മനേക് ചൗക്ക് – അഹമ്മദാബാദിൽ വരുന്ന ഭക്ഷണപ്രേമികൾ പോയിരിക്കേണ്ട ഒരു സ്ഥലം…

അഹമ്മദാബാദിൽ വന്നിട്ട് ശരിക്കൊന്നു ഫുഡ് എക്‌സ്‌പ്ലോർ ചെയ്യുവാനായി സമയം കിട്ടിയിരുന്നില്ല. അങ്ങനെ രാത്രിയായപ്പോൾ ഞങ്ങൾ അവിടത്തെ മികച്ച സ്ട്രീറ്റ് ഫുഡ് കിട്ടുന്ന ഏരിയ അന്വേഷിച്ചുകൊണ്ട് ഇറങ്ങി. അങ്ങനെയാണ് ഞങ്ങൾ മനേക് ചൗക്കിനെക്കുറിച്ച് അറിയുന്നത്. രാത്രി 9 മണി മുതൽ വെളുപ്പിനെ 3 മണി വരെ നീളുന്ന ഈ തെരുവ്, ഭക്ഷണം ഇഷ്ടപ്പെടുന്നവർക്ക് ഒരു സ്വർഗ്ഗം തന്നെയാണ്. അങ്ങനെ ഞങ്ങൾ മനേക് ചൗക്കിലേക്ക് യാത്രയായി. പോകുന്ന വഴിയിൽ ഞങ്ങൾക്ക് നല്ല ട്രാഫിക് ബ്ലോക്കിനെ അഭിമുഖീകരിക്കേണ്ടി വന്നു. ബസുകൾക്ക് മാത്രം പോകാവുന്ന BRTS ലൈനിൽക്കൂടി ആ സമയത്ത് പ്രൈവറ്റ് വാഹനങ്ങളും പോകുന്ന കാഴ്ചയാണ് അവിടെ ഞങ്ങൾക്ക് കാണുവാൻ സാധിച്ചത്. ശരിക്കും മറ്റു വാഹനങ്ങൾ ഇതിലൂടെ പോകുന്നത് നിയമവിരുദ്ധമാണ്. എന്തൊക്കെ സൗകര്യങ്ങളും വികസനവുമെല്ലാം വന്നിട്ടെന്തിനാ? നമ്മുടെ നാട്ടുകാരുടെ മനോഭാവം ഇങ്ങനെയായാൽ തീർന്നില്ലേ എല്ലാം.

അങ്ങനെ ബ്ലോക്കിൽപ്പെട്ടു ഒരുകണക്കിന് ഞങ്ങൾ മനേക് ചൗക്കിൽ എത്തിച്ചേർന്നു. നല്ല തിരക്കുള്ള ഒരു മേരിയായാണ്‌ മനേക് ചൗക്ക്. അവിടെ വണ്ടി പാർക്ക് ചെയ്യുവാൻ ഞങ്ങൾ അൽപ്പം ബുദ്ധിമുട്ടി എന്നുവേണമെങ്കിൽ പറയാം. വണ്ടി പാർക്ക് ചെയ്തിട്ട് ഞങ്ങൾ മനേക് ചൗക്കിലൂടെ നടക്കുവാൻ തുടങ്ങി. വളരെ ചെറിയൊരു റോഡും അതിനിരുവശത്തുമായി വിവിധതരം കടകളും.. ഇതാണ് മനേക് ചൗക്ക്. റോഡ് ചെറുതാണെങ്കിലും ഇരുവശങ്ങളിലും ടൂവീലറുകൾ പാർക്ക് ചെയ്തിരിക്കുന്നു. അതിനിടയിലൂടെ കടന്നുപോകുന്ന വാഹനങ്ങളും ആളുകളുമൊക്കെയായി നല്ല തിരക്കേറിയ ഒരു സ്ഥലം.

മനേക് ചൗക്കിനു മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഇന്ത്യയിലെ തന്നെ രണ്ടാമത്തെ ഏറ്റവും വലിയ ജ്വല്ലറി മാർക്കറ്റാണ് മനേക് ചൗക്ക്. നടക്കുന്നതിനിടെ ഞങ്ങൾ ധാരാളം ചെറിയ ചെറിയ ജ്വല്ലറികൾ കണ്ടു. ഞങ്ങൾ നടന്നു നടന്നു ഒരു ഗാട്ടിയ വില്പനക്കാരന്റെ അടുത്തെത്തി. അവിടെ ഫ്രഷായി വറുക്കുന്ന നല്ല രുചികരമായ ഗാട്ടിയയും മുളക് ചമ്മന്തിയും കൂടി അവർ തന്നു. ഗാട്ടിയ നമ്മുടെ നാട്ടിൽ കിട്ടുന്നതിനേക്കാളും വളരെ വ്യത്യസ്തമായിരുന്നു. ഇതുപോലെ ഞങ്ങൾ അവിടെ ലഭിക്കുന്ന സ്പെഷ്യൽ ബട്ടർമിൽക്ക് ഒരു കുപ്പി വാങ്ങുകയും ചെയ്തു. നമ്മുടെ നാട്ടിലേതിൽ നിന്നും വ്യത്യസ്തമായി അയമോദകവും ജീരകവുമൊക്കെ ചേർത്താണ് അവിടെ ബട്ടർമിൽക്ക് ഉണ്ടാക്കുന്നത്. നല്ല ദഹനശേഷി ലഭിക്കുന്നതിനായാണ് ഇവ ചേർക്കുന്നത്.

ഗാട്ടിയയും ബട്ടർ മിൽക്കും ഒക്കെ രുചിച്ച ശേഷം ഞങ്ങൾ അടുത്ത ഐറ്റം തപ്പി നടത്തം തുടർന്നു. ഫ്രൂട്ട് ഷോട്സ് എന്നു പേരുള്ള ഒരു ജ്യൂസ് ഐറ്റമാണ് പിന്നീട് ഞങ്ങൾ പരീക്ഷിച്ചത്. ചെറിയ ഗ്ളാസ്സിൽ മുന്തിരിയിട്ട ഫ്രൂട്ട് ഷോട്സ് ഞങ്ങൾ വാങ്ങി. ഇത്തവണ രുചി പരീക്ഷിച്ചത് അനിയൻ അഭിജിത്ത് ആയിരുന്നു. ഒറ്റവലിക്ക് അവൻ അത് കുടിച്ചു തീർത്തു. ജ്യൂസ് ആണെങ്കിലും അൽപ്പം ഉപ്പുരുചി അതിനുണ്ടായിരുന്നു. രണ്ടു ഗ്ളാസിനു 60 രൂപയായിരുന്നു ഇതിന്റെ റേറ്റ്. എന്തായാലും അടിപൊളി തന്നെ. വഴിയ്ക്ക് ഇരുവശത്തും സ്വർണ്ണക്കടകളാണ്, അതിനു മുന്നിലാണ് ഇത്തരം ഫുഡ് കച്ചവടക്കാർ ഇരിക്കുന്നത്. പാൽ തിളപ്പിച്ച് തിളപ്പിച്ച് മധുരമിട്ടു കാട്ടിയാക്കി തയ്യാറാക്കിയ റമഡി എന്നൊരു ഐറ്റവും ഞങ്ങൾ പരീക്ഷിക്കുകയുണ്ടായി. വളരെ വ്യത്യസ്തം തന്നെയായിരുന്നു ആ രുചി പരീക്ഷണവും.

മനേക് ചൗക്കിൽ സാൻഡ് വിച്ചിനു പേരുകേട്ട മനേക് സാൻഡ് വിച്ച് സെന്ററിലേക്ക് ആയിരുന്നു പിന്നീട് ഞങ്ങൾ പോയത്. മനേക് സാൻഡ് വിച്ച് സെന്ററിലെ വിഭവങ്ങൾ ഞങ്ങൾ പരീക്ഷിച്ചു നോക്കി. മുൻപ് കഴിച്ചിട്ടില്ലാത്ത തരത്തിലുള്ള ഗ്രിൽഡ് സാൻഡ് വിച്ച് ആയിരുന്നു ഞങ്ങൾ ആദ്യം ഓർഡർ ചെയ്തത്. നല്ല എരിവും ചൂടും മസാലയും ഒക്കെയായി അടിപൊളി ഐറ്റം തന്നെ. പിന്നെയും പലതരം വിഭവങ്ങൾ ഞങ്ങൾ പരീക്ഷിച്ചു നോക്കി. എല്ലാം മികച്ചതു തന്നെയായിട്ടാണ് ഞങ്ങൾക്ക് അനുഭവപ്പെട്ടത്. ചില മധുരമേറിയ ഐറ്റങ്ങൾ അമ്മയ്ക്ക് അത്ര ഇഷ്ടപ്പെട്ടില്ല.

ശരിക്കും മനേക് ചൗക്ക് ഭക്ഷണപ്രിയർക്ക് മറ്റൊരു ലോകം തന്നെയായിരിക്കും. തായ്‌ലൻഡ്, ക്വലാലംപൂർ തുടങ്ങിയ സ്ഥലങ്ങളിൽ കണ്ടു പരിചയമുള്ള ഫുഡ് സ്ട്രീറ്റുകളെ ഓർമ്മിപ്പിക്കുന്ന തരത്തിലായിരുന്നു ഞങ്ങൾക്ക് അവിടെ അനുഭവപ്പെട്ടത്. ഞങ്ങളുടേത് അടക്കം അവിടെ കണ്ടവരിൽ 90% വും ഫാമിലിയായിരുന്നു. ഒട്ടേറെയാളുകൾ ഭക്ഷണം കഴിക്കുവാൻ ഇടം ലഭിക്കുന്നതിനായി ക്യൂ നിൽക്കുന്ന കാഴ്ചയും ഞങ്ങൾ കണ്ടു. ഗുജറാത്ത് രുചികളുടെ മായാലോകമായ മനേക് ചൗക്കിൽ വെജിറ്റേറിയൻ വിഭവങ്ങൾ മാത്രമേ ലഭിക്കുകയുള്ളൂ. ചിക്കനും മട്ടനും ബീഫും സീഫുഡുമെല്ലാം തേടി ആരും ഇവിടേക്ക് വരേണ്ട എന്നർത്ഥം.

അങ്ങനെ ഞങ്ങൾ മനേക് ചൗക്കിന്റെ അങ്ങേയറ്റം വരെ നടന്നുപോയി രുചികൾ പരീക്ഷിച്ചു. പിന്നീട് അവിടെ നിന്നും ഒരു ഓട്ടോ വിളിച്ച് ഞങ്ങളുടെ വണ്ടി പാർക്ക് ചെയ്ത സ്ഥലത്തേക്ക് പോകുകയും അവിടെ നിന്നും കാറിൽക്കയറി നേരെ താമസിക്കുന്ന ഹോട്ടൽ റൂമിലേക്ക് പോകുകയും ചെയ്തു. അങ്ങനെ അഹമ്മദാബാദിലെ ഞങ്ങളുടെ ഒരു ദിവസം കൂടി ഇവിടെ പൂർത്തിയാക്കുകയാണ്.