തത്തൻകോട്ടെ ഷീജചേച്ചിയുടെ നെസ്‌ലെ മിൽക്ക്-മെയ്‌ഡ്‌ ഫ്രൂട്ട് സർബത്ത്

വിവരണം – Praveen Shanmukom (ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ).

ഇത് തിരുവനന്തപുരത്തെ മിൽക്ക്മെയ്ഡ് ഫ്രൂട്ട് സർബത്ത്. നെടുമങ്ങാട് ചെന്നശേഷം പഴകുറ്റി ജംഗ്ഷനിൽ നിന്ന് നേരെയുള്ള വഴി, കൊല്ലങ്കാവ് – പുത്തൻ പാലം റൂട്ട് വഴി പോകുമ്പോൾ 2.5 കിലോമീറ്റർ കഴിഞ്ഞ് പുത്തൻ പാലം എത്തുന്നതിന് തൊട്ട് മുമ്പ് വലത് വശത്ത് രണ്ടാമതായി (പാലോട് നിന്ന് നെടുമങ്ങാട് പോകുമ്പോൾ ഇടത് വശത്തായി ആദ്യത്തെ കട) Nestle മിൽക്ക് മെയ്ഡിന്റെ ചെറിയ തട്ട് കാണാം വീടിന്റെ മുന്നിലായി. ഇരുന്ന് കഴിക്കാൻ ചെറിയ ഒരു മുറിയും പുറകേ കാണാം. ഇരുന്ന് കഴിക്കാൻ അത് ഒഴിഞ്ഞ് കണ്ടിട്ടില്ല.

തട്ട് സ്പോണസർ ചെയ്തത് Nestle തന്നെ. എറണാകുളത്തെ മെയിൻ ഏജൻസി പച്ച പിടിച്ചത് പോലും ഇവിടത്തെ ചെലവ് കാരണമാണ്. പ്രീ പെയ്ഡായി ആണ് അവർ ഇപ്പോൾ Nestle ഇവിടെ കൊടുക്കുന്നത്. ഇത്രയും sale ഇവിടെ നടക്കുന്നുന്നത് കൊണ്ടാണെന്ന് അങ്ങ് സായിപ്പിന്റെ നാട്ടിൽ അറിയച്ചപ്പോൾ അത് നേരിട്ടറിയാൻ ഫ്ലൈറ്റ് കയറി എത്തിയ രണ്ട് സായിപ്പന്മാരുടെ കഥയും ഇവിടെ ചരിത്രം.

ഇങ്ങനെയൊരു സർബത്ത് കട ഉണ്ടാവാൻ കാരണം അവിടെയുള്ള ഡ്രൈവിങ്ങ് സ്ക്കൂൾ ആണ്. വീട്ടിലെ ഒരു മുറി അവിടത്തെ വെഹിക്കളുകാർക്ക് വാടകയ്ക്കായി കൊടുത്തിരുന്നു. കൂടാതെ അവിടെ ഡ്രൈവിങ്ങ് സ്ക്കൂളിലെ പലരും അച്ചന്റെ സുഹൃത്തുക്കൾ; അവർ ഷീജയുടെ വീട്ടിൽ വരുമ്പോൾ നാരങ്ങ വെള്ളവും മോരുമൊക്കെ കലക്കി കൊടുക്കുമായിരുന്നു. ഒരുപാട് പേർക്ക് ഇത് പല തവണ ആയപ്പോൾ അവർ പറഞ്ഞു. മോളേ നീ ചെറുതായിട്ട് ഒരു കട തുടങ്ങ്. നമ്മൾ കാശ് തന്ന് വാങ്ങിച്ച് കുടിച്ചോളാം.

അന്ന് ആ പരിസരത്ത് വേറെ ഇത് പോലെ പാനീയങ്ങൾ കിട്ടുന്ന കടയൊന്നുമില്ല. അങ്ങനെ നാരങ്ങ വെള്ളവും മോരുമായി 2010 ൽ തുടങ്ങിയതാണ് ഈ കട. ഇവിടത്തെ കച്ചവടം പൊടിപൊടിച്ചപ്പോൾ ആർക്കും വേണ്ടാത്ത ഈ സ്ഥലത്ത് ഒരുപാട് കച്ചവടക്കാരായി. ചിലരൊക്കെ കട മാറി വേറെ കടയിൽ നിന്ന് കഴിച്ചിട്ട് ഷീജയുടെയാണെന്ന് തെറ്റിദ്ധരിച്ച് ഷീജയുടെ കടയെ കുറ്റം പറയുന്നുവരുമുണ്ട്. കടയുടെ പടവും ഷീജയുടെ പടവും ഇട്ടിട്ടുണ്ട്. തെറ്റാതെ പോകുക.

2014 ലാണ് ഇവിടെ മിൽക്ക് മെയ്ഡ് ആരംഭിച്ചത്. നമ്മുടെ ടൈം. അതെ തികച്ചും ഭക്ഷണ പ്രാന്തന്മാരായ നമ്മൾ തിരോന്തരംകാരുടെ സമയമായിരുന്നു അത്. പല പോസ്റ്റിലും പറയാറുണ്ട് നിങ്ങൾ അത് വഴി പോകുമ്പോൾ ഒന്ന് കേറി കഴിക്കണേ എന്ന്. ഇവിടെ അങ്ങനെയല്ല. അത് വഴി പൊമ്മുടിയൊക്കെ കാണാൻ പോകുമ്പോൾ കേറണം എന്നല്ല ഇത് കഴിക്കാൻ വേണ്ടി മാത്രം കുറച്ച് കിലോമീറ്ററുകൾ താണ്ടി ഇവിടെ വന്നാലും തീർച്ചയായും നല്ല ഒരു ഭക്ഷണ അനുഭവം തന്നെയായിരിക്കും. പിന്നൊരു കാര്യം വരുമ്പോൾ ഒറ്റയ്ക്ക് വരരുത്. ഒറ്റയ്ക്ക് വന്നാൽ ചിലപ്പോൾ താങ്ങൂല. ഒരു ഗ്ലാസ്സ് എന്ന് പറഞ്ഞാൽ ഒരു രണ്ട് ഗ്ലാസ്സ് അടുപ്പിച്ച് വരും.

എന്തൊക്കെയാണ് ഇതിലെ ചേരുവകൾ. Nestle Milk Maid, തേങ്ങ തിരുമ്മി പിഴിഞ്ഞ് എടുക്കുന്ന തേങ്ങാ പാൽ. രസകദളി പഴം, പൈനാപ്പിൾ, പപ്പയ്ക്ക, ആപ്പിൾ, കുരുവില്ലാത്ത മുന്തരിങ്ങ അരിഞ്ഞ് ഇടും, സ്വന്തമായി കാച്ചിയെടുക്കുന്ന മുട്ട ചേർക്കാത്ത നറുനീണ്ടിയുടെ സിറപ്പ്, വാനില ഐസ്ക്രീം കാച്ചിയെടുക്കുന്നത് പിന്നെ ഒരു ലോഡ് കപ്പലണ്ടിയും. വീട്ടിലെ വെള്ളമാണ് ഉപയോഗിക്കുന്നത്. വീട്ടിലെ ഫ്രീസറിൽ വച്ചുണ്ടാക്കിയ ഐസ്സാണുപയോഗിക്കുന്നത്. വില ₹ 40. ഒട്ടും കൂടുതലല്ല. വാങ്ങിച്ച് നോക്കു. എല്ലാം നല്ല ക്വാണ്ടിറ്റിയും ഉണ്ട്.

രണ്ട് വർഷം മുൻപ് 30 രൂപയായിരുന്നു വില. പെരുന്നാളും ഓണവും ഒന്നിച്ച് വന്ന ആ സമയത്ത് രസകദളി പഴത്തിന് വില കൂടിയപ്പോഴാണ് 40 രൂപയാക്കിയത്. നല്ല ക്വാളിറ്റിയുള്ള പ്ളാസ്റ്റിക്ക് സ്പൂണാണുപയോഗിക്കുന്നത്. ഉപയോഗശേഷം കളയുന്ന സ്പൂണുകൾ കത്തിച്ച് കളയാറില്ല. ചാക്കിലാക്കി മുൻസിപാലിറ്റിക്ക് നല്കുകയാണ് ചെയ്യുന്നത്. അതിനവർ ഷീജയിൽ നിന്ന് നൂറ് രൂപ ഈടാക്കുന്നുമുണ്ട്.

സ്‌റ്റീൽ സ്‌പൂൺ ആവശ്യപ്പെടുന്നവർക്ക് നാല് മണി വരെ നല്കും. നാല് മണിയെന്ന് എടുത്ത് പറയാൻ കാരണം. ഗ്ളാസ്സ് കഴുകുന്ന ലേഡി സ്റ്റാഫ് തന്നെയാണ് സോപ്പെല്ലാം ഇട്ട് രണ്ട് മൂന്ന് വെള്ളത്തിൽ ഗ്ളാസ്സ് കഴുകുന്നത്. 4 മണി കഴിഞ്ഞാൽ അവർ പോകും. പിന്നെ ഷീജയെ കൊണ്ട് എല്ലാം കൂടി അതായത് ഗ്ളാസ്സ് കഴവലല്ല സ്പൂൺ കഴുകൽ എല്ലാം കൂടി പ്രാക്ടിക്കലി പറ്റില്ല. പിന്നെ ഇവിടെ ഒന്നും വെറും കഴുകൽ ഇല്ല. വൃത്തി ഒരു പ്രധാന കാര്യമാണ്. അത് പോലെ തന്നെ കസ്റ്റമേഴ്സിനോട് ഇടപ്പെടുന്ന രീതിയും. കുടിച്ചിട്ട് പൈസയും തന്നിട്ട് പോ എന്ന രീതിയല്ല. വീട്ടിലുള്ളവർക്ക് കൊടുക്കുന്ന പോലെ. കൊച്ച് പിള്ളേരുടെയടുത്ത് ഒരു അമ്മയെ പോലെ അല്ലാത്തവർക്ക് ഒരു പെങ്ങളെപോലെയൊക്കെ തോന്നുന്ന പ്രകൃതം. കൂടെയുള്ള സ്റ്റാഫുകളോടൊക്കെ ഗർവില്ലാതെ നല്ല രീതിയിൽ പെരുമാറുന്ന സ്റ്റൈൽ. ഇതൊക്കെ ഒരിടത്ത് നിന്നും മാർക്കറ്റിങ്ങ് ടെക്കനിക്ക് പഠിച്ച് ഉണ്ടാക്കിയെടുത്തതല്ല. ഹൃദയത്തിൽ നിന്ന് വരുന്നത്. തനി തിരോന്തരമെന്ന്.

രാവിലെ 9:15, കൂടിയാൽ 9:30 ക്ക് കട തുടങ്ങും. രാത്രി 6:45 മാക്സിമം 7:00 മണി വരെ കാണും. പാഴ്സലിന് നല്ല ചെലവാണിവിടെ. രാവിലെ കട തുടങ്ങുമ്പോൾ തന്നെ ഒരു സർബത്തിന്റെ 50 പാഴ്സൽ, രണ്ടെണ്ണെത്തിന്റെ 60 പാഴ്സൽ കെട്ടി പതിനൊന്ന് മണിക്ക് മുമ്പ് ഫ്രീസറിൽ എടുത്ത് വയ്ക്കും. അതൊരു പന്ത്രണ്ടര ഒരു മണിക്ക് മുമ്പ് തീരും.

ഞാനിവിടെ ആദ്യം പോയത് ഭാര്യയും രണ്ട് കുട്ടികളുമായാണ്. രണ്ടാമത് ചെന്നപ്പോൾ കൂടെ ഭാര്യയും സുഹൃത്ത് Sreeja Mathew വും ഉണ്ടായിരുന്നു. മൂന്ന് പേർക്ക് രണ്ട് സർബത്ത് വാങ്ങി. വയർ നിറഞ്ഞത് കാരണം തീർക്കാൻ പെട്ട പാട്. കുട്ടികളെ ഷീജ അന്വേഷിച്ചു. എന്തായാലും അവർക്ക് വേണ്ടിയും കൂടി പാഴ്സൽ വാങ്ങി. വീട്ടിൽ എത്തി ഇത് കണ്ടപ്പോഴേക്കും പിള്ളേര് ചാടി വീണ് ഫിനിഷാക്കി. പിന്നെ ഷീജയെ കോണ്ടാക്റ്റ് ചെയ്തപ്പോൾ പാഴ്സൽ വീട്ടിൽ ചെന്നയുടൻ ഫ്രീസറിൽ വച്ചോ (തേങ്ങാ പാൽ ചേർത്തിരിക്കുന്നതിനാൽ) കുട്ടികൾ കുടിച്ചോ എന്നൊക്കെ അന്വേഷിച്ചു. അതാണ് ഷീജ. പിന്നെങ്ങനെയാണ് നമുക്ക് ഒരു പെങ്ങളെ പോലെ തോന്നാതിരിക്കാനാവുക.

മിൽക്ക് മെയ്ഡ് സർബത്ത് മാത്രമല്ല നറുനീണ്ടി നാരങ്ങ സർബത്തും, സോഡയും ഇവിടെ കിട്ടും.ദൂരെ നിന്ന് പോകുന്നവർ ദയവായി ഫോൺ വിളിച്ച് ഉറപ്പ് വരുത്തിയിട്ട് പോകുക. സർബത്ത് Highly Recommended. ഈ സർബത്ത് ഇഷ്ടപ്പെടാത്തവർ ഒരു സർബത്ത് വിരോധി ആയിരിക്കും.

Al Ameen Fruit Sarbath, Thathancode, Nedumangad, Kerala 695541, PH- 9048402557,
https://goo.gl/maps/DKHWoYUNX1oJsV1NA.