ഒമാനി ഖൻജാർ – പ്രൗഢിയുടെയും ചരിത്രത്തിൻ്റെയും അടയാളം

ലേഖകൻ – Siddieque Padappil.

മധ്യപൂർവ്വേഷ്യൻ രാജ്യമായ ഒമാൻ എന്ന കൊച്ചു രാജ്യത്തിനേറെ പ്രത്യേകതകളുണ്ട്‌. അറേബ്യൻ ഉപഭൂഖണ്ഡത്തിന്റെ തെക്ക്‌ കിഴക്കൻ ഭാഗത്തായി സ്ഥിതി ചെയ്യുന്ന രാജ്യത്ത്‌ ഭൂപ്രദേശം നമ്മുടെ ഇന്ത്യയുമായി ഏറെ സാമ്യത പുലർത്തുന്നുണ്ട്‌. ഗൾഫ്‌ രാജ്യങ്ങളിൽ കാണപ്പെടുന്ന മണലാരണ്യം ഒമാനിൽ തീരെയില്ലായെന്ന് പറയാം. മസ്കറ്റ്‌ എന്ന നഗരപ്രദേശം ഒഴിച്ചുള്ള രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും അത്യാവശ്യം കൃഷിഭൂമിയും വളർത്ത്‌ മൃഗങ്ങളെ വളർത്തലുമൊക്കെയായി വടക്കൻ കർണ്ണാടകയുമായി ഏറെ സാമ്യം തോന്നിപ്പിക്കുന്ന ഭൂമിയാണ്‌ ഒമാനിലേത്‌. ഇന്തയുമായി ഏറെ സഹകരണത്തിൽ കഴിയുന്ന രാജ്യമായ ഒമാനിന്റെ ദേശീയ ചിഹ്നമായ കഠാരിയെ (Khanjar) കുറിച്ചുള്ള ചരിത്രവും പ്രത്യേകതയെ കുറിച്ചൊരു കുറിപ്പ്‌.

റൂസ്‌ അൽ ജിബൽ പ്രദേശത്ത്‌ നിന്ന് കണ്ടെത്തിയ പാറകളിലെ കൊത്തുപണികളിൽ ഖൻജാർ കണ്ടെത്തിയിട്ടുണ്ട്‌. പതിനേഴാം നൂറ്റാണ്ടിന്റെ അവസാന കാലത്ത്‌ കൊത്തിയ രൂപമാണിതെന്ന് ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു. ഓട്ടോമൻ ഭരണകാലത്തെ പോലീസുകാർ ഇത്‌ പോലൊരു കഠാര സ്ഥിരം അണിഞ്ഞിരുന്നു. Handschar എന്നറിയപ്പെടുന്ന ആ കഠാരയുടെ പിറവി, സെർബിയ-ബോസ്നിയ ഉൾപ്പെടുന്ന ബാൾക്കൻ ഉപദ്വീപാണെന്ന് ചരിത്രകാരന്മാർ പറഞ്ഞു വെക്കുന്നു. ഓട്ടോമൻ പോലീസുകാരിൽ നിന്നായിരിക്കും കഠാരി അണിയുന്ന രീതി ഒമാനിൽ എത്തിയത്‌ എന്ന് കരുതപ്പെടുന്നു.

ഏതായാലും നൂറ്റാണ്ടുകളായി ഒമാനി പുരുഷന്മാരുടെ വസ്ത്രത്തിന്റെ ഭാഗം കൂടിയാണ്‌ പ്രാദേശികമായി ഖൻജാർ എന്ന് വിളിക്കുന്ന ഈ ഒമാനി ചിഹ്നം. ‘തീവ്രാവേശമുള്ള’ എന്നർത്ഥമുളള പേർഷ്യൻ വാക്കായാ خونگر ൽ നിന്നാണ്‌ ഖൻജാർ എന്ന പദമുണ്ടാവുന്നത്‌. ഉറുദുവിലും ഖൻജാർ എന്ന വാക്ക്‌ തന്നെയാണ്‌ കഠാരി (dagger) യെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നത്‌. റീനാ റോയ്‌ മുഖ്യ കഥാപാത്രമായി വന്ന 1980 ലിറങ്ങിയ ‘ഖൻജാർ’, ഒരു കഠാരിയെ ചുറ്റിപ്പറ്റിയുള്ള കുറ്റന്വേഷണ സിനിമയായിരുന്നു.

ഒമാനി പാരമ്പര്യവസ്ത്രത്തിന്റെ ഭാഗമാണെങ്കിലും ഇന്ന് സാധാരണ വേഷത്തിന്റെ കൂടെ ഖൻജാർ ധരിക്കാറില്ല. കല്ല്യാണം, മറ്റു ചടങ്ങുകൾ, പ്രധാന ദിവസങ്ങൾ, ആഘോഷങ്ങൾ, ദേശീയ ദിന പരേഡുകൾ തുടങ്ങിയ വേളകളിലൊക്കെ ഖൻജാർ ധരിക്കുന്നത്‌ ഒഴിവാക്കാറുമില്ല. പുരുഷന്മാരുടെ വസ്ത്രത്തിന്റെ പുറത്ത്‌ അണിയുന്ന അരപ്പട്ടയുടെ തൊട്ട്‌ താഴെയായി വസ്ത്രത്തിന്റെ മുൻവശത്തായാണ്‌ ഖൻജാർ ധരിക്കാർ.

സാധാരണ കാണപ്പെടുന്ന കഠാരയിൽ നിന്ന് വ്യത്യസ്തമാണ്‌ ഖൻജാർ. 45 ഡിഗ്രി വളഞ്ഞ്‌ ഏകദേശം J അക്ഷരത്തിന്റെ ആകൃതിയിൽ ഉരുക്കു കൊണ്ട്‌ നിർമ്മിക്കുന്ന കഠാരയാണിത്‌. പരമ്പരാഗതമായി ഒമാനി കരകൗശലവിദഗ്ദർ നിർമ്മിച്ചിരുന്ന ഇവ നിർമ്മിക്കാൻ പ്രത്യേക അനുമതി ഭരണകൂടത്തിൽ നിന്ന് വാങ്ങേണ്ടതുണ്ട്‌. തുരുമ്പെടുക്കാത്ത മുന്തിയയിനം സ്റ്റീൽ ഉപയോഗിച്ചായിരിക്കണം കഠാരയുടെ വായ്‌മുന നിർമ്മിക്കേണ്ടത്‌. പിടി നിർമ്മിക്കാൻ മരവും കൊമ്പുകളും ഉപയോഗിച്ചു വരുന്നു. കഠാരിയുടെ ഉറയും മികച്ച ക്രാഫ്റ്റ്മെൻഷിപ്പോട്‌ കൂടിയാണ്‌ നിർമ്മിക്കാർ.

വെള്ളി അല്ലെങ്കിൽ സ്വർണ്ണം കൊണ്ട്‌ എബ്രോഡറി വർക്ക്‌ ചെയിത കത്തിയുറക്കുള്ളിലാണ്‌ കഠാരയുടെ വിശ്രമം. പട്ടയിൽ കോർത്ത്‌ പിടിപ്പിക്കാനുപയോഗിച്ചിരുന്ന 4 അല്ലെങ്കിൽ 7 ചെറുവളയങ്ങൾ ഉപയോഗിച്ചിരുന്ന രീതി ഇന്നും പിന്തുടരുന്നു. മികച്ചയിനം മരം അല്ലെങ്കിൽ മൃഗകൊമ്പ്‌ കൊണ്ടൊക്കെ നിർമ്മിക്കുന്ന പിടിയിലും കൊത്തു പണികളുണ്ടായിരിക്കും. ഏറ്റവും മികച്ച കഠാരകളുടെ പിടി നിർമ്മിക്കുന്ന കണ്ടാമൃഗത്തിന്റെ കൊമ്പ്‌ ഉപയോഗിച്ചാണ്‌. ഒരു കണ്ടാമൃഗത്തിന്റെ കൊമ്പ്‌ കൊണ്ട്‌ നാലോ അഞ്ചോ പിടികൾ മാത്രമേ ഉണ്ടാക്കാനാവൂ എന്നത്‌ കൊണ്ട്‌ തന്നെ ഇത്തരം കൊമ്പ്‌ ഉപയോഗിക്കുന്ന ഖൻജാറുകൾ നല്ല വിലയും നൽകേണ്ടി വരുന്നു.

സൂരി, നിസ്‌വാരി, സെയിദി, ബതാനി, സാഹിലി തുടങ്ങി നിരവധിയിനം ഖൻജാറുകളുണ്ട്‌. നിർമ്മാണ രീതി, ഉപയോഗിക്കുന്ന സാമാഗ്രികൾ, നിർമ്മിക്കുന്ന പ്രദേശമനുസരിച്ചാണ്‌ ഇങ്ങനെ തരം തിരിക്കുന്നത്‌. സെയിദി മാതൃകയിലുള്ള ഖൻജാറുകളാണ്‌ ഒമാൻ രാജകുടുംബം ഉപയോഗിക്കുന്നത്‌. കിഴക്കൻ പ്രദേശമായ സൂർ പ്രവിശ്യയിൽ നിർമ്മിക്കപ്പെടുന്ന സ്വർണ്ണ വർണ്ണ പിടിയായിരിക്കും ഉണ്ടാവുക. കനം കുറഞ്ഞയിനമാണ്‌ സാഹിലി. ബതാനി മാതൃകയിൽ നിർമ്മിക്കുന്ന ഖൻജാറുകൾക്ക്‌ വെള്ളിയിൽ തീർത്ത എംബ്രോഡറി പണിയുണ്ടായിരിക്കും. ആനകൊമ്പ്‌ കൊണ്ട്‌ പിടി ഉണ്ടാക്കുന്ന ഖൻജാറുകൾക്ക് ഏറെ വില നൽകേണ്ടി വരും. മികച്ചയിനമായ നിസ്‌വാനിയുടെ പിടി ദാരു നിർമ്മിതമാണ്‌.

100 റിയാൽ (18,000 രൂപ) മുതൽ 1000 റിയാൽ വരെയുള്ള ഖൻജാറുകൾ വിപണിയിൽ വാങ്ങിക്കാൻ കിട്ടും. പുരാതന ശേഖരത്തിലെ ആന്റിക്‌ ഖൻജാറുകൾക്ക്‌ വെള്ളി, സ്വർണ്ണം ഉപയോഗിച്ച്‌ വരുന്ന ഖൻജാറുകളെക്കാൾ ഡിമാന്റുണ്ട്‌. ഒമാനിലെ ഖൻജാർ നിർമ്മാണ മേഖലയിൽ മുമ്പ്‌ മലയാളികളടക്കം വിദേശ രാജ്യങ്ങളിലെ തൊഴിലാളികളും സജീവമായിരുന്നെങ്കിലും ഈ അടുത്ത്‌ ഒമാൻ ഭരണകൂടം ഈ മേഖലയിൽ ഏറെ നിയമനിർമ്മാണങ്ങൾ നടത്തി. വില കുറഞ്ഞ സാമാഗ്രികൾ ഉപയോഗിച്ച്‌ നിർമ്മിക്കുന്ന ഖൻജാറുകൾ രാജ്യത്തിന്റെ പഴയകാല യശസ്സിനെയും പ്രൗഢിയെയും ബാധിക്കുമെന്ന സംശയത്തിൽ നിന്ന് കൂടുതൽ കർക്കശ നിയമങ്ങൾ കൊണ്ട്‌ വന്നിട്ടുണ്ട്‌. ഒമാനിന്റെ ദേശീയ പതാകയിലും ആലേഖനം ചെയിതിട്ടുള്ള ഖൻജാർ ഓരോ ഒമാനിയുടെയും അഭിമാനമാണ്‌.