മൂന്നു പതിറ്റാണ്ടു മുൻപ് നടന്ന ഒരു പോർവിമാന ദുരന്തവും MH370 ൻ്റെ തിരോധാനവും

എഴുത്ത് – ഋഷി ശിവദാസ്.

2014 മാർച് 8 ലെ MH370 യാത്രാവിമാന തിരോധാനം ഇന്നും ഒരു പ്രഹേളികയായി തുടരുന്നു. ഒരു ബോയിങ് 777 യാത്രാവിമാനവും അതിലെ ഇരുനൂറിലധികം യാത്രക്കാരുമാണ് ഒരു തെളിവും അവശേഷിക്കാതെ അപ്രത്യക്ഷരായത്. തകർന്നു എന്ന് കരുത്തപ്പെടുന്നുവെങ്കിലും തകർന്ന വിമാന ഭാഗങ്ങളോ യാത്രക്കാരുടെ വസ്തുക്കളോ ഒന്നും ഇതുവരെ കണ്ടെത്തിയില്ല. വിമാനത്തിന്റെ ബ്ളാക്ക് ബോക്‌സും കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡറും കണ്ടു കിട്ടാത്തതിനാൽ MH370 യാത്രാവിമാന തിരോധാനം ഇന്നും പിടിതരാത്ത ഒരു രഹസ്യമാണ്.

കാബിൻ ഡിപ്രെഷറൈസ് ചെയ്തു MH370 ലെ ക്യാപ്റ്റൻ യാത്രക്കാരെയും വിമാന ജോലിക്കാരെയും വിദഗ്ധമായി കൊലചെയ്തുവെന്നും ഓട്ടോ പൈലറ്റിൽ ആയ വിമാനം സ്വയം തെക്കൻ ഇന്ത്യൻ സമുദ്രത്തിലേക്ക് പറക്കുകയും ഇന്ധനം തീർന്നശേഷം കുറേനേരം ഒരു ഗ്ലൈഡർപോലെ പറന്നു കുറഞ്ഞ വേഗതയിൽ ഒരു പ്രത്യേക ആംഗിളിൽ സമുദ്രത്തിലേക്ക് പതിക്കുകയുമാവണം ഉണ്ടായത്. ഇങ്ങനെ സംഭവിച്ചാൽ വിമാനം പൊട്ടിത്തകരില്ല. വിമാനവും യാത്രക്കാരും കടലിന്റെ അടിത്തട്ടിലേക്ക് ഒരു തെളിവും ശേഷിപ്പിക്കാതെ മുങ്ങിയിട്ടുണ്ടാവാം.

ഇന്ധനം പൂർണമായി തീർന്നതിനാൽ സാധാരണ സമുദ്രത്തിനു മുകളിൽ സംഭവിക്കുന്ന വിമാന അപകടങ്ങൾ ഉണ്ടാക്കുന്നതുപോലുള്ള എണ്ണപ്പാളികളും ഈ അപകടം സൃഷ്ടിച്ചിട്ടുണ്ടാവില്ല. സൈനിക റഡാറുകൾ പോലും വിന്യസിച്ചിട്ടില്ലാത്ത തെക്കേ ഇന്ത്യൻ സമുദ്രത്തിലൂടെയുള്ള MH370 ന്റെ ഓട്ടോപൈലറ്റിലുള്ള യാത്ര ആരുടേയും കണ്ണിൽ പെടാത്തതും ഒരതിശയമല്ല.

കേടുപറ്റിയെന്നു കരുതി വൈമാനികർ ഇജെക്ട് ചെയ്തു രക്ഷപ്പെട്ട വിമാനങ്ങൾ പോലും പിന്നീട് നൂറുകണക്കിന് കിലോമീറ്റർ പറന്നു ഇന്ധനം തീർന്നു തകർന്നുവീണ ചരിത്രമുണ്ട്. കരയിലാണെങ്കിൽ തകർന്ന വിമാനത്തിന്റെ അവശിഷ്ടങ്ങൾ ലഭിക്കും. കടലിലാണ് എങ്കിൽ വിമാനങ്ങൾ സമുദ്രാടിത്തട്ടിലേക്ക് മുങ്ങിപോകും. ഇങ്ങനെ ഒരു തെളിവും ശേഷിക്കാതെ അപ്രത്യക്ഷമായ പോർവിമാനങ്ങൾ ഏറെയാണ്. ഇങ്ങനെ കരയിൽ എൺപതുകളിൽ ഒരു സോവ്യറ്റ് mig -23 തകർന്നു വീണിരുന്നു. ശീതയുദ്ധകാലത്തു ഏറെ ഒച്ചപ്പാടുണ്ടാക്കിയതായിരുന്നു ആ സംഭവം.

ശീതയുദ്ധത്തിന്റെ അവസാന ദിനങ്ങളിലാണ് സോവ്യറ്റ് യൂണിയന്റെ ഒരു മിഗ് 23 പോർവിമാനം പോളണ്ടിൽ നിന്നും ബെൽജിയം വരെ ഏതാണ്ട് 900 കിലോമീറ്റർ പൈലറ്റില്ലാതെ പറക്കുകയും ഒടുവിൽ ഇന്ധനം തീർന്നു ബെൽജിയത്തിൽ നിലം പതിച്ചു ഒരാൾ മരിക്കുകയും ചെയ്തത് .

അന്നത്തെ വാഴ്സ ഉടമ്പടി രാജ്യമായിരുന്നു പോളണ്ട്. പോളണ്ടിൽ അനേകം കോലോബർസിങ് (Kołobrzeg). ഈ നഗരത്തിലെ ബാഗിക്ക് വ്യോമതാവളത്തിൽ (Bagicz Airbase) നിന്നാണ് കേണൽ നിക്കോളായ് സ്‌കുർദിൻ (Colonel Nikolai Skuridin) 1989 ജൂലൈ 4 നു തന്റെ മിഗ് 23 ൽ പറന്നുയർന്നത് . വ്യോമത്താവളത്തിൽനിന്നും പറന്നുയർന്ന ഉടനെത്തന്നെ വിമാനത്തിലെ എഞ്ചിന് തകരാറുള്ളതായി കേണൽ നിക്കോളായ് സ്‌കുർദിനു തോന്നി. അദ്ദേഹം ഉടൻതന്നെ വിമാനത്തിൽ നിന്നും എജെക്റ്റ് ചെയ്തു രക്ഷപ്പെടുകയും ചെയ്തു. ആളില്ലാത്ത മിഗ് സമീപത്തെ കാടുകളിലെവിടെയോ തകർന്നു വീണതായി അനുമാനിച്ചു സോവ്യറ്റ് അധികൃതർ കാണാതായ മിഗിനെപ്പറ്റി അങ്ങ് മറന്നു.

പക്ഷെ സത്യം വിചിത്രമായിരുന്നു. ആളില്ലാത്ത മിഗ്ഗിനു കാര്യമായ പ്രശനം ഒന്നും ഇല്ലായിരുന്നു. പെട്ടന്ന് തന്നെ എഞ്ചിനിന്റെ ശക്തി വീണ്ടെടുത്ത പോർവിമാനം പോളണ്ടിന്റെ അതിർത്തികടന്നു കിഴക്കൻ ജർമനിയുടെ വ്യോമമേഖലയിലൂടെ പടിഞ്ഞാറേ ദിശയിൽ പറക്കാൻ തുടങ്ങി. കിഴക്കൻ ജർമനി യിൽ നിന്നും പശ്ചിമജര്മനിയിലെ വ്യോമ അതിർത്തിക്കുള്ളിൽ എത്തിയപ്പോൾ തന്നെ നാറ്റോ സഖ്യത്തിന്റെ റഡാറിൽ ഈ ആളില്ലാ പോർവിമാനം കാണപ്പെട്ടു. അക്കാലത്തു പശ്ചിമ ജർമനിയിൽ വിന്യസിച്ചിരുന്ന ഏതാനും F – 15 പോർവിമാനങ്ങൾ സോവ്യറ്റ് പോർ വിമാനത്തെ പിന്തുടർന്നു.

മിഗ്ഗിന്റെ കോക്ക് പിറ്റ് ശൂന്യമാണെന്നും അത് ആയുധങ്ങളൊന്നും വഹിക്കുന്നില്ല എന്നും മനസിലാക്കിയ നാറ്റോ മിഗ്ഗിനെ വെടിവച്ചിടാൻ മുതിർന്നില്ല. ജനവാസമുള്ള പ്രദേശങ്ങൾക്കുമുകളിൽ വച്ച് വെടിവച്ചിട്ടാൽ തകർന്നു വീഴുന്ന മിഗ്ഗ് മനുഷ്യ ജീവന് ഭീഷണിയാകും എന്ന് കരുതിയായിരുന്നു നാറ്റോ പോർവിമാനങ്ങൾ മിഗ്ഗിനെ വെടിവച്ചിടാതിരുന്നത്. മിഗ്ഗ് നോർത്ത് സീയ്ക്ക് മുകളിൽ എത്തുമ്പോൾ തകർക്കാം എന്ന് കരുതി നാറ്റോ പോർവിമാനങ്ങൾ ആ ആളില്ലാ പോർ വിമാനത്തെ പിന്തുടർന്നു. പക്ഷെ മിഗ് നാറ്റോ പ്രതീക്ഷകള്ക്ക് വിപരീതമായി ഫ്രാൻസിനെ ലക്ഷ്യമാക്കി പറന്നു.

ഇതിനിടയിൽ മിഗ്ഗിലെ ഇന്ധനം തീർന്നു തുടങ്ങിയിരുന്നു. ക്രമേണ ഉയരം കുറഞ്ഞു കുറഞ്ഞു മിഗ്ഗ് ഫ്രാൻസ് – ബെൽജിയം അതിർത്തിയിലുള്ള ഒരു വീട്ടിലേക്ക് ഇടിച്ചു കയറി. ആ വീട്ടിലെ ഒരു മനുഷ്യൻ കൊല്ലപ്പെട്ടു. കടലിന് മുകളിൽ വച്ചാണ് ഇത് സംഭവിച്ചിരുന്നെങ്കിൽ മിക്കവാറും ആ മിഗ്ഗ് തകരാതെ കടലിലേക്ക് ഊളിയിട്ടിറങ്ങിയേനെ. കുറഞ്ഞ വേഗതയിൽ പരന്ന കോണുകളിൽ ജലത്തിലേക്ക് പതിക്കുന്ന വിമാനങ്ങൾ തകരണമെന്നില്ല. മിക്കവാറും തകരാതെ അവ ജലത്തിനുള്ളിലേക്ക് ഊളിയിടും. മിക്കവാറും മലേഷ്യൻ യാത്രാവിമാനത്തിനും അത് തന്നെയാകും സംഭവിച്ചിട്ടുണ്ടാവുക.

ചിത്രങ്ങൾ courtsey: വിക്കിമീഡിയ കോമൺസ് ,https://web.archive.org.