ലോക്ക്ഡൗണിന് മുമ്പുള്ള ഒരു മുട്ടക്കഥ

വിവരണം – ‎Praveen Shanmukom‎, ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ.

ലോക്ക്ഡൗണിന് മുമ്പുള്ള ഒരു മുട്ടക്കഥ, നമ്മുടെ മുരുകണ്ണന്റെ കട… ലൊക്കേഷൻ: കിളളിപ്പാലം റൗണ്ട് കഴിഞ്ഞ് സൂര്യ ഫാസ്റ്റ് ഫുഡ് എത്തുന്നതിന് മുമ്പായി ഇടത്തോട്ട് ചാലയിലോട്ട് കേറുന്ന വഴി കുറച്ച് മുന്നോട്ട് പോകുമ്പോൾ ഇടത് വശത്ത് കാണുന്ന SKP ടിം ബേഴ്സിന്റെ അടുത്ത് ഇടത് വശത്തായി ചെറിയൊരു ഇടവഴി കാണാം. ആ ഇടവഴി തിരിച്ചറിയാനായി വർഷ ഗ്ലാസ് ഹൗസ് എന്നുള്ള ഒരു ബോർഡ് ആ ഇടവഴിക്ക് എതിരെയായി കാണാം.

അങ്ങനെയൊരു നാൾ കൊതിപ്പിക്കും രുചി നിറയും മുട്ടകളുടെ അടുത്തേക്ക് നമ്മുടെ ചാലയിലെ മുരുക അണ്ണന്റെ അരികിലേക്ക്. ആദ്യം ഒരു സിംഗിൾ ഓംലെറ്റ് പറഞ്ഞു. കുറച്ച് സമയത്തിന് ശേഷം വാഴയിലയിൽ അത് കിട്ടി. നല്ല ഐശ്വര്യമായി പൊടിയൊക്കെ ഇട്ട്. ആ രാത്രി സമയം ആ അരണ്ട വെളിച്ചത്തിൽ ആ പൊരിഞ്ഞ മുട്ടയിൽ ഒരു പിടി പിടിച്ച് ആ പൊടിയും ചേർത്ത് കഴിക്കുമ്പോഴുള്ള ഒരു രുചി. ഹമ്മാ കൊതിയാവുന്നു. വന്നണയൂ ആ നിമിഷങ്ങളേ വീണ്ടും.

വറ്റൽ മുളക്, കുരുമുളകെല്ലാം വറുത്തെടുത്ത് പൊടിച്ച പൊടിയാണ് അതിലെ താരം. കൂട്ടിന് പാകത്തിന് ഉപ്പും, സവാളയും വെളിച്ചെണ്ണയും. എരിവ് വേണ്ടാത്തവർക്ക്, പറഞ്ഞാൽ പൊടി ഒഴിവാക്കിയും തരും.

അടുത്തത് മുട്ട അവിച്ചത്. അവിടെ ചെന്നാൽ ഇത് കഴിക്കാതെ പോകരുത്. പൊളിയാണ്. ഉള്ളിയും പൊടിയും നിറഞ്ഞ മാസ്മരികതയിൽ അതും രുചിച്ചു. ബുൾസൈ എത്തി. ഒരു സ്പൂണും കൂടി മേടിച്ച് ആ മഞ്ഞക്കരു പൊട്ടിക്കാതെ ചുറ്റും മുറിച്ചെടുത്ത് വായിൽ ഇട്ടപ്പോൾ ഒരു സമാധാനം. അകമ്പടിക്ക് പൊടിയും.

പിന്നെ ഒരു വൺ സൈഡ് കൂടി ആയപ്പോൾ തൃപ്തിയായി. ഡ്രിങ്ക്സ് ആയി കിട്ടിയ രസ്ന വലിയ സുഖം തോന്നിയില്ല. ബാക്കിയെല്ലാം പൊളപ്പൻ. ലോക്ക് ഡൗൺ ഒക്കെ ഒന്ന് തീർന്നോട്ടെ ഇനിയും പല വരവ് വരേണ്ടി വരും.

ആ സ്പീഡും ഈ പ്രായത്തിലും ജോലിയോടുള്ള ആത്മാർത്ഥത ഇവയൊക്കെ എടുത്ത് പറയേണ്ടതാണ്. കണ്ടാൽ സീരിയസ്സാണെന്ന് തോന്നാം. സംസാരിച്ചാൽ ആള് പാവമാണ്. വില വിവരം: സിംഗിൾ ഓംലെറ്റ് – ₹ 20, മുട്ട അവിച്ചത് – ₹ 25, ബുൾസൈ – ₹ 25, ഒൺ സൈഡ് – ₹ 20, രസ്ന – ₹ 10.

മുരുകൻ ചേട്ടന്റെ അതിജീവനത്തിന്റെ പാതകൾ – തമിഴ്നാട്ടിൽ അംബാസമുദ്രത്തിനടുത്തായി കല്ലിടക്കുറുച്ചിയിലാണ് ചേട്ടന്റെ സ്വദേശം. നാട്ടിൽ നെയ്ത്തായിരുന്നു തൊഴിൽ. മുണ്ട്, കൈലി തുടങ്ങിയവ. കുലത്തൊഴിലായിരുന്നു.

40 വർഷം മുൻപ് അനന്തപുരിയിൽ പത്മനാഭന്റെ നാട്ടിൽ എത്തി. ലോട്ടറിക്കച്ചവടത്തിലായിരുന്നു തുടക്കം. 20 വർഷം മുൻപ് രുചി വിരുന്നിന്റെ അങ്കത്തട്ടിലേക്കായി പ്രയാണം. എല്ലാത്തിനും പ്രേരകം വിശപ്പിന്റെ വിളി തന്നെ.

ആദ്യം ആര്യശാലയിൽ തട്ടിലായിരുന്നു തുടക്കം. കൂൾ ഡ്രിങ്ക്സും സർബത്തുമായി. ഓംലെറ്റ് ഒരു സൈഡിലായിരുന്നു. പിന്നെ അത് പ്രധാനമായി. രണ്ടാമത് ചാലയ്ക്കകത്തോട്ടായി കട മാറി. മൂന്നാമത് യു.പി സ്ക്കൂളിന്റെയടുത്ത് ഒരു ബങ്കുണ്ട്. അത് വാടകയ്ക്കെടുത്ത്. നാലാമതായി ഇപ്പോൾ ഇവിടെ 6 വർഷത്തിലേറെയായി. വൈകുന്നേരം 5 മണിക്ക് ചെന്ന് കട തുറക്കും. 6 മണി മുതൽ വിഭവങ്ങൾ കൊടുത്ത് തുടങ്ങും. രാത്രി 10 – 10:30 വരെ കട കാണും.

ലോക്ക്ഡൗണൊക്കെ മാറി സാഹചര്യങ്ങൾ അനുകൂലമാണെങ്കിൽ കട തുറക്കാമെന്ന പ്രതീക്ഷയിലാണ് ചേട്ടൻ. ഇത് പോലെ എത്ര പ്രതീക്ഷകൾ, സ്വപ്നങ്ങൾ. നമ്മൾക്ക് കാക്കാം, കാത്തിരിക്കാം… അല്ലലില്ലാത്ത ആ നാളേക്ക് വേണ്ടി .