‘പ്രസിദ്ധ’മായ പാലിയേക്കര ടോൾ ബൂത്ത് ബലമായി തുറന്ന് യുവതി…

കേരളത്തിലെ പേരുകേട്ട (കുപ്രസിദ്ധമായ എന്നു വേണമെങ്കിലും പറയാം) ഒരു ടോൾ പ്ലാസയാണ് തൃശ്ശൂരിലെ പാലിയേക്കരയിലേത്. തുടക്കം മുതലേയുള്ള പ്രശ്നങ്ങൾ ഇന്നും പാലിയേക്കര ടോൾ പ്ലാസയെ വിട്ടൊഴിയുന്നില്ല. യാത്രക്കാർക്കു നേരെ ജീവനക്കാരുടെ ഗുണ്ടായിസവും അതിക്രമവും നാൾക്കുനാൾ വർധിച്ചു വരികയാണ്.

പ്രമുഖർ ഉൾപ്പെടെ ധാരാളമാളുകൾ ടോൾ ബൂത്ത് ജീവനക്കാരുടെ അഹങ്കാരത്തിനെതിരെ ഇവിടെ പ്രതികരിച്ചിട്ടുണ്ട്. ചിലതൊക്കെ വാർത്തകളിൽ ഇടം നേടിയിട്ടുമുണ്ട്. ചിലരുടെയൊക്കെ പ്രതിഷേധങ്ങൾക്ക് മുന്നിൽ ടോൾ ബൂത്ത് ഗുണ്ടകൾ തല കുനിച്ചിട്ടുമുണ്ട്. എങ്കിലും പിന്നെയും എല്ലാം ഇവിടെ ആവർത്തനം തന്നെയാണ്.

കഴിഞ്ഞ ദിവസം (ജനുവരി 23) വൈകുന്നേരം പാലിയേക്കര ടോൾ പ്ലാസയിൽ കാത്തുകിടക്കേണ്ടി വന്ന കാർ യാത്രികയായ യുവതി ആ ദേഷ്യം തീർത്തത് ടോൾ ബൂത്തിലെ ബാരിയർ ബലമായി തുറന്ന് വാഹനങ്ങളെയെല്ലാം കടത്തി വിട്ടുകൊണ്ടായിരുന്നു. തിരുവനന്തപുരം സ്വദേശിയായ യുവതി വീട്ടിലേക്ക് മടങ്ങും വഴിയായിരുന്നു സംഭവം.

ആറു വാഹനങ്ങളിൽക്കൂടുതൽ കാത്തു കിടക്കേണ്ടി വന്നിട്ടും ടോൾ ബൂത്ത് ജീവനക്കാർ തുറന്നു വിടാത്തത് ചോദ്യം ചെയ്ത യുവതി ബലമായിത്തന്നെ വാഹനങ്ങൾക്ക് തടസ്സം നിന്നിരുന്ന സ്റ്റോപ്പ് ബാരിയർ ഉയർത്തി വാഹനങ്ങളെയെല്ലാം കടത്തി വിടുകയായിരുന്നു. ഇതുമൂലം ഏതാണ്ട് ഇരുപതു മിനിറ്റോളം ഇതുവഴി വാഹനങ്ങൾക്ക് ടോൾ കൊടുക്കാതെ പോകുവാൻ സാധിച്ചു.

യുവതിയുടെ പ്രവൃത്തി ചോദ്യം ചെയ്യാനെത്തിയ ടോൾ ബൂത്ത് ജീവനക്കാരോട് അതേ നാണയത്തിൽത്തന്നെ യുവതി ക്ഷോഭിക്കുകയും ചെയ്തു. ഇതിനിടെ ടോൾ ബൂത്ത് ജീവനക്കാരിലൊരാൾ യുവതിയുടെ ചിത്രം മൊബൈൽഫോൺ ക്യാമറയിൽ എടുക്കുവാൻ ശ്രമിച്ചു. ഇതുകണ്ട യുവതി അയാളുടെ കൈയിൽ നിന്നും ഫോൺ തട്ടിയെറിയുകയും, അത് താഴെ വീഴുകയും ഉണ്ടായി. ഇതോടെ കൈയേറ്റം ചെയ്യാൻ ടോൾ ബൂത്ത് ഗുണ്ടകൾ ശ്രമം നടത്തിയെങ്കിലും, ധൈര്യത്തോടെയുള്ള യുവതിയുടെ ചെറുത്തുനിൽപ്പ് അവരെയെല്ലാം നിഷ്ക്രിയരാക്കി മാറ്റി.

പിന്നീട് ടോൾ പ്ലാസ അധികൃതർ അറിയിച്ചതിനെത്തുടർന്ന് പുതുക്കാട് പോലീസ് സ്ഥലത്തെത്തി. യുവതിക്കെതിരെ കമ്പനി അധികൃതർ പരാതി പറഞ്ഞെങ്കിലും പോലീസ് കേസ്സെടുക്കുവാൻ കൂട്ടാക്കിയില്ല. യുവതിയോട് സംഭവത്തിൽ പരാതിയുണ്ടോയെന്നു പോലീസ് തിരക്കിയപ്പോൾ പരാതിയില്ലെന്നായിരുന്നു അവരുടെ മറുപടി. തുടർന്ന് പോലീസ് ഇരുകൂട്ടരുടെയും ഇടയിൽ മധ്യസ്ഥരായി നിന്നുകൊണ്ട് സംഭവം പരിഹരിക്കുകയായിരുന്നു.

വീഡിയോ – പുതുക്കാട് ടൈംസ്.

ഈ നടന്ന സംഭവവികാസങ്ങളെല്ലാം ടോൾപ്ലാസയിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങൾ പുതുക്കാട് ടൈംസ് തുടങ്ങിയ ചില വാർത്താ മാധ്യമങ്ങൾക്ക് ലഭിക്കുകയും, അവർ വഴി പുറംലോകം അറിയുകയുമായിരുന്നു.

2012 ഫെബ്രുവരിയിലാണ് ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി പാലിയേക്കര ടോൾ പിരിവ് ആരംഭിച്ചത്. സാധാരണ നിലയിൽ പിരിച്ച് പിരിച്ച് കുറയുകയാണ് പതിവ്. എന്നാൽ ഇവിടെ 70 ൽ നിന്ന് 75 ലും, 105 ൽ നിന്ന് 110 ലും എത്തി നിൽക്കുന്നു ടോൾ നിരക്കുകൾ.

കേരളത്തിൽ ഗുണ്ടായിസത്തിനും പകൽക്കൊള്ളയ്ക്കും ഏറ്റവും പേരുകേട്ട ടോൾ ബൂത്താണ് തൃശ്ശൂരിലെ പാലിയേക്കര ടോൾ. ഭീമമായ ടോൾ തുക നൽകുന്നതിനോടൊപ്പം ഇതുവഴി പോകുന്നവർക്ക് ബ്ലോക്കിൽപ്പെട്ടു സമയം കളയുകയും വേണം. വാഹനങ്ങളുടെ നിര കിലോമീറ്ററുകൾ നീണ്ടാലും തുറന്നു വിടുവാൻ ടോളുകാർ തയ്യാറാകാറില്ല. ഇതു ചോദ്യം ചെയ്താലോ ടോൾ ബൂത്ത് ജീവനക്കാരുടെയും മാനേജരുടേയുമൊക്കെ ഭീഷണിയും ഗുണ്ടായിസവും ഒക്കെ നേരിടുകയും വേണം.