“എൻ്റെ പെരുന്നാളിങ്ങനെയാ..” പ്രളയബാധിതർക്കായി കടയിലെ മുഴുവൻ വസ്ത്രങ്ങളും നൽകി നൗഷാദ്…

പ്രളയദുരിതത്തിൽ അകപ്പെട്ട് ക്യാമ്പുകളിൽ കഴിയുന്നവർക്ക് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സഹായഹസ്തങ്ങൾ നീളുന്ന ഈ സാഹചര്യത്തിൽ നന്മയുടെ പര്യായമായി ഏവരുടെയും കണ്ണും മനസ്സും നിറയ്ക്കുകയാണ് എറണാകുളം വൈപ്പിൻ, മാലിപ്പുറം സ്വദേശിയും ബ്രോഡ്‌വെയിൽ ചെറുകിട കച്ചവടക്കാരനുമായ നൗഷാദ്.

സിനിമാതാരം കൂടിയായ രാജേഷ് ശർമ്മയും സുഹൃത്തുക്കളും കൂടി എറണാകുളം ബ്രോഡ് വെയിലെ കടകളിൽ ചാക്കുകളുമായി കയറി വയനാട്, നിലമ്പൂർ ദുരിതാശ്വാസ ക്യാമ്പുകളിലേക്കായി സഹായങ്ങൾ അഭ്യർത്ഥിക്കുകയായിരുന്നു. പലതരത്തിലുള്ള പ്രതികരണങ്ങളായിരുന്നു അവർ അഭിമുഖീകരിച്ചത്. ചില കടക്കാർ ഒന്നോ രണ്ടോ വസ്ത്രങ്ങളോ ചെരിപ്പുകളോ ഒക്കെ കൊടുത്തപ്പോൾ ചിലർ കച്ചവടം കുറവാണ് എന്നു പറഞ്ഞുകൊണ്ട് കൈമലർത്തി.

കടക്കാരേക്കാൾ അത്ഭുതപ്പെടുത്തിയത് വഴിയോരത്ത് തുണിത്തരങ്ങളും മറ്റും കച്ചവടം ചെയ്തിരുന്ന അന്യസംസ്ഥാനക്കാരായ ആളുകളായിരുന്നു. നഷ്ടക്കണക്കുകളൊന്നും പറയാതെ, അവരുടെ മുതലാളിമാരോട് അനുവാദം പോലും ചോദിക്കാതെ, സ്വന്തം റിസ്‌ക്കിൽ അവരാൽ കഴിയുന്നത് സംഭാവന ചെയ്യുകയുണ്ടായി. അങ്ങനെ സഹായങ്ങൾ ചോദിച്ചുകൊണ്ട് നടക്കുന്നതിനിടെയായിരുന്നു മാലിപ്പുറം സ്വദേശിയായ നൗഷാദ് വന്ന് വസ്ത്രങ്ങൾ തരാമെന്നു പറഞ്ഞുകൊണ്ട് അവരെ അയാളുടെ കടയിലേക്ക് ക്ഷണിക്കുന്നത്.

കടയിലെത്തിയ സംഘത്തെ ഞെട്ടിച്ചുകൊണ്ട് നൗഷാദിന്റെ ആദ്യത്തെ ചോദ്യം “പാന്റുകള് വേണോ”യെന്ന്. എന്തു തന്നാലും സ്വീകരിക്കുമെന്ന് മറുപടി കൊടുത്തപ്പോൾ ഒരു വലിയ ചാക്കുകെട്ട്‌ അതേപടി എടുത്ത്‌ മുന്നിലേക്കു വച്ച്‌ ദാ എടുത്തോയെന്ന് പറഞ്ഞു നൗഷാദ്. അടുത്തത്‌ കുട്ടികൾക്കുള്ള വസ്ത്രങ്ങൾ, അതിനടുത്തത്‌ കുഞ്ഞുകുട്ടികളുടെ ഉടുപ്പുകൾ, അംഗംങ്ങനെ.. ഇവയെല്ലാം ഓരോന്നായിട്ട്‌ പെറുക്കിവയ്ക്കുകയല്ല, വാരിയിടുകയായിരുന്നു.

നൗഷാദ് എന്ന സാധാരണക്കാരനായ ആ കച്ചവടക്കാരൻ, പെരുന്നാൾ പ്രമാണിച്ച് പുതുതായി സ്റ്റോക്ക് ഇറക്കിയ വസ്ത്രങ്ങളെല്ലാം ചാക്കുകളിലാക്കി അവർക്ക് കൊടുക്കുകയാണ് ചെയ്തത്. വസ്ത്രങ്ങളടങ്ങിയ ചാക്കുകൾ വീണ്ടും വീണ്ടും എടുത്തു കൊണ്ടുവന്നപ്പോൾ “മതി നിങ്ങൾക്കിത് വലിയ നഷ്ടം വരുത്തില്ലേ‌?” എന്നു ചോദിച്ചപ്പോൾ, “നമ്മൾ പോകുമ്പോൾ ഇതൊന്നും ഇവിടുന്ന് കൊണ്ടുപോവാൻ പറ്റൂല്ലല്ലോ? എനിക്ക് നാട്ടുകാരെ സഹായിക്കുന്നതാണ് എന്റെ ലാഭം. നാളെ പെരുന്നാളല്ലേ.. എന്റെ പെരുന്നാളിങ്ങനെയാ.” എന്നുപറഞ്ഞ് ചിരിച്ചൊരു മനുഷ്യൻ, അതാണ് നൗഷാദ്.

ഈ സംഭവങ്ങളെല്ലാം ആദ്യം മുതലേ രാജേഷ് ശർമ്മയും സുഹൃത്തുക്കളും ഫേസ്‌ബുക്കിൽ ലൈവ് വീഡിയോ ഇട്ടിരുന്നു. നൗഷാദ് ഇവരെ വിളിച്ചുകൊണ്ടു പോകുന്നതും, വസ്ത്രങ്ങളടങ്ങിയ ചാക്കുകൾ ഓരോന്നായി മുന്നിൽ വെയ്ക്കുന്നതും, അവരെല്ലാം ഇതുകണ്ട് അത്ഭുതസ്തബ്ധരായി പോകുന്നതുമെല്ലാം ആ വീഡിയോയിൽ നമുക്ക് കാണാവുന്നതാണ്. അവസാനം രാജേഷ് ശർമ്മ നൗഷാദിനെ കെട്ടിപ്പിടിച്ചുകൊണ്ട് വളരെ വികാരനിര്ഭരനായാണ് നന്ദി പറഞ്ഞത്.

വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളും ഇത് വാർത്തയാക്കി. നിറഞ്ഞ കണ്ണുകളോടെയാണ് ആളുകൾ ഈ വീഡിയോ ദൃശ്യങ്ങൾ കണ്ടത്. കേരളം മുഴുവനും നൗഷാദിനു നന്ദി പറഞ്ഞു, ഇപ്പോഴും പറഞ്ഞുകൊണ്ടേയിരുന്നു. ഇതിനിടെ നടൻ രാജേഷ് ശർമ്മ നൗഷാദിന്റെ മൊബൈൽ നമ്പർ ഫേസ്‌ബുക്കിലൂടെ ഷെയർ ചെയ്യുകയും ചെയ്തു. ധാരാളമാളുകളാണ് നൗഷാദിനെ വിളിച്ചു നേരിട്ട് അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ടിരിക്കുന്നത്.

ക്യാമറയിൽ നോക്കാൻ പോകും മടിയുള്ള, വെറും സാധാരണക്കാരനായ ഒരു പാവം കച്ചവടക്കാരൻ. അയാൾക്ക്‌ ജീവിക്കാനുള്ളതു മുഴുവനാണു കൊടുത്തത്‌. മാലിപ്പുറത്തുകാരൻ നൗഷാദിക്കാ.. നിങ്ങൾ ഞങ്ങളുടെ ഹീറോയാണ്. ഹീറോ എന്നു മാത്രം പറഞ്ഞാൽ പോരാ, ദൈവം തന്നെയാണ്. മനുഷ്യത്വവും നന്മയും ഇന്നും മരവിച്ചിട്ടില്ലായെന്ന തിരിച്ചറിവാണ് നൗഷാദിനെപ്പോലുള്ളവർ നമുക്ക് കാണിച്ചു തരുന്നത്. ഇതുപോലെ ധാരാളം നൗഷാദുമാർ നമ്മുടെ സമൂഹത്തിലുണ്ട്. നമുക്കും അവരെപ്പോലെയാകാം, പ്രളയക്കെടുതിയിൽ ജീവിതം വഴിമുട്ടിയ നമ്മുടെ സഹോദരങ്ങളെ കൈപിടിച്ചുയർത്തുവാൻ…