കൃഷി തന്നെയാണ് ജീവനെന്ന് പഠിപ്പിച്ച ചില സ്ഥലങ്ങള്‍

വിവരണം – Farooque Edathara‎.

ഇടുക്കിയിലേക്ക് യാത്ര പോകുമ്പോള്‍ നിര്‍ബന്ധമായും കാണേണ്ട സ്ഥലങ്ങളാണ് മറയൂരും കാന്തല്ലൂരും ഒടങ്കണിയും വട്ടവയുമൊക്കെ. മനോഹരമായ കൊച്ചുഗ്രാമപ്രദേശങ്ങള്‍. നിറയെ കൃഷിത്തോട്ടങ്ങള്‍. നമ്മളൊക്കെ ലോക്ക്ഡൗണില്‍ പ്രയാസപ്പെട്ടപ്പോഴാണ് കൃഷി ചെയ്ത് തുടങ്ങിയതെങ്കില്‍ ഇവിടെ പാരമ്പര്യമായി കൃഷി തന്നെയാണ് ഉപ ജീവന മാര്‍ഗം.

ശര്‍ക്കര ഗ്രാമം – രാജ്യത്തെ തന്നെ പേരുകേട്ട ശര്‍ക്കര നിര്‍മാണ കേന്ദ്രമാണ് മറയൂര്‍…നിറയെ കുഞ്ഞു കുഞ്ഞു വീടുകള്‍.. ഇവിടെ നിന്നാണ് നമ്മുടെ നാട്ടിലേക്കൊക്കെ ശര്‍ക്കരയെത്തിക്കുന്നത്.. ഒട്ടേറെ ശര്‍ക്കര നിര്‍മാണ യൂണിറ്റുകള്‍ ഇവിടെയുണ്ട്. ചന്ദനക്കാടുകള്‍ കൊണ്ട് പേരു കേട്ട സ്ഥലം കൂടിയാണ് ഇവിടം. പോകുന്ന വഴിയിലൂടനീളം കരിമ്പന്‍ തോട്ടങ്ങളും, വെളുത്തുള്ളി കൃഷിയും, തക്കാളി, ചോളം, കാബേജ് തുങ്ങി നിരവധിയായ കൃഷിത്തോട്ടങ്ങള്‍ കാണാം.

സെപ്തംബര്‍ മാസത്തിലാണേല്‍ ഓറഞ്ച് ,ആപ്പിള്‍ തുടങ്ങിയ പഴ വര്‍ഗങ്ങളുടെ കൃഷിത്തോട്ടങ്ങളും കാണാം. പോകും വഴി മറയൂരിലെ ഒരു ശര്‍ക്കര നിര്‍മാണ ഫാക്ടറിയിലിറങ്ങി. നല്ല പോലെ കായികാദ്ധ്വാനമുള്ള ജോലിയാണ് ശര്‍ക്കര നിര്‍മാണം. ജോലിക്കാരില്‍ മിക്കവരും സ്ത്രീകള്‍ തന്നെയാണ്. ഒരു ഭാഗത്ത് കരിമ്പ് മെഷീന്‍ വഴി ജ്യൂസ് എടുക്കുന്നു . വലിയ കാനില്‍ നിറക്കുന്ന ജ്യൂസ് പൈപ്പ് വഴി തിളക്കുന്ന ചെമ്പിലേക്ക്. അടുത്ത് നില്‍ക്കുമ്പോള്‍ വലിയ ചൂടുണ്ടെങ്കിലും ഹൈറേഞ്ചിലെ തണുപ്പ വലിയൊരു ആശ്വാസമാണ്.

കുറേ നേരം തിളപ്പിച്ച് കുറുകി വന്നാല്‍ അടുത്തുള്ള വലിയ മരപ്പാത്രത്തിലേക്ക് ഒഴിക്കും. ജ്യൂസെടുത്ത് കിട്ടുന്ന കരിമ്പിന്‍ വേസ്റ്റാണ് കത്തിക്കാനും ഉപയോഗിക്കുന്നത്. മണ്ണെണ്ണയോ മറ്റോ ഉപയോഗിക്കാറില്ല. കുറേ നേരം അവരുടെ വിശേഷങ്ങള്‍ ചോദിച്ചും കണ്ടും നിന്നു. എല്ലാവരും കഠിനാധ്വാനികളാണ്. പക്ഷേ! ചിരിച്ചും കഥകള്‍ പറഞ്ഞോണ്ടുമുള്ള അവരുടെ ജോലി കാണാന്‍ വല്ലാത്തൊരു ചന്തമാണ്. പലരും ഇരുപതിലേറെ വര്‍ഷമായി ഇവിടെ ജോലി ചെയ്തുവരുന്നു. എല്ലാവരും ഹാപ്പി. ഞങ്ങളെ കണ്ടപ്പോള്‍ ചിരിച്ചോണ്ടുള്ള സ്വീകരണം കണ്ടപ്പോഴേ തോന്നിയിരുന്നു അവര്‍ ആ ജോലിയില്‍ സംതൃപ്തരാണെന്ന്. മലബാറില്‍ നിന്നാണെന്നറിഞ്ഞപ്പോള്‍ കൂട്ടത്തിലെ കാരണവര്‍ സുശാന്തേട്ടന്‍ പറഞ്ഞു ഇവിടന്നാണ് നിങ്ങടെ നാട്ടിലേക്ക് ശര്‍ക്കര കൊണ്ടു പോകുന്നതെന്ന്. കഥകളെല്ലാം ആസ്വദിച്ച് എല്ലാവരോടും യാത്ര ചോദിച്ച് നേരെ കാന്തല്ലൂരിലേക്ക് തിരിച്ചു.

കാന്തല്ലൂരിലേക്ക്… മറയൂരും, പഴങ്ങളുടെ നാടായ കാന്തല്ലൂരും കടന്ന് പുത്തൂര്‍ പ്രദേശത്തെ ആനന്ദവന്‍ എക്കോ മഡ് ഹൗസിലേക്ക്. ഗൈഡ് സോമുവിനൊപ്പം മൂന്ന് കിലോ മീറ്ററോളം ഓഫ് റോഡ് യാത്ര. ഉച്ചക്ക് രണ്ട് മണിയായിട്ടും നല്ല തണുപ്പ്. കാടും കാഴ്ചകളും മുകളില്‍ എത്തിയതും ശരീരം തുളയ്ക്കുന്ന മഴയും എടുത്തു കൊണ്ടു പോകുന്ന കാറ്റും. 20 ഏക്കറില്‍ പരന്ന് കിടക്കുന്ന വനത്തിനുളളില്‍ നാല് മഡ് ഹൗസും, കിച്ചണും, ട്രീ ഹൗസും ഒപ്പം പുതുതായി പണിയുന്ന ഡോര്‍മെറ്ററിയും. ക്യാമ്പുകളും, മീറ്റിംഗുകളും നടത്താന്‍ പറ്റിയ സ്ഥലം.

കാടിനുളളില്‍ കുഞ്ഞുകുഞ്ഞു വെള്ളച്ചാട്ടങ്ങള്‍. ചുറ്റും യൂക്കാലിപ്‌സ് മരങ്ങളില്‍ നിന്നുമുള്ള തിളിര്‍മയാര്‍ന്ന കാറ്റേറ്റിരിക്കാന്‍ വല്ലാത്തൊരു സുഖം തോന്നി. ഏസിയോ ഫാനോ റൂമിലില്ല. തികച്ചും മണ്ണിനാല്‍ പണിത റൂമുകള്‍. നിറയെ ചെടികളും, മരങ്ങളും, പഴ വര്‍ഗങ്ങളും. ബാഗും, സാധനങ്ങളുമെല്ലാം റൂമില്‍ വെച്ച് കാഴ്ചകള്‍ കാണാനായി പുറത്തേക്കിറങ്ങി. ഹൈറേഞ്ച് ആയതു കൊണ്ട് തന്നെ പോകുന്ന വഴിയിലുടനീളം മനോഹരമായ വ്യൂ പോയിന്റുകളും, പച്ചപുതച്ച് കോടയില്‍ മുങ്ങിയ കാഴ്ചകള്‍.. പ്രകൃതിയെ സ്‌നേഹിക്കുന്നവര്‍ക്കും ട്രക്കിംഗ് ഇഷ്ടപ്പെടുന്നവര്‍ക്കും ഇവിടം ഇഷ്ടപ്പെടുമെന്ന് തീര്‍ച്ച.. നിരവധി കാഴ്ചകള്‍ കണ്ട് ഫോട്ടോകളെല്ലാം മൊബൈലിലാക്കി രാത്രി ഒമ്പതോടെ ചപ്പാത്തിയും, ചിക്കന്‍ കറിയും, കടലക്കറിയും കഴിച്ച് ഉറക്കത്തിലേക്ക്…

രണ്ടാം ദിനം.. പുലര്‍ക്കാല കാഴ്ചകള്‍ കാണാന്‍ ആറ് മണിയോടെ എണീറ്റു. റൂമും പരിസരവും കോടയില്‍ മുങ്ങി നില്‍ക്കുന്നു. വെള്ളച്ചാട്ടങ്ങളുടെ കളകളാരവും പക്ഷികളുടെ ചില്‍..ചില്‍ ശബ്ദവും കേട്ടിരിക്കാന്‍ വല്ലാത്തൊരു സുഖം. ഫോണിന് റേഞ്ചില്ലാത്തതിനാല്‍ മറ്റൊരു ശല്യവുമില്ല. മുകളില്‍ നിന്ന് കോട ഇടക്ക് പോയി താഴെ തെളിഞ്ഞു കാണുന്ന ഒരു കാഴ്ചയുണ്ട്. മാസ്മരികമാണത്. ഒമ്പതരയോടെ ഇഷ്ട വിഭവമായ പുട്ടും കടലയും കഴിച്ച് നോട്ടക്കാരന്‍ സോമുവിനോടും ചേച്ചിയോടും യാത്ര പറഞ്ഞു.

മൂന്ന് കിലോമീറ്റര്‍ അകലെയുള്ള ഒടങ്കണ്ണിയിലെത്തി ജോര്‍ജേട്ടന്റെ തോട്ടത്തില്‍ നിന്ന് നാല് കിലോ പ്ലംസും, സബര്‍ ജില്ലും, ചോളവും കുറച്ച് വെളുത്തുള്ളിയും വാങ്ങിച്ചു. എല്ലാത്തിനും വിലക്കുറവ്. വെറും അറുപത് രൂപയാണ് ഒരു കിലോ പ്ലംസിന് വാങ്ങിച്ചത് (നാട്ടില്‍ ഇപ്പോള്‍ കിലോക്ക് 120 രൂപ). നിറഞ്ഞ സ്‌നേഹമുള്ള കുടുംബം. തോട്ടമൊക്കെ വലുതാണേലും കുഞ്ഞുവീടാണ് ജോസേട്ടന്റെത്. ഭാര്യയും രണ്ട് പെണ്‍മക്കളും. അച്ഛന്റെ കൂടെ പ്ലംസ് പറിക്കാന്‍ അവരും കൂടെയുണ്ട്. പ്ലംസ് മരത്തീന്ന് വീണു കിടക്കുന്നത് കാണാന്‍ പ്രത്യേക രസമാണ്.

വീടിന്റെ കാര്യം ചോദിച്ചപ്പോള്‍ കുഞ്ഞു ചിരിയോടെ ജോസേട്ടന്‍ പറഞ്ഞു, ബേങ്കീന്ന് ലോണെടുത്ത് വീട് വലുതാക്കിയാല്‍ അതിനുള്ളിലിരിക്കാന്‍ ഒരു സമാധാനം ഉണ്ടാകില്ല, ഇപ്പോ വലിയ സന്തോഷത്തിലാണ്.. രണ്ടേക്കറിലാണ് കൃഷി. ഇതിന്ന് കൂടുതല്‍ വരുമാനം കിട്ടുവാണേല്‍ വീടൊക്കെയൊന്ന് ഉശാറാക്കണം. കേട്ടപ്പോള്‍ വലിയ സന്തോഷം തോന്നി, നമ്മളില്‍ പലരും ഉള്ളതെല്ലാം വിറ്റുപെറുക്കി കൂടെ ലക്ഷങ്ങള്‍ ലോണെടുത്തുമാണ് വലിയ വീടുകള്‍ വെക്കുന്നത്. ആ കടം വീടുന്നത് വരെ മനസ്സില്‍ വെപ്രാളം തന്നെയാവും..പക്ഷേ ! ഇവര്‍ക്കൊന്നും അത്തരം പ്രശ്‌നമില്ല. ജീവിതം ആസ്വദിക്കുന്നു.

വട്ടവടയിലേക്ക്… കാന്തല്ലൂരില്‍ നിന്നും ഏകദേശം മൂന്നര മണിക്കൂറാണ് വട്ടവടയിലേക്ക്. ഉച്ചക്ക് രണ്ടരയോടെ അവിടെയെത്തി. നിറയെ കൃഷിയിടങ്ങള്‍. ഒറ്റവാക്കില്‍ പറഞ്ഞാല്‍ മണ്ണിനെ പ്രണയിക്കുന്ന മനുഷ്യര്‍. അവര്‍ക്ക് കൃഷിയല്ലാതെ മറ്റൊരു ലോകമില്ല. പുലര്‍ച്ചെ മുതല്‍ അന്തിയാവോളം പ്രകൃതിയോട് പടവെട്ടി മണ്ണില്‍ ജീവിതം നയിക്കുന്നവര്‍. മലകള്‍ക്ക് നടുവില്‍ തട്ടുതട്ടായി ഭൂമി ഒരുക്കി കൃഷി ചെയ്യുന്ന കാഴ്ചകള്‍ നമ്മുടെയെല്ലാം ഹൃദയം കവരുമെന്ന് തീര്‍ച്ച. അത്ര രസമുള്ള കാഴ്ചയാണിവിടെ. ക്യാരറ്റ്, ബീന്‍സ്, ക്യാബേജ്, കോളി ഫ്ളവര്‍, ഉരുളക്കിഴങ്ങ്, വെളുത്തുള്ളി, സ്ട്രോബറി, തക്കാളി തുടങ്ങി നിരവധി പച്ചക്കറികള്‍ ഇവിടെ കൃഷി ചെയ്യുന്നുണ്ട്.