ഏഷ്യയിലെ തന്നെ ഏറ്റവും വൃത്തിയുള്ള ഗ്രാമത്തിലെ വിശേഷങ്ങളും കാഴ്ചകളും…

ദൗകി നദിയിലെ കാഴ്ചകളും ബംഗ്ലാദേശ് ബോർഡറിലെ കൗതുകവുമെല്ലാം ആസ്വദിച്ച ശേഷം പിറ്റേന്ന് ഞങ്ങൾ യാത്രയായത് ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള വില്ലേജ് എന്ന് അറിയപ്പെടുന്ന ‘മൗളിങ്‌ലോംഗ്’ (Mawlinglong) എന്ന സ്ഥലം കാണുവാനായിരുന്നു. പോകുന്ന വഴിയിൽ ഒരു പഴയ പാലം ഞങ്ങൾ കണ്ടു. അവിടെ വഴിയോരത്ത് ഞങ്ങൾ വണ്ടി നിർത്തിക്കൊണ്ട് പാലത്തിനു താഴെയുള്ള നദിക്കരയിലേക്ക് നടന്നു. പാറക്കെട്ടുകൾക്കിടയിലൂടെ ഒഴുകുന്ന ഒരു നദിയായിരുന്നു അത്.

ഞങ്ങൾ അവിടെ ചെന്നപ്പോൾ തദ്ദേശ വാസികളായ ചില ചെറുപ്പക്കാർ അവിടെ ചാടിക്കുളിച്ചു തിമിർക്കുന്നുണ്ടായിരുന്നു. വെള്ളമാണെങ്കിൽ നല്ല വേഗതയിലായിരുന്നു ഒഴുകിക്കൊണ്ടിരുന്നത്. ഞങ്ങൾ വീഡിയോ പകർത്തുന്നത് കണ്ടപ്പോൾ കുളിക്കുന്ന ചെറുപ്പക്കാരിൽ ഒരാൾ ഞങ്ങളെ കാണിക്കുന്നതിനായി പാറയുടെ മുകളിൽ നിന്നും താഴെ വെള്ളത്തിലേക്ക് ചാടുകയുണ്ടായി. ശരിക്കും ഞങ്ങൾക്ക് അത് പേടിപ്പെടുത്തുന്ന ഒരു കാഴ്ചയായിരുന്നു. പക്ഷെ അവർ സ്ഥിരമായി കുളിച്ചും കളിച്ചും നടക്കുന്ന സ്ഥലമായതിനാൽ അപകടങ്ങളൊന്നും കൂടാതെ ചാടുവാൻ അവർക്ക് നല്ല പരിചയമുണ്ടായിരിക്കും. കുറച്ചു സമയം അവിടെ ചെലവഴിച്ച ശേഷം ഞങ്ങൾ ‘മൗളിങ്‌ലോംഗ്’ ലക്ഷ്യമാക്കി നീങ്ങി.

അങ്ങനെ ഞങ്ങൾ ആ ഗ്രാമത്തിലേക്ക് പ്രവേശിച്ചു. അവിടെ പ്രവേശിക്കുവാനായി ഒരാൾക്ക് പത്തു രൂപ നിരക്കിൽ ടിക്കറ്റ് എടുക്കണമായിരുന്നു. ഞങ്ങൾ ടിക്കറ്റുകൾ എടുത്തു വണ്ടി അവിടെ ഒരിടത്ത് പാർക്ക് ചെയ്തശേഷം കാഴ്ചകൾ കാണുവാനായി നടന്നു യാത്രയായി. ഏകദേശം അഞ്ഞൂറോളം ആളുകൾ വസിക്കുന്ന ഒരു ഗ്രാമമാണ് മൗളിങ്‌ലോംഗ്. ഗ്രാമവാസികളൊക്കെ നല്ല വിദ്യാഭ്യാസവും വിവരവുമൊക്കെയുള്ളവരാണ്. എടുത്തു പറയേണ്ട ഒരു സവിശേഷത എന്തെന്നാൽ ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള വില്ലേജ് എന്ന പേര് ഈ ഗ്രാമത്തിനാണ് എന്നതാണ്.

ഗ്രാമത്തിലെ വീടുകളിൽ ഭൂരിഭാഗവും പഴമ നിലനിർത്തിക്കൊണ്ട് മുളയും, തടികളും, ഒരു പ്രത്യേകതരം പുല്ലും ഉപയോഗിച്ച് നിർമ്മിച്ചിട്ടുള്ളവയാണ്. ഗ്രാമത്തിൽ പലയിടങ്ങളിലും പൊതുവായ കുളങ്ങൾ കാണാമായിരുന്നു. ചിലതൊക്കെ ആളുകൾക്ക് കുളിക്കുവാനും മറ്റു ചിലത് മീൻ വളർത്തുവാനുമൊക്കെ ഉപയോഗിക്കുന്നതായിരുന്നു. ഗ്രാമത്തിൽ അങ്ങിങ്ങായി ട്രീ ഹൗസുകളൊക്കെ ഞങ്ങൾ കണ്ടു. പ്രൈവറ്റ് പ്രോപ്പർട്ടി ആയതിനാൽ അവയിൽ ചിലതിലൊക്കെ 20 രൂപ കൊടുത്താൽ സന്ദർശകർക്ക് കയറുവാൻ സാധിക്കും.

അങ്ങനെ ഞങ്ങളും പൈസ കൊടുത്ത് ഒരു ട്രീ ഹൗസിൽ കയറി. മുളകൾ കൊണ്ട് വളരെ ബലത്തിൽ കെട്ടിയുണ്ടാക്കിയിരുന്നതിനാൽ നമ്മൾ കയറുമ്പോഴൊക്കെ അത് ഒന്നനങ്ങുക പോലുമുണ്ടായിരുന്നില്ല. ട്രീ ഹൗസിനു മുകളിലെ വ്യൂ പോയിന്റിൽ നിന്നാൽ കുറച്ചകലെയായി മനോഹരമായ പാടങ്ങൾ കാണാമായിരുന്നു. വിവേക് പറഞ്ഞപ്പോഴാണ് അത് ബംഗ്ളാദേശ് ആണെന്നു ഞങ്ങൾക്ക് മനസ്സിലായത്. ഇന്ത്യ – ബംഗ്ളാദേശ് അതിർത്തിയിലാണ് ‘മൗളിങ്‌ലോംഗ്’ എന്നയീ മനോഹര ഗ്രാമം എന്ന സത്യം അപ്പോഴാണ് ഞങ്ങൾ ഓർത്തത്.

ഗ്രാമീണരെല്ലാം ഘാസി വിഭാഗത്തിൽപ്പെട്ടവർ ആയിരുന്നുവെങ്കിലും ഭൂരിഭാഗവും ക്രിസ്തുമത വിശ്വാസികളായിരുന്നു. അതുകൊണ്ടായിരിക്കണം ഗ്രാമത്തിൽ ആരാധനയ്ക്കായി മൂന്നു പള്ളികൾ ഉള്ളത്. ടൂറിസ്റ്റുകൾ ധാരാളമായി വരുന്ന സ്ഥലമായതിനാൽ ഗ്രാമവാസികളൊക്കെ കരകൗശല സാധനങ്ങളും മറ്റുമൊക്കെ വിൽക്കുവാൻ ഇരിക്കുന്നുണ്ടായിരുന്നു. വീടുകളുടെ മുന്നിലോക്കെ ചെറിയ ചെറിയ കടകളൊക്കെ അവർ ഇട്ടിരിക്കുന്നത് കാണാം. ഇവിടെ സന്ദർശകർക്ക് താമസിക്കുന്നതിനായി ഹോം സ്റ്റേകളും ലഭ്യമാണ്. നമ്മുടെ നാട്ടിലെപ്പോലത്തെ ഒരു സാധാരണ ഗ്രാമം, ടൂറിസ്റ്റുകൾ വരുന്നതിനാൽ അവർ ടൂറിസത്തെ ഒരു വരുമാനമാർഗ്ഗവും ആക്കുന്നു. പ്രധാനമായും ഗ്രാമീണരുടെ ജീവിതമാർഗ്ഗം കൃഷിയാണ് എന്നാണ് അറിയുവാൻ കഴിഞ്ഞത്.

മഞ്ഞുകാലത്തും മഴക്കാലത്തുമാണ് ഈ ഗ്രാമം സന്ദർശിക്കുവാൻ ഏറ്റവും ഉചിതമായ സമയം. അധിക പ്രതീക്ഷകളോടെയൊന്നും ഈ ഗ്രാമത്തിലേക്ക് വരേണ്ടതില്ല. എന്നാൽ കാണുവാൻ കാഴ്ചകൾ ഉണ്ടോയെന്നു ചോദിച്ചാൽ ഉണ്ട് താനും. മുന്നേ പ്ലാൻ ചെയ്തു വന്നിരുന്നെങ്കിൽ ഞങ്ങൾ അവിടെ ഒരു ദിവസം താമസിക്കുവാനുള്ള മാർഗ്ഗം നോക്കിയേനെ. അതെന്തായാലും പിന്നീടാകാം എന്നു വിചാരിച്ചു ഞങ്ങൾ നടന്നു നീങ്ങി.

അങ്ങനെ കാഴ്ചകൾ കണ്ടു നടക്കുന്നതിനിടയിൽ ഞങ്ങൾ അവിടെ ഒരു ചെറിയ ചായക്കട കണ്ടു. അവിടെക്കയറി ഞങ്ങളെല്ലാവരും ചായ കുടിച്ചു ക്ഷീണമകറ്റി. പിന്നീട് ഞങ്ങൾ പോയത് മരത്തിന്റെ വേരുകൾ കൊണ്ട് നിർമ്മിച്ചിട്ടുള്ള പ്രശസ്തമായ ‘ലിവിംഗ് റൂട്ട് ബ്രിഡ്‌ജ്‌’ എന്ന പാലം കാണുവാനായിരുന്നു. മൗളിങ്‌ലോംഗ് ഗ്രാമത്തിൽ നിന്നും ഏതാണ്ട് ഒരു കിലോമീറ്ററോളം മാറിയാണ് ഈ പാലം സ്ഥിതി ചെയ്യുന്നത്. ഇത്തരം പാലങ്ങൾ മേഘാലയയിലും നാഗാലാന്റിലും ഒക്കെ ചിലയിടങ്ങളിൽ കാണാം. അങ്ങനെ ഞങ്ങൾ താഴേക്കുള്ള ഇറക്കത്തിലൂടെ നടന്നു തുടങ്ങി.

ഏതാണ്ട് 15 മിനിറ്റോളം നടന്നു ഞങ്ങൾ പാലത്തിനടുത്തെത്തി. അവിടേക്ക് പ്രവേശിക്കുന്നതിനായി ഒരാൾക്ക് 40 രൂപ വെച്ച് കൊടുക്കേണ്ടതായുണ്ട്. അങ്ങനെ ഞങ്ങൾ പാലത്തിനടുത്തേക്ക് നടന്നു. പാലത്തിനു മുകളിലൂടെയുള്ള നടത്തം വളരെ കൗതുകകരമായിരുന്നു. പക്ഷേ പാലത്തിനു മുകളിൽ സന്ദർശകരെ നിൽക്കുവാൻ അനുവദിക്കില്ല. ഏതാണ്ട് 500 ഓളം വർഷങ്ങൾ പഴക്കമുള്ള മനുഷ്യനിർമ്മിതമായ ഒരു പാലമായിരുന്നു അത്. പാലത്തിനു താഴെക്കൂടി ഒഴുകുന്ന ചെറിയ അരുവിയിയുടെ കരയിൽ സന്ദർശകർക്ക് പോകാവുന്നതാണ്. അവിടെ നിന്നാൽ ഈ പാലത്തിന്റെ മനോഹരമായ ദൃശ്യം നമുക്ക് കാണുവാൻ സാധിക്കും.

‘ലിവിംഗ് റൂട്ട് ബ്രിഡ്‌ജ്‌’ കണ്ടതിനു ശേഷം ഞങ്ങൾ തിരികെ പോകുവാനുള്ള തയ്യാറെടുപ്പു തുടങ്ങി. അങ്ങനെ മേഘാലയയിലെ മറ്റൊരു വ്യത്യസ്തമായ സ്ഥലം കൂടി കാണുവാൻ സാധിച്ച സന്തോഷത്താൽ മതിമറന്നുകൊണ്ട് ഞങ്ങൾ കാറിൽക്കയറി അവിടെ നിന്നും യാത്രയായി.

ഞങ്ങൾ താമസിച്ചിരുന്ന RI Kanaan Guest House ലെ താമസക്കാർക്ക് ഈ ഗ്രാമങ്ങളിലൊക്കെ അവരുടെ സഹായത്തോടെ സന്ദർശിക്കുവാൻ സാധിക്കും. To contact, RI Kanaan Guest House: ,9562348253, 9774365447.

Our Sponsors: 1) Dream Catcher Resort, Munnar: 9745637111. 2) SR Jungle Resort, Anaikatty: 9659850555, 8973950555. (Follow to get discounts: https://www.instagram.com/sr_jungle_resort_coimbatore/). 3) Goosebery Mens Apparel: http://goosebery.co.in(TECHTRAVELEAT എന്ന കൂപ്പൺ കോഡ് ഉപയോഗിച്ചാൽ 25% ഡിസ്‌കൗണ്ട് ലഭിക്കും). 4) Rotary Club Kochi United. 5) DBS Automotive: 97452 22566. 6) Kairali Ford: 81380 14455. Special Thanks to 1) Le Meridien, Kochi. 2) Redband Racing, Thrissur. 3) Nexus Communication, Penta Menaka, Kochi.