സോഷ്യൽ മീഡിയയിൽ ഹിറ്റായ അമ്മയുടെയും മകന്റെയും യാത്രകൾ സിനിമയാകുന്നു…

കേരളത്തിലെ തൃശ്ശൂരിൽ നിന്നും ഹിമാലയത്തിലേക്ക് ഒരു അമ്മയുടെയും മകന്റെയും യാത്ര… സോഷ്യൽ മീഡിയയിലും മുഖ്യധാരാ മാധ്യമങ്ങളിലുമെല്ലാം വൈറലായി മാറിയ ആ യാത്രാവിവരണവും ചിത്രങ്ങളുമെല്ലാം നമ്മൾ നെഞ്ചോടു ചേർത്തതാണ്. തൃശ്ശൂർ സ്വദേശിയായ ശരത് കൃഷ്ണനും അമ്മയും കൂടിയുള്ള യാത്രകളുടെ വിശേഷങ്ങൾ പിന്നീടും മലയാളികൾ നിറഞ്ഞ മനസോടെ വായിച്ചു. അതിൽ നിന്നും പ്രചോദനം കൊണ്ട് നിരവധിയാളുകൾ തങ്ങളുടെ മാതാപിതാക്കളെ വീടെന്ന നാലു ചുവരുകൾക്കുള്ളിൽ നിന്നും വിശാലമായ ലോകസൗന്ദര്യം കാണിക്കുവാൻ കൊണ്ടുപോയി. വാലന്റൈൻസ് ഡേയിൽ വരെ സ്വന്തം അമ്മയെയും കൊണ്ട് ട്രിപ്പ് പോയ ശരത് എന്ന ആ മകന്റെ സ്നേഹവും, തിരിച്ച് മകനോടുള്ള ആ അമ്മയുടെ വാത്സല്യവുമെല്ലാം കണ്ടു കണ്ണുനനഞ്ഞ അമ്മമാർ ധാരാളം.

ഇപ്പോഴിതാ ശരത്തിന്റെയും അമ്മയുടെയും യാത്രകളിൽ നിന്നും പ്രചോദനം കൊണ്ട്, അവരുടെ ജീവിതം അഭ്രപാളികളിൽ എത്തിച്ചുകൊണ്ട് ഒരു മലയാള സിനിമ വരുന്നു. പേര് “Oh Mother India”. ആ വിശേഷങ്ങൾ നമ്മളോട് പങ്കുവെയ്ക്കുകയാണ് ശരത് കൃഷ്ണൻ എന്ന ആ മകൻ.

“ഞങ്ങളുടെ യാത്രകൾ പുറം ലോകത്ത് അറിയിച്ച സഞ്ചാരി കുടുംബത്തിനാകട്ടെ ആദ്യത്തെ നന്ദി.ഈ യാത്രകൾ പ്രിയ സുഹൃത്തുക്കൾ നെഞ്ചിലേറ്റിയതിനുള്ള അംഗീകാരമാണ് വരാനിരിക്കുന്ന “Oh Mother India” എന്ന സിനിമ. പലരുടെയും ജീവിതത്തിൽ പലതും ചിന്തിപ്പിക്കുവാൻ ഈ യാത്രകൾക്ക് സാധിച്ചു എന്നതിൽ ജഗദീശ്വരനോട് നന്ദി പറയുന്നു. മഞ്ഞുമൂടിയ ഹിമാലയൻ താഴ്വരയിലെ നിശബ്ദതയെ ബുള്ളറ്റിന്റെ ശബ്ദം കൊണ്ട് തഴുകിയപ്പോൾ, ഞാനെന്ന മകന് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സമ്മാനം എന്റെ അമ്മയുടെ സന്തോഷമായിരുന്നു.

എന്റെ അമ്മയിലെ ആ പതിനെട്ടുകാരിയെ ഞാൻ ആദ്യമായി കണ്ടതീ താഴ്വരയിലാണ്. അതിനാൽ തന്നെ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദിവസവും ഇത് തന്നെ, അങ്ങനെയുള്ള ഈ ജീവിത യാത്രയെ ഒരു സിനിമ കഥയാക്കി മാറ്റുന്നതിന് പ്രിയ സുഹൃത്ത് ഷാനിക്ക് ഒരായിരം നന്ദി. കഴിഞ്ഞ ഒരു വർഷമായി പല സുഹൃത്തുക്കളും ഈ കഥ സിനിമയാക്കുവാൻ എന്നെ സമീപിച്ചെങ്കിലും, ഷാനി എന്ന മ്മടെ ഗെഡിയുടെ കയ്യിലെ സംഗതിയും ഞങ്ങളുടെ ഈ യാത്രയും കൂടിയാകുമ്പോൾ വീര്യം കൂടുമെന്ന് ഷാനിക്കയെ അടുത്തറിയുന്ന എനിക്ക് നന്നായി അറിയാം.

ഈ യാത്രയെ കുറിച്ച് കേട്ടപ്പോൾ ഇതിലൊരു കഥഉണ്ടെന്നും, ഇത് സിനിമയാക്കിയാലോ എന്ന് ഷാനിക്ക പറഞ്ഞപ്പോൾ ശരിക്കും ഞാൻ ഞെട്ടി, പക്ഷെ അത് ഇത്ര പെട്ടന്ന് ആകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. ഞാൻ വളരെ ഇഷ്ടപ്പെടുന്ന ആരാധ്യ നടൻ ദുൽക്കർ സൽമാൻ തന്നെ അദ്ദേഹത്തിന്റെ പേജിലൂടെ ഈ കഥയുടെ വരവറിയിച്ചപ്പോൾ അത് മറ്റൊരു വിരുന്നായി. ഒരായിരം നന്ദി. ഈ കഥയിലെ യാത്രകൾ ഞങ്ങളുടെ ജീവിതമാണെങ്കിലും, സിനിമയുടെതായ ചേരുവകളും ഇതിൽ ധാരാളമുണ്ട്. സിനിമ ലോകമായി യാതൊരു ബന്ധവുമില്ലാത്ത എനിക്ക് ഇതൊരു ആദ്യാനുഭവമാണ്.

എനിക്ക് ഏറ്റവും കൂടുതൽ നന്ദി പറയുവാനുള്ളത് ഞങ്ങളെ നെഞ്ചിലേറ്റിയ നിങ്ങൾ ഓരോരുത്തരോടുമാണ്. കൂടാതെ ഒരു പാട് സുഹൃത്തുക്കൾ ഈയൊരു യാത്ര അവരുടെ ജീവതത്തിൽ ഒരുപാട് പ്രചോദനം നൽകി എന്ന് പറയുകയുണ്ടായി, കൂടാതെ ഒരുപാട് പേർ അവരുടെ അച്ഛനെയും, അമ്മയെയും കൂട്ടി യാത്രകൾ ചെയ്തു എന്ന് ഇൻസ്റ്റഗ്രാമിലൂടെ അറിയുവാൻ സാധിച്ചു. അത് തന്നെയാണ് എന്റെ വിജയവും. ജീവിതത്തിൽ ആരെല്ലാം കൈവിട്ടാലും നമ്മുടെ അമ്മ ഒരിക്കലും നമ്മെ കൈ വിടില്ല അതിനാൽ തന്നെ ഈ ഒരു ജന്മം കൊണ്ട് ആ അമ്മയെ സന്തോഷിപ്പിക്കുവാൻ ആവുന്നത് ചെയ്തു കൊണ്ടേ ഇരിക്കുക.”