ഉയർന്നു വന്ന KSRTC വടക്കൻ പറവൂർ ഡിപ്പോ വീണ്ടും അന്ധകൂപത്തിലേക്കുള്ള യാത്രയിലോ?

എന്റെ പേര് KSRTC വടക്കൻ പറവൂർ. ഞാൻ ജനിച്ച നാൾക്ക് മുതലേ എന്നെ എല്ലാവരും മോശമായ രീതിയിൽ ആണ് കാണുന്നത്. അന്നുണ്ടായിരുന്ന എന്റെ സാറന്മാർ എനിക്ക് കൊറേ ചീത്തപ്പേര് കേൾപ്പിച്ചു. അങ്ങനെ എല്ലാവരുടെയും മുന്നിൽ ഞാൻ മോശക്കാരൻ ആയി. കുറച്ചു നാൾക്ക് മുന്നേ എന്നെ സ്നേഹിക്കുന്ന സ്വന്തം എന്ന പോലെ നോക്കുന്ന ജീവനക്കാരെയും ഫാൻസ്‌കാരെയും ADEയെയും കിട്ടി. അങ്ങനെ അവർ എന്നെ നല്ല രീതിയിൽ പരിപാലിച്ചു എന്നെ ഉയർത്തെഴുന്നേല്പിച്ചു. എല്ലാവരും എന്റെ ആവശ്യം മനസിലാക്കി എന്നെ മുന്നോട്ടു നയിച്ചു. അങ്ങനെ അവർ എന്നെ കൊണ്ട് കൊറേ നല്ല കാര്യങ്ങൾ ചെയ്യിപ്പിച്ചു. നാട്ടുകാർക്കൊക്കെ വലിയ ഉപകാരം ആയി എന്നെ കൊണ്ട്.. എനിക്ക് ഉണ്ടായിരുന്ന ചീത്തപ്പേര് ഒക്കെ മാറിതുടങ്ങി..

അങ്ങനെ ഇരിക്കെ പെട്ടെന്ന് ഒരു ദിവസം എന്റെ പ്രിയ ജീവനക്കാരെയും ADEയെയും തട്ടിത്തെറിപ്പിച്ചു. അത് എന്റെ മുന്നോട്ട് ഉള്ള യാത്രയെ തടസപ്പെടുത്തി. പുതിയ ജീവനക്കാരും സാറന്മാരും വന്നു. ഞാൻ വിശ്വസിച്ചക്കാൻ ശ്രെമിച്ചു അവർ എന്റെ പഴയ സഹപ്രവർത്തകരെ പോലെ മുന്നോട്ട് നയിക്കും എന്ന്. പക്ഷെ എന്റെ സ്വപ്നകൾ ഇല്ലാതാക്കാൻ തുടങ്ങി എന്ന് ഞാൻ മനസിലാക്കി തുടങ്ങി. എന്നെ ജീവന് തുല്യം സ്നേഹിച്ച ജീവനക്കാരുടെ വാ അടച്ചുപൂട്ടി അവരെ ചോദ്യം ചെയ്യാൻ ആരും വരേണ്ട എന്ന നിലപാടുകൾ സ്വീകരിച്ചു. ഭരണ പരിഷ്‌ക്കാരങ്ങൾ എന്ന പേരിൽ വന്ന മാറ്റങ്ങൾ എന്നെ പൊതു സമൂഹത്തിൽ അപഹാസ്യനാക്കി.

എന്നെ സ്വന്തം കുടുംബത്തിലെ അംഗത്തെ പോലെ സ്നേഹിക്കുന്ന, എന്നും എനിക്ക് വേണ്ടി മുകളിൽ ഉള്ള ഓഫീസർമാരോട് പോലും സംസാരിക്കുന്ന എന്റെ ഫാൻസ്‌കാർ കൊറേ ഏറെ പരിശ്രമിച്ചു എന്നെ തിരിച്ചുകൊണ്ടു വരാൻ ആയിട്ട്. പക്ഷെ എന്റെ വളർച്ച സമ്മതിക്കാതെ എന്റെ സാറന്മാർ അവരെ എന്നിൽ നിന്നും അകറ്റി. ഇപ്പോൾ ഞാൻ പേടിക്കുന്നു. ഇവരുടെ കുത്തഴിഞ്ഞ ഭരണത്തിന്റെ അവസാനം എന്റെ അവസാനം ആയിരിക്കുമോ എന്ന്.

പുതിയ സാറന്മാരുടെ കഴിവ് കാരണം എനിക്ക് ഉണ്ടായ നേട്ടങ്ങൾ നിങ്ങളും അറിയണം. MDയുടെ ഉത്തരവ് ഉണ്ടായിട്ടും ഡബിൾ ഡ്യൂട്ടി സിസ്റ്റം നടപ്പിലാക്കാൻ പറവൂർ ഡിപ്പോ അധികൃതർക്ക് താൽപര്യമില്ല. പ്രധാന ചെയിൻ സർവീസുകൾ ആയ ആലുവ-പറവൂർ & ഗുരുവായൂർ-എറണാകുളം ചെയിൻ സർവിസുകൾ സിംഗിൾ ഡ്യൂട്ടിയുടെ പേരിൽ പ്രശ്നം ഉണ്ടായിരുന്നു. ഈ സർവിസുകൾ ഡബിൾ ഡ്യൂട്ടി ആക്കാൻ ഉത്തരവ് ഉണ്ടായിട്ടും അത് നടപ്പിൽ ആക്കാതെ അട്ടിമറിക്കപ്പെട്ടിരിക്കുന്നു.

MDയുടെ ഉത്തരവ് ഉണ്ടെങ്കിൽ മാത്രമേ ഡബിൾ ഡ്യൂട്ടി ആക്കാൻ പറ്റുള്ളൂ എന്ന വാശിയിൽ ആണ് അധികാരികൾ. എന്നാൽ MDയുടെ ഉത്തരവ് ഇല്ലാതെയാണ് എറണാകുളം – ഗുരുവായൂർ ചെയിനിൽ ക്രൂ ചേഞ്ച്‌ നടപ്പിലാക്കിയിരിക്കുന്നത്. അതിനു അധികാരികൾക്ക് യാധൊരു ബുദ്ധിമുട്ടും ഇല്ല.

സിംഗിൾ ഡ്യൂട്ടി മുഖേന ഉണ്ടായ അനാവശ്യ കട്ട്‌ ട്രിപ്പുകൾ നിലനിർത്തുകയും അത് കോർപ്പറേഷനു ബാധ്യതയാണ് എന്ന് മനസ്സിലാക്കിയിട്ടും വീണ്ടും ആ നടപടികളുമായി മുന്നോട്ട് പോകുകയാണ്. എറണാകുളം ഗുരുവായൂർ ചെയിൻ ഡബിൾ ഡ്യൂട്ടി ആയിരിക്കെ ഏറ്റവും കൂടുതൽ വരുമാനവുമായി സർവീസ് നടത്തിയിരുന്നതാണ് പറവൂർ ഡിപ്പോ. തിരിച്ചു ഡബിൾ ഡ്യൂട്ടി ആക്കാൻ അവസരം ലഭിച്ചിട്ടും ആക്കാതെ പ്രൈവറ്റ് ബസ്സിനെ സഹായിക്കാൻ വേണ്ടിയാണ് ഇത്തരം നടപടികളുമായി മുന്നോട്ട് പോകുന്നത്.

പുതിയ സർവീസ് ഇല്ല വണ്ടി ഇല്ല എന്ന് പറഞ്ഞു ഇരിക്കുമ്പോൾ ആണ് നെടുങ്കണ്ടം സർവിസും വണ്ടിയും കുറച്ചു ജീവനക്കാരും ഫാൻസുകാരും ചേർന്ന് എത്തിച്ചു കൊടുത്തത്. എന്നാൽ വണ്ടി ഓടിക്കാതെ നഷ്ടപെടുത്തുകയാണ് പറവൂരിലെ ഇൻസ്‍പെക്ടർ ഭരണത്തിലൂടെ സംഭവിച്ചത്. കൂടാതെ മൂന്നാർ സർവീസ് വീണ്ടും തുടങ്ങാൻ ശ്രമങ്ങൾ നടത്തിയപ്പോൾ അതിനെ എതിർത്തതും ഇൻസ്‌പെക്ടർമാർ ആണ്. മൂന്നാർ സർവീസ് ഓടിക്കഴിഞ്ഞിട്ടുണ്ട് എങ്കിൽ അതിനു കളക്ഷൻ ഉണ്ടാകില്ല എന്നും ആണ് ന്യായം. ആലുവ ഡിപ്പോയിൽ രാവിലെ 6 മണിക്ക് പാസ്സ് ആകുന്ന രീതിയിൽ സർവീസ് പുനസ്ഥാപിക്കാമോ എന്ന് ആവശ്യപ്പെട്ടിട്ടും സർവീസ് നടത്താൻ താൽപര്യം ഇല്ല എന്നാണ് പറവൂർത്തെ ഇൻസ്‌പെക്ടർമാർ മറുപടി നൽകിയത്.

ഏകദേശം 50/55 സർവീസ് മാത്രം ഉള്ള പറവൂർ ഡിപ്പോയിൽ ഞായറാഴ്ച മാത്രം 10 മുതൽ 15 ഷെഡ്യൂൾ വരെ ക്യാൻസൽ ചെയ്തു വണ്ടിയെ അവിടെ കാറ്റ് കൊള്ളിക്കാൻ ഇടുകയാണ്. ഇൻപെക്ടർമാർ ചുമ്മാ ആ കൂട്ടിൽ ഇരുന്നാൽ സാലറി കിട്ടും. എന്നാൽ ജീവനക്കാർക്ക് ഡ്യൂട്ടി ഉണ്ടേലെ അവർക്ക് സാലറി കിട്ടുള്ളു. പല ജീവനക്കാർക്കും ഡ്യൂട്ടി ഇല്ലാതിരുന്ന സമയത്താണ് ഇങ്ങനെ വണ്ടി ക്യാൻസൽ ചെയ്തു ചുമ്മാ ഇടുന്നത്. അന്നേ ദിവസം ഈ വണ്ടികൾ വൈറ്റില – ഗുരുവായൂർ റൂട്ടിൽ ഓടിയിരുന്നു എങ്കിൽ എത്രയോ വരുമാനം ഉണ്ടായിരുന്നേനെ.

ഇൻസ്‌പെക്ടർമാരുടെ ദുർഭരണത്തിൽ നിന്നും ഈ ഡിപ്പോയിൽ നിന്ന് പുതിയ സർവിസുകൾ തുടങ്ങാനോ ഉള്ള സർവിസുകൾ പോലും ഇല്ലാതാകുന്ന അവസ്ഥയാണ്. ഇതൊക്കെയാണ് ഇവിടത്തെ ഇൻസ്‌പെക്ടർമാരുടെ ദുർഭരണത്തിൽ നടക്കുന്നത്.

വൈപ്പിൻ MLA എസ്.ശർമയുടെ നേതൃത്വത്തിൽ അനുവദിച്ചു തന്ന സർവീസ് ആണ് 05:50 വൈപ്പിൻ – കോഴിക്കോട്. അന്ന് ആ സമയത്തു ഗ്യാപ്പില്ലാത്തത് കൊണ്ട് കളക്ഷൻ കുറവായതിനാൽ സർവീസ് നിർത്തിവെക്കുകയാണ് ചെയ്തത്. കഴിഞ്ഞ ഫെബ്രുവരി, മാർച്ച്‌ മാസങ്ങളിൽ ഒരു പറ്റം ജീവനക്കാരുടെയും ഫാൻസുകാരുടെയും പ്രയത്നത്തിൽ വൈകിട്ട് 5 മണിക്ക് എറണാകുളം നിന്ന് എടുത്തു 10 മണിക്ക് കോഴിക്കോട് എത്തുകയും, പിറ്റേന്ന് രാവിലെ 5 മണിക്ക് കോഴിക്കോട് നിന്നെടുത്തു രാവിലെ 10 മണിക്ക് എറണാകുളം എത്തുന്ന രീതിയിൽ ക്രമീകരിച്ചു സർവീസ് നടത്താൻ സോണൽ അനുവാദം ലഭിച്ചു. എന്നിട്ടും വണ്ടിയില്ല എന്ന ന്യായത്താൽ (വണ്ടി ഉണ്ടായിട്ടും) താൽപ്പര്യം ഇല്ലാത്തത് കൊണ്ട് മാത്രം ആ സർവീസ് ഓപ്പറേറ്റ് ചെയ്യാതെ മുടക്കി ഇട്ടിരിക്കുകയാണ്. കൂടാതെ സോണലിൽ നിന്ന് അനുവദിച്ച ടൌൺ ടു ടൌൺ സർവീസുകൾ ഉൾപ്പടെ ഇൻസ്‌പെക്ടർമാരുടെ താൽപര്യമില്ലായിമ കൊണ്ട് ഇന്നേ വരെ ഓപ്പറേറ്റ് ചെയ്യാൻ പറ്റിയിട്ടില്ല.

വർഷങ്ങളായിട്ടുള്ള പുലർച്ചെ 4:30ക്ക് ഉള്ള കോഴിക്കോട് സർവീസ്.. അത് ഏറ്റവും കൂടുതൽ കഷ്ടപ്പെട്ട് നേടിയെടുത്ത സർവീസ് ആണ് അത്. യാത്രക്കാരും ജീവനക്കാരും ചേർന്ന് വിജയിപ്പിച്ച സർവീസ്. പുതിയ ഇൻസ്‌പെക്ടർ ഭരണം വന്നതോടെ ആദ്യം അട്ടിമറിക്കാൻ ശ്രമിച്ച സർവീസ് ആണ് അത്. അന്നത്തെ സോണൽ ഓഫീസർ ആയിരുന്ന താജുദ്ധീൻ സാറിന്റെ നേതൃത്വത്തിലാണ് പുനർസ്ഥാപിച്ചത്. എന്നാൽ ഇന്ന് വീണ്ടും സർവീസ് അട്ടിമറിക്കുന്നതിന്റെ ഭാഗം ആയി സൺ‌ഡേ സർവീസ് ക്യാൻസൽ ചെയ്തു തുടങ്ങിയിരിക്കുന്നു.

കൂടാതെ കഴിഞ്ഞ മൂന്ന് വർഷക്കാലമായിട്ട് പറവൂരിൽ നിന്നും ഒരു പറ്റം ഫാൻസ്‌കാരുടെയും ജീവനക്കാരുടെയും നേതൃത്വത്തിൽ രണ്ട് ലോങ്ങ്‌ സർവിസുകൾ പത്തനംതിട്ടയുടെ മലയോര മേഖലയുമായി ബന്ധപെട്ട് നടത്തുവാൻ ശ്രമിച്ചിട്ടും ഇത് വരെ കഴിഞ്ഞില്ല. രണ്ട് തവണ ചീഫ് ഓഫീസ് വരെ പോയി സാങ്ക്ഷൻ ആയെങ്കിലും പ്രൈവറ്റ് ബസ് ലോബ്ബിയുടെ സമ്മർദ്ദം മൂലം നടന്നില്ല. ആ സർവീസ് കൊണ്ട് വരാൻ ആയിട്ട് യാതൊരു ശ്രമവും പറവൂർ ഡിപ്പോ ഭാഗത്തു നിന്നും ഇവിടത്തെ ജനപ്രധിനികളുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ല.

ഏറ്റവും രസകരമായ കാര്യം എന്തെന്നാൽ KSRTC യെ പ്രതീക്ഷിച്ചു നിൽക്കുന്ന യാത്രക്കാരെ പ്രൈവറ്റ് ബസ്സിന് ദാനം കൊടുക്കുന്ന സാറന്മാർ ആണ് ഞങ്ങളുടെ ഡിപ്പോയിലെ ഇന്നത്തെ ചില ഓഫീസർമാർ. പറവൂർ ഡിപ്പോയുടെ മുന്നിൽ നിന്ന് കൊണ്ട് എറണാകുളം, ഗുരുവായൂർ ഭാഗത്തേക്ക് പോകുന്ന യാത്രക്കാരെ പ്രൈവറ്റ് ബസ്സുകാർ വിളിച്ചു കൊണ്ട് പോകുമ്പോൾ ഇതെല്ലാം കണ്ടു വളരെ രസകരമായി ചിരിച്ചു നിൽക്കുക മാത്രമാണ് പറവൂർ ഡിപ്പോയിലെ സാറന്മാർ ചെയ്യാറ്. അവർ മനസിലാക്കുന്നില്ല അവർ തോണ്ടുന്നത് സ്വന്തം കുഴിയാണ് എന്നത്.

ഞാൻ ഈ പറഞ്ഞ കാര്യങ്ങൾ ചിലർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകാം. പക്ഷെ ഈ കാര്യങ്ങൾ ഞാൻ ഇനിയും നിങ്ങളോട് പറഞ്ഞില്ലെങ്കിൽ നിങ്ങൾ ഇനിയും എന്നെ മോശക്കാരനായി കാണും. അതുകൊണ്ട് പറഞ്ഞു പോയതാണ്. ഇതൊക്കെ വായിച്ചിട്ടെങ്കിലും ഡിപ്പോയിലെ സാറന്മാർക്ക് കാര്യങ്ങൾ മനസ്സിലാകട്ടെ.

എഴുത്ത് – പേരു പറയാൻ ആഗ്രഹിക്കാത്ത ഒരു കൂട്ടം KSRTC ജീവനക്കാരും ആനവണ്ടി പ്രേമികളും.