ആനവണ്ടിയിലേറി മലക്കപ്പാറയുടെ മടിത്തട്ടിലേക്ക്…

വിവരണം – സുദീപ് മംഗലശ്ശേരി.

നമ്മൾ എല്ലാവർക്കും വളരെ അധികം തവണ പോയാലും ഒരു മടുപ്പും തോന്നാത്ത സ്ഥലങ്ങൾ ഉണ്ടാകും. അങ്ങനെ എനിക്ക് എത്ര പോയാലും മതിവരാത്ത ഒരു സ്ഥലം ആണ് മലക്കപ്പാറ. ഏകദേശം 10 വർഷത്തിൽ കൂടുതൽ ആയി ഞാൻ സ്ഥിരം മലക്കപ്പാറ സന്ദർശകൻ ആയിട്ട്. അദ്യം ഒക്കെ ബൈക്കിൽ ആയിരുന്നു എന്റെ യാത്രകൾ ബൈക്കിൽ തന്നെ മലക്കപ്പാറയിലേക്ക് എത്ര തവണ പോയിട്ടുണ്ട് എന്ന് എനിക്ക് യാതൊരു പിടുത്തവും ഇല്ല. പിന്നെ വീട്ടിൽ കാർ വാങ്ങിയതിന് ശേഷം കുറെ യാത്രകൾ കാറിൽ ചെയ്തു.

അങ്ങനെ ഇരിക്കുമ്പോൾ ആണ് കെ എസ് ആർ ടി സി ചാലക്കുടി ഡിപ്പോയിൽ നിന്നും ഉച്ചയ്ക്ക് 12.20 നു മലക്കപ്പാറയിലേക്ക് പുതിയൊരു സർവിസ് ആരംഭിക്കുന്നത്. പണ്ട് മുതലെ ആനവണ്ടിയോട് ഒരു ഇഷ്ടകൂടുതൽ ഉള്ളത് കൊണ്ട് ഒരു ദിവസം അതിൽ കയറി മലക്കപ്പാറ പോകാൻ തീരുമാനിച്ചു. അങ്ങനെ ഒരു ദിവസം മലക്കപ്പാറയിലേക്ക് പോകാൻ തീരുമാനിച്ചു.

നേരെ ചാലകുടിക്ക് വിട്ടു. അങ്ങനെ എന്റെ ആദ്യത്തെ മലക്കപ്പാറ ബസ് യാത്രയിലെ സാരഥികൾ ആയി കിട്ടിയത് ഡ്രൈവർ രഞ്ജിത്തേട്ടനും കണ്ടക്ടർ സുധിഷേട്ടനും ആണ്. വളരെ നല്ല പെരുമാറ്റത്തോടെ അവർ വണ്ടിയിലേക്ക് യാത്രക്കാരെ വിളിച്ചു കയറ്റുന്നു. വേണ്ട നിർദ്ദേശങ്ങൾ നൽകുന്നു. അങ്ങനെ കൃത്യം 12.20 നു നമ്മുടെ കൊമ്പൻ ചാലക്കുടി സ്റ്റാണ്ടിനോട് വിടപറഞ്ഞു നേരെ മുനിസിപ്പൽ സ്റ്റാണ്ടിലേക്ക് യാത്ര ആയി. അവിടെ കുറച്ചു നേരം കിടന്ന് 12.50 നു അവിടുന്നു പുറപ്പെട്ടു.

അങ്ങനെ തുമ്പുർമുഴിയും അതിരപ്പിള്ളിയും വാഴച്ചാലും എല്ലാം കടന്ന് നമ്മുടെ കൊമ്പൻ കാട് കയറി നേരെ പുളിയിലപ്പാറയിൽ എത്തി. ഇവിടെ ചായകുടിക്കാൻ ഒരു 5 മിനിറ്റ് സമയം ഉണ്ട്. ഇവിടം വിട്ടുകഴിഞ്ഞാൽ പിന്നെ മലക്കപ്പാറ വരെ കൊടുംകാടുകൾ ആണ്. അങ്ങനെ കാടുകളും തേയില തോട്ടങ്ങളും താണ്ടി നമ്മുടെ കൊമ്പൻ ഏകദേശം 4.30 മണിയോട് കൂടി മലക്കപ്പാറ എന്ന എന്റെ കാമുകിയുടെ മടിതട്ടിലേക്ക് എത്തിയിരിക്കുന്നു.

അവിടുന്നു ഒരു കട്ടൻ ചായയും കുടിച്ചു തിരിച്ചു 5.10 നു നമ്മുടെ കൊമ്പൻ തിരിച്ചു വരാൻ തുടങ്ങി. ഇനി ആണ് കാടിന്റെ യഥാർത്ഥ സൗന്ദര്യം ആസ്വദിക്കാൻ ഞാൻ തുടങ്ങുന്നത്. രാത്രി തിരിച്ചു വരുന്നതുകൊണ്ട് നമുക്ക് ഒരുപാട് മൃഗങ്ങളെ കാണാൻ സാധിക്കും(നമ്മുടെ ഭാഗ്യം പോലെ ഒന്നും കാണാതെ വന്ന ചില ദിവസങ്ങളും ഉണ്ടായിട്ടുണ്ട്). അങ്ങനെ 8.45 നു തിരിച്ചു ചാലക്കുടിയിൽ എത്തി.

ഈ യാത്രയോട് കുടി എനിക്ക് 12.20 മലക്കപ്പാറ വണ്ടിയോട് ഒരുപാട് ഇഷ്ടം കൂടുതൽ തോന്നി. അങ്ങനെ ഒരുപാട് യാത്രകളും ഇതിൽ നടത്തി. പിന്നെ മലക്കപ്പാറ സർവിസ് നടത്തുന്ന വണ്ടികളിൽ സ്റ്റിക്കർ വർക്കുകൾ ചെയ്യുക, മ്യൂസിക് സിസ്റ്റം വയ്ക്കുക എന്നിങ്ങനെ പല പല കാര്യങ്ങളും മലക്കപ്പാറ സർവിസുകൾക്ക് വേണ്ടി ചെയ്തു കൊടുത്തു. അങ്ങനെ മലക്കപ്പാറ സർവീസിൽ പോകുന്ന ജീവനക്കാർ എല്ലാവരും ആയിട്ടും പരിചയം ആയി.

ഈ യാത്രകളിൽ മിക്കവാറും എന്റെ കൂടെ ഉണ്ടാകുന്നസ്ഥിരം സഹയാത്രികൻ എന്റെ ചങ്ക് ദീപക്ക് ആണ്. എന്നെ പോലെ തന്നെ ഒരു ആനവണ്ടി പ്രാന്തൻ. ഒന്നും കുടി വ്യക്തം ആക്കി പറഞ്ഞാൽ എന്നെക്കാൾ വലിയ ആനവണ്ടി പ്രാന്തൻ. ഇവനൊന്നും കൂടെ ഇല്ലെങ്കിൽ മലക്കപ്പാറ സർവിസുകൾ ഇത്രയ്ക്ക് മികച്ച രീതിയിൽ ആക്കി എടുക്കാൻ സാധിക്കില്ല എന്ന് എനിക്ക് തോന്നിയിട്ടുണ്ട്.

മലക്കപ്പാറ സർവീസുകൾ വിജയിപ്പിച്ചത് അതിലെ ജീവനക്കാർ തന്നെ എന്ന് പറയാം. ഞങ്ങൾ അതിനു സോഷ്യൽ മീഡിയകൾ വഴി വേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കുന്നു എന്ന് മാത്രം. ഇപ്പൊ ഈ സർവീസുകൾ പൊയ്കൊണ്ടിരിക്കുന്ന പ്രമേഷേട്ടനും, പ്രിയൻ ചേട്ടൻ, പ്രസന്നൻ മാഷ്, ജയലക്ഷ്‌മി ചേച്ചി, സൗമ്യ ചേച്ചി, അമ്പാടി ചേട്ടൻ, സാജൻ ചേട്ടൻ, സജയൻ ചേട്ടൻ, രാജേഷേട്ടൻ, ജോണ്സണ് ചേട്ടൻ, സുമേഷ് ചേട്ടൻ ഇവർ എല്ലാവരും തന്നെ യാത്രാക്കാരോട് വളരെ നല്ല രീതിയിൽ ആണ് പെരുമാറുന്നത്. മൃഗങ്ങളെ കണ്ടാൽ നിർത്തി കൊടുക്കുന്നു, ഫോട്ടോ എടുക്കാൻ അവസരം ഉണ്ടാക്കി കൊടുക്കുന്നു എന്നിങ്ങനെ എല്ലാം ഇവർ ചെയ്യുന്നുണ്ട്.

ഇത്രയും കാലം മലക്കപ്പാറ എന്ന കാമുകിയുടെ അടുത്ത് പോയിട്ട് പുലിയെ നേരിട്ട് കാണാൻ കഴിഞ്ഞിരുന്നില്ല എനിക്ക്. എല്ലാ ആഴ്ചയും ഒരു ദിവസം ഞാൻ മലക്കപ്പാറ പോകാറും ഉണ്ട്. അങ്ങനെ കഴിഞ്ഞ ദിവസം ചങ്ക് ഡ്രൈവർ പ്രമേഷേട്ടന്റെ കൂടെ വീണ്ടും പോയി. കൂടെ കണ്ടക്ടർ ആയിട്ട് പ്രസന്നൻ മാഷും ഉണ്ട്.

അങ്ങോട്ട് പോയപ്പോൾ ഒരു മൃഗങ്ങളെ പോലും കാണാൻ സാധിച്ചിരുന്നില്ല. എന്നാൽ മലക്കപ്പാറയിൽ നിന്നും തിരിച്ചുള്ള യാത്രയിൽ എന്റെ മുന്നിൽ ഞാൻ ഏറെ നാളായി കാണാൻ കൊതിച്ചിരുന്ന പുലിയെ കാണാൻ എനിക്ക് സാധിച്ചു. കഴിഞ്ഞ ഒരു ആഴ്ച ആയിട്ട് സ്ഥിരം പുലിയുടെ സാനിധ്യം അവിടെ ഉണ്ടായിരുന്നു. അങ്ങനെ ഞാൻ പുലിയെ ഒരുപാട് നേരം കൺകുളിർക്കെ കണ്ടു അങ്ങനെ ഒരുപാട് സന്തോഷത്തോടെ ഞാൻ തിരിച്ചു ചാലക്കുടിയിൽ വന്നിറങ്ങി.

വെറും 102 (ഒരു വശത്തേക്ക്) രൂപയ്ക്ക് ആനയും, പുലിയും, കാട്ടുപോത്തുകളും, മാനുകളും നിറഞ്ഞ കൊടുംകാടിലൂടെ ഉള്ള ഈ ഒരു യാത്ര ഏതൊരു യാത്രപ്രേമികളുടെയും മനസിൽ എന്നെന്നും മായാതെ നിൽക്കുന്ന ഒന്ന് തന്നെ ആകും. ഇന്നലെയും ഞാൻ പോയിരുന്നു മലക്കപ്പാറ എന്ന എന്റെ കാമുകിയുടെ അടുത്തേക്ക്. പോണവഴിക്ക് ആനയും കാട്ടുപോത്തുകളും വഴിയിൽ ഉണ്ടായിരുന്നു.

ചാലക്കുടിയിൽ നിന്നും മലക്കപ്പാറയ്ക്ക് 7.40, 12.20, 15.00 (stay), 16.40 (stay) തുടങ്ങിയ സമയങ്ങളിലും, മലക്കപ്പാറയിൽ നിന്നും ചാലക്കുടിക്ക് 7.10, 8.10, 12.25, 17.00 തുടങ്ങിയ സമയങ്ങളിലും ബസുകൾ ലഭിക്കുന്നതാണ്. മലക്കപ്പാറ എന്ന കാമുകിയുടെ മടിതട്ടിലേക്ക് ഉള്ള യാത്രകൾ ഇനിയും തുടരും ഒരുപാട് സ്വപ്നങ്ങളും ആയി..