തൃശ്ശൂരിൽ നിന്നും ഒരു ദിവസം കൊണ്ട് പോയി വരാവുന്ന ടൂറിസ്റ്റു കേന്ദ്രങ്ങൾ

കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ, പൂരങ്ങളുടെ നാടായ തൃശ്ശൂരിലും പരിസരപ്രദേശങ്ങളിലുമായി ഒത്തിരി വിനോദസഞ്ചാരന്ദ്രങ്ങളുണ്ട്. തൃശ്ശൂരിൽ നിന്നും ഒരു ദിവസംകൊണ്ട് പോയി വരാവുന്ന വിനോദസഞ്ചാര കേന്ദ്രങ്ങൾ ഏതൊക്കെയെന്നു നിങ്ങൾക്കറിയാമോ? കൺഫ്യൂഷൻ ഉണ്ടെങ്കിൽ ചിലത് ഞങ്ങൾ പറഞു തരാം.

1. നെല്ലിയാമ്പതി – തൃശ്ശൂരിന്റെ അയൽജില്ലയായ പാലക്കാട് ജില്ലയിൽ സ്ഥിതിചെയ്യുന്ന മനോഹരമായ ഒരു ഹിൽ സ്റ്റേഷനാണ് നെല്ലിയാമ്പതി. തൃശൂർ നഗരത്തിൽ നിന്നും ഇവിടേക്ക് 75 കിലോമീറ്ററോളം ദൂരമുണ്ട്. നിങ്ങളുടെ സ്വന്തം വാഹനങ്ങളിലും കെഎസ്ആർടിസി ബസ്സുകളിലും ഇവിടേക്ക് വരാവുന്നതാണ്. തൃശ്ശൂർ കെഎസ സ്റ്റാൻഡിൽ നിന്നും ഉച്ചയ്ക്ക് 12.55 നു ഒരു ബസ്സുണ്ട് നെല്ലിയാമ്പതിയിലേക്ക്. പക്ഷെ ഒരു ദിവസം ഫുൾ എന്ജോയ് അതിരാവിലെ പാലക്കാട് പോയിട്ട് അവിടെ നിന്നും ബസ്സിൽ കയറി പോകുന്നതാണ്. ബസ് സമയങ്ങൾ അറിയുവാൻ : https://bit.ly/2zBvFQc. നെല്ലിയാമ്പതി മലമ്പ്രദേശങ്ങളിൽ ജീപ്പുകളാണ് പിന്നീട് പൊതുവെ ഉള്ള ഗതാഗത മാർഗ്ഗം. പച്ചക്കറികളും പലചരക്കു സാധനങ്ങളും നെന്മാറയിൽ നിന്ന് നെല്ലിയാമ്പതിയിലേക്ക് ജീപ്പുകളിലാണ് കൊണ്ടുവരുന്നത്. നെല്ലിയാമ്പതിയിലേക്ക് പോകുന്ന വഴിയാണ് പ്രശസ്തമായ പോത്തുണ്ടി ഡാം സ്ഥിതി ചെയ്യുന്നത്.

2. അതിരപ്പിള്ളി : തൃശൂർ ജില്ലയുടെ കിഴക്കൻ അതിർത്തിയിലെ ഒരു ടൂറിസ്റ്റു കേന്ദ്രമാണ് അതിരപ്പിള്ളി. അതിരപ്പിള്ളി – വാഴച്ചാൽ വെള്ളച്ചാട്ടങ്ങൾ, തുമ്പൂർമുഴി, ഏഴാറ്റുമുഖം പ്രകൃതി ഗ്രാമം തുടങ്ങിയവയും സിൽവർ സ്റ്റോം, ഡ്രീം വേൾഡ് തുടങ്ങിയ തീം പാർക്കുകൾ എന്നിവയുമാണ് ഈ റൂട്ടിലെ പ്രധാന ആകർഷണങ്ങൾ. വനത്തിനു നടുവിലൂടെ ഇവിടേക്കുള്ള യാത്ര വളരെ മനോഹരമാണ്. വേണമെങ്കിൽ അതിർത്തിയായ മലക്കപ്പാറ വരെ പോയി വരികയും ചെയ്യാം. ഇ റൂട്ടിൽ ബസ് സർവ്വീസും ലഭ്യമാണ്. സമയവിവരങ്ങൾക്ക് www.aanavandi.com സന്ദർശിക്കാം. ഒരു ദിവസം അടിച്ചു പൊളിക്കുവാനും കാഴ്ചകൾ കാണുവാനും ഉള്ളത് ഈ യാത്രയിൽ നിങ്ങൾക്ക് പറ്റും.

3. ബീച്ചുകൾ : തൃശ്ശൂരിൽ നിന്നും ഒരു ദിവസം കൊണ്ട് ബീച്ചുകളിൽ ഒരു യാത്ര നടത്തി വരാവുന്നതാണ്. എറണാകുളം ജില്ലയിലെ ചെറായി, കൊടുങ്ങല്ലൂരിനു സമീപത്തെ അഴീക്കോട്, തൃപ്രയാറിനു സമീപത്തെ സ്നേഹതീരം, ഗുരുവായൂരിനു സമീപത്തെ ചാവക്കാട് എന്നിവിടങ്ങളിൽ സ്ഥിതിചെയ്യുന്ന ബീച്ചുകളിൽ വേണമെങ്കിൽ ഒരു ദിവസം കൊണ്ട് യാത്ര പോയി വരാം. കൂട്ടത്തിൽ ഏറ്റവും മികച്ച ബീച്ച് ചെറായിയും സ്നേഹതീരവുമാണ്.

4. കൊച്ചി സിറ്റി യാത്ര : ഫാമിലിയായി ഒരു കിടിലൻ സിറ്റി ട്രിപ്പ് ആണ് നിങ്ങൾ ഉദ്ദേശിക്കുന്നതെങ്കിൽ നേരെ എറണാകുളത്തേക്ക് പോകാം. ബസ്സിലോ കാറിലോ നിങ്ങൾക്ക് യാത്ര പോകാവുന്നതാണ്. കാറിൽ ആണെങ്കിൽ കാർ ആലുവയിൽ എവിടെയെങ്കിലും പാർക്ക് ചെയ്തിട്ട് പിന്നീട് നഗരത്തിലേക്ക് മെട്രോയിൽ കയറി പോകുന്നതാണ് നല്ലത്. ബസ്സിലാണെകിൽ ആലുവയിൽ ഇറങ്ങി ഇതുപോലെ മെട്രോയിൽ പോകാം. മെട്രോ യാത്ര, കൊച്ചിക്കായലിലൂടെയുള്ള ബോട്ട് യാത്ര (സർക്കാർ ബോട്ട് ആണെങ്കിൽ ഒരാൾക്ക് വെറും നാലു രൂപയേയുള്ളൂ) തുടങ്ങിയവ ആസ്വദിക്കാവുന്നതാണ്. ബോട്ടിൽക്കയറി ഫോർട്ട്കൊച്ചിയിലേക്ക് പോകുകയും ചെയ്യാം. ഏറ്റവും അവസാനം ലുലു മാളിലും കയറി തിരികെ തൃശ്ശൂരിലേക്ക് പോകാം. വളരെ ചെലവു കുറഞ്ഞ ഒരു ട്രിപ്പ് ആയിരിക്കും ഇത്.

5. ഡാമുകൾ : തൃശ്ശൂരിലും പരിസരപ്രദേശങ്ങളിലുമായി സഞ്ചാരികൾക്ക് കാണുവാൻ ഡാമുകൾ ഉണ്ട്. പൂമല ഡാം, വാഴാനി ഡാം, ചിമ്മിനി ഡാം, പീച്ചി ഡാം തുടങ്ങിയവയാണ് നഗരത്തിനു അടുത്തായി സ്ഥിതി ചെയ്യുന്നവ. അല്ലെങ്കിൽ പാലക്കാട് ജില്ലയിലെ മലമ്പുഴ ഡാമിലും ഒരു ദിവസം കൊണ്ട് പോയി വരാവുന്നതാണ്.

ഇതുപോലെ നിങ്ങൾക്ക് ഒരു ദിവസം കൊണ്ട് പോയി വരാവുന്ന ധാരാളം സ്ഥലങ്ങളുണ്ട് തൃശ്ശൂരിലും പരിസരപ്രദേശങ്ങളിലുമായി. എല്ലാവർക്കും സുഖ – സുരക്ഷിത യാത്രാമംഗളങ്ങൾ ആശംസിക്കുന്നു.