മണാലിയിൽ വന്ന് പാരാഗ്ലൈഡിംഗും റിവർ റാഫ്റ്റിങ്ങും ഒക്കെ ചെയ്യുന്നവർക്കായി..

ഇനി ഞങ്ങളുടെ അടുത്ത യാത്ര കുളുവിലേക്ക് ആയിരുന്നു. പാരാഗ്ലൈഡിംഗും റിവർ റാഫ്റ്റിങ്ങും ഒക്കെ ചെയ്യുവാനായിട്ടാണ് ഇനി ഞങ്ങളുടെ പോക്ക്. രാവിലെതന്നെ ഞങ്ങള്‍ യാത്രയാരംഭിച്ചു. കൂടെ പ്രവീണും ഉണ്ട്. പോകുന്ന വഴിയില്‍ ധാരാളം കുട്ടികള്‍ വര്‍ണ്ണങ്ങള്‍ വിതറി വഴിയില്‍ നിന്ന് കളിക്കുന്നത് കണ്ടിരുന്നു. അപ്പോഴാണ്‌ ഒരു കാര്യം ഞങ്ങള്‍ ഓര്‍ത്തത്. അന്ന് ഹോളി ആയിരുന്നു. കുറചുകൂടി കഴിഞ്ഞപ്പോള്‍ കുട്ടികള്‍ വന്നു കാര്‍ തടയുകയും ഞങ്ങളുടെ മേല്‍ വര്‍ണ്ണം വിതറി ഹാപ്പി ഹോളി ആശംസിക്കുകയും ചെയ്തു. വളരെ രസകരമായ ഒരു സംഭവമായിരുന്നു അത്.

കുളുവിലേക്കുള്ള യാത്രയില്‍ ഞങ്ങള്‍ പ്രശസ്തമായ ബിയാസ് നദി കടക്കുവാനായി ഒരു കിടിലന്‍ തൂക്കുപാലത്തില്‍ കയറുകയുണ്ടായി. തൂക്കുപാലത്തിലൂടെ ചെറിയ കാറുകള്‍ മാത്രമല്ല ഇന്നോവ വരെ പോകുന്നത് കാണാമായിരുന്നു. പാലത്തില്‍ നിറയെ ടിബറ്റന്‍ കൊടിതോരണങ്ങള്‍ കെട്ടിയിട്ടുണ്ടായിരുന്നു. അങ്ങനെ പുതിയ കാഴ്ചകള്‍ കണ്ടുകൊണ്ട് ഞങ്ങള്‍ പാരാഗ്ലൈഡ് ചെയ്യുന്ന സ്ഥലത്തെത്തി. അവിടെ ഞങ്ങളെ കാത്തിരുന്ന ഒരു വിസ്മയം ആപ്പിള്‍ മരങ്ങള്‍ ആയിരുന്നു. ഞങ്ങള്‍ പോയത് കൃഷി ഇല്ലാത്ത സമയമായതിനാല്‍ ആപ്പിളുകള്‍ ഒന്നും കാണുവാന്‍ സാധിച്ചില്ല. കാഴ്ചകളൊക്കെ കണ്ടുകൊണ്ട് ഞങ്ങള്‍ പാരാഗ്ലൈഡിംഗ് ചെയ്യുവാനായി നടന്നു.

കേരളത്തില്‍ വാഗമണില്‍ ഒക്കെ ഇപ്പോള്‍ പാരാഗ്ലൈഡ് നടക്കുന്നുണ്ടെങ്കിലും കുറച്ച് ചാര്‍ജ്ജ് കൂടുതലാണ്. ഇവിടെയാണെങ്കില്‍ മൂവായിരം രൂപയേ ഉള്ളൂ. ദമ്പതിമാര്‍ ആണെങ്കില്‍ വില പേശിയാല്‍ ചിലപ്പോള്‍ രണ്ടുപേര്‍ക്ക് 5000 രൂപയ്ക്ക് ലഭിക്കും. ഗൈഡുകള്‍ നമുക്ക് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെക്കുറിച്ച് കൂടുതലായി പറഞ്ഞു തരും. കാറ്റ് അനുകൂലമാണെങ്കില്‍ മാത്രമേ പാരാഗ്ലൈഡിംഗ് നടത്തുവാന്‍ സാധിക്കുകയുള്ളൂ. മിനിമം രണ്ടു മണിക്കൂര്‍ സമയമെങ്കിലും വേണം നല്ല രീതിയില്‍ പാരാഗ്ലൈഡിംഗ് ചെയ്യുവാന്‍.

ദൂരെയുള്ള ഒരു മലമുകളില്‍ നിന്നുമാണ് പാരാഗ്ലൈഡിംഗ് ആരംഭിക്കുന്നത്. അവിടേക്ക് അവരുടെ വാഹനത്തില്‍ നമ്മളെ കൊണ്ടുപോകും. ഏകദേശം അരമണിക്കൂര്‍ എടുക്കും ഈ യാത്രയ്ക്ക്. ആദ്യം അനിയന്‍ അഭിയാണ് പറന്നത്. അതുകഴിഞ്ഞ് ആയിരുന്നു എന്‍റെ ഊഴം. ഹോ… വല്ലാത്തൊരു അനുഭവം തന്നെയായിരുന്നു അത്. പക്ഷികളെപ്പോലെ ആകാശത്ത് പറന്നു നടക്കുക.. അത്ര തന്നെ.. ദൂരെ മഞ്ഞുമലകളൊക്കെ ശരിക്ക് കാണാം. താഴെ ഒഴുകുന്ന ബിയാസ് നദി… കൃഷി സ്ഥലങ്ങള്‍… 360 ഡിഗ്രീ സൂപ്പര്‍ ഡ്യൂപ്പര്‍ വ്യൂവായിരുന്നു. മണാലിയില്‍ വരുന്നവര്‍ തീര്‍ച്ചയായും മിസ്സ്‌ ചെയ്യാന്‍ പാടില്ലാത്ത ഒരു സംഭവമാണ് ഇത്. ഞങ്ങള്‍ ശരിക്കും ആസ്വദിച്ച ഒരു സംഭവമായിരുന്നു ഇത്.

പിന്നീട് ഞങ്ങള്‍ പോയത് ബിയാസ് നദിയിലെ റിവര്‍ റാഫ്റ്റിങ്ങിനായിരുന്നു. ഒരാള്‍ക്ക് 850 രൂപയാണ് ചാര്‍ജ്ജ്. നദിയില്‍ അത്യാവശ്യത്തിനു വെള്ളമൊക്കെ ഉള്ള സമയമായിരുന്നു അത്. റിവര്‍ റാഫ്റ്റിങ്ങ് നടത്തുന്നത് അവിടെയുള്ള ലോക്കല്‍ ആളുകള്‍ ആണ്. ആയതിനാല്‍ യാതൊരു വിധത്തിലുള്ള പേടിയും വേണ്ട. അവരെല്ലാം നല്ല എക്സ്പീരിയന്‍സ് ഉള്ളവരാണ്. റാഫ്റ്റിങ്ങിനായി വരുമ്പോള്‍ ഗോപ്രോ ക്യാമറ ഉപയോഗിക്കുന്നതായിരിക്കും ഉത്തമം. കാരണം റാഫ്റ്റിങ്ങിനിടെ ഉറപ്പായും വെള്ളം തെറിക്കുവാനൊക്കെ സാധ്യത ഏറെയാണ്‌. ഷൂസ്, ജീന്‍സ് മുതലായവയൊന്നും ആ സമയത്ത് ഉപയോഗിക്കുവാന്‍ പാടില്ല. ഒട്ടും പേടിക്കാതെ എല്ലാം എന്ജോയ്‌ ചെയ്യുക… ചിലപ്പോള്‍ ഇനി ഇങ്ങനെയൊരു നിമിഷം നമുക്ക് ജീവിതത്തില്‍ കിട്ടണമെന്നില്ല. എല്ലാവര്‍ക്കും തകര്‍പ്പന്‍ അനുഭവം നല്‍കുന്ന ഒരു അനുഭവം തന്നെയായിരിക്കും റിവര്‍ റാഫ്റ്റിങ്ങ്.

അങ്ങനെ എല്ലാം ആസ്വദിച്ചു കഴിഞ്ഞശേഷം ഞങ്ങള്‍ അവിടുന്ന് തിരികെ യാത്രയാരംഭിച്ചു. കഴിഞ്ഞ ദിവസങ്ങളിലെല്ലാം ഞങ്ങളുടെ താമസം ഹോട്ടലില്‍ ആയിരുന്നെങ്കിലും ഇന്ന് ഞങ്ങള്‍ താമസിക്കുന്നത് ഉഗ്രനൊരു കോട്ടേജിലാണ്. എങ്ങനെയുണ്ടാകുമെന്നു പോയി നോക്കാം…