36 ഹെയർപിൻ ബെൻഡുകൾ താണ്ടി ഉദകമണ്ഡലം ഫാമിലി യാത്ര

വിവരണം – ഷഹീർ അരീക്കോട്.

പ്ലാൻ ചെയ്ത ഒരു യാത്ര മുടങ്ങി നിൽക്കുന്ന സമയത്താണ്, കിട്ടിയാൽ ഊട്ടി ഇല്ലെങ്കിൽ ചട്ടി എന്ന ഭാവത്തിൽ അവളുടെ ചോദ്യം, ഊട്ടിയിൽ പോയാലോ? നാട്ടിൽ ചൂട് കാരണം പൊകഞ്ഞ് പണ്ടാരമടങ്ങി നിൽക്കുന്ന സമയത്ത് ചോദ്യം കേട്ട എന്റെ മനസ്സിൽ ‘ലഡ്ഡു പൊട്ടി’. “വേഗം പോയി കിടന്നുറങ്ങ് നാളെ ഊട്ടിയിൽ പോകണം” എന്ന് മക്കളോട് പറഞ്ഞപ്പോഴേക്കും രണ്ടാമൻ ആവേശത്തോടെ ഉറങ്ങാനായി ഓടി. എന്നാൽ ഒന്നാമൻ അവന്റെ സ്ഥിരം മസിലുപിടുത്തം പുറത്തെടുത്തു. അവന് ഊട്ടിയിൽ പോകണ്ട പകരം ‘ടർഫിൽ’ ഫുട്ബോൾ കളിച്ചാൽ മതിയെന്നായി. പുതിയ ബൂട്ട് വാങ്ങിയിട്ട് ഇതുവരെ കളിക്കാൻ പറ്റിയിട്ടില്ല പോലും. എക്സാം അടുത്തത് കാരണം സ്കൂളിൽ കളി അനുവദിക്കാറില്ല, അയ്നാണ്… ചുമ്മാ നമ്പരാണെന്നേ.. രാവിലെ ആദ്യം റെഡിയായി കാറിൽ കയറിയത് അവനായിരുന്നു. രണ്ട് ലൈറ്റ് വെയ്റ്റ് ബോളുകളും അവൻ കാറിലെടുത്ത് വെച്ചിരുന്നു. ബൊട്ടാണിക്കൽ ഗാർഡനിൽ വെച്ച് കളിക്കാനാണ് പോലും. അവിടെ ശശിയായ കഥ പിന്നെ പറയാം.

കാട്ടു തീ ഉണ്ടായതിന് ശേഷം മസിനഗുഡി വഴി ഊട്ടിയിൽ പോകാൻ എന്തെങ്കിലും തടസ്സമുണ്ടോ എന്ന ആശങ്ക കാരണം ഉറങ്ങാൻ കിടക്കുന്നതിനു മുൻപായി ഫേസ്‌ബുക്കിൽ ഒരു പോസ്റ്റിട്ടു. നിമിഷ നേരം കൊണ്ട് എന്റെ ചോദ്യത്തിന് വ്യക്തമായ ഉത്തരം കിട്ടി. സഞ്ചാരികളായ ബ്രോകൾക്ക് നന്ദി. യാത്ര തുടങ്ങി ശകലം ദൂരം പിന്നിട്ടപ്പോഴേക്കും ഉദയ സൂര്യൻ പൊൻ പ്രകാശത്താൽ ഞങ്ങൾക്ക് സ്വാഗതമോതി. തേക്കുമരങ്ങൾ കമാനം തീർത്ത നിലമ്പൂരിന്റെ രാജവീഥികളിലൂടെ നാടുകാണി ചുരം ലക്ഷ്യമാക്കി മുന്നോട്ടു പോയി. ചുരത്തിൽ വർക്ക് നടക്കുന്നതിനാൽ ആകെ പൊടിമയമാണ്. തമിഴ്നാട് ബോർഡറിനടുത്തേക്ക് കുറെ ദൂരം ടാറിംഗ് ചെയ്തു കഴിഞ്ഞിട്ടുണ്ട്. അത്രയും ആശ്വാസം.

അവധി ദിനമാണെന്ന ഓർമ്മപ്പെടുത്തലോടെ കേരള വണ്ടികൾ (കൂടുതലും മലപ്പുറം, കോഴിക്കോട്) ബോർഡർ കടക്കാൻ മത്സരിക്കുന്ന കാഴ്ചയാണെവിടെയും. ചുരം കടന്ന് നാടുകാണിയിലെത്തി ചെക്ക് പോസ്റ്റിൽ 25 രൂപ കൊടുത്ത് പാസ്സെടുത്ത് തമിഴ്നാട്ടിലേക്ക് പ്രവേശിച്ചു. ഇനി ഭക്ഷണം കഴിച്ചിട്ടാകാം യാത്ര. വീട്ടിൽ നിന്നും ഉണ്ടാക്കി കൊണ്ടുവന്ന ഭക്ഷണം കഴിക്കാനായി റോഡരികിൽ സൗകര്യമുള്ള സ്ഥലത്ത് കാർ ഒതുക്കി. കൊണ്ടുവന്ന ചപ്പാത്തിയും ചിക്കൻ കറിയും കഴിച്ച് കൈ കഴുകാനായി സോപ്പ് വാങ്ങിക്കാൻ തൊട്ടടുത്ത പെട്ടിക്കടയിലേക്ക് ചെന്നപ്പോൾ അവിടെ കണ്ട ഉണ്ണിയപ്പം എന്നെ വല്ലാതെ കൊതിപ്പിച്ചു. നല്ല രുചിയുള്ള സോഫ്റ്റ് ഉണ്ണിയപ്പം ഒരെണ്ണത്തിന് 6 രൂപ. ആവശ്യത്തിന് ഉണ്ണിയപ്പവും വാങ്ങിച്ച് കഴിച്ചു കൊണ്ട് ഞങ്ങളുടെ യാത്ര തുടർന്നു.

ഗൂഡല്ലൂർ ടൗണിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് നേരെ മൈസൂർ റോഡ് പിടിച്ചു ഇല്ലിമുളകളാൽ കമാനം തീർത്ത മുതുമല കാടുകളിലേക്ക് പ്രവേശിച്ചു. ഒരു കള്ളപ്പന്നി സോറി കാട്ടുപന്നി ആദ്യ ദർശനം തന്നു. അടുത്തത് ഏത് മൃഗമെന്ന ആകാംക്ഷയോടെ എല്ലാവരും ജാഗരൂകരായി. നീളൻ വാലുള്ള ഒരു മയിൽ കാറിനു കുറുകെ വട്ടം ചാടി കാട്ടിലേക്ക് ഓടി മറഞ്ഞു, മാനുകൾ യഥേഷ്ടം സ്വൈര്യവിഹാരം നടത്തുന്ന മനോഹരമായ കാഴ്ചകൾ കണ്ടു. കുരങ്ങുകൾ കുഞ്ഞുങ്ങളുമായി ഓടിനടക്കുന്നു, മുതുമല ആന സങ്കേതത്തിലെ ആനകളെ തോട്ടിൽ കുളിപ്പിക്കുന്നതും കാണാൻ സാധിച്ചു. മുതുമല നിന്നും വലത്തോട്ട് തിരിഞ്ഞ് മസിനഗുടി റോഡിലേക്ക് പ്രവേശിച്ചു. റോഡിന് വലതു വശത്ത് തീർത്തും കരളലിയിപ്പിക്കുന്ന കാഴ്ചകളാണ്. കാട്ടുതീ പടർന്നുകയറിയ വനങ്ങൾ അവിടെ എത്ര ജീവനുകൾ പൊലിഞ്ഞു കാണും. ഇനിയുമൊരു കാട്ടുതീ ഉണ്ടാവാതിരിക്കാൻ നമുക്ക് പ്രാർത്ഥിക്കാം പ്രവർത്തിക്കാം.

പെട്ടന്നാണ് റോഡിന് ഇടതുവശത്ത് ഒരു കുരങ്ങ്മരം കാഴ്ചയിൽ ഉടക്കിയത്. ഒരു മരത്തിൽ നിറയെ ഗ്രേ ലാംഗർ കുരങ്ങുകൾ. ഇതു കണ്ടപ്പോൾ രണ്ടാമന് ഒരു സംശയം, ഇത് കുരങ്ങുകൾ കായ്ക്കുന്ന മരമാണോ? നാലു വയസ്സുകാരന്റെ നിഷ്കളങ്കമായ ചോദ്യം കേട്ട് കൂട്ടച്ചിരി ഉയർന്നു. കാര്യമെന്തെന്നറിയാതെ അവനും കൂടെ ചിരിച്ചു. അവന്റെ സംശയം തീർത്തപ്പോഴേക്കും കാട് കഴിഞ്ഞ് മസിനഗുഡിയിലേക്ക് പ്രവേശിച്ചിരുന്നു. മസിനഗുഡി ടൗണിൽ നിന്നും ഇടുങ്ങിയ ബൈപ്പാസ് വഴി കാർ തിരിച്ചുവിട്ടു. കുറച്ചു ദൂരം സഞ്ചരിച്ചപ്പോൾ പ്രധാന റോഡിലെത്തി. റോഡരികിൽ ധാരാളം പശുക്കളെയും കോവർ കഴുതകളെയും കാണാം. വീടുകളും കെട്ടിടങ്ങളും ഇല്ലാത്ത ചില തരം മരങ്ങൾ മാത്രം കാണുന്ന വഴികൾ പിന്നിട്ടു 36 ഹെയർപിൻ ബെൻഡുകളുള്ള ചുരത്തിലേക്ക് പ്രവേശിച്ചു.

മസിനഗുഡിയിൽ നിന്നും ഊട്ടിയിലേക്ക് ഏകദേശം 30 കിലോമീറ്ററോളം ദൂരമുണ്ട്. വീതി കുറഞ്ഞതും കുത്തനെ ഉള്ളതുമായ ഹെയർ പിൻ ബെൻഡുകൾ നിറഞ്ഞ വളരെ അപകടകരമായ ചുരമാണ് മസിനഗുടി ചുരം. മസിനഗുടി നിന്നും ഊട്ടിയിലേക്ക് കേരളാ രജിസ്ട്രേഷൻ വണ്ടികൾ കടത്തിവിടുമെങ്കിലും തിരിച്ചു ഊട്ടിയിൽ നിന്നും മസിനഗുടി റോഡിലേക്ക് കേരള വണ്ടികൾ കടത്തിവിടാറില്ല. മാരുതി ആൾട്ടോയുടെ ഏസി ഓഫ് ചെയ്തിട്ടും ആശാൻ നിന്നു കിതച്ചു. അങ്ങനെ ആ 36 ഹെയർപിൻ ബെൻഡുകളും താണ്ടി ഉച്ചക്ക് മുന്നേ ഊട്ടിയിൽ എത്തി.

ഉദകമണ്ഡലം എന്നാണ് ഊട്ടിയുടെ ഔദ്യോഗിക നാമം. ഊട്ടക്കമണ്ഡ് എന്നാണ് ബ്രിട്ടീഷുകാർ വിളിച്ചിരുന്നത് അതിന്റെ ചുരുക്കമാണ്‌ ഊട്ടി. തോട ഭാഷയിൽ മലകളിലെ വീട് എന്നർത്ഥമുള്ള ‘ഒത്തക്കൽ’ ‘മുണ്ട്’ എന്ന വാക്കുകളിൽ നിന്നാണ്‌ ഉദകമണ്ഡലം എന്ന പേര്‌ ഉണ്ടായതെന്ന് പറയപ്പെടുന്നു. ദക്ഷിണേന്ത്യയിലേക്ക് സഞ്ചാരികളെ ഏറ്റവും അധികം ആകർഷിക്കുന്ന സുഖദായകമായ കാലാവസ്ഥയും പ്രകൃതിരമണീയമായ മലനിരകളും പ്രകൃതിഭംഗിയും എല്ലാം കൂടിചേർന്ന നീലഗിരിയുടെ റാണിയാണ് ഊട്ടി. ടൂറിസത്തിന് പുറമെ കൃഷിയും ഈ പട്ടണത്തിന്റെ പ്രധാന വരുമാന മാര്‍ഗ്ഗമാണ്. ഊട്ടി ഉൾപ്പെടുന്ന നീലഗിരി മലനിരകൾ ഏകദേശം 35 മൈൽ നീളവും 20 മൈൽ വീതിയും ഏകദേശം 6550 അടി ശരാശരി ഉയരവുമുള്ള പീഠഭൂമിയാണ്‌. ഇത് പശ്ചിമഘട്ടത്തിനും പൂർ‌വ്വഘട്ടത്തിനും ഇടക്കാണ്‌ സ്ഥിതി ചെയ്യുന്നത്. നീലഗിരി മലകളുടെ അടിവാരം തെക്കു ഭാഗം ഭവാനി നദിയാൽ ചുറ്റപ്പെട്ടുകിടക്കുകയാണ്‌. വടക്കുഭാഗം മൊയാർ നദിയാണ്‌ ഇത് ദന്നായൻകോട്ടയ്ക്കടുത്തായി ഭവാനി നദിയിൽ ചേരുന്നു. ഒരു ഭാഗത്തായി ഭവാനി സാഗർ അണക്കെട്ട് നിർമ്മിച്ചിരിക്കുന്നു. പടിഞ്ഞാറു ഭാഗത്ത് വയനാടാണ്‌. കിഴക്കു ഭാഗത്ത് പൈക്കര നദി സ്ഥിതി ചെയ്യുന്നു (അവലമ്പം: വിക്കിപീഡിയ).

ഏകദേശം 140 കിലോമീറ്റർ ദൂരം യാത്ര ചെയ്ത് ഊട്ടിയിൽ എത്തി, നേരെ റോസ് ഗാർഡനിലേക്ക് വിട്ടു. #റോസ്_ഗാർഡൻ: 3600 വ്യത്യസ്ത ഇനങ്ങളിലുള്ള റോസാ വെറൈറ്റികൾ ഉള്ള റോസ് ഗാർഡൻ ഇവിടുത്തെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ റോസ് ഗാർഡനായ ഇത് പത്ത് ഹെക്ടർ സ്ഥലത്തായാണ് വ്യാപിച്ചു കിടക്കുന്നത്. രാവിലെ 8.30 മുതൽ വൈകിട്ട് 6.30 വരെയാണ് ഇവിടെ പ്രവേശന സമയം. എക്സാം സീസൺ ആയതിനാലും റോസാപ്പൂക്കളുടെ സീസൺ അല്ലാത്തതിനാലും സഞ്ചാരികൾ നന്നേ കുറവാണ്. റോസാ മരങ്ങൾ പുതിയ തളിരുകൾ വരുന്നതിനായി വെട്ടിയൊതുക്കി തയ്യാറാക്കി കൊണ്ടിരിക്കയാണ്. യാത്രാക്ഷീണം ഒക്കെ തീർത്ത്, ഇൻസ്റ്റൻറ് ഫോട്ടോഗ്രാഫർമാരുടെ അടുത്തുനിന്നും ഫോട്ടോ എടുപ്പിച്ച്, ചുമ്മാ ഒരു കറക്കവും കഴിഞ്ഞപ്പോഴേക്കും വിശക്കാൻ തുടങ്ങി.

അധികം തിരക്കില്ലാത്ത ഒഴിഞ്ഞ ഒരിടത്താണ് കാർ പാർക്ക് ചെയ്തിരുന്നത്. അവിടെ വന്ന് വീട്ടിൽ നിന്നും കൊണ്ടു വന്ന ചിക്കനും നെയ്ച്ചോറും കഴിച്ച് നേരെ ഊട്ടി തടാകത്തിലേക്ക് തിരിക്കുമ്പോൾ ഇൻവാലീഡ് കാര്യേജ് സ്കൂട്ടറുകളിൽ വീൽ ചെയറുമായി സഞ്ചാരത്തിനിറങ്ങിയ കുറച്ചു സഹോദരങ്ങൾ തങ്ങളുടെ വൈകല്യങ്ങൾ മറന്ന് ആഘോഷിക്കുന്ന മനം കുളിർക്കുന്ന കാഴ്ചക്കും ഞങ്ങൾ സാക്ഷിയായി. #ഊട്ടി_ലേക്ക് (തടാകം): ഏകദേശം 65 ഏക്കർ സ്ഥലത്തായി വ്യാപിച്ചു കിടക്കുന്ന ഊട്ടി ലേക്ക് ഊട്ടിയിലെ ഏറ്റവും മനോഹരമായ കാഴ്ചകൾ സമ്മാനിക്കുന്ന ഇടങ്ങളിലൊന്നാണ്. നീലഗിരി മലനിരകൾക്കു താഴെയായി, താഴ്വരകൾക്കു നടുവിലായി സ്ഥിതി ചെയ്യുന്ന ഊട്ടിയിലെ ഈ കൃത്രിമ തടാകം പച്ചപ്പിനാൽ പൊതിഞ്ഞു നിൽക്കുന്ന കാഴ്ച മനോഹരമാണ്. എൻട്രി പാസെടുത്ത് അകത്തു കടന്നപ്പോഴേക്കും ബോട്ടിങ്ങിന് ആർക്കും വലിയ താല്പര്യമില്ല എന്നാൽ പിന്നെ കുറച്ച് ഷോപ്പിംഗ് ആകാമെന്ന്, അതെല്ലാം കഴിഞ്ഞപ്പോഴേക്കും ബൊട്ടാണിക്കൽ ഗാർഡനിലേക്ക് പോകാനുള്ള ആവേശമായിരുന്നു.

#ബോട്ടാണിക്കൽ_ഗാർഡൻ : ഊട്ടിയുടെ ഏറ്റവും മനോഹരമായ കാഴ്ചകളിൽ ഒന്നാണ് ഇവിടുത്തെ ബോട്ടാണിക്കൽ ഗാർഡൻ. നീലഗിരി മലകളിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ ഡൊഡ്ഡബെട്ടയുടെ താഴ്ന്ന ചെരിവുകളിൽ സ്ഥിതി ചെയ്യുന്ന ഗാർഡൻ 55 ഏക്കർ സ്ഥലത്തായാണ് വ്യാപിച്ചു കിടക്കുന്നത്. ആറു വ്യത്യസ്ത വിഭാഗങ്ങളായി ബോട്ടാണിക്കൽ ഗാർഡനെ വിഭജിച്ചിട്ടുണ്ട്. അപൂർവ്വങ്ങളായ ഒട്ടേറെ ചെടികളും പൂക്കളും ഇവിടെ കാണാം. രാവിലെ 7 മണി മുതൽ വൈകിട്ട് 6.30 വരെയാണ് ഇവിടെത്തെ പ്രവേശന സമയം. പാർക്കിംഗ് ഏരിയയിൽ കാർ പാർക്ക് ചെയ്തപ്പോഴേക്കും ഒന്നാമൻ രണ്ട് ബോളുകളും എടുത്തു പുറത്തിറങ്ങി. ഒരെണ്ണം കാറിൽ തന്നെ വെക്കാൻ പറഞ്ഞിട്ട് അവൻ സമ്മതിച്ചില്ല.

ചായകുടിയും കഴിഞ്ഞ് ടിക്കറ്റെടുത്ത് അകത്തേക്ക് കയറാൻ ചെന്നപ്പോൾ സെക്യൂരിറ്റി ചേട്ടൻ ബോൾ അകത്തേക്ക് കയറ്റി വിടാൻ നിർവാഹമില്ല എന്ന് കട്ടായം പറഞ്ഞു. ചേട്ടായീ അറ്റ്ലീസ്റ്റ് ഒരെണ്ണമെങ്കിലും കൊണ്ടു പോയ്ക്കോട്ടെയെന്ന് അവൻ കെഞ്ചി നോക്കി. നോ രക്ഷ. അവസാനം രണ്ടു ബോളുകളും കാറിൽ കൊണ്ടുവയ്ക്കുന്ന പണി എനിക്ക് തന്നെ. അകത്തു കയറി നോക്കുമ്പോൾ തലങ്ങും വിലങ്ങും ആളുകൾ ബോൾ കൊണ്ട് കളിക്കുന്നു. കണ്ടപ്പോൾ അരിശം തോന്നിയെങ്കിലും അവരുടെ കളി മുടക്കേണ്ടല്ലോയെന്ന് കരുതി സെക്യൂരിറ്റി ചേട്ടനെ തേടി പോയില്ല. നല്ല സുന്ദരമായ പുൽത്തകിടിയിൽ തലകുത്തി മറയുന്നതിനിടയിൽ അവന്മാർ രണ്ടുപേരും ഇതൊന്നും കാര്യമാക്കിയതുമില്ല. നാട്ടുകാരെയും പരിചയക്കാരെയുമൊക്കെയായി പലരെയും അവിടെ വച്ച് കാണാനിടയായി. അങ്ങനെ പാർക്ക് ക്ലോസ് ചെയ്യുന്ന സമയമായപ്പോൾ അവിടുത്തെ കസർത്തുകളും മതിയാക്കി പുറത്തേക്കിറങ്ങി. സ്വീറ്റ് കോണും വാങ്ങിക്കഴിച്ച് ചില്ലറ ഷോപ്പിങ്ങും നടത്തി നേരെ ഗൂഡല്ലൂർ ലക്ഷ്യമാക്കി യാത്ര തിരിച്ചു.

വഴിയരികിൽ കണ്ട കടയിൽ നിന്നും ഊട്ടി സ്പെഷ്യൽ വെജിറ്റബിൾസും വാങ്ങി ഇരുട്ട് വീണ വഴികളിലൂടെ മുന്നോട്ടുപോകുമ്പോൾ ഗ്ലെൻമോർഗൻ എന്ന ചൂണ്ടുപലകയും പൈക്കര തടാകം എന്ന ബോർഡും എന്നെ വല്ലാതെ കൊതിപ്പിച്ചുവെങ്കിലും വീടണയാനുള്ള തത്രപ്പാടിൽ അതിനൊന്നും മുഖം കൊടുക്കാതെ നേരെ മുന്നോട്ടുപോയി. നാടുകാണി ചുരത്തിൽ ചുരം കയറി വരുന്ന ഒരു ലോറി വട്ടം കിടന്നതിനാൽ റോഡിൽ കുറേസമയം ബ്ലോക്ക് അനുഭവപ്പെട്ടു, വഴിക്കടവിൽ എത്തി ഹോട്ടലിൽ കയറി ഭക്ഷണവും കഴിച്ച് നിലമ്പൂർ റോഡിലൂടെ നേരെ വീട്ടിലേക്ക് വച്ചുപിടിച്ചു, നട്ടപ്പാതിര നേരത്ത് വീട്ടിൽ തിരിച്ചെത്തി.