പാലക്കുഴി – വേറിട്ട കാഴ്ചകളുമായി ഒരു പാലക്കാടൻ ഗ്രാമം

വിവരണം – ദീപ ഗംഗേഷ്.

പാലക്കാട് ജില്ലയിലെ ആലത്തൂർ താലൂക്കിലെ മലയോര കുടിയേറ്റ കർഷകഗ്രാമമാണ് പാലക്കുഴി. ഇന്നത്തെ കർഷകരുടെ മുൻഗാമികൾ കാട് വെട്ടിതെളിച്ച് പരുവപ്പെടുത്തി പൊന്ന് വിളയിച്ചഭൂമി. സുന്ദരിയായ തിണ്ടിലം വെള്ളച്ചാട്ടം അവൾക്ക് അരഞ്ഞാണം ചാർത്തുന്നു. പാലക്കുഴി യാത്രാനുഭവങ്ങളാണ് ഇന്നിവിടെ കുറിക്കുന്നത്.

ഭർത്താവ് ഗംഗേഷ് വടക്കുംഞ്ചേരി അടുത്ത് കിഴക്കഞ്ചേരിയിലേക്ക് ട്രാൻസ്ഫർ ആയി ചെന്നപ്പോൾ അദ്ദേഹത്തിൻ്റെ സുഹൃത്ത് ഈജു വഴിയാണ് പാലക്കുഴിയെ പറ്റി കേൾക്കുന്നത്. പാലക്കുഴി ജൈവഗ്രാമമാണ്. രാസവളങ്ങളും കീടനാശിനികളും ഒഴിവാക്കിയുള്ള കൃഷിരീതികളാണ് അവിടെയുള്ളത്. അവിടുത്തെ കുരുമുളക് പ്രസിദ്ധമാണ്. വിലയും കൂടുതൽ.

ഒരു ഉച്ചയോടു കൂടി ഈജുവിനോടൊപ്പം കിഴക്കഞ്ചേരിയിൽ നിന്നും ഞങ്ങൾ യാത്ര തിരിച്ചു. പാടങ്ങളിൽ പടിയെടുക്കുന്ന കർഷകർ. ഒരു പനമരത്തിൽ നിറയെ തൂക്കണാം കുരുവിയുടെ കുടുകൾ. കിഴക്കഞ്ചേരി പഞ്ചായത്തിൽ തന്നെയാണ് പാലക്കുഴി. ചുറ്റും റബർ മരങ്ങളും കയറ്റവും ഇറക്കവുമുള്ള റോഡുകളും ഇടുക്കിയിലൂടെയുള്ള യാത്രയുടെ പ്രതീതിയാണ് ഉണ്ടാക്കിയത്.

കുറച്ചു വഴി പിന്നിട്ടപ്പോൾ കുത്തനെയുള്ള കയറ്റമായി.കാട് അതിർത്തിയായുള്ള റോഡ്.. സോളാർ വേലികൾ കാടിൻ്റെ അതിർത്തിയിൽ ഇട്ടിട്ടുണ്ട്. അതെല്ലാം കാട്ടാനകളുടെ സ്ഥിരം വഴികൾ ആണെന്ന് മുന്നറിയിപ്പ് ബോർഡുകൾ ഓർമ്മപ്പെടുത്തി കൊണ്ടിരുന്നു. വഴിയിലെ മരങ്ങളിൽ പറന്നുല്ലസിക്കുന്ന പല വർണ്ണങ്ങളിലുള്ള കുഞ്ഞു പക്ഷികൾ. ചില സ്ഥലങ്ങൾ മനോഹരങ്ങളായ വ്യൂ പോയൻ്റുകളാണ് .. ഒരിടത്തു നിന്ന് നോക്കിയാൽ പീച്ചി ഡാമിൻ്റെ റിസർവോയറിൻ്റെ അവ്യക്തമായ കാഴ്ച.

മുകളിലേക്ക് കയറുംതോറും തണുപ്പ് കൂടി വന്നു. നേരിയ മൂടൽമഞ്ഞ് ചുറ്റും വാരി വിതറിയ പോലെ. കാന്തല്ലൂർ യാത്രയുടെ കുളിരുന്ന തണുപ്പാണ് ഓർമ്മ വന്നത്. അത്രക്കും ഇല്ലെങ്കിലും അതൊരു പാലക്കാടൻ ചൂട് കാലാവസ്ഥ അല്ല. മുകളിൽ കണ്ട വിരിഞ്ഞ ചില പൂചെടികൾ അത് സ്ഥിതീകരിച്ചു.

ഗവിയിൽ നിന്ന് ഞാൻ വീട്ടിൽ കൊണ്ട് വന്ന് നട്ട് വളർത്തി പൂക്കുലകൾ വന്നിട്ടും കലാവസ്ഥ മാറ്റം കാരണം പൂ വിരിയാത്ത ചെടികളാണ് പാലക്കുഴിയിൽ പൂത്ത് കണ്ടത്. ചെണ്ടുമല്ലി ചെടികളെല്ലാം ഭ്രാന്തമായി പൂത്തുലഞ്ഞ് വസന്തം തീർത്തിരിക്കുന്നു. .ചെറിയൊരു മിനി ഊട്ടി എന്നു വേണമെങ്കിൽ പാലക്കുഴിയെ വിശേഷിപ്പിക്കാം. തിണ്ടിലം വെള്ളച്ചാട്ടത്തിലേക്കുള്ള വഴിയരികിൽ കാർ നിന്നു.

മണ്ണിട്ട വീതിയുള്ള നടപ്പാതയാണ്. മനോഹരമായ വീടുകൾ ഉണ്ട്. കൃഷി തോട്ടങ്ങളിൽ പ്രധാനമായും കുരുമുളകും കൊക്കൊയുമാണ്. ഒരു വശത്ത് സാമാന്യം വലിയൊരു ഫുട്ബോൾ ഗ്രൗണ്ട്. അരക്കിലോമീറ്ററോളം നടന്നു കാണും വഴി അവസാനിച്ചത് പാലക്കുടി ഹൈഡ്രോ ഇലക്ട്രിക്കൽ പവർ പ്രോജക്റ്റ് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന സൈറ്റിലാണ്.

തിണ്ടിലം വെള്ളച്ചാട്ടത്തിലൂടെ ഒഴുകുന്ന വെള്ളം അണകെട്ടി നിർത്തി വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള സംരഭത്തിൻ്റെ വളരെ പ്രധാനപ്പെട്ട പണികളാണ് അവിടെ നടക്കുന്നത്. മലയിൽ നിന്ന് ഒഴുകി വരുന്ന വെള്ളത്തിന് കുറുകെ ഡാമിൻ്റെ പണി പുരോഗമിച്ചു വരുന്നു. വെള്ളം ഒഴുകുന്ന വശത്ത് നിർമ്മാണം നടത്തിയിട്ടില്ല. ഭാവിയിലെ സ്പിൽവേക്കാവും എന്നു മനസ്സിൽ കരുതി.

പദ്ധതിക്കായി നാലേക്കർ ഭൂമിയാണ് ജില്ലാപഞ്ചായത്ത് ഏറ്റെടുത്തിട്ടുള്ളത്. പണി പൂർത്തിയായാൽ കേരളത്തിൽ സ്വന്തമായി വൈദുതി ഉൽപാദിപ്പിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനം എന്ന പദവി വീണ്ടും പാലക്കാട് ജില്ലാ പഞ്ചായത്തിന് സ്വന്തം. മീൻവല്ലം പദ്ധതിക്കു ശേഷം ജില്ലാ പഞ്ചായത്തിൻ്റെ രണ്ടാമത്തെ പ്രോജക്റ്റ് ആണ് പാലക്കുഴി.

വെള്ളച്ചാട്ടത്തിലേക്കെത്താൻ എങ്ങോട്ട് പോണമെന്നറിയാതെ ഒരു നിമിഷം ശങ്കിച്ചു നിന്നു. ഒരു വശത്ത് ഡാം സൈറ്റ് ഓഫീസ് .അതിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥയായ സുന്ദരിയായ ഒരു പെൺകുട്ടി കൃത്യമായ വഴി ഞങ്ങൾക്ക് പറഞ്ഞു തന്നു. നീരൊഴുക്ക് മുറിച്ചുകടന്ന് നടക്കാൻ തുടങ്ങി. ഒറ്റയടി പാതയാണ്. ചുറ്റും ആൾ പൊക്കത്തിന് വളർന്നു നിൽക്കുന്ന പുൽചെടികൾ. വഴി വിജനമാണ്.

ഉച്ച സമയം ആയതു കൊണ്ടാവും സഞ്ചാരികൾ എത്തി തുടങ്ങിയിട്ടില്ല. രസകരമായ ആ നടപ്പ് അവസാനിച്ചത് മനോഹരമായ ഒരു വ്യൂപോയൻറിലാണ്. വിരിച്ച പോലെ കിടക്കുന്ന പാറയിലിരുന്ന് അല്പം വിശ്രമിച്ചു.കാഴ്ചകൾ കണ്ണിന് കുളിർമ്മയായി.

വെള്ളച്ചാട്ടത്തിനടുത്തേക്കെത്താൻ കുത്തനെയുള്ള ഇറക്കമാണ്. പ്രത്യേകിച്ചു വഴിയൊന്നുമില്ല. പാറയിൽ നിരങ്ങിയും മരങ്ങളുടെ വേരിൽ പിടിച്ചും സാഹസികമായ ഇറക്കം താഴോട്ട്. ഗ്രിപ്പുള്ള ചെരുപ്പ് ആയിട്ടു കൂടി വഴുതുന്നു. ഒന്നു തെറ്റിയാൽ പിന്നെ വേറേ എങ്ങും നോക്കേണ്ട. നേരെ വെള്ളത്തിലെത്തും. ഏറെ ശ്രമപ്പെട്ട് താഴെ എത്തിയപ്പോൾ യുദ്ധം ജയിച്ച സന്തോഷമായിരുന്നു.

പാറകെട്ടുകൾ നിറഞ്ഞ നീർചാലിൽ വെള്ളം കുറവായിരുന്നു. ഇടക്ക് പ്രകൃതിദത്ത സ്വമ്മിംഗ് പൂൾപോലുള്ള കുഴികൾ. എടുത്ത് ചാടാനുള്ള മോഹം ഉള്ളിലൊതുക്കി. കണ്ണെത്താ ദൂരത്തുള്ള താഴ് വാരത്തിലേക്കാണ് വെള്ളം ചാടി ഒഴുകുന്നത്. വെള്ളം ചാടുന്നതിൻ്റെ ആദ്യ സ്റ്റെപ്പ് കാണാൻ കുറച്ച് കൂടി മുന്നോട്ട് നീങ്ങണം 30-40 ഡിഗ്രി ചരിഞ്ഞ പാറയിലൂടെ നിരങ്ങി ഒരു വിധം അതിനടുത്തെത്തി. മനോഹരമായ കാഴ്ച.. തണുത്ത കാറ്റ്.. വിജനത. കുറച്ചു കൂടെ നോക്കി നിന്നാൽ നാമെല്ലാം കവിയായി പോവും.

അരുവി മുറിച്ചുകടന്ന് മുകളിലേക്ക് നടക്കാൻ തുടങ്ങി. കുത്തനെയുള്ള കയറ്റം അവസാനിച്ചത് വാക്കുകൾ കൊണ്ട് വർണ്ണിക്കാൻ കഴിയാത്ത ഒരു വ്യൂ പോയൻ്റിലാണ്. നെല്ലിയാമ്പതി സീതാർകുണ്ട് വ്യൂ പോയൻ്റിനോട് എവിടെയോ ഒരു സാദൃശ്യം തോന്നി. കുറച്ച് സമയം തണുത്ത കാറ്റേറ്റ് പ്രകൃതി വിരിച്ച വിശാലമായ പാറയിൽ ഇരുന്നു. നാലുമണിയോടെ തിരിച്ചു നടക്കാൻ തുടങ്ങി.

ഇറങ്ങിയ അത്ര ബുദ്ധിമുട്ട് കയറാൻ തോന്നിയില്ല. വഴി പറഞ്ഞു തന്ന പെൺകുട്ടിയോട് നന്ദിയും പറഞ്ഞ് തിരികെ വൈകുന്നേരം ആയതു കൊണ്ട് വെള്ളച്ചാട്ടം കാണാൻ ആളുകൾ കുട്ടികളും മുതിർന്നവരുമടങ്ങുന്ന ഫാമലികളായി നടന്നു വരുന്നുണ്ട്. മോട്ടോർ ബൈക്കിൽ ചെറുപ്പക്കാരായ സഞ്ചാരികളും. ആദ്യം കണ്ട ഗ്രൗണ്ടിൽ കുട്ടികൾ ഫുട്ബോൾ കളിക്കുന്നുണ്ട്.. അവരുടെ ഭാഷാശൈലി തെക്ക് ദേശങ്ങളുടെതാണ്. ഇവരുടെ വേരുകൾ കൂടുതലും പെരുമ്പാവൂർ തൊടുപുഴ എന്നിവിടങ്ങളിൽ ആണെന്ന് അറിഞ്ഞു. കാർ പാർക്ക് ചെയ്തിരുന്ന സ്ഥലത്ത് ചെറിയൊരു കപ്പേള. അടുത്തുള്ള ചായക്കടയിൽ നിന്ന് ചായ കുടിച്ച് ക്ഷീണം അകറ്റി..

വഴിയരികിൽ ഡ്രാഗൺഫ്രൂട്ട് കൃഷിചെയ്യുന്ന സ്ഥലവും കണ്ടു. കള്ളിച്ചെടി വർഗ്ഗത്തിൽപെട്ട ചെടി കരിങ്കൽ തൂണിൽ കയറ്റി മുകളിൽ കെട്ടിയ ടയറിന് മുകളിൽ പടർത്തി വളർത്തുന്ന കാഴ്ച നല്ല ഭംഗിയാണ് കാണാൻ. നിരയായി തലയില്ലാതെ തട്ടുതട്ടായി നിൽക്കുന്ന തൂണുകൾ ഏതോ പുരാതന സാമ്രാജ്യത്തിൻ്റെ അവശിഷ്ടങ്ങൾ പോലെ തോന്നിപ്പോയി. മുന്നിൽ നിന്ന് രണ്ട് ഫോട്ടോ എടുത്തപ്പോൾ സംതൃപ്തി. രാത്രി ആനകൾ വിഹരിക്കുന്ന കാട്ടു റോഡിലൂടെ സോളാർ വേലിയുടെ ധൈര്യത്തിൽ തിരിച്ച് വീട്ടിലേക്ക്. പാലക്കുഴിയുടെ സൗന്ദര്യം മനസ്സിൽ ആവാഹിച്ചെടുത്ത്.