കിളിക്കൂട്ടിലെ ചില്ലി ചിക്കൻ : നികുഞ്ചം

വിവരണം – ‎Praveen Shanmukom‎ (ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ).

തിരുവനന്തപുരത്തുകാരുടെ പ്രിയപ്പെട്ട ചിക്കൻ ചില്ലി യുടെ ഒരിടമായ നികുഞ്ചത്തിന്റെ വഴികളിലൂടെ. 1975 ൽ ശ്രീ കൃഷ്ണൻ നായർ തുടങ്ങിയ നികുഞ്ചം. ഇപ്പോൾ നികുഞ്ചം നിന്നിരുന്ന സ്ഥലവും അതിനോട് അനുബന്ധിച്ചുള്ള സ്ഥലത്തും അദ്ദേഹത്തിന്റെ 40 മുറികളുള്ള വലിയയൊരു വീടായിരുന്നു. കൂട്ടുകാരായ സാഹിത്യകാരന്മാരുടെയും സിനിമക്കാരുടെയും വേദിയായിരുന്നു ആ വീട്. കഥ പറഞ്ഞും, എഴുതിയും പാട്ട് എഴുതിയും പാടി ആസ്വദിച്ചും സൊറകൾ പറഞ്ഞും ആസ്വദിച്ചിരുന്ന ഒരു കാലം. ആ സുഹൃദ് സംഗമങ്ങളുടെ ഇടയിൽ തന്റെ സ്വതവേയുള്ള പാചക കലയുടെ നൈപുണ്യവുമായി നമ്മുടെ ശ്രീ കൃഷ്ണൻ നായർ വിഹരിച്ചിരുന്നു. പല വിധ പരീക്ഷണങ്ങൾ. അതിൽ നിന്ന് ഉയിർ കൊണ്ടതാണ് ഇപ്പോഴത്തെ നമ്മുടെ നികുഞ്ചത്തിലെ ചില്ലി ചിക്കൻ.

അദ്ദേഹത്തിന്റെ ഭാര്യാ പിതാവ് ഒരു ദിവസം ചോദിച്ചു. എന്ത് കൊണ്ട് ഇത് ഭക്ഷണ പ്രിയരായ ജനങ്ങളുടെ ഇടയിലേക്ക് എത്തിച്ചു കൂടാ. അവിടെ നിന്ന് തുടങ്ങുന്നു നികുഞ്ചത്തിന്റെ ഭക്ഷണ യാത്രയിലേക്കുള്ള പ്രയാണം.നികുഞ്ചം എന്ന പേരിനു പിന്നിലുമുണ്ട് കൂട്ടുകാർക്കു ഒരു പങ്കു. പലരും ദേശാടന പക്ഷികൾ. കിളികൾ കല പില കൂട്ടുന്ന പോലെയാണ് അവർ കൂടിയാൽ. കിളികൾ ഒത്തു ചേരുന്ന ഒരു പുൽക്കൂട് എന്ന അർത്ഥത്തിലാണ് നികുഞ്ചം എന്ന പേര് നൽകിയത്. ഒരു കൂട്ടുകാരൻ നിർദേശിച്ചതാണ് ഈ പേര്.

വർഷം നോക്കുകയാണെങ്കിൽ 1975 നും മുൻപേ തുടങ്ങിയതാണ് ഈ ഭക്ഷണയിടം. റിക്കോർഡിൽ ഉള്ള 1975 എന്ന വർഷമാണ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്. 2005 ൽ ശ്രീ കൃഷ്ണൻ നായർഅദ്ദേഹം കാലയവനികയ്ക്കുള്ളിൽ മറഞ്ഞു. മകളും മകളുടെ മകനും അടങ്ങുന്ന കുടുംബമാണ് ഇപ്പോൾ ഇത് നോക്കി നടത്തുന്നത്.

നികുഞ്ചം ഒരുപാടു ഓർമ്മകൾ തന്ന ഒരു ഭക്ഷണയിടം. ഒരു കാലത്തു തിരുവനന്തപുരത്തു ചിക്കൻ ഫ്രൈയുടെ രുചിയരങ്ങുകൾ തീർത്ത നികുഞ്ചം. 2005 ൽ വഴുതക്കാട് കുടുംബശ്രീയുടെ ഓഫീസിൽ ജോലി ചെയ്തിരുന്ന സമയം നികുഞ്ചം വളരെ വലിയ ഒരു അനുഗ്രഹമായിരുന്നു. പിന്നെയും പലപ്പോഴും രുചി തേടി വന്നിട്ടുണ്ട്. നികുഞ്ചം മെല്ലെ മെല്ലെ കാലത്തിന്റെ കുത്തൊഴുക്കിൽ അങ്ങ് മറഞ്ഞു. എവിടേ ആ പഴയ നികുഞ്ചം എന്ന് ചിന്തിച്ചിരിക്കേ മാറ്റങ്ങൾ വരുത്തി നികുഞ്ചം വീണ്ടും പറന്നിറങ്ങിയത്. ഏകദേശം രണ്ട് മാസം മുമ്പാണ് വീണ്ടും അതിന്റെ യാത്ര ആരംഭിച്ചത്. തുടക്കത്തിൽ ഒരു പരീക്ഷണം എന്ന നിലയിൽ എല്ലാ ദിവസവും പ്രവർത്തന നിരതമായിരുന്നില്ല. ഇപ്പോൾ അത് മാറി, തടസ്സങ്ങളില്ലാതെ ഒഴുക്കുള്ള യാത്രയിലാണ്.

ഭക്ഷണ അനുഭവം : രണ്ടു തവണ കേറി, ആദ്യത്തെ അനുഭവത്തിൽ ആ ചിക്കൻ ചില്ലിയുടെ രുചി അത്രയ്ക്ക് അങ്ങ് ആസ്വദിച്ചോ എന്ന സംശയം കാരണം രണ്ടാമതൊരിക്കൽ വീണ്ടുമൊന്നു കേറി. ആദ്യം ഒരു വൈകുന്നേരവും രണ്ടാമത് ഒരു ഉച്ചയ്ക്കും. ഉച്ചയ്ക്ക് 12 മണിയാകുമ്പോഴേ ചിക്കൻ ചില്ലി റെഡി ആകും എന്നറിഞ്ഞു തന്നെയാണ് ചെന്നത്. ഒന്നര രണ്ടു മണി ആകുമ്പോഴേക്കും ബീഫ് ചില്ലിയും ഇവിടെ ലഭ്യമാണ്. രണ്ടാമത് ചെന്നപ്പോൾ ചിക്കൻ ചില്ലി തികച്ചും പൊളിച്ചു. എങ്കിലും എന്നെ സംബന്ധിച്ചു എനിക്ക് കൂടുതൽ ഇഷ്ടപ്പെട്ടത് ബീഫ് ചില്ലിയാണ്. ഊണ് ഇല്ലാത്തതിനാൽ തന്നെ കൂടെ കഴിച്ചത് പെറോട്ടയും ഇടിയപ്പവുമായിരുന്നു. ആദ്യം ചപ്പാത്തിയും കഴിച്ചിരുന്നു. എല്ലാം കൊള്ളാം. ഇഷ്ടപ്പെട്ടു. നിങ്ങൾ ഒരു ചില്ലി ചിക്കൻ പ്രേമിയാണെങ്കിൽ നികുഞ്ചത്തിലെ ചിക്കൻ നോട്ട് ചെയ്തു വച്ചോളു. അത് പോലെ ബീഫ് ചില്ലിയും മറക്കണ്ട.

വഴുതക്കാട് ടാഗോർ തീയേറ്ററിന് എതിരെയായി മുസ്ലിം പള്ളിയുടെ തൊട്ടു അടുത്താണ് നികുഞ്ചം. വിശ്വാസികളോടുള്ള ബഹുമാനാർത്ഥം ഇവിടെ എല്ലാം 100% ഹലാൽ ആയാണ് ചെയ്യുന്നത്. വിശ്വസിക്കാം, ചോദിച്ചു ഉറപ്പു വരുത്തിയത്. ഒരേ സമയം 16 പേർക്ക് ഇരുന്ന് കഴിക്കാം 4 മേശകളിലായി. സമയം രാവിലെ 9 മുതൽ രാത്രി 10 മണി വരെ.

Nikunjam Restaurant, Opposite Tagore Theatre, Vazhuthacaud, Nandavanam, Thycaud, Thiruvananthapuram, Kerala 695014.