വനിതാ സഞ്ചാരികൾക്ക് ‘പിരീയഡ്സ് ദിവസങ്ങൾ’ ബുദ്ധിമുട്ടില്ലാത്തതാകുവാൻ…

എല്ലാ സഹോദരിമാർക്കും ഉപകാരപ്രദമായ ഈ ലേഖനം എഴുതിയത്  – ഗീതു മോഹൻദാസ്.

സഞ്ചാരി പെണ്ണുങ്ങളെ ഇതിലേ ഇതിലേ..പെൺ യാത്രകൾ ഇന്നിപ്പോൾ പുതിയ ഒരു കാര്യം ഒന്നും അല്ല. ഒറ്റക്കും കൂട്ടമായും പെൺപിള്ളേർ ഇപ്പൊ ബൈക്കിലും ബസിലും ട്രെയിനിലും ഫ്ലൈറ്റിലും ഒക്കെ പുതിയ ലോകങ്ങൾ കാണാനായി യാത്ര ചെയുന്നുണ്ട്. പക്ഷെ കുറച്ചു കാലം മുൻപ് വരെ ആണുങ്ങളും പെണ്ണുങ്ങളും രഹസ്യമായി പറഞ്ഞതും, ഇപ്പൊ കുറച്ചു നാളായി നമ്മൾ എല്ലാം പരസ്യമായി പറയാൻ തയ്യാറായ ഒരുകാര്യം ആണ് സ്ത്രീകളുടെ ശരീരത്തിൽ സ്വാഭാവികമായി നടക്കുന്ന ആർത്തവം എന്ന അവസ്ഥ. ആർത്തവം എന്ന് കേട്ടപ്പോൾ തന്നെ ചേട്ടന്മാർ പോസ്റ്റ് വായന നിർത്തി പോകരുത് പ്ലീസ് – പറഞ്ഞുവരുന്നത് യാത്രകൾ/സ്കൂൾ/കോളേജ് അങ്ങനെ എല്ലായിടത്തും ആർത്തവുമായി ബന്ധപ്പെട്ട ഇറിറ്റേഷൻസ്‌നു പരിഹാരമാണ് ഇനി പറയാൻ പോകുന്നത്.

സത്യത്തിൽ വലിയ ട്രാവലേഴ്‌സ്/റൈഡേഴ്‌സ് പോലും ഈ കാര്യത്തിൽ അഡ്വാൻസ്‌ഡ്‌ ആയിട്ടില്ല എന്നാണ് ചില ചർച്ചകളിൽ/വായകളിൽ നിന്നും അറിയാൻ കഴിഞ്ഞത്. പെൺയാത്രകൾ ഇപ്പോൾ ആഴ്ചകളോ, മാസങ്ങളോ ചിലപ്പോൾ വർഷങ്ങളോ നീളുന്നതായിരിക്കും, അവിടെ ഒക്കെ യാത്രയുടെ സുഖം ഒന്ന് കുറച്ചു കൊണ്ട് ഓടി എത്തുന്ന വില്ലൻ തന്നെ ആണ് ആർത്തവം.

യാത്ര ചെയുമ്പോൾ ആർത്തവസമയത്തെ ഇറിറ്റേഷൻസ്, അതിൽ ഏറ്റവും പ്രധാനം ആയതു പാഡ് മാറ്റുന്നത്, പിന്നെ ഡിസ്പോസ് ചെയുന്നത്, വസ്ത്രത്തിലേക്കൊക്കെ പറ്റിക്കാണുമോ എന്നുള്ള സംശയങ്ങൾ (ഐ മീൻ ലീക്), എപ്പോളും തോന്നുന്ന ഒരു നനവ്, ട്രെക്കിങ്ങ് ടൈമിൽ തുടകൾ ഉരഞ്ഞു പൊട്ടുന്നത് ഇതൊക്കെ യാത്രകളുടെ സുഖം കളയുന്ന ഒന്നാണെന്ന് എല്ലാ സ്ത്രീകൾക്കും അറിയാം. അതുകൊണ്ടു യാത്രകൾ തിരഞ്ഞെടുക്കുമ്പോൾ സ്ത്രീകളിൽ ബഹുഭൂരിപക്ഷവും ഈ ദിവസങ്ങൾ ഒഴിവാക്കാൻ മാക്സിമം ശ്രമിക്കാറുണ്ട്.

പക്ഷെ ഇതൊനൊക്കെ ഒരു പരിഹാരം ആയി 1937 ൽ തന്നെ അമേരിക്കൻ വിപണിയിലേക്കെത്തിയ “മെൻസ്ട്രൽ കപ്പ് ” നെ കുറിച്ച് ഈ നമ്മുടെ നാട്ടിലെ എത്ര സ്ത്രീകൾക്കറിയാം ? എത്ര പുരുഷന്മാർക്കറിയാം ? മുകളിൽ പറഞ്ഞ യാതൊരു ഇറിറ്റേഷൻസ് ഇല്ലാതെ ഈ ദിവസങ്ങൾ സാധാരണ ഒരു ദിവസം പോലെ കടന്നു പോകും, ഇതു പറയുന്നത് എന്റെ സ്വന്തം അനുഭവങ്ങളിൽ നിന്നാണ്. എന്തൊക്കെ ആണ് മെൻസ്ട്രൽ കപ്പ് ഉണ്ടാകുന്ന മാജിക് ? – പുനരുപയോഗം( റീയൂസബിലിറ്റി ), കംഫേർട്നെസ്സ്, 0 % വേസ്റ്റ് – പ്രകൃതിക്കു ഇണങ്ങിയത്, പണലാഭം.

സാധാരണ ഓരോ യാത്രയിലും കൂടെ വരുന്ന പെൺകുട്ടികളോട് മെൻസ്ട്രൽ കപ്പ്നെ കുറിച്ച് സംസാരിക്കാറുണ്ട്. അവര് ചോദിക്കുന്ന സംശയങ്ങളിൽ ചിലത്..

1. ഓരോ തവണ ഉപയോഗിക്കുമ്പോളും ഇതു കളഞ്ഞു പുതിയതു വാങ്ങേണ്ടേ ? – വേണ്ട !! പുനരുപയോഗിക്കാൻ പറ്റുന്ന ഒന്നാണ് ഇതു. അപ്പോൾ ഉപയോഗശേഷം കളക്ട ചെയ്ത ബ്ലഡ് ബാത്‌റൂമിൽ ഫ്ലെഷ് ചെയ്ത ശേഷം, വെള്ളം ഉപയോഗിച്ച് നന്നായി കഴുകി വീണ്ടും ഉപയോഗിക്കാം.

2. കാണുമ്പോൾ തന്നെ പേടി ആകുന്നു, ഇതു എങ്ങനെ/ എവിടെ കയറും ? ഉള്ളിലേക്ക് കയറിപോയാൽ പിന്നെ ഇറങ്ങി വരാതെ ഇരിക്കുമോ/ അവസാനം ഡോക്ടറുടെ അടുത്ത് പോകേണ്ടി വരില്ലേ? – ഇതിനുള്ള മറുപടി, സ്ത്രീ ശരീരത്തെ കുറിച്ച് നമുക്കുള്ള അറിവിന്റെ പരിമിതി ആണ്. നമ്മുടെ ശരീരം എങ്ങനെ ആണ് എന്ന മിനിമം അറിവ് നമുക്കുണ്ടാകണം. പഴയ സ്കൂൾ biology ടെക്സ്റ്റ് ബുക്ക്/ ഇന്റർനെറ്റ് ലൂടെ നമ്മുടെ ശരീരം എങ്ങനെ എന്ന് മനസിലാക്കണം അങ്ങനെ ആയാൽ മനസിലാകും മെൻസ്ട്രൽ കപ്പിനു ഒരിക്കലും തിരിച്ചു വരാത്ത വിധം ഉള്ളിലേക്ക് കയറിപോകാൻ കഴിയില്ല എന്ന്.

3. പണം ലാഭം ആണ് എന്ന് പറഞ്ഞത് എങ്ങനെ ആണ് ? – അത് വളരെ സിമ്പിൾ ആണ്. ഒരു മാസം ഒരു സ്ത്രീ 50 രൂപയുടെ 2 പാക്കറ്റ് പാഡ് വാങ്ങുന്നു എന്ന് കരുതുക. അപ്പൊ മാസം 100 രൂപ ഒരു വര്ഷം 100 *12 =1200 രൂപ. 5 വർഷത്തെ കണക്കെടുത്തു നോക്കു 5 *1200 = 6000 രൂപ. പാഡിന്റെ ബ്രാൻഡും വലിപ്പവും മാറുന്നതനുസരിച്ചു ഈ തുക 6000 ൽ നിന്നും 10000 -12000 വരെ പോകാം. ഇനി മെൻസ്ട്രൽ കപ്പ് ന്റെ കാര്യം എടുക്കാം, ഇന്ന് 450 രൂപ മുതൽ 1200 വരെ ഉള്ള മെൻസ്ട്രൽ കപ്പുകൾ, പല വലിപ്പത്തിൽ (സ്മാൾ /മീഡിയം/ലാർജ്‌ ) മാർക്കറ്റിൽ ലഭ്യം ആണ്. മിനിമം 5 -10 വര്ഷം ഈ ഒരെണ്ണം തന്നെ ഉപയോഗിക്കാം.

4. അപ്പൊ ഇതെങ്ങനെ പ്രകൃതിക്കിണങ്ങുന്നതാകും ? – വേസ്റ്റ് ഉണ്ടാകുന്നില്ലലോ.. അതെ !! ഓരോ സ്ത്രീയും ഒരു മാസം മിനിമം 10 പാഡുകൾ ഉപയോഗിക്കുന്നു എന്ന് കരുതുക, അങ്ങനെ എങ്കിൽ ഒരു വര്ഷം 1200 പാഡുകൾ ഒരു സ്ത്രീയിൽ നിന്നും, അങ്ങനെ എത്രയോ കോടി സ്ത്രീകൾ ഓരോ മാസവും പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉണ്ടാകുന്നു.

ഇതു പ്രോപ്പർ ആയി ഡിസ്പോസ് ചെയ്യാൻ മാര്ഗങ്ങള് നമ്മുടെ നാട്ടിൽ സുലഭമാണ് എന്ന് തോന്നുന്നുണ്ടോ? അതിനെ കുറിച്ചുള്ള അറിവ് കൃത്യമായി ഓരോ സ്ത്രീകൾക്കും ഉണ്ട് എന്ന് തോന്നുന്നുണ്ടോ ? ബഹുഭൂരിപക്ഷം സ്ത്രീകളും ചെയ്യുനത്. a, പേപ്പറിൽ പൊതിഞ്ഞു വേസ്റ്റ് ബിന്നിൽ നിക്ഷേപിക്കും, മറ്റു മാലിന്യങ്ങളുടെ കൂടെ- ഇത്തരം വേസ്റ്റ് സെപ്പറേറ്റ് ചെയുന്നത് കണ്ടുനിൽക്കാൻ പോലും കഴിയില്ല. b, ക്ലോസെറ്റിൽ നിക്ഷേപിക്കാൻ- വൈകാതെ ഫ്ളാറ്റുകളിലും, വീടുകളിലും ബ്ലോക്ക് ഉണ്ടാകും. c, പബ്ലിക് ടോയ്‌ലെറ്സ്( ബസ് സ്റ്റാൻഡ്/റെയിൽവേ സ്റ്റേഷൻ )- വേസ്റ്റ് ബിൻ ഇല്ലാതെ സ്ഥലങ്ങളിൽ ആണേൽ, പബ്ലിക് ആയി പ്രദർശിപ്പിച്ചു പോകാനും ചിലർ മടിക്കാറില്ല. d, കത്തിച്ചു കളയൽ – ഇതിനെ കുറിച്ച് കൂടുതൽ പറയേണ്ടതില്ലലോ!!! മുകളിൽ പറഞ്ഞ യാത്രയൊരു പ്രേശ്നങ്ങളും ഇല്ലാത്ത മെൻസ്ട്രൽ കപ്പ് പരിസ്ഥിതി സൗഹൃദം ഉള്ളതല്ലേ എന്ന് തോന്നുന്നില്ലേ ??

5. ഇൻഫെക്ഷൻ വരാൻ സാധ്യത ഇല്ലേ ? – ഇൻഫെക്ഷൻ വരാൻ ഉള്ള ഒരേ ഒരു സാധ്യത നിങ്ങളുടെ കയ്യിൽ നിന്നും ഉപയോഗിക്കുന്ന വെള്ളത്തിൽ നിന്നും മാത്രം ആണ്. ഉപയോഗിക്കുന്നതിനു മുൻപ് കൈകൾ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുക. ഓരോ പീരീഡ് സൈക്കിളിന്റെ മുൻപും ശേഷവും, കപ്പ് സ്റ്റെറിലൈസ് ചെയുക( സ്റ്റെറിലൈസ് എന്നത്‌ കുറച്ചു നേരം തിളച്ച വെള്ളത്തിൽ ഇട്ടു കഴുകി എടുക്കാം) എന്നിട്ടു വൃത്തിയായി സൂക്ഷിക്കുക.

6. എവിടെ നിന്നാണ് വാങ്ങാൻ കിട്ടുക ? – പല മെഡിക്കൽ ഷോപ്പുകളിലും മാളുകളിലും ഇപ്പോളും ഇതിനെ കുറിച്ച് വലിയ അറിവുകൾ ഇല്ല. ഇതൊന്നു പരീക്ഷിക്കാനായി ഞാൻ ബാംഗ്ലൂർ നഗരത്തിലെ കുറെ മെഡിക്കൽ ഷോപ്പുകളിലും 2 മൂന്ന് മാളുകളിലും കയറി ഇറങ്ങി. ഇങ്ങനെ ഒന്നിനെ കുറിച്ച് പലർക്കും അറിയുകപോലും ഇല്ല. ഓൺലൈനായി സാധനം ലഭ്യമാണ്. ആമസോൺ/ ഫ്ളിപ് കാർട്ട് ഇതിലൂടെ വാങ്ങാം.

ഒരു സ്ത്രീക്ക് മെൻസ്ട്രൽ കപ്പ് ഉപയോഗിച്ച് തുടങ്ങാൻ ആകെ വേണ്ടത് ധൈര്യവും ആത്മവിശ്വാസവും മാത്രം ആണ്. ഒരിക്കൽ ഉപയോഗിച്ചാൽ തിരിച്ചു നാപ്കിനുകളുടെ ലോകത്തിലേക്ക് തിരികെ പോകാൻ മടിക്കും. ലോകം മുഴുവൻ സഞ്ചരിക്കാൻ ധൈര്യം കാണിക്കുന്ന ഓരോ സ്ത്രീകളും ഇത് ഒരു ചലനജ് ആയി ഏറ്റെടുക്കണം. മറ്റു സ്ത്രീകളിലേക്കും സ്ത്രീ കൂട്ട്ടായ്മകളിലും മെൻസ്ട്രൽ കപ്പ് നെ കുറിച്ച് സംസാരിക്കാനുള്ള അവസരങ്ങൾ ഉണ്ടാക്കണം.

ഇത്തരം അറിവുകൾ കൂട്ടുകാരിയുമായി, ഭാര്യയുമായി, അനിയത്തിയോടും ചേച്ചിമാരോടും,അമ്മമാരോടും സംസാരിക്കാൻ ആൺകൂട്ടങ്ങളും തയ്യാർ ആയാൽ സാനിറ്ററി നാപ്കിനുകൾ വിപ്ലവം ഉണ്ടാക്കിയ പോലെ, സ്ത്രീകൾക്കിടയിൽ മെൻസ്ട്രൽ കപ്പ് വിപ്ലവം ഉണ്ടാക്കാം. അപ്പൊ പെണ്ണുങ്ങളെ തുടങ്ങുകയല്ലേ ? ഇനി നമുക്ക് ഏതു ദിവസവും കൂൾ ആയി മല കയറാം, പുഴയിൽ നീന്താം, നിര്ത്താതെ വണ്ടി ഓടിക്കാം, ഒരു ടെൻഷനും ഇല്ലാതെ.

ഞങ്ങളുടെ യാത്ര കൂട്ടായ്മയിലെ സുഹൃത് വലയത്തിലെ 500 നു മുകളിൽ സ്ത്രീകൾ ഇപ്പോൾ മെസ്ട്രൽ കപ്പ് ഉപയോഗിക്കുന്നുണ്ട്, മറ്റുള്ളവരിലേക്ക് എത്തിക്കാൻ ശ്രെമിക്കുന്നുണ്ട് എന്ന് അഭിമാനത്തോടെ എനിക്ക് പറയാൻ സാധിക്കും.