മുംബൈ സിറ്റി ബസ്സിൽ ഡ്രൈവറായി ഒരു 24 കാരി സുന്ദരി യുവതി; സംഭവം ഇങ്ങനെ…

വനിതകൾ ബസ് ഓടിക്കുന്ന കാഴ്ച കേരളത്തിൽ ചിലപ്പോഴൊക്കെയായി നമ്മൾ കണ്ടിട്ടുണ്ട്. പ്രത്യക്ഷത്തിൽ കെഎസ്ആർടിസിയിൽ ഒരു വനിതാ ഡ്രൈവർ ജോലി ചെയ്യുന്നുമുണ്ട്. എന്നാൽ പറഞ്ഞു വരുന്നത് മുംബൈയിലെ കാര്യമാണ്. മുംബൈ നഗരത്തിലെ സിറ്റി ബസ് സർവ്വീസായ ‘ബ്രിഹന്‍ മുംബൈ ഇലക്ട്രിക് സപ്ലൈ ആന്റ് ട്രാന്‍സ്‌പോര്‍ട്ടിൽ’ (BEST) ഈയിടെ ഒരു വനിത ബസ് ഡ്രൈവറായത് മാധ്യമശ്രദ്ധ നേടിയ സംഭവമാണ്.

ഇതിലെന്താണ് ഇത്ര പുതുമയെന്നല്ലേ ഇപ്പോൾ ചിന്തിക്കുന്നത്. കാരണം ബെസ്റ്റ് ബസ് സർവ്വീസിലെ ആദ്യത്തെ സംഭവമാണിത്. ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത ബെസ്റ്റിൽ ബസ് ഡ്രൈവർ ട്രെയിനിംഗിനായി കയറുന്നത്. അതും 24 വയസ്സുള്ള ഒരു സുന്ദരി യുവതി. പരുക്കൻ ജീവിത സാഹചര്യങ്ങൾ കൊണ്ട് ട്രക്ക് ഡ്രൈവർമാരായി ജോലിചെയ്യുന്ന വനിതകളെ മുംബൈക്കാർ ഏറെ കണ്ടിട്ടുണ്ടാകും. എന്നാൽ ഇങ്ങനെയൊരു യുവതി ബസ് ഡ്രൈവറായി വരിക എന്നത് അദ്ഭുതകരമായ വാർത്ത തന്നെയാണ് അവർക്ക്.

പുരുഷന്മാർ അടക്കി വാണിരുന്ന ബെസ്റ്റ് ബസുകളിലെ ഡ്രൈവിംഗ് സീറ്റിലേക്ക് കാലെടുത്തു വെച്ചുകൊണ്ട് എല്ലാവരെയും അമ്പരപ്പിച്ച ആ യുവതിയുടെ പേര് പ്രതീക്ഷാ ദാസ് എന്നാണ്. മുംബൈ സ്വദേശിനിയായ പ്രതീക്ഷ ഒരു മെക്കാനിക്കൽ എൻജിനീയർ കൂടിയാണ്. ഥാക്കൂർ കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് പാസ്സായ ഉടനെ തന്നെയാണ് പ്രതീക്ഷ ബസ് ഡ്രൈവറായി വേഷം മാറിയിരിക്കുന്നത്. പൊതുവെ ബിടെക് കഴിഞ്ഞു ഏതെങ്കിലും ഉയർന്ന കമ്പനിയിൽ ജോലി തേടിപ്പോകേണ്ടതും, ഫ്രണ്ട്സുമായി അടിച്ചുപൊളിച്ചു നടക്കേണ്ടതുമായ സമയത്ത് പ്രതീക്ഷയുടെ കയ്യിൽ മുംബൈ നഗരത്തിന്റെ പതിവ് കാഴ്ചകളിൽ ഒന്നായ ചുവന്ന കളർ സിറ്റി ബസ്സിന്റെ സ്റ്റീയറിങ് വീൽ തിരിയുകയാണ്.

എന്തുകൊണ്ടാണ് ഇത്തരമൊരു ജോലിയ്ക്ക് ശ്രമിച്ചത് എന്ന ചോദ്യത്തിന് പ്രതീക്ഷ പറയുന്ന ഉത്തരം ഇങ്ങനെ, “ചെറുപ്പം മുതൽക്കേ എനിക്ക് ഹെവി വാഹനങ്ങളോട് വല്ലാത്തൊരു കമ്പം ഉണ്ടായിരുന്നു. പിന്നീട് ബിടെക് പഠന കാലത്ത് RTO ആകുവാൻ ആയിരുന്നു ആഗ്രഹം. അതുകൊണ്ടു തന്നെയായിരുന്നു ‘മെക്കാനിക്കൽ’ വിഷയം എടുത്തതും. RTO ആകുവാനായി ഒരാൾക്ക് ഹെവി വെഹിക്കിൾ ലൈസൻസ് വേണമെന്നതും വാഹനങ്ങൾ അനായാസേന ഓടിക്കുവാൻ അറിയണമെന്നതും നിര്ബന്ധമാണ്. ഇതോടെ മനസ്സിൽ കിടന്നിരുന്ന ഹെവി ഡ്രൈവർ ആഗ്രഹം സഫലമാകുകയായിരുന്നു. ഞാൻ ജോലിയ്ക്കായല്ല, ബസ് ഡ്രൈവർ ട്രെയിനിംഗിന്റെ ഭാഗമായാണ് ബെസ്റ്റിൽ ഡ്രൈവറായി സേവനം ചെയ്തത്. എന്നാൽ മീഡിയകൾ എന്നെ മുംബൈയിലെ ആദ്യത്തെ വനിതാ ബസ് ഡ്രൈവർ ആക്കിമാറ്റി.”

ബ്രിഹന്‍ മുംബൈ ഇലക്ട്രിക് സപ്ലൈ ആന്റ് ട്രാന്‍സ്‌പോര്‍ട്ട് (BEST) തങ്ങളുടെ ജീവനക്കാർക്ക് മാത്രമല്ല, പുറമെ നിന്നുള്ള ഡ്രൈവർമാർക്കും ട്രെയിനിംഗ് കൊടുക്കാറുണ്ട്. 21 ദിവസത്തെ ട്രെയിനിംഗ് കോഴ്സ് ആണ് BEST ഇത്തരത്തിൽ പ്രദാനം ചെയ്യുന്നത്. ഇതിനായി പ്രത്യേകം ഫീസും ഈടാക്കാറുണ്ട്. ഇത്തരത്തിൽ ഫീസടച്ചു വന്ന ആദ്യത്തെ വനിതയാണ് പ്രതീക്ഷ ദാസ്.

ബസ് ഡ്രൈവർ എന്ന ടാസ്ക് പ്രതീക്ഷയ്ക്ക് വിചാരിച്ചത്ര എളുപ്പമായിരുന്നില്ല. പുരുഷന്മാർ കയ്യടക്കി വാണിരുന്ന സ്ഥാനത്ത് ഒരു യുവതി വന്നപ്പോൾ സഹപ്രവർത്തകർക്ക് ഉണ്ടായ അസൂയ പലവിധത്തിൽ പ്രതീക്ഷയെ വേട്ടയാടി. ചിലർ അവളുടെ പൊക്കത്തെയും, സ്ത്രീത്വത്തെയും വരെ കളിയാക്കി. തങ്ങൾ സ്ഥിരമായി യാത്ര ചെയ്യുന്ന ബസ്സിന്റെ ഡ്രൈവിംഗ് സീറ്റിൽ ഒരു ദിവസം ഒരു യുവതിയെ കണ്ടപ്പോൾ യാത്രക്കാർക്കും അമ്പരപ്പായിരുന്നു. ചിലർ അവളെത്തന്നെ തുറിച്ചു നോക്കിക്കൊണ്ടിരുന്നു. എന്നാൽ ചുറ്റിനും ഇതുപോലുള്ള കാര്യങ്ങൾ ആടിത്തിമിർക്കുമ്പോൾ തൻ്റെ ഡ്രൈവിംഗിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച്, തനിക്കു നേരെ നീണ്ട നോട്ടങ്ങളെയും കളിയാക്കലുകളെയും തട്ടിത്തെറിപ്പിച്ചു പ്രതീക്ഷ.

ആദ്യമായി പ്രതീക്ഷ ഓടിക്കുവാൻ പഠിച്ച വാഹനം മോട്ടോർസൈക്കിളുകൾ ആയിരുന്നു. അമ്മാവന്റെ മോട്ടോർസൈക്കിളിൽ ചെറുപ്രായത്തിൽ തന്നെ പ്രതീക്ഷ ഡ്രൈവിംഗ് പഠിച്ചു. എട്ടാം ക്‌ളാസിൽ പഠിക്കുന്ന സമയത്ത് അനായാസം ബൈക്ക് ഓടിക്കുവാൻ സാധിച്ചിരുന്ന പ്രതീക്ഷയെ കുടുംബാംഗങ്ങൾ അമ്പരപ്പോടെയാണ് കണ്ടത്. പിന്നീടായിരുന്നു കാർ ഓടിക്കുവാൻ പഠിച്ചത്.

ഇപ്പോൾ ബസ് ഡ്രൈവറായി പ്രശസ്തയായെങ്കിലും പ്രതീക്ഷ ഒരു ബൈക്ക് റേസർ കൂടിയാണെന്ന് ഓർമ്മിപ്പിക്കട്ടെ. 2019 ഏഷ്യ റോഡ് റേസിംഗ് ചാമ്പ്യൻഷിപ്പ് അടക്കം പല മത്സരങ്ങളിലും പ്രതീക്ഷ പങ്കെടുത്തിട്ടുണ്ട്. കൂടാതെ രണ്ടു തവണ ടിവിഎസ് റേസിംഗ് ചാമ്പ്യൻഷിപ്പിൽ വിജയിച്ച് ട്രോഫി നേടിയിട്ടുമുണ്ട് ഈ സുന്ദരി. ട്രെയിനിംഗ് പൂർത്തിയായിക്കഴിഞ്ഞു തൻ്റെ സ്വപ്നമായ ആർടിഒ പോസ്റ്റ് സഫലമാകുവാൻ കാത്തിരിക്കുകയാണ് ഈ 24 കാരി പെൺകുട്ടി.