ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന മോസിൻറാമും, ബംഗ്ലാദേശ് ബോർഡറിലെ റിവർ ബീച്ചും

കഴിഞ്ഞ നാലഞ്ചു ദിവസങ്ങളായി ഞങ്ങൾ മേഘലയയിലെ ഷില്ലോംഗിനു അടുത്തുള്ള RI Kanaan Guest House ലാണ് താമസം. To contact, RI Kanaan Guest House: ,9562348253, 97743 65447. ഗസ്റ്റ് ഹൗസ് ഉടമയും മലയാളിയുമായ വിവേക്, സുഹൃത്ത് പങ്കജ് എന്നിവർ ചേർന്ന് ഞങ്ങളെ അവിടത്തെ കിടിലൻ കാഴ്ചകളെല്ലാം കൊണ്ടുപോയി കാണിച്ചു. അങ്ങനെ ഇന്നത്തെ ഞങ്ങളുടെ യാത്ര ‘മോസിൻറാം’ എന്ന സ്ഥലത്തേക്ക് ആയിരുന്നു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന സ്ഥലം എന്നതായിരുന്നു മോസിൻറാമിൻ്റെ പ്രത്യേകത.

യാത്ര പുറപ്പെടാൻ ഒരുങ്ങിയപ്പോൾത്തന്നെ നല്ല മഴയായിരുന്നു ഞങ്ങളെ സ്വാഗതം ചെയ്തത്. അങ്ങനെ ഞങ്ങൾ യാത്ര തുടങ്ങി. പങ്കജ് ഷില്ലോംഗിൽ വെച്ച് ഞങ്ങളുമായി ചേരുകയുണ്ടായി. ഷില്ലോംഗിൽ നിന്നും 120 കിലോമീറ്ററോളം ദൂരമുണ്ട് ഇനി ഞങ്ങൾക്ക് താണ്ടുവാൻ. പോകുന്ന വഴിയൊക്കെ അത്ര നല്ലതായിരുന്നില്ല. നല്ല മഴയും കോടമഞ്ഞും അതോടൊപ്പം വീതികുറഞ്ഞ സുഖകരമല്ലാത്ത റോഡും കൂടിയായപ്പോൾ പറയുകയേ വേണ്ട. എമിലായിരുന്നു ഞങ്ങളുടെ വണ്ടിയോടിച്ചിരുന്നത്. മഴയെ പ്രതിരോധിക്കാൻ റെയിൽകോട്ട് ഒക്കെ ധരിച്ചു കൊണ്ടായിരുന്നു എമിൽ കാറിനുള്ളിലും ഇരുന്നിരുന്നത്.

മൗസിൻറാമിനു അടുത്തുള്ള ‘റാണികോർ’ എന്ന സ്ഥലത്തേക്ക് ആയിരുന്നു ഞങ്ങൾ ആദ്യം പോയത്. പോകുന്ന വഴി ചിലയിടങ്ങളിൽ നമ്മുടെ കർണാടകയിലെ അഗുംബെ പോലെ തോന്നിപ്പിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ മഴയ്ക്ക് ചെറിയൊരു ശമനമുണ്ടായി. കാഴ്ചകളൊക്കെ കണ്ടുകൊണ്ട് ഞങ്ങൾ യാത്ര തുടർന്നു. ഇടയ്ക്ക് ചിലയിടങ്ങളിൽ ഞങ്ങൾ വണ്ടി നിർത്തി ഫോട്ടോസ് ഒക്കെ എടുത്തിരുന്നു. ശരിക്കും പ്രകൃതിയെ ഇഷ്ടപ്പെടുന്നവർക്ക് വരാൻ പറ്റിയ ഒരു സ്ഥലം തന്നെയാണിത്. വഴിയിലാണെങ്കിൽ ഒട്ടും തിരക്കുമില്ലായിരുന്നു. റോഡൊക്കെ വിജനമായിത്തന്നെ കിടക്കുകയായിരുന്നു. എപ്പോഴും മഴപെയ്തു നനഞ്ഞു കിടക്കുന്ന സ്ഥലമായതിനാൽ അട്ടശല്യം ധാരാളമായി അവിടെയുണ്ടായിരുന്നു.

അങ്ങനെ വളരെ നേരത്തെ യാത്രയ്ക്കു ശേഷം ഞങ്ങൾ മലമ്പാതയുടെ മുകൾപ്പരപ്പിൽ എത്തിച്ചേർന്നു. അവിടെ നിന്നാൽ അങ്ങകലെയായി ബംഗ്ളാദേശ് കാണാമായിരുന്നു. ഇന്ത്യയുടെ ഭാഗങ്ങളെല്ലാം കുന്നും മലയും നിറഞ്ഞതും, ബംഗ്ലാദേശ് ഭാഗങ്ങളെല്ലാം സമതല പ്രദേശങ്ങളും ആയിരുന്നു. മുകളിൽ നിന്നും തന്നെ താഴെ ഞങ്ങൾക്ക് പോകേണ്ടിയിരുന്ന റാണികോർ റിവർ ബീച്ച് (നദിക്കരയിലെ ബീച്ച്) കാണുന്നുണ്ടായിരുന്നു. അങ്ങനെ ഞങ്ങൾ കയറിയ ആ മല ഇറങ്ങി അവിടേക്ക് പോകുവാൻ തുടങ്ങി.

ഇറങ്ങിപ്പോകുന്ന വഴിയിൽ ഞങ്ങൾ, ജനവാസമുള്ള സ്ഥലത്തായി ഒരു ചെറിയ ചായക്കട കണ്ടു. അത്രയുംനേരം അടക്കിപ്പിടിച്ചിരുന്ന വിശപ്പിനെ ഞങ്ങൾ അവിടെവെച്ച് കെട്ടഴിച്ചു വിട്ടു. ചപ്പാത്തിയും, കിഴങ്ങു കറിയും, മീൻ വറുത്തതും, മുട്ട പുഴുങ്ങിയതും ഒക്കെയായിരുന്നു ഞങ്ങൾക്ക് ആ ചായക്കടയിൽ നിന്നും കിട്ടിയത്. എല്ലാം ശോകമായിരുന്നുവെങ്കിലും വേറെ മാർഗ്ഗമില്ലാതിരുന്നതിനാൽ ഞങ്ങൾ അത് മുഴുവനും ഇരുന്നു കഴിച്ചു. ഭക്ഷണം കഴിച്ചു കഴിഞ്ഞു ഞങ്ങൾ വീണ്ടും യാത്ര തുടർന്നു.

മലയിറങ്ങിക്കഴിഞ്ഞപ്പോൾ ഞങ്ങൾ ഇന്ത്യ – ബംഗ്ലാദേശ് ബോർഡറിനരികിലൂടെയായി യാത്ര. ഒരു കമ്പിവേലി കെട്ടി ഇരു രാജ്യങ്ങളുടെയും അതിർത്തി തിരിച്ചിരിക്കുകയാണ് അവിടെ. അങ്ങനെ ഞങ്ങൾ റാണികോർ തീരത്തെത്തി. വളരെ മനോഹരമായ, ശാന്തമായ ഒരു മണൽപ്പരപ്പ്.. അതായിരുന്നു റാണികോർ റിവർ ബീച്ച്. അവിടെ ഞങ്ങളല്ലാതെ മറ്റാരും ഉണ്ടായിരുന്നില്ല. എങ്ങും നിശബ്ദത… ഹോ.. ജീവിതത്തിൽ ഇനി ഇതുപോലത്തെ സന്ദർഭങ്ങൾ കിട്ടുമോ എന്നു സംശയിക്കേണ്ടിയിരുന്നു.

എന്തായാലും ഇത്രയൂം ദൂരം പ്രതികൂലമായ പല സാഹചര്യങ്ങളെയും തരണം ചെയ്തുകൊണ്ട് ഞങ്ങൾ ഇവിടെ എത്തിയത് ഒരിക്കലും നഷ്ടമായി തോന്നിയില്ല അവിടെയെത്തി ആ പരിസരമൊക്കെ കണ്ടപ്പോൾ. അങ്ങനെ ഞങ്ങൾ കുറേനേരം അവിടെ ചെലവഴിച്ചിട്ട് വന്ന വഴിയേ തിരികെ യാത്രയാരംഭിച്ചു.

Our Sponsors: 1) Dream Catcher Resort, Munnar: 9745637111. 2) SR Jungle Resort, Anaikatty: 9659850555, 8973950555. (Follow to get discounts: https://www.instagram.com/sr_jungle_resort_coimbatore/). 3) Goosebery Mens Apparel: http://goosebery.co.in(TECHTRAVELEAT എന്ന കൂപ്പൺ കോഡ് ഉപയോഗിച്ചാൽ 25% ഡിസ്‌കൗണ്ട് ലഭിക്കും). 4) Rotary Club Kochi United. 5) DBS Automotive: 97452 22566. 6) Kairali Ford: 81380 14455. Special Thanks to 1) Le Meridien, Kochi. 2) Redband Racing, Thrissur. 3) Nexus Communication, Penta Menaka, Kochi.