പന്നിയിറച്ചിയിലെ ഒന്നാമൻ; ഓലത്താന്നിയിലെ ചന്ദ്രൻ ചേട്ടൻ്റെ കട

വിവരണം – Praveen Shanmukom, ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ.

ഇത് ഓലത്താന്നിയിലെ ചന്ദ്രൻ ചേട്ടന്റെ കട. പന്നി ഇറച്ചി എന്ന് വച്ചാൽ എന്റെ പൊന്നോ, തകർത്തു വാരി കളഞ്ഞില്ലേ..പൊളിച്ചടുക്കി കളഞ്ഞു. ഓരോ കഷ്ണവും പൊളിച്ചു പണ്ടാരമടുക്കി. പന്നിയുടെ മാംസവും ആ അടുപ്പിലെ പാചകത്തിന്റെയും കൈപ്പുണ്യത്തിന്റെയും രുചി വന്നു നിറയുമ്പോൾ എന്തോന്നു ആമ്പിയൻസ്. നമ്മളെ ആ രുചി കൊണ്ട് പോകുവല്ലേ. പിന്നേയും ആമ്പിയൻസ് ഉണ്ടോ എന്ന് ചോദിച്ചാൽ എന്നെ സംബന്ധിച്ചു നല്ല ഒന്നാന്തരം നാട്ടുമ്പുറം ആമ്പിയൻസ് ആണ് . ബെഞ്ചും ഡെസ്കും , ഒഴുകി എത്തുന്ന പാട്ടും. മുന്നിൽ ഇലയിൽ നല്ല ആഹാരവും ചുറ്റും ഒരു ഗ്രാമത്തിന്റെ അന്തരീക്ഷവും.

ഹോളോ ബ്രിക്സിൽ പണിത ഒരു കെട്ടിടം. പുറത്ത് മൂടിയ ബക്കറ്റിൽ നിന്നും വെള്ളമെടുത്തു കൈ കഴുകി അകത്തു കയറി 3 ബെഞ്ചും ഡെസ്ക്കും. മുമ്മൂന്നു പേർ വച്ച് 9 പേർക്ക് ഇരിക്കാം. നേരെ ഒരു ബെഞ്ചിൽ ചെന്ന് സ്ഥാനം ഉറപ്പിച്ചു. പറഞ്ഞത് അനുസരിച്ചു ഇലയിൽ ആദ്യം വെള്ള മരിച്ചീനി എത്തി. പുറകേ ഒരു പന്നി തോരനും .

പന്നി തോരന്റെ രുചിയുടെ വിശേഷം പങ്കു വച്ചുവല്ലോ. പന്നി തോരനോടൊപ്പം എത്തിയ അടുത്ത അതിഥി ബീഫ് തോരനാണ്. ചേട്ടൻ തോരൻ എന്നാണ് പറയുന്നെതെങ്കിലും ഒരു റോസ്റ്റ്‌ പോലെയാണ് അനുഭവപ്പെടുന്നത്. ബീഫ് റോസ്റ്റും ഇവിടെ വന്നാൽ കഴിക്കാതെ വിടരുത്. അതിന്റെ രുചിയും നമ്മളെ കീഴടക്കും ഉറപ്പാണ് . കൂടെ തന്ന സവാളയും മുളകും അടങ്ങിയ സലാഡും പൊളിച്ചു. വയറു നിറച്ചു തട്ടി പരമാനന്ദത്തോടെ ഇറങ്ങി. വില വിവരം: മരിച്ചീനി – ₹ 20, ബീഫ് – ₹ 70, പന്നി – ₹ 80.

അതിജീവനത്തിന്റെ പാതയിലൂടെ കടന്നു വന്ന ഒരു മനുഷ്യൻ : ചേട്ടൻ ഒരു ഭക്ഷണയിടം ആദ്യം ആയി തുടങ്ങിയത് 19 വർഷം മുൻപാണ്. 2000 ൽ പാതിരശ്ശേരിയിൽ ആറ്റിൻകരയിലാണ്. അവിടെ ഒരു 4 വർഷം കട നടത്തി. 2004 ൽ ഇവിടെ ഓലത്താന്നിയിൽ ഇവിടെ കട ഇരിക്കുന്ന സ്ഥലത്ത് വന്നു . 2 വർഷം കഴിഞ്ഞപ്പോൾ കട പൊളിച്ചു പണിയണം (അതാണ് ഇപ്പോൾ ഹോളോ ബ്രിക്സ് ആയത്) എന്ന് പറഞ്ഞപ്പോൾ മാറി കൊടുത്തു. പിന്നെ കുറച്ചു മാറി വളവിന്റെ അവിടെയായി 3 വർഷം നടത്തി.

പിന്നെ ഓലത്താന്നിയിൽ കുരുശടിയുടെ അടുത്തായി പുലരിയിൽ പോയി 3 വർഷം അവിടെയായിരിന്നു. അവിടെ ഉണ്ടായിരുന്ന സമയം ഭാര്യയ്ക്കും മോൾക്കുമൊക്കെ സുഖമില്ലാതെ ആയപ്പോൾ കടയിൽ അധികം ശ്രെദ്ധിക്കാൻ പറ്റാതെ അത് നിർത്തേണ്ടി വന്നു. ആ സമയം 4 വർഷം കൊത്ത പണിക്കു കയ്യാളായി പോയി അതിനു ശേഷമാണു ഇവിടെ ഇപ്പോൾ നിൽക്കുന്ന സ്ഥലത്തു വീണ്ടും പണിത ഹോളോ ബ്രിക്സ് കെട്ടിടത്തിൽ തുടങ്ങിയത്. ഇവിടെ ഇപ്പോൾ 3 കൊല്ലമായി. കട്ടയ്ക്കു ചേട്ടന്റെ ഭാര്യ രതി ചേച്ചിയും കൂടെയുണ്ട്.

രാവിലെ 6 മണി മുതൽ വൈകുന്നേരം 5 മണി വരെയാണ് സമയം. രാവിലെ ദോശ, മുട്ട കറി, ഓംലെറ്റ്, ചമ്മന്തി, 10 മണി തൊട്ടു മരിച്ചീനിയും ഇറച്ചിയും , ചില ദിവസം ചപ്പാത്തിയും കാണും വരുന്ന ആൾക്കാരെ ഞാറായഴ്ചയുടെ സമയത്തിന്റെ കാര്യത്തിൽ തെറ്റിദ്ധരിപ്പിക്കുന്ന ഒരു ബാനർ അവിടെയുണ്ട് . അതിൽ 3 മണി വരെ എന്നുള്ളത് തെറ്റാണെന്നു ചേട്ടൻ പറഞ്ഞു . എല്ലാ ദിവസവും ഉള്ളത് പോലെ ഞാറായഴ്ചയും, വർഷങ്ങളായി 5 മണി വരെയാണ് സമയം .

ഞാറായഴ്ചയുടെ സമയത്തിന്റെ കാര്യം എടുത്തു പറയാൻ കാര്യം ഞാറായഴ്ച മാത്രമേ നിലവിൽ പന്നി ഇറച്ചി ഉള്ളൂ. പക്ഷേ പുതു വർഷം മുതൽ സീൻ മാറുകയാണ് സുഹൃത്തുക്കളെ. പുതുവർഷം മുതൽ ബുധനും ഞായറും പന്നി ഇറച്ചി കാണും. തിങ്കൾ മുതൽ ശനി വരെ കോഴി ഇറച്ചിയും ഇവിടെ ആഗതമാവുകയാണ്‌. കോഴി ഇറച്ചി ഇപ്പോഴേ തുടങ്ങി കഴിഞ്ഞു. പുതു വർഷം മുതൽ കോഴി സ്ഥിരമായി കാണും. ബീഫ് പതിവ് പോലെ എല്ലാ ദിവസവും കാണും.

80 രൂപ ഓട്ടോയ്ക്കുള്ള ഓട്ടം ഓടി ഇവിടുന്നു പാഴ്‌സൽ വാങ്ങിക്കാൻ വന്ന ഒരാളോടും, അത് പോലെ ഇവിടത്തെ ആഹാരം കഴിക്കാൻ ഒന്നും രണ്ടും മണിക്കൂർ യാത്ര ചെയ്തു ഇവിടെ എത്തിയ 3 പേരോടും സംസാരിച്ചു. സ്ഥിരം കസ്റ്റമേഴ്സ് ആണ് അവർ . ഒരിക്കൽ രുചി അറിഞ്ഞാൽ ജീവിത കാലം മുഴുവൻ നമ്മൾ മറക്കില്ല.

ലൊക്കേഷൻ: നെയ്യാറ്റിൻകരയിൽ നിന്ന് പൂവാർ റൂട്ട് – ഓലത്താന്നി ജംഗ്ഷൻ – അവിടെ ചെന്ന് ഇരുവൈക്കോണം പോകുന്ന റോഡ് ഏതെന്ന് ചോദിക്കുക. ഓലത്താന്നി ജംഷ്നിൽ നിന്ന് വലത്തോട്ട് പോയിട്ട് ഒരു നൂറ് മീറ്റർ ചെല്ലുമ്പോൾ ഇടത്തോട്ട് ഒരു റോഡ് തിരിയും. അവിടെ ബോർഡ് വച്ചിട്ടുണ്ട് ഇരുവൈ ഭഗവതി ക്ഷേത്രം എന്ന്. ആ റോഡ് നേരെ താഴെ ചെന്ന് ഇറക്കം ഇറങ്ങി വരുമ്പോൾ അടുത്ത ഒരു ജംഗ്ഷൻ.

അവിടെ ഒരു ജംഗ്ഷൻ വരും – ഒരു വഴി മഹാദേവ ക്ഷേത്രത്തിൽ പോകുന്നതും അല്ലാതെ വേറെ ഒരു വഴിയും. ഈ ജംഗ്ഷനും കടന്ന് വീണ്ടും മുന്നോട്ട് പോകുക. അടുത്തതായി വീണ്ടും ഒരു ജംഗ്ഷൻ വരും. ഒരു തോടു കൂടി കഴിഞ്ഞാണ് ഈ ജംഗ്ഷൻ. ഇതാണ് ഇരുവൈക്കോണം ജംഗ്ഷൻ. ഇവിടുന്ന് രണ്ട് റോഡ് തിരിയും. അവിടുന്ന് ജസ്റ്റ് ഇടത്തോട്ട് തിരിഞ്ഞാൽ ചന്ദ്രൻ ചേട്ടന്റെ കട. വലത്തോട്ട് തിരിഞ്ഞാൽ ഇരുവൈ ഭഗവതി ക്ഷേത്രം.