നടൻ മോഹൻലാൽ ജനിച്ച പത്തനംതിട്ട എലന്തൂരിലെ പുന്നക്കൽ തറവാട്..

മോഹൻലാലിനെ അറിയാത്ത മലയാളികൾ ആരെങ്കിലുമുണ്ടോ? ഒരിക്കലും ഉണ്ടാകില്ല. മലയാളികൾ സ്നേഹത്തോടെ ലാലേട്ടൻ എന്നു വിളിക്കുന്ന മോഹൻലാൽ എന്ന മഹാ നടനെക്കുറിച്ച് അറിയാത്തവർ ആരാ ഉള്ളത്. 1960 മേയ് 21 നു വിശ്വനാഥൻ നായരുടേയും ശാന്താകുമാരിയുടേയും പുത്രനായി പത്തനംതിട്ടയിലെ എലന്തൂരിലായിരുന്നു മോഹൽലാൽ എന്ന മഹാപ്രതിഭയുടെ ജനനം. താൻ കൈകാര്യം ചെയ്ത വേഷങ്ങൾ, ലളിതവും സ്വാഭാവികവുമായുള്ള അഭിനയ രീതി തുടങ്ങിയ ഘടകങ്ങളാണ്‌ മോഹൻലാലിനെ മലയാളികൾക്കിടയിൽ പ്രിയങ്കരനാക്കിയത്. ലാൽ അല്ലെങ്കിൽ ലാലേട്ടൻ എന്നായിരുന്നു മോഹൻലാൽ പൊതുവെ അറിയപ്പെടുന്നതും.

ലാലേട്ടൻ ജനിച്ച എലന്തൂരിലെ പുന്നക്കൽ തറവാട്ടിലേക്ക് ഒരു യാത്ര പോകുവാൻ കഴിഞ്ഞ ദിവസം ഞങ്ങൾക്ക് സാധിച്ചു. ഏകദേശം 150 ഓളം വർഷങ്ങൾ പഴക്കമുള്ള ഒരു എട്ടുകെട്ടു തറവാടാണ് പുന്നക്കൽ തറവാട്. ഇലന്തൂർ സ്വദേശിയായ സുഹൃത്ത് കിച്ചുവാണ് എന്നെ അവിടേക്ക് ക്ഷണിച്ചത്. ലാലേട്ടന്റെ വീട് എന്നുകേട്ടപ്പോൾ എന്റെ മനസ്സിൽ ശരിക്കും ലഡ്ഡു പൊട്ടി. പത്തനംതിട്ടയിൽ നിന്നും ഏകദേശം ഏഴോ എട്ടോ കിലോമീറ്ററുകൾ മാറിയാണ് എലന്തൂർ എന്നയീ സ്ഥലം സ്ഥിതി ചെയ്യുന്നത്. ശരിക്കും പറഞ്ഞാൽ പത്തനംതിട്ടയ്ക്കും കോഴഞ്ചേരിയ്ക്കും ഇടയിലായാണ് ഈ സ്ഥലം. മോഹൻലാൽ മാത്രമല്ല അദ്ദേഹത്തിൻറെ അമ്മയും അമ്മൂമ്മയുമൊക്കെ ജനിച്ചുവളർന്നതാന് ഈ തറവാട്. ചുരുക്കിപ്പറഞ്ഞാൽ ലാലേട്ടന്റെ അമ്മവീട്. ഇപ്പോൾ താമസമൊന്നും ഇല്ലാത്ത ഈ തറവാട് കാത്തു സൂക്ഷിക്കുന്നത് മോഹൻലാലിൻറെ അമ്മയുടെ അമ്മാവന്റെ മകളും കുടുംബവുമൊക്കെയാണ്. അമ്മാവന്റെ മരുമകനായ രവീന്ദ്രൻ ചേട്ടനാണ് ഈ തറവാടിനെക്കുറിച്ചുള്ള വിവരങ്ങൾ ഞങ്ങൾക്ക് പറഞ്ഞു തന്നത്.

ജനനശേഷം തിരുവനന്തപുരത്തേക്ക് മോഹൻലാലും കുടുംബവും മാറിയെങ്കിലും അവധിക്കാലമെല്ലാം ലാൽ ചെലവഴിച്ചിരുന്നത് ഇവിടെയായിരുന്നു. സിനിമയിൽ സജീവമായതോടെയും തിരക്കുകൾ വർദ്ധിച്ചതോടു കൂടെയും ഇവിടേക്കുള്ള സന്ദർശനം കുറഞ്ഞു. എന്നാലും തിരക്കുകൾക്കിടയിലും ഇവരുമായുള്ള ബന്ധങ്ങൾ കാത്തു സൂക്ഷിക്കുന്നതിൽ ലാൽ പ്രത്യേകം ശ്രദ്ധ ചെലുത്തിയിരുന്നു. ലാൽ ചെറുപ്പകാലത്തെ ഓർമ്മകൾ ഇവരുമായി ഇടയ്ക്കൊക്കെ പങ്കുവെക്കുകയും ചെയ്യാറുണ്ട്. ഈ തറവാട് ഇപ്പോൾ മോഹൻലാലിന്റെ നേതൃത്വത്തിൽ സംരക്ഷിക്കുവാനുള്ള പ്രയത്‌നത്തിലാണ്. ഈ കഴിഞ്ഞയിടയ്ക്ക് മോഹൻലാൽ ഇവിടെ സന്ദർശിച്ചിരുന്നു. അത് വാർത്തകളിൽ ഇടംനേടുകയും ചെയ്തിരുന്നു.

രവീന്ദ്രൻ ചേട്ടൻ ഞങ്ങളെ വീടിനുള്ളിലെ കാഴ്ചകൾ കാണുവാനായി ഉള്ളിലേക്ക് ക്ഷണിച്ചു. അതിമനോഹരമായിരുന്നു വീടിനുള്ളിൽ. അകത്ത് എപ്പോഴും തണുപ്പ് നിലനിൽക്കുന്ന രീതിയിലായിരുന്നു നിർമ്മാണമെല്ലാം. മൊത്തത്തിൽ ആകെ മരം കൊണ്ടുള്ള രൂപകല്പനകൾ. അതുപോലെതന്നെ പഴമയുടെ ഭക്തി സാന്ദ്രമായ ഒരു പൂജാമുറിയും ഇവിടെയുണ്ട്. വീടിനുള്ളിൽത്തന്നെ പത്തായവും അറകളുമൊക്കെ ഉണ്ടായിരുന്നു. ഇത്തരത്തിൽ രൂപകൽപ്പന ചെയ്ത തറവാടുകൾ ഇന്ന് നമ്മുടെ നാട്ടിൽ വളരെ വിരളമായിരിക്കും. അറകളിൽ പഴയ പാത്രങ്ങളും മറ്റുമാണ് സൂക്ഷിച്ചിരിക്കുന്നത്. അകത്ത് ഞങ്ങളെ വളരെ ആകർഷിച്ചത് പ്മാനത്തം തുളുമ്പുന്ന പഴയ ഒരു മരത്തൊട്ടിൽ ആയിരുന്നു. വര്ഷങ്ങളോളം പഴക്കമുള്ള ഈ തൊട്ടിലിൽ നമ്മുടെ ലാലേട്ടൻ ചെറുപ്പത്തിൽ ആടിയിട്ടുണ്ടാകും എന്നുറപ്പാണ്.

കുറെ നാളുകളായി ഈ തറവാടിനെക്കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും ഇപ്പോഴാണ് ഇവിടം സന്ദർശിക്കുവാൻ അവസരം കൈവന്നത്. വീടിനു തൊട്ടായി ഒരു പശുത്തൊഴുത്ത് കാണാം. പശുക്കളൊന്നും ഇവിടെയില്ലെങ്കിലും ഒരുകാലത്ത് ധാരാളം പശുക്കളെല്ലാം ഉണ്ടായിരുന്ന ഒരു തൊഴുത്തായിരുന്നു ഇതെന്ന് രവീന്ദ്രൻ ചേട്ടന്റെ ഭാര്യ പറയുകയുണ്ടായി. ഇപ്പോൾ ഈ തറവാട് പോലെത്തന്നെ നല്ല വൃത്തിയായി സൂക്ഷിച്ചിരിക്കുകയാണ് ഈ തൊഴുത്തും പരിസരവുമെല്ലാം. തറവാടിൻറെ പരിസരത്തു തന്നെ ഒരു സർപ്പക്കാവ് സ്ഥിതി ചെയ്യുന്നുണ്ട്. പുന്നക്കൽ തറവാട്ടിൽ പെൺസന്താനങ്ങൾ ഉണ്ടാകുന്നതിനു വേണ്ടിയിട്ട് 150 വർഷങ്ങൾക്ക് മുൻപ് സ്ഥാപിച്ചതാണ് ഈ കാവ്. ഈ കാവ് ഇവിടെ വന്നതോടുകൂടി തറവാട്ടിൽ പെൺകുട്ടികൾ ഉണ്ടായിത്തുടങ്ങിയത്രേ. രവീന്ദ്രൻ ചേട്ടന്റെ മകന്റെ കല്യാണത്തിനോടനുബന്ധിച്ച് ഇവിടെയെത്തിയ മോഹൻലാൽ ഈ കാവ് സന്ദർശിക്കുകയും വഴിപാടുകൾ നടത്തുകയും ചെയ്തിരുന്നു.

തറവാടിന് മുന്നിൽ നിന്നും ഫോട്ടോകൾ എടുത്തും വീഡിയോ പകർത്തിയും ഞങ്ങൾ ഈ യാത്രയുടെ ഓർമ്മകൾ മെമ്മറി കാർഡിൽ രേഖപ്പെടുത്തി. കുറച്ചു സമയം അവിടെ ചെലവഴിച്ച ശേഷം കിച്ചുവിനോടും കിച്ചുവിന്റെ അമ്മൂമ്മയോടും രവീന്ദ്രൻ ചേട്ടനോടും ചേച്ചിയോടും യാത്ര പറഞ്ഞുകൊണ്ട് ഞങ്ങൾ തിരികെ വീട്ടിലേക്ക് യാത്രയായി.