കാടിൻ്റെ വന്യതയിൽ പറമ്പിക്കുളത്തെ ദ്വീപിൽ ഒരു രാത്രി ചെലവഴിക്കാം…

വിവരണം – നീന പോൾ.

ഒരു പാട് കാലം സ്വപ്നം കണ്ട ഒരു ആഗ്രഹം സാക്ഷാത്കരിക്കാൻ വേണ്ടിയാണ് സുഹൃത്തിനെയും കൂട്ടി പറമ്പികുളത്തേക്ക് യാത്ര തിരിച്ചത്. കാടിന്റെ വന്യതയിൽ ഒരു രാത്രി ചിലവിടുക എന്നതായിരുന്നു ഞങ്ങളുടെ ലക്‌ഷ്യം. ബാംഗ്ലൂരിൽ നിന്നും പൊള്ളാച്ചി വഴി പറമ്പികുളത്തേക്കു ഒരു ശനിയാഴ്ച രാവിലെ യാത്ര തിരിച്ചു. ഏകദേശം 9 മണിക്കൂർ നേരം ആണ് റോഡ് മാർഗം എത്താൻ വേണ്ടി വരുന്ന ദൂരം. പറമ്പിക്കുളത്തെ ഗവണ്മെന്റ് അധികൃത താമസകേന്ദ്രങ്ങളിൽ ഒന്നായ ‘പെരുവാരി ഐലൻഡ്’ നെസ്റ്റിൽ ആണ് ഞങ്ങൾ ആ ഒരു രാത്രി താമസിക്കാൻ തീരുമാനിച്ചിരുന്നത്. കാറ്റാടികളും മരങ്ങളും തിങ്ങി നിറഞ്ഞ പൊള്ളാച്ചി വഴി യാത്ര ചെയ്തു ഞങ്ങൾ ഒടുവിൽ പറമ്പിക്കുളം ഫോറെസ്റ് റിസേർവിന്റെ റിസപ്ഷൻ ഡെസ്കിൽ എത്തി.

താമസം ബുക്ക് ചെയ്തു വരുന്നവർക്ക് സ്വന്തം വാഹനത്തിൽ ഒരു ഫോറെസ്റ് ഗൈഡിന്റെ അകമ്പടിയോടെ സഫാരിക്ക് പോകാൻ അനുമതിയുണ്ട്. അങ്ങനെ മുരുകേഷ് എന്ന ഗൈഡിനെയും കൂടി ഞങ്ങൾ സഫാരി ആരംഭിച്ചു. വേനലിന്റെ കടുത്തു ചൂട് കാരണം തേക്ക് കാടുകൾ ഏതാണ്ട് ഉണങ്ങി വരണ്ട അവസ്ഥയിൽ ആയിരുന്നു. യാത്രയിൽ മുഴുവൻ മാനുകളെയും, മ്ലാവുകളെയും ചിലപ്പോ ദൂരെ അകലെ മേയുന്ന കാട്ടുപോത്തിൻ കൂട്ടങ്ങളെയും കാണാൻ സാധിച്ചു. യാത്രയിൽ ഉടനീളം മുരുകേഷ് കടുവാകഥകൾ പറഞ്ഞു യാത്ര രസകരമാക്കി.

ഏകദേശം വൈകീട്ട് 5 മണിയോടെ പെരുവാരി ഐലൻഡ് നെസ്റ്റിലേക്കു പോകുവാനായി ഞങ്ങൾ ചങ്ങാടത്തിന്റെ അടുത്ത് എത്തി. രാത്രിയിൽ പാചകം ചെയ്യാൻ ഉള്ള കുറച്ചു സാധനങ്ങൾ ഞങ്ങൾ പറമ്പിക്കുളം ടൗണിൽ പോയി നേരത്തെ തന്നെ വാങ്ങി വെച്ചിരുന്നു. കാർ പാർക്ക് ചെയ്തു ആവശ്യത്തിനുള്ള സാധനങ്ങൾ എല്ലാം ചങ്ങാടത്തിൽ വെച്ച് ഞങ്ങൾ ഐലൻഡ് നെസ്റ്റിലോട്ടുള്ള 30 മിനിറ്റ് വരുന്ന യാത്ര ആരംഭിച്ചു.

അതിമനോഹരമായ ഈ യാത്ര ഞങ്ങളുടെ ഏറ്റവും നല്ല അനുഭവങ്ങളിൽ ഒന്നായി മാറുകയായിരുന്നു. ‘പെരുവാരി ഐലൻഡ്’ എന്ന കുഞ്ഞു ദ്വീപിനുള്ളിൽ കോൺക്രീറ്റ് പില്ലറുകളുടെ മുകളിലാണ് സന്ദർശകർക്ക് താമസിക്കാനുള്ള കുഞ്ഞു വീട് പണിതിരിക്കുന്നത്. മരത്തടികൾ വെച്ചാണ് കോട്ടേജുകൾ നിർമ്മിച്ചിരിക്കുന്നത്. ദ്വീപ് ആയതിനാൽ കാട്ടിൽ നിന്നുമുള്ള വല്യ മൃഗങ്ങൾ ഒന്നും തന്നെ ഇവിടെ എത്തുകയില്ല. ഗൈഡ് പറഞ്ഞത് അനുസരിച്ചു ഈ ദ്വീപിലെ അന്തേവാസി രണ്ടു രാജവെമ്പാലയും അവരുടെ കുടുംബവും ആണ്. പിന്നെ വല്ലപ്പോഴും നീന്തി എത്തുന്ന മുതലയും. ഇവരെ കൂടാതെ ഒട്ടനവധി പക്ഷികളെയും ഇവിടെ കാണാം. രാത്രി ആകുന്നതോടെ ചീവീടുകളുടെ ശബ്ദവും വല്ലപ്പോഴും കാട്ടിൽ നിന്നും ആനയുടെ ചിന്നംവിളിയും മാത്രമാണ് രാത്രിയുടെ നിശ്ശബ്ദതതയെ കീറി മുറിക്കാൻ എത്തുന്നത്. ഗൈഡും വഞ്ചിക്കാരനും ചേർന്ന് ഞങ്ങൾക്ക് സ്വാദിഷ്ടമായ ഒരു ഡിന്നർ ഒരുക്കി തന്നു വീണ്ടും കുറെയേറെ കഥകൾ പറഞ്ഞതിന് ശേഷം ഞങ്ങൾ രാത്രിയുടെ ശബ്ദങ്ങൾ കേട്ട് ആ വന്യതയിൽ ഉറക്കമാണ്ടു.

ഞങ്ങൾ സഞ്ചരിച്ച റൂട്ട് : ബാംഗ്ലൂർ – പൊള്ളാച്ചി -പറമ്പിക്കുളം, റോഡ് വഴി 9 മണിക്കൂർ യാത്ര. BSNL അല്ലാതെ വേറെ ഒരു നെറ്വർക്കും ഈ ഭാഗത്തു ലഭിക്കാൻ ബുദ്ധിമുട്ടാണ്. കൂടാതെ ദ്വീപിൽ ഇന്റർനെറ്റ് കിട്ടാൻ പ്രയാസമാണ്. താമസം റിസേർവ് ചെയ്യാൻ ഗവണ്മെന്റ് വെബ്സൈറ്റ് ഉപയോഗിക്കാം. ഏകദേശം Rs 8000 /- ആണ് ഒരു ദിവസം താമസിക്കാൻ ഉള്ള റേറ്റ്. പെരുവാരി ഐലൻഡ് നെസ്റ്റിൽ ഏകദേശം 5 പേർക്ക് താമസിക്കാം. സോളാർ പാനൽ വഴി ആണ് ഇവിടെ വൈധ്യുതി ലഭിക്കുന്നത്. സിലിങ് ഫാനും വാട്ടർ ഹീറ്ററും ഒഴികെ ബാക്കി എല്ലാ സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്. Blog Link – https://bit.ly/2uoBi1Y .

NB : ദ്വീപിൽ നിന്നും നോക്കിയാൽ പെരുവാരി പള്ളം ഡാമിന്റെ കാഴ്ച്ചകൾ കാണാവുന്നതാണ്. മുളങ്കാടുകൾ നിറഞ്ഞു നിൽക്കുന്ന അതിമനോഹരമായ വന സൗന്ദര്യം നമുക്കിവിടെ അനുഭവപ്പെടും. ഇവിടെ നിന്നുള്ള അസ്തമയക്കാഴ്ച വളരെ മനോഹരമാണ്. കാടിന്റെയും പുഴയുടേയുമൊക്കെ സൗന്ദര്യം ആസ്വദിക്കുന്നതോടൊപ്പം ഇവിടത്തെ മറ്റൊരു പ്രധാന ആകർഷണം നല്ല രുചിയേറിയ നാടൻ ഭക്ഷണമാണ്. ഭക്ഷണം പാകം ചെയ്യുന്നതിനുള്ള എല്ലാ സൗകര്യങ്ങളും ദ്വീപിലുണ്ട്. സഞ്ചാരികൾക്ക് സ്വയം പാചകം ചെയ്യണമെങ്കിൽ അങ്ങനെയാകാം. അല്ലെങ്കിൽ ഇവിടത്തെ ജീവനക്കാർ ഭക്ഷണം പാകപ്പെടുത്തി തരും. ടൂർ പാക്കേജ് മുൻകൂട്ടി ബുക്ക് ചെയ്യാൻ parambikulam.org എന്ന വെബ്‌സൈറ്റ് സന്ദർശിക്കാവുന്നതാണ്.