ ഉള്ളൂ. 7:00 മണിക്ക് ചങ്കുവെട്ടി എത്തി. ഗോപിക മൈത്രീ കണ്ടപ്പോളേക്കും നീങ്ങിത്തുടങ്ങിയിരുന്നു.

അവിടെ നിന്നും ആളുകളെ കയറ്റി അധികം താമസിക്കാതെ വീണ്ടു ഞങ്ങൾ നീങ്ങി. പുത്തനത്താണിയും വെട്ടിച്ചിറയും ആളുകളെ ഇറക്കിയെന്നു വരുത്തി വളാഞ്ചേരി ലക്ഷ്യമാക്കി കുതിച്ചു. കഞ്ഞിപ്പുര കഴിഞ്ഞപ്പോളേക്കും ഗോപികയെ മുന്നിൽ കണ്ടു. വട്ടപ്പാറ വളവിലെ ഹംബുകൾ ചാടിയിറങ്ങി രണ്ടു ബസുകളും. ഗോപിക വിട്ടു കൊടുക്കാനുള്ള ഒരു ഭാവവും ഇല്ല. അധികം താമസിയാതെ വളാഞ്ചേരി സ്റ്റാൻഡിനു പുറത്തു രണ്ടു ബസുകളും ഒരുമിച്ചെത്തി.

സമയം 7:20 ഗുരുവായൂരിലേക്കുള്ള കുറച്ചു യാത്രക്കാരെ കൂടെ കയറ്റി ഗോപികയെ പാസ് ചെയ്തു മൈത്രീ വീണ്ടും കുതിപ്പ് തുടങ്ങി. 7:30 ആയപ്പോൾ കുറ്റിപ്പുറം സ്റ്റാൻഡിലേക്ക് തിരിഞ്ഞു പോവുമ്പോൾ ഡൗലൗസ് തൃശൂർ റോഡിലേക്ക് ‌ കയറുന്നതു കണ്ടു. സ്റ്റാൻഡിൽ നിന്നും പെട്ടെന്ന് തന്നെ എടപ്പാളിലേക്കു മൈത്രീയും കുതിപ്പ് തുടങ്ങി.

7:45 ആയപ്പൊളേക്കും എടപ്പാൾ എത്തി. ഡൗലൗസ് മൈത്രീയെ കണ്ടതും എടപ്പാൾ വിട്ടു. ആളുകൾ കയറിയതോടെ മൈത്രീ വീണ്ടും മുരണ്ടു തുടങ്ങി. നടുവട്ടം കഴിഞ്ഞപ്പോൾ തന്നെ ഡൗലൗസിനെ മുന്നിൽ കിട്ടി. ഡൗലൗസ് പതുക്കെ വേഗം കുറച്ചു മൈത്രീയെ കയറ്റി വിട്ടു. ചങ്ങരംകുളവും ആളെ ഇറക്കി കുന്നംകുളം ലക്ഷ്യമാക്കി യാത്ര.

8:10 ആയപ്പൊളേക്കും കുന്നംകുളം എത്തി. സ്റ്റാൻഡിൽ പോവാതെ നേരെ ഗുരുവായൂർ റോഡിലേക്ക് കയറ്റി ആളെ ഇറക്കി. ഒരു പത്തിൽ പരം എറണാകുളം റൂട്ട് ടിക്കറ്റുകൾ കയറിയതോടെ വണ്ടി നീങ്ങി. പറക്കുക തന്നെ ആയിരുന്നു മൈത്രീ . കോട്ടപ്പടി കഴിഞ്ഞപ്പോളേക്കും കെക്കെ അമ്മൻ (പേര് അത് തന്നെ എന്നാണു ഓര്മ ) റണ്ണിങ് ഇൽ പാസ് ചെയ്തു.

ചെറുതായി കണ്ണടഞ്ഞപ്പോളേക്കും ഉറക്കത്തിലായിരുന്ന പലരെയും കിളി ചേട്ടൻ എഴുന്നേൽപ്പിച്ചു തുടങ്ങി. സമയം 8:20 ആവുന്നേയുള്ളു. മമ്മിയൂരപ്പനെ വണങ്ങി ബസ് പടിഞ്ഞാറേ നടയിൽ നിർത്തി. 8:20 am !!! ഇതിനു മുമ്പ് പല ഗുരുവായൂർ യാത്രകൾ പോയിട്ടുണ്ടായിരുന്നെങ്കിലും ഇത്ര കുറഞ്ഞ സമയത്തെ യാത്ര ആദ്യമായിട്ടായിരുന്നു.

പിൽക്കാലത്തും മൈത്രീയിൽ പല യാത്രകൾ നടത്തിയിട്ടുണ്ട്. ഒന്ന് രണ്ടു പ്രാവശ്യം അമൃതാസിന്റെ കൂടെ പടിഞ്ഞാറേ നടയിൽ എത്തിയിട്ടുണ്ട്. കോഴിക്കോട് നിന്നും എറണാകുളത്തേക്കു ഈ ബസിൽ യാത്ര ചെയ്യുന്ന ആളുകൾ ഉണ്ടെന്നു കേട്ടിട്ടുണ്ട്. മൈത്രീ മാറി ഫാൻസി വന്ന ശേഷം ചില തവണ പോയിട്ടുണ്ട് പക്ഷെ അപ്പോളൊക്കെ 8:40 – 8:45 ആവുമായിരുന്നു ഗുരുവായൂർ എത്താൻ

അന്നൊക്കെ ഗുരുവായൂർ രാവിലെ 8:30 ക്യൂ നിന്നാൽ 10:00 മണി ആവുമ്പോളേക്കും തൊഴുതു, മമ്മിയൂരും തൊഴുതു 12:00 മണി ഒക്കെ ആവുമ്പോൾ തിരിച്ചു കയറി 3:00 മണി ആവുമ്പോളേക്കും കോഴിക്കോട് എത്താമായിരുന്നു. പിന്നീട് ഗുരുവായൂർ ഒക്കെ ഭക്തരുടെ ബാഹുല്യം കാരണം രാവിലെ പോയാൽ ഉച്ച പൂജക്ക്‌ മുമ്പേ തൊഴുതിറങ്ങാൻ പറ്റിയാൽ ഭാഗ്യം എന്ന അവസ്ഥ ആയി. അതോടെ രാവിലെ ഉള്ള ഗുരുവായൂർ യാത്രകൾ നിന്നു.

തൃശൂർ – കോഴിക്കോട് – ഗുരുവായൂർ യാത്രകൾ പിന്നീട് ഇഷ്ടം പോലെ നടത്തിയെങ്കിലും മൈത്രീ തന്ന ആവേശത്തിന്റെ അത്ര ഉണ്ടായിട്ടില്ല.

എഴുത്ത് : അനീഷ് നായർ, ബസ് കേരള, ചിത്രം – Representative Image.