അന്ന് വിമാനത്തിലെ ക്ളീനിങ് ജീവനക്കാരൻ; ഇന്ന് അതേ വിമാനത്തിലെ ക്യാപ്റ്റൻ..

വളരെ താഴ്ന്ന നിലയിൽ നിന്നും ആളുകൾ ഉയർന്ന നിലയിലേക്ക് എത്തിയ സംഭവങ്ങൾ നമ്മളെല്ലാം കുറെ കേട്ടിട്ടുണ്ട്. എന്നാൽ സിനിമാക്കഥകളെ വെല്ലുന്ന തരത്തിൽ യഥാർത്ഥ ജീവിതത്തിലും സംഭവിച്ച ഒരു സംഭവം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. സംഭവം വേറൊന്നുമല്ല വിമാനം ക്ളീൻ ചെയ്യുവാൻ വന്ന പയ്യൻ പിന്നീട് അതേ വിമാനത്തിലെ ക്യാപ്റ്റൻ ആയി മാറുകയാണ്. സംഭവം നടന്നത് ഇവിടെയെങ്ങുമല്ല അങ്ങ് നൈജീരിയയിലാണ്.

നൈജീരിയയിലെ പ്രാദേശിക എയർലൈനായ അസ്മാൻ എയറിൽ (Azman Air) 24 വർഷങ്ങൾക്ക് മുൻപ് നൈജീരിയക്കാരനായ മൊഹമ്മദ് അബൂബക്കർ ക്ളീനിങ് ജോലിക്കാരനായി കയറുമ്പോൾ അദ്ദേഹം പോലും വിചാരിച്ചിട്ടുണ്ടാകില്ല താൻ ഒരിക്കൽ ഈ വിമാനത്തിലെ ഏറ്റവും ഉയർന്ന പൊസിഷനായ ‘ക്യാപ്റ്റൻ’ എന്ന സ്ഥാനത്തിരിക്കുമെന്ന്. അത്രയ്ക്ക് സംഭവ ബഹുലമായിരുന്നു അബൂബക്കറിന്റെ ജീവിതകഥ.

കഷ്ടപ്പാടുകൾക്കിടയിലും പഠനത്തോടൊപ്പം ജോലിയും കൂടി ചെയ്യുവാൻ നിർബന്ധിതനായ കുട്ടിക്കാലം.. ചെറുപ്പം മുതലേ അബൂബക്കറിനു വിമാനം പറത്തണം എന്ന മോഹമുണ്ടായിരുന്നു. ആ മോഹം മനസ്സിൽ കണ്ടുകൊണ്ട് ആ പയ്യൻ കഷ്ടപ്പെട്ടു പഠിച്ചു. അങ്ങനെ അവസാനം പൈലറ്റ് ആയില്ലെങ്കിലും വിമാനത്തെ നേരിൽക്കാണുവാനും തൻ്റെ ആഗ്രഹം കുറച്ചെങ്കിലും സാക്ഷാത്കരിക്കുവാനും മുഹമ്മദ് അബൂബക്കർ അസ്മാൻ എയറിൽ ഒരു സ്വീപ്പർ തസ്തികയിൽ ജോലിയ്ക്ക് ചേർന്നു. അപ്പോഴും തൻ്റെ പഠനം അദ്ദേഹം കൈവിടാതെ തുടരുന്നുണ്ടായിരുന്നു.

അങ്ങനെ 24 വർഷങ്ങൾക്കു ശേഷം തൻ്റെ കുട്ടിക്കാലത്ത് സ്വപ്നം കണ്ടിരുന്ന ആ രാജകീയ ജോലിയിലേക്ക് അബൂബക്കർ പ്രവേശിച്ചു. ഇത്രയും നാൾ വിമാനം വൃത്തിയാക്കിയിരുന്നയാൾ അതേ വിമാനത്തെ നിയന്ത്രിക്കുവാൻ പോകുന്നു. ഈ സംഭവം എയർലൈൻ കമ്പനി തന്നെയാണ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത് വൈറലാക്കിയത്. തൻ്റെ ഈ ജീവിത വിജയത്തിനു പിന്നിൽ ഒത്തിരി ആളുകളോടാണ് കടപ്പെട്ടിരിക്കുന്നത് എന്നാണു അദ്ദേഹം പറയുന്നത്. അതിൽ ഏറ്റവും നന്ദിയോടെ ഓർക്കുന്നത് അസ്മാൻ എയർ കമ്പനിയെയും അതിലെ ജീവനക്കാരെയുമാണെന്നും അബൂബക്കർ പറയുന്നു.

ജീവിതത്തിൽ എന്തു പ്രതിസന്ധി വന്നാലും തോറ്റുപോയി എന്നു വിചാരിക്കുന്നവരാണ് നമ്മളിൽ ചിലരെങ്കിലും. ഈ സംഭവത്തിൽ അബൂബക്കറും അങ്ങനെയായിരുന്നെങ്കിൽ അദ്ദേഹം ഇന്നും ഒരു ക്ളീനറായി ജോലി ചെയ്യുന്നുണ്ടായേനെ. പക്ഷേ അദ്ദേഹം തൻ്റെ ജീവിതത്തിലെ ലക്ഷ്യത്തിലേക്ക് എത്തുവാനായി പരിശ്രമിച്ചു. ഒരു ജോലി ചെയ്തുകൊണ്ട് ഇത്രയും സങ്കീർണ്ണമായ മറ്റൊരു ജോലി നേടിയെടുത്തതിനു പിന്നിൽ എത്രത്തോളം കഷ്ടപ്പാടും വിഷമതകളും അദ്ദേഹം നേരിരുട്ടുണ്ടെന്നത് ഊഹിക്കാവുന്നതേയുള്ളൂ.

Source – celebritiesbuzz.