250 രൂപയ്ക്കു മൂന്നാറിൽ മൂന്നു മണിക്കൂർ ചെലവഴിച്ചു കറങ്ങി വരാം

250 രൂപയ്ക്കു മൂന്നാറിൽ മൂന്നു മണിക്കൂർ കറങ്ങി വരാം. അവിശ്വസനീയമായി തോന്നുന്നുണ്ടോ? സത്യമാണ്. കൊടുങ്ങല്ലൂരിൽ നിന്നും ഒരാൾക്ക് വെറും 250 രൂപ ചെലവിൽ കാടും, തേയിലത്തോട്ടവും, മഞ്ഞും, കുളിരും, പേരറിയാത്ത യാത്രക്കാരെയും കണ്ട് മൂന്നാറിൽ പോയി മൂന്നു മണിക്കൂർ കാഴ്ചകൾ കണ്ടു തിരിച്ചുവരാം.

നമ്മുടെ സ്വന്തം KSRTC ബസ്സിൽ ആണ് യാത്ര പോകുന്നത്. കൊടുങ്ങല്ലൂരിൽ നിന്നും മൂന്നാറിലേക്ക് 121 രൂപ മാത്രമാണ് ടിക്കറ്റ് ചാർജ്. തിരിച്ചും 121 രൂപ. അങ്ങിനെ 242 രൂപ മാത്രം. ഒരു ചായ കൂടി കുടിച്ചാൽ 250 രൂപ മാത്രം രാവിലെ 6 .10 മണിക്ക് പുറപ്പെട്ടു രാത്രി 8.00 മണിക്ക് തിരിച്ചെത്താം.

എല്ലാ ദിവസവും രാവിലെ 6 .10 നു ശില്പി തിയ്യറ്ററിനു സമീപത്തുള്ള KSRTC ഡിപ്പോയിൽ നിന്നും മൂന്നാർ ബസ് യാത്രയാരംഭിക്കും. ഡിപ്പോയിൽ നിന്നും ആദ്യം കൊടുങ്ങല്ലൂർ വടക്കേനടയിൽ എത്തി, കൃത്യം 6 20 നു ബസ് മൂന്നാറിലേക്ക് പുറപ്പെടും. പറവൂർ, ആലുവ, പെരുമ്പാവൂർ, കോതമംഗലം , അടിമാലി, ആനച്ചാൽ വഴി 11.30 നു മൂന്നാർ ടൗണിൽ നമ്മൾ എത്തിച്ചേരും.

അതിനിടയിൽ കോതമംഗലത്തു ബാത്രൂം സൗകര്യത്തിനായി 10 മിനുട്ടും അടിമാലിയിൽ പ്രഭാത ഭക്ഷണത്തിനായി 20 മിനിറ്റ് ബസ് നിറുത്തും. (പ്രഭാതഭക്ഷണവും ഉച്ചക്കുള്ള ഭക്ഷണവും വീട്ടിൽ നിന്നും തയ്യാറാക്കി വെച്ചാൽ ബസ് ചാർജ് മാതമേ നമുക്കു ചെലവാകുകയുള്ളു.) ടൌൺ to ടൗൺ ബസ് ആയതിനാൽ ഇടക്കുള്ള സ്റ്റോപ്പുകൾ കുറവാണു. സുഖകരമായ യാത്ര.

11.30 നു മൂന്നാർ ടൗണിൽ എത്തിച്ചേരുന്ന ബസ് ഉച്ചതിരിഞ്ഞു 2.50 നു തിരിച്ചുപോരും. അതുവരെയുള്ള മൂന്നു മണിക്കൂർ കൊണ്ട് ടൌൺ, മൂന്നാർ ചന്ത, മൂന്നാർ KSRTC ഡിപ്പോയുടെ അരികിലുള്ള ഹൈഡൽ പാർക്ക് എന്നിവ കാണാം. പാർക്ക് എൻട്രൻസ് ഫീസ് 40 രൂപ. കുട്ടികൾക്ക് 20 രൂപ. കൂടാതെ സാഹസികത ഇഷ്ടപ്പെടുന്നവർക്ക് ചെറിയതല്ലാത്ത തരത്തിലുള്ള റോപ്പ് വേയിലൂടെ യാത്ര ചെയ്യാം. ഇതിനായി ഫീസ്‌ എക്സ്ട്രാ കൊടുക്കണം.

ഈ ഡിസംബർ, ജനുവരി മാസങ്ങളിലെ മഞ്ഞും തണുപ്പും വളരെ കുറഞ്ഞ ചെലവിൽ വീട്ടുകാരെ മൊത്തം അനുഭവിപ്പിക്കാൻ ഇതിലും നല്ല പാക്കേജ് വേറെ ഉണ്ടോ? വേണമെങ്കിൽ ഒന്നുകിൽ വടക്കോട്ടു മാട്ടുപ്പെട്ടി ഡാം വരെയും അല്ലെങ്കിൽ തെക്കോട്ടു രാജമല വരെയും ഈ സമയം കൊണ്ട് പോയി വരാം. ഓട്ടോ പിടിച്ചു പോകുകയാണെകിൽ ഏകദേശം 400 മുതൽ 500 രൂപ വരികയുള്ളു. പേശിയാൽ വീണ്ടും കുറയും. പക്ഷെ ഏതെങ്കിലും ഒരു വശത്തേക്ക് പോകാൻ മാത്രമേ സമയം തികയുകയുള്ളു.

മൊബൈൽ ആപ്പുകൾ വഴി നല്ല ഓഫറിലൂടെ കുറഞ്ഞ ചിലവിൽ റൂം നേരെത്തെ ബുക്ക് ചെയ്യുകയാണെങ്കിൽ രണ്ടു ദിവസം മൂന്നാറിൽ താമസിച്ചു തിരിച്ചുവരാം. വളരെ നല്ല ജീവനക്കാർ, ഉലച്ചിലുകളില്ലാത്ത യാത്ര, മിതമായ നിരക്ക്, തിങ്ങി ഞെരുങ്ങാത്ത സീറ്റുകൾ, അടിമാലി വരെ തരക്കേടില്ലാത്ത റോഡ്, എല്ലാം കൊണ്ടും വളരെ നല്ല അനുഭവമായിരിക്കും ഈ യാത്ര.

പ്രത്യേക ശ്രദ്ധക്ക് – രാവിലെയും തിരിച്ചും കൃത്യ സമയത്തുതന്നെ ബസ് പുറപ്പെടും. കൊടുങ്ങല്ലൂരിൽ നിന്നും രാവിലെ 6.10 നു മൂന്നാറിലേക്ക് പുറപ്പെട്ടു, രാത്രി 8.00 നു തിരികെ കൊടുങ്ങല്ലൂരിൽ എത്തിച്ചേരും.

നേരെത്തെ എത്തി മുൻവശത്തെ സീറ്റ് കൈവശമാക്കിയാൽ നല്ല കാഴ്ചകളും കാണാം, ഉലച്ചിലും കുറയും. ഈ സമയം നല്ല തണുപ്പുള്ളതിനാൽ കുട്ടികൾക്കും വൃദ്ധർക്കും അത്യാവശ്യം സ്വെറ്ററുകൾ കൊണ്ടുപോകുന്നത് നല്ലതായിരിക്കും. ക്ഷണം തയ്യാറാക്കി കൊണ്ടുപോയാൽ പാർക്കിലോ മറ്റോ ഇരുന്നു എല്ലാവരും ഒരുമിച്ചിരുന്നു കഴിക്കുന്നത് നല്ലൊരു അനുഭവമായിരിക്കും. ഭക്ഷണങ്ങളുടെ വേസ്റ്റ് അലക്ഷ്യമായി വലിച്ചെറിയാതെ അവ നിക്ഷേപിക്കേണ്ട സ്ഥലങ്ങളിൽ നിക്ഷേപിക്കുവാൻ ശ്രദ്ധിക്കുമല്ലോ.

സാധാരണക്കാരായ സഞ്ചാരികൾക്ക് ഏറെ ഉപകാരപ്രദമായ ഈ ലേഖനത്തിനു കടപ്പാടും പ്രത്യേകം നന്ദിയും – പേരറിയാത്ത എഴുത്തുകാരന്.