നെല്ലിയാമ്പതിയിലേക്ക് പോകുന്നവർ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

വിവരണം – എം.മുജീബ് റഹിമാൻ.

നെല്ലിയാമ്പതി.. ഒരുപാട് ചോദ്യം ഒരു ഉത്തരം. അറിവിനായി മാത്രം. പാലക്കാട് നെന്മാറയില്‍ നിന്ന് 32 കിലോമീറ്റര്‍ ദുരത്താണ് പശ്ചിമഘട്ട മലനിരകളുടെ ഭാഗമായുള്ള നെല്ലിയാമ്പതി. നെന്മാറയില്‍ നിന്ന് 10 കിലോമീറ്റര്‍ പോത്തുണ്ടി വനം വകുപ്പ് പരിശോധന കേന്ദ്രത്തിലൂടെയാണ് നെല്ലിയാമ്പതിയിലേക്ക് കടത്തിവിടുക. ഇവിടെ എല്ലാ ദിവസവും, കാലത്ത് 7 മണി മുതല്‍ ഉച്ചയ്ക്ക് 2.30 വരെ മാത്രമാണ് ഏകദിന കാഴ്ച്ചകള്‍ക്കായി എത്തുന്നവരെ കടത്തിവിടുകയുള്ളൂ. എന്നാല്‍ നെല്ലിയാമ്പതിയില്‍ താമസിക്കാനായി എത്തുന്നവര്‍(താമസ സൗകര്യം മുന്‍കൂട്ടി ബുക്ക് ചെയ്തിട്ടുള്ളവര്‍ക്ക്) യാത്ര സമയത്തില്‍ ചെറിയ ഇളവുകള്‍ ലഭിക്കും.

പോത്തുണ്ടി ഡാമിന്റെ വലതുവശത്തുകൂടി ചുരം പാത തുടങ്ങുന്നത്. 22 കിലോമീറ്റര്‍ ദൂരത്തില്‍ കൈകാട്ടിവരെയാണ് ചുരം പാതയുള്ളത്. ഇതിലൂടെയുള്ള യാത്രയില്‍ മൂന്നു ഭാഗത്തായി പാലക്കാടിന്റെ പച്ചപ്പുകളും, കാനന ഭംഗിയും കാണാന്‍ കഴിയുന്ന രീതിയില്‍ വാച്ച് ടവറുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഇതില്‍ കയറി പോകുമ്പോള്‍ കാണുന്ന രണ്ടാമത് വാച്ച് ടവറില്‍ നിന്നാണ് കൂടുതല്‍ കാഴ്ച്ചകള്‍ ആസ്വദിക്കാന്‍ കഴിയുക. നല്ല കാറ്റും, കോടമഞ്ഞിന്റെ തലോടലും (എല്ലാ സമയത്തുമല്ല) ലഭിക്കുക.

ഇവിടെ നിന്ന് നേരെ കാണുന്ന കുന്നിലും, വലതു വശത്തുള്ള കുന്നിലും സൂക്ഷിച്ചു നോക്കിയാല്‍ ആനക്കൂട്ടങ്ങള്‍ മേയുന്നതും, കാട്ടുപോത്തുകളെയും കാണാന്‍ കഴിയും. (നല്ല കാഴ്ച്ചയ്ക്ക് ബൈനോക്കുലര്‍ നല്ലതാണ്). ഈ ഭാഗത്ത് നിലവില്‍ കുട്ടിയാനയുള്‍പ്പെടെ അഞ്ചാനകള്‍ താമസിക്കുന്ന ഭാഗമാണ്. വൈകീട്ടുള്ള സമയത്ത് ഇവ കൂട്ടത്തോടെ പാതയിലേക്ക് ഇറങ്ങാന്‍ സാധ്യതയുള്ളതിനാല്‍ വനം വകുപ്പ് അധികൃതര്‍ നിര്‍ബന്ധമായും നാലു മണിക്കയ്ക്ക് മുമ്പ് പോത്തുണ്ടിയിലേക്ക് തിരിച്ചെത്തണമെന്ന് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

അവിടുന്ന് കയറിയാല്‍ അടുത്ത നേരെയുള്ള ചുരം പാതയില്‍ നിന്നും പോത്തുണ്ടി ഡാമിന്റെ കാഴ്ച്ചകള്‍ ആസ്വദിക്കാം. പിന്നീട് അടുത്ത വ്യൂപോയിന്റായ അയപ്പന്‍തിട്ടില്‍ നിന്നുള്ള കാഴ്ച്ചകള്‍ നെല്ലിയാമ്പതി മലനിരകളിലെ പച്ചപ്പും, ജൈവ വൈവിധ്യവും നേരിട്ടറിയാന്‍ കഴിയും. യാത്ര തുടര്‍ന്നാല്‍ പിന്നീട് എത്തുന്നത്. നെല്ലിയാമ്പതിയുടെ പ്രവേശന കവാടമായ കൈകാട്ടിയിലാണ്. അവിടുന്ന് വലതു ഭാഗത്തേക്ക് കയറി രണ്ടു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കേശവന്‍പാറ വ്യൂപോയിന്റിലേക്കുള്ള വഴിയെത്തും.

കാട്ടിലൂടെ നടന്നു കയറിയാല്‍ പോത്തുണ്ടി ഡാമിന്റെയും, പാലക്കാടിന്റെയും കാഴ്ച്ചകള്‍ ആസ്വദിക്കാനാകും. തിരിച്ചിറങ്ങി തേയില തോട്ടത്തിലൂടെ യാത്ര ചെയ്ത് നൂറടി കവലയും കഴിഞ്ഞ് 12 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ നെല്ലിയാമ്പതിയിലെ കോളനിക്കാര്‍ക്ക് യാത്രചെയ്യാനായി നിര്‍മ്മിച്ച കാരപ്പാറ തൂക്കുപാലത്തിലെത്താം. ഈ ഭാഗത്തുള്ള വനമേഖലയില്‍ വേഴാമ്പല്‍ പക്ഷികളെ കാണാനുള്ള സാധ്യതകള്‍ ഇപ്പോള്‍ കൂടുതലാണ്.

ഇവിടെത്തെ കാഴ്ച്ചകള്‍ കണ്ട് തിരിച്ച് അതേ വഴിയിലൂടെ കൈകാട്ടിയിലെത്തി. വലത്തോട്ടുള്ള വഴിയിലൂടെ വീണ്ടും അടുത്ത കാഴ്ച്ചകളിലേക്ക് യാത്ര തുടരാം രണ്ടു കിലോമീറ്റര്‍ കഴിഞ്ഞാല്‍ നെല്ലിയാമ്പതിയുടെ പ്രതാപമായ പുലയമ്പാറയിലുള്ള സര്‍ക്കാര്‍ ഓറഞ്ച് ആന്റ് വെജിറ്റബിള്‍ ഫാം സ്ഥിതിചെയ്യുന്ന സ്ഥലത്തെത്താം. ഇവിടെയുള്ള ഫാമിലെ കാഴ്ച്ചകള്‍ കാണാനും അവസരമുണ്ട്.

പിന്നീട് നേരെ യാത്ര തുടര്‍ന്നാല്‍ തേയില തോട്ടങ്ങള്‍ക്കിടയിലൂടെ കടന്നുപോയാല്‍ പോബ്‌സണ്‍ എസ്‌റ്റേറ്റിന്റെ ചെക്ക് പോസ്റ്റില്‍ വാഹനത്തിന്റെ നമ്പറും, പേരും, നല്‍കി കടന്നുപോയാല്‍ നെല്ലിയാമ്പതിയിലെ പ്രധാന കാഴ്ച്ചയായ സീതാര്‍കുണ്ടിലെത്താം. ഇവിടെ വാഹനങ്ങള്‍ക്ക് പാര്‍ക്കിംങ് ഫീസുണ്ട്. നടന്നുകയറിയാല്‍ പാലക്കാടിന്റെ മിക്ക ഭാഗങ്ങളും, ചുള്ളിയാറും, മീന്‍കരയും ഉള്‍പ്പെടെയുള്ള അണക്കെട്ടുകളും കാലാവസ്ഥ അനുകൂലമായാല്‍ കാണാന്‍ കഴിയും. സീതാര്‍കുണ്ടില്‍ നിന്നുള്ള കാഴ്ച്ചയും, പാലക്കാടും കാറ്റും ആസ്വദിക്കുകയെന്നത് ഒരു അനുഭൂതിയാണ്.

ഇവിടെയുള്ള കാഴ്ച്ചകള്‍ കണ്ട് തിരിച്ചിറങ്ങുന്ന വഴിയില്‍ സ്വകാര്യ റിസോര്‍ട്ടായ ഗ്രീന്‍ലാന്റിലേക്ക് ചച്ചുപിടിക്കാം. ഇവിടെ വിവിധ ഇനം കോഴികളും, പക്ഷികളുടെയും ആടുകളുടെയും ചെറിയ ഫാമുണ്ട്. കുട്ടികള്‍ക്ക് ആസ്വദിക്കാന്‍ കഴിയുന്നതാണ്. തിരിച്ച് തണുപ്പിലൂടെ കാഴ്ച്ചകള്‍ മനസ്സില്‍ ഓര്‍മ്മിക്കാനും, ചിത്രങ്ങള്‍ പകര്‍ത്തി സൂക്ഷിക്കാനും കഴിഞ്ഞ സന്തോഷത്തില്‍ ഒരു ദിവസത്തെ കാഴ്ച്ചകള്‍ കണ്ട് മടങ്ങി കൂടണയാം. (ഒരു ദിവസകാഴ്ച്ച മാത്രം).

ഇതു കൂടാതെ നെല്ലിയാമ്പതിയിലെ മറ്റൊരു ഭാഗമാണ് ഓഫ് റോഡ് യാത്ര. നെല്ലിയാമ്പതിയിലെ വനപാതയിലൂടെ ജീപ്പ് സവാരിയാണിത്. പുലയമ്പാറയില്‍ നിന്ന് 14 കിലോമീറ്റര്‍ ദൂരെയുള്ള കാരാശൂരി മല, ആനമട, മിന്നാംപാറ വഴിയുള്ള യാത്ര. മണ്‍പാതകളും, കരിങ്കല്‍വഴികളും, പാറയ്ക്ക് മുകളിലൂടെയുള്ള ആസ്വാദകരമായ യാത്രയാണിത്. ഭാഗ്യമുണ്ടെങ്കില്‍ ആനയോ, കാട്ടുപോത്തുകളോ, മറ്റു വന്യ മൃഗങ്ങളെയോ നേരില്‍ കാണാനുള്ള അവസരവുമുണ്ട്.

ശ്രദ്ധിക്കേണ്ടത് – കാടാണ്. മറ്റൊരു ആവാസ വ്യവസ്ഥയിലേക്കാണ് കടന്നുകയറുന്നത്. നമ്മുടെ തനി സ്വഭാവം അവിടെ കാണിക്കരുത്. നാളേയ്ക്ക് വരുന്നവര്‍ക്ക് കൂടി ആ ഭംഗി പകര്‍ന്നു നല്‍കാനുള്ള സന്‍മനസ്സുകൂടി കാണിക്കണം. കൂടുതല്‍ പറയാനുണ്ട്. വായിക്കാനുള്ള സുഖമുണ്ടാകില്ല. പച്ചപ്പു കാണാന്‍.. കോടമഞ്ഞിന്റെ കുളിരണിയാന്‍… ഭാഗ്യമുണ്ടെങ്കില്‍ വന്യമൃഗങ്ങളെയും കാണാന്‍..