ഓട്ടോറിക്ഷ ഓടിക്കുവാൻ ഇനി ഫോർ വീലർ ലൈസൻസ് (LMV) മാത്രം മതി..

സാധാരണക്കാരന്റെ വാഹനം എന്ന വിളിപ്പേരിന് അന്നുമിന്നും അർഹരാണ് ഓട്ടോറിക്ഷകൾ. ഒത്തിരിയാളുകൾ ഓട്ടോറിക്ഷ ഓടിച്ചു കുടുംബം പോറ്റുന്നുണ്ട്. ഓട്ടോറിക്ഷകൾ ഓടിക്കുവാൻ മാത്രം അറിഞ്ഞാൽ പോരാ, അതിനായി പ്രത്യേകം ലൈസൻസും ഡ്രൈവർമാർ എടുക്കണമായിരുന്നു. ഡ്രൈവിംഗ് സ്‌കൂളിൽപ്പോയി പഠിച്ച് ടൂവീലർ പോലെത്തന്നെ എട്ട് (8) എടുത്തും റോഡ് ടെസ്റ്റ് പാസ്സായും ഒക്കെയാണ് ത്രീവീലർ ലൈസൻസും നേടിയിരുന്നത്. ഇതിനൊപ്പം ബാഡ്ജും കൂടി എടുത്താൽ പിന്നെ ആർക്കും ഓട്ടോറിക്ഷയുടെ സാരഥിയാകാം.

എന്നാൽ ഇപ്പോൾ ഈ നിയമങ്ങളിൽ വൻ ഇളവുകൾ വന്നിരിക്കുകയാണ്. ഇനി മുതൽ ഓട്ടോറിക്ഷകൾ ഓടിക്കുവാനായി പ്രത്യേകം ലൈസൻസ് എടുക്കേണ്ട ആവശ്യമില്ല. പകരം കാറുകൾ ഓടിക്കുവാനുള്ള ലൈറ്റ് മോട്ടോർ വെഹിക്കിൾ ലൈസൻസ് (LMV) മതിയാകും. 2019 ലാണ് ഈ നിയമം പ്രാബല്യത്തിൽ വരുന്നത്. മോട്ടോർ വാഹന വകുപ്പ് ഔദ്യോഗികമായി പ്രസ്താവനകൾ ഒന്നും ഇറക്കിയിട്ടില്ലെങ്കിലും ഇന്ത്യയൊട്ടാകെ ഈ നിയമം നിലവിൽ വരുമെന്നാണ് വാർത്തകൾ സൂചിപ്പിക്കുന്നത്.

©Pinterest.

ഇത് നിലവിൽ വരുന്നതോടെ കാർ ലൈസൻസുള്ള മറ്റു ജോലികൾ ചെയ്യുന്നവർക്ക് ഒഴിവുള്ള സമയങ്ങളിൽ വേണമെങ്കിൽ ഓട്ടോറിക്ഷയും ഓടിച്ചു വരുമാനം കണ്ടെത്തുവാൻ കഴിയും. ത്രീവീലർ ലൈസൻസുകൾ നിർത്തലാക്കുന്നതോടൊപ്പം ബസ്, ലോറി, ട്രെയിലറുകൾ തുടങ്ങിയ ഹെവി വാഹനങ്ങൾ ഓടിക്കുന്നതിനുള്ള ലൈസൻസുകൾ ഏകീകരിച്ച് ഒന്നാക്കുകയും ചെയ്യും. ഇതോടെ എല്ലാത്തരം വലിയ വാഹനങ്ങൾക്കും ഒരേ ലൈസൻസ് ആയി മാറും.

ഡ്രൈവിംഗ് ലൈസൻസുകൾ ‘വാഹൻ സാരഥി’ എന്ന സോഫ്റ്റ്വയറിലേക്ക് മാറുന്നതിന്റെ ഫലമായാണ് ഈ പരിഷ്‌ക്കാരം. വരുന്ന ജനുവരിയോടെ ഇത് പ്രവർത്തികമാക്കുവാനാണ് ഉദ്ദേശിക്കുന്നത്. ഇതിനു മുന്നോടിയായി നടത്തിയ ട്രയൽ വിജയകരമായാണ് മോട്ടോർ വാഹന വകുപ്പ് പൂർത്തിയാക്കിയത്. പുതിയ സംവിധാനങ്ങൾ വരുന്നതോടെ വാഹനങ്ങളുടെ സഞ്ചാര ദിശ, വേഗത തുടങ്ങിയ വിവരങ്ങൾ സാറ്റലൈറ്റ് സംവിധാനത്തിന്റെ സഹായത്തോടെ ആർടി ഓഫീസിലെ മോണിറ്ററുകളിൽ നിന്നും മനസ്സിലാക്കാം. വാഹനങ്ങൾ ഓവർസ്പീഡ്, തെറ്റായ ദിശയിൽ സഞ്ചരിക്കാൻ തുടങ്ങിയ നിയമലംഘനങ്ങൾ നടത്തുകയാണെങ്കിൽ കൃത്യമായി കണ്ടെത്തുവാനും ഇതുമൂലം സാധിക്കും.

ടാക്സി കാറുകൾ ഉൾപ്പെടെയുള്ള ചെറു ട്രാൻസ്‌പോർട്ട് വാഹനങ്ങൾ ഓടിക്കുവാനുള്ള ബാഡ്‌ജുകൾ കഴിഞ്ഞയിടയ്ക്ക് നിർത്തലാക്കിയിരുന്നു. ഇപ്പോൾ നിലവിൽ ബാഡ്‌ജ്‌ ആവശ്യമുള്ളത് ഓട്ടോറിക്ഷാ ഡ്രൈവർമാർക്കും ഹെവി വാഹന ഡ്രൈവർമാർക്കും മാത്രമാണ്. അധികം വൈകാതെ ഇതിനും ഒരു തീരുമാനമാകും എന്നാണു ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്ന മാറ്റങ്ങൾ സൂചിപ്പിക്കുന്നത്.

ഇതോടൊപ്പം തന്നെ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റുകളിലും മാറ്റങ്ങൾ വരുത്തുവാൻ പദ്ധതിയുണ്ട്. 2017 ൽ മാറ്റങ്ങൾ കൊണ്ടുവന്നെങ്കിലും മത്സരാർത്ഥികളുടെയും ഡ്രൈവിംഗ് സ്‌കൂളുകാരുടെയും എതിർപ്പുകൾ കൊണ്ടും വേണ്ടത്ര സംവിധാന സൗകര്യങ്ങളുടെ പോരായ്മകൾ കൊണ്ടും അവ ഉപേക്ഷിക്കുകയായിരുന്നു. ഇനി ഈ വക കാര്യങ്ങളിൽ മാറ്റങ്ങൾ വരുന്നതിനൊപ്പം ലേണേഴ്‌സ് ടെസ്റ്റ്, ഡ്രൈവിംഗ് ടെസ്റ്റ് തുടങ്ങിയവയുടെ തീയതികൾ അപേക്ഷകന് ഓൺലൈനായി തിരുത്തുവാനുള്ള സൗകര്യവും നിലവിൽ വരും.

മോട്ടോർ വാഹനവകുപ്പ് നടപ്പിലാക്കുന്ന ഈ പുതിയ പരിഷ്‌ക്കാരങ്ങൾ എല്ലാവർക്കും ഗുണം ചെയ്യുമെന്നു തന്നെയാണ് പൊതുവെയുള്ള വിലയിരുത്തലുകൾ. ഇതേക്കുറിച്ച് മോട്ടോർ വാഹന വകുപ്പ് ഔദ്യോഗികമായി പ്രസ്താവനകൾ ഒന്നും ഇറക്കിയിട്ടില്ലെങ്കിലും എന്തായാലും നമുക്ക് കാത്തിരുന്നു കാണാം.

ഈ ലേഖനത്തിന് ആധാരം  – മാധ്യമം ഓൺലൈൻ പോർട്ടലിൽ വന്ന വാർത്ത.