തൃശ്ശൂർ – ഊട്ടി, കോട്ടയം – പഴനി, അർത്തുങ്കൽ – വേളാങ്കണ്ണി; പുതിയ KSRTC സർവ്വീസുകളുടെ ലിസ്റ്റ് പുറത്ത്…

കേരളത്തിന്റെ സ്വന്തം വാഹനമാണ് കെഎസ്ആർടിസി. കേരളത്തിനകത്തു മാത്രമല്ല അയൽസംസ്ഥാനങ്ങളായ കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിലും കെഎസ്ആർടിസിയുടെ സർവ്വീസുകൾ ലഭ്യമാണ്. അന്തർ സംസ്ഥാന സർവീസുകളുടെ കാര്യമെടുക്കുകയാണെങ്കിൽ കർണാടകയേക്കാൾ കൂടുതലും തമിഴ്‌നാട്ടിലേക്കാണ് കെഎസ്ആർടിസിയുടെ സർവ്വീസുകൾ ഉള്ളതെന്നു മനസ്സിലാക്കുവാൻ സാധിക്കും. ഗൂഡല്ലൂർ, ഊട്ടി, കോയമ്പത്തൂർ, പഴനി, പൊള്ളാച്ചി, ഉദുമൽപെട്ട്, മധുര, തേനി, വേളാങ്കണ്ണി, തെങ്കാശി, കന്യാകുമാരി, നാഗർകോവിൽ എന്നിവയാണ് കെഎസ്ആർടിസി വിജയക്കൊടി പാറിച്ചിരിക്കുന്ന തമിഴ്‌നാട്ടിലെ റൂട്ടുകൾ.

ഇപ്പോഴിതാ തമിഴ്‌നാടുമായുള്ള പുതുക്കിയ അന്തർ സംസ്ഥാന ബസ് സർവ്വീസ് കരാർ പ്രകാരം പുതിയ ഏതാനും സർവ്വീസുകൾ കൂടി ആരംഭിക്കുവാൻ കെഎസ്ആർടിസി തീരുമാനിച്ചിരിക്കുകയാണ്. ഇതു സംബന്ധിച്ച കുറിപ്പ് കെഎസ്ആർടിസി ചീഫ് ഓഫീസിൽ നിന്നും ബന്ധപ്പെട്ട യൂണിറ്റ് അധികാരികൾക്കും മേഖലാ അധികാരികൾക്കും ലഭിച്ചു കഴിഞ്ഞു. പുതുതായി തമിഴ്‌നാട്ടിലേക്കുള്ള കെഎസ്ആർടിസിയുടെ സർവ്വീസുകൾ ഏതൊക്കെയെന്നു താഴെ കൊടുക്കുന്നു.

കെഎസ്ആർടിസി തുടങ്ങുവാനിരിക്കുന്ന പുതിയ ഇന്റർ-സ്റ്റേറ്റ് ബസ് സർവ്വീസുകളും റൂട്ടും…

1. കണ്ണൂർ – കോയമ്പത്തൂർ : കണ്ണൂരിൽ നിന്നും പാലക്കാട്, വാളയാർ വഴി കോയമ്പത്തൂരിലേക്ക് സർവ്വീസ് വരുന്നു. ഇതിനായി രണ്ടു ബസ്സുകളാണ് (അപ് & ഡൗൺ) പുതുതായി അനുവദിച്ചിരിക്കുന്നത്. നിലവിൽ ചേർത്തല ഡിപ്പോയുടെ കീഴിലുള്ള AT 311, തൃശ്ശൂർ ഡിപ്പോയുടെ കീഴിലുള്ള AT 314 എന്നീ ബസ്സുകൾ ഇതിനായി കണ്ണൂർ ഡിപ്പോയിലേക്ക് അലോട്ട് ചെയ്തിട്ടുണ്ട്.

2. കോട്ടയം – പഴനി : കോട്ടയത്ത് നിന്നും കുമളി, തേനി വഴി പഴനിയിലേക്ക് കെഎസ്ആർടിസി സർവ്വീസ് ആരംഭിക്കും. ഇതിനായി രണ്ടു ബസ്സുകളാണ് പുതുതായി അനുവദിച്ചിരിക്കുന്നത്. നിലവിൽ ഇരിങ്ങാലക്കുട ഡിപ്പോയുടെ കീഴിലുള്ള AT 319, മാനന്തവാടി ഡിപ്പോയുടെ കീഴിലുള്ള AT 320 എന്നീ ബസ്സുകൾ ഇതിനായി കോട്ടയം ഡിപ്പോയിലേക്ക് മാറ്റിയിട്ടുണ്ട്. നിലവിൽ പഴനിയിലേക്ക് നേരിട്ട് കൊട്ടാരക്കര, തിരുവനന്തപുരം, ചേർത്തല,എറണാകുളം, തൃശ്ശൂർ, ഗുരുവായൂർ, പാലക്കാട് എന്നിവിടങ്ങളിൽ നിന്നുമാണ് കെഎസ്ആർടിസി സർവ്വീസുകൾ നടത്തുന്നത്.

3. എറണാകുളം – പഴനി : എറണാകുളത്തു നിന്നും മൂന്നാർ, മറയൂർ, ചിന്നാർ, ഉദുമൽപേട്ട വഴി പഴനിയിലേക്ക് പുതിയ സർവ്വീസ് വരുന്നു. ഇതിനായി പാലക്കാട് ഡിപ്പോയിലെ AT 322, ഗുരുവായൂർ ഡിപ്പോയിലെ AT 324 എന്നീ ബസുകൾ എറണാകുളത്തേക്ക് മാറ്റുന്നതിനായി അധികാരികൾ നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിൽ എറണാകുളത്തു നിന്നും പഴനിയിലേക്ക് പാലക്കാട് വഴി ഒരു ലിമിറ്റഡ് സ്റ്റോപ്പ് സർവ്വീസ് ഉണ്ടെങ്കിലും പുതിയ സർവ്വീസ് മൂന്നാർ വഴിയാണെന്നത് എടുത്തു പറയേണ്ട ഒരു കാര്യമാണ്.

4. സുൽത്താൻ ബത്തേരി – കോയമ്പത്തൂർ : വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരിയിൽ നിന്നും ഊട്ടി, മേട്ടുപ്പാളയം വഴി കോയമ്പത്തൂരിലേക്ക് വീണ്ടും ഒരു പുതിയ സർവ്വീസ് വരുന്നു. ഇതിനായി നെയ്യാറ്റിൻകര ഡിപ്പോയിൽ നിന്നും AT 327 എന്ന ബസ് ബത്തേരിയിലേക്ക് അലോട്ട് ചെയ്തിട്ടുണ്ട്. നിലവിൽ ബത്തേരി – കോയമ്പത്തൂർ റൂട്ടിൽ ഒരു സൂപ്പർഫാസ്റ്റ് ബസ് സർവ്വീസ് നടത്തുന്നുണ്ട്.

5. മാനന്തവാടി – കോയമ്പത്തൂർ : സുൽത്താൻ ബത്തേരിയ്ക്ക് പുറമെ വയനാട് ജില്ലയിലെത്തന്നെ മാനത്താവടിയിൽ നിന്നും കൽപ്പറ്റ, ഊട്ടി, മേട്ടുപ്പാളയം വഴി കോയമ്പത്തൂരിലേക്ക് പുതിയ സർവ്വീസ് കൂടി ആരംഭിക്കും. ഇതിനായി ആലുവ ഡിപ്പോയിൽ നിന്നും AT 325 എന്ന ബസ് മാനന്തവാടിയിലേക്ക് മാറ്റിയിട്ടുണ്ട്.

6. തൃശ്ശൂർ – ഊട്ടി : മധ്യകേരളത്തിൽ നിന്നും ഒരു ഊട്ടി സർവ്വീസ് വേണമെന്ന് യാത്രക്കാർ മുറവിളി കൂട്ടുവാൻ തുടങ്ങിയിട്ട് നാളുകളേറെയായി. പാലക്കാട് നിന്നുമായിരിക്കും ഊട്ടി സർവ്വീസ് തുടങ്ങുകയെന്നു എല്ലാവരും കരുതിയെങ്കിലും നറുക്ക് വീണത് കേരളത്തിന്റെ സാംസ്ക്കാരിക തലസ്ഥാനമായ തൃശ്ശൂരിനായിരുന്നു. തൃശ്ശൂരിൽ നിന്നും പാലക്കാട്, വാളയാർ, കോയമ്പത്തൂർ, മേട്ടുപ്പാളയം വഴിയാണ് ഊട്ടി സർവ്വീസ്. ഈ സർവ്വീസ് നടത്തുന്നതിനായി പത്തനാപുരം ഡിപ്പോയിൽ നിലവിലുള്ള AT 313 എന്ന ബസ് തൃശ്ശൂർ ഡിപ്പോയ്ക്ക് നൽകിയിട്ടുണ്ട്.

7. അർത്തുങ്കൽ – വേളാങ്കണ്ണി : ആലപ്പുഴ ജില്ലയിലെ പ്രശസ്തമായ ക്രൈസ്തവ തീർത്ഥാടന കേന്ദ്രമായ ആർത്തുങ്കലിൽ നിന്നും പാലക്കാട്, കോയമ്പത്തൂർ, കാരൂർ, ട്രിച്ചി, തഞ്ചാവൂർ വഴി വേളാങ്കണ്ണിയിലേക്ക് പുതിയ സർവ്വീസ് ആരംഭിക്കുന്നു. ചേർത്തല ഡിപ്പോയായിരിക്കും ഈ സർവ്വീസ് ഓപ്പറേറ്റ് ചെയ്യുന്നത്. ഇതിനായി തിരുവനന്തപുരം ഡിപ്പോയിലെ AT 330, മൂവാറ്റുപുഴ ഡിപ്പോയിലെ AT 323 എന്നീ ബസുകൾ ചേർത്തല ഡിപ്പോയിലേക്ക് ട്രാൻസ്‌ഫർ ചെയ്തിട്ടുണ്ട്.

8. കോഴിക്കോട് – ഗൂഡല്ലൂർ : കോഴിക്കോട് നിന്നും നിലമ്പൂർ വഴി തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലെ ഗൂഡല്ലൂരിലേക്ക് പുതിയ സർവ്വീസുകൾ വരുന്നു. ഇതിനായി പാലക്കാട് ഡിപ്പോയിൽ നിന്നും AT 408, AT 409, AT 410 എന്നീ ബസുകളും എറണാകുളത്തു നിന്നും AT 400 എന്ന ബസ്സും ഉൾപ്പെടെ മൊത്തം നാലു ബസ്സുകൾ നിലമ്പൂർ ഡിപ്പോയിലേക്ക് ട്രാൻസ്‌ഫർ ചെയ്തിട്ടുണ്ട്.

മുകളിൽപ്പറഞ്ഞിട്ടുള്ള സർവീസുകളുടെ സമയവിവരങ്ങൾ ഉൾപ്പെടെയുള്ള പട്ടിക തയ്യാറാക്കി 03-06-2019 നു മുൻപായി ഇഡിഒ യ്ക്ക് നൽകുന്നതിനായി അതാത് യൂണിറ്റുകളിലെ ഓഫീസർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.