മാസ്ക്ക് പൊറോട്ടയും, കൊറോണ ദോശയും വടയും… ഒരു വെറൈറ്റി മെനു

പണ്ട് ഓപ്പറേഷൻ സമയത്ത് ഡോക്ടർമാരും നഴ്‌സുമാരും മാത്രമായിരുന്നു മാസ്ക്ക് ധരിച്ചു കൂടുതലായി നമ്മൾ കണ്ടിട്ടുള്ളത്. എന്നാൽ 2020 പിറന്നതോടെ കൊറോണ ലോകം മുഴുവനും വ്യാപിക്കുകയും രോഗവ്യാപനം കുറയ്ക്കാനും, സുരക്ഷിതമാകുവാനും വേണ്ടി മാസ്‌ക്കുകൾ എല്ലാവരും ഉപയോഗിക്കുവാനും തുടങ്ങി. ഇപ്പോൾ മാസ്ക്ക് നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഒരു ഭാഗമായി മാറിയിരിക്കുകയാണ്.

ഇന്ന് പല തരത്തിലുള്ള മാസ്‌ക്കുകൾ വിപണിയിലുണ്ട്. സംരഭകരെല്ലാം സാഹചര്യത്തിനനുസരിച്ച് പ്രൊഡക്ടുകൾ പുറത്തിറക്കാനും തുടങ്ങി. അതിൽ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ് മാസ്ക്ക് പൊറോട്ട. തമിഴ്‌നാട്ടിലെ മധുരയിലുള്ള ടെമ്പിൾ സിറ്റി ഹോട്ടലാണ് മാസ്ക്കിൻ്റെ രൂപത്തിൽ പൊറോട്ടയുണ്ടാക്കി ശ്രദ്ധേയമായിരിക്കുന്നത്. ഇതിനെക്കുറിച്ച് ഹോട്ടൽ മാനേജരായ പൂവലിംഗം പറയുന്നത് ഇപ്രകാരമാണ് – “മധുരയിലെ ആളുകളിൽ ഭൂരിഭാഗവും കോവിഡിനെക്കുറിച്ചും മാസ്ക്ക് ധരിക്കേണ്ടതിനെക്കുറിച്ചും വേണ്ട വിധത്തിൽ ബോധവാന്മാരല്ല. അതിനാൽ എല്ലാവർക്കും ഒരു ബോധവൽക്കരണം കൂടി ആയിക്കോട്ടെ എന്ന നിലയ്ക്കാണ് ഞങ്ങളുടെ ഹോട്ടലിൽ വിൽക്കുന്ന പൊറോട്ട മാസ്ക്കിൻ്റെ രൂപത്തിലാക്കിയത്.”

സംഭവം ആളുകൾക്കിടയിൽ ചർച്ചാവിഷയമായതോടെ, മാസ്ക് പൊറോട്ടയും തേടി ഹോട്ടലിലേക്ക് ആളുകൾ വരാൻ തുടങ്ങി. വരുന്നവരോടെല്ലാം മാസ്ക്ക് ധരിക്കേണ്ടതിന്റെയും, കോവിഡിനെ പ്രതിരോധിക്കേണ്ടതിന്റെയുമൊക്കെ ആവശ്യകത കൂടി പറഞ്ഞു ബോധവൽക്കരണം നടത്തുകയും ചെയ്യുന്നുണ്ട് ഹോട്ടൽ ജീവനക്കാർ. 50 രൂപയാണ് ഒരു മാസ്ക്ക് പൊറോട്ടയുടെ വില.

മാസ്ക്ക് പൊറോട്ട സോഷ്യൽ മീഡിയയിൽ ഹിറ്റായതോടെ ഹോട്ടലിലെ കച്ചവടം കൂടുകയും, ധാരാളം അഭിനന്ദനങ്ങൾ ലഭിക്കുകയും ചെയ്യുന്നുണ്ട്. പൊറോട്ടയ്ക്ക് വില കുറച്ചു 20 – 30 രൂപയാക്കുക, മാസ്ക്ക് പൊറോട്ടയ്‌ക്കൊപ്പം ഒറിജിനൽ മാസ്ക്ക് കൂടി കൊടുക്കുക തുടങ്ങി പലതരത്തിലുള്ള Suggestions ഉം ആളുകൾ ഹോട്ടലുകാർക്ക് നൽകുന്നുണ്ട്.

മധുരയിലെ പ്രധാനപ്പെട്ട ബസ് സ്റ്റേഷനായ മാട്ടുത്താവണി ബസ് സ്റ്റാൻഡിൽ നിന്നും 1.2 കിലോമീറ്റർ ദൂരത്തായാണ് ടെമ്പിൾ സിറ്റി ഹോട്ടൽ സ്ഥിതി ചെയ്യുന്നത്. മാസ്ക്ക് പൊറോട്ടയെക്കൂടാതെ കൊറോണ വൈറസിൻ്റെ രൂപത്തിൽ തയ്യാറാക്കിയ കൊറോണ ദോശ, കൊറോണ ഉഴുന്നു വട എന്നിവയും ഈ കോവിഡ് കാലത്ത് ടെമ്പിൾ സിറ്റി ഹോട്ടലിൻ്റെ മെനുവിൽ ഇടം പിടിച്ചിട്ടുണ്ട്. ഹോട്ടലിലേക്ക് ആളുകൾ കൂടുതലായി വരുന്നതിൻ്റെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കി ഭൂരിഭാഗം ഓർഡറുകളും ഡെലിവറിയുമെല്ലാം ഓൺലൈനായാണ് നടത്തപ്പെടുന്നത്.