തായ്‌ലൻഡിലെ പ്രശസ്തമായ ടൈഗർ സൂവിൽ നിന്നുള്ള കിടിലൻ കാഴ്ചകൾ – പാർട്ട് 2

തായ്‌ലാന്‍ഡ്‌ യാത്ര എപ്പിസോഡ് 3: പട്ടായയിലെ ടൈഗർ സൂവിൽ നിന്നുള്ള കാഴ്ചകൾ.. വീഡിയോ – 2

പാട്ടായയ്ക്കടുത്തുള്ള ശ്രീരച ടൈഗര്‍ സൂവിലെ വിശേഷങ്ങള്‍ : ടൈഗര്‍ സൂവില്‍ കാഴ്ചകള്‍ മാത്രമല്ല ഭക്ഷണങ്ങള്‍, വിവിധതരം പാനീയങ്ങള്‍, ബീയര്‍ , തണുപ്പിച്ച കരിക്ക് മുതലായവ യഥേഷ്ടം ലഭിക്കും. ഇതൊന്നും ഫ്രീയല്ലാട്ടോ… അങ്ങനെ ക്രോക്കഡൈല്‍ ഷോയുടെ സമയമായി. ഞങ്ങള്‍ അവിടേക്ക് നടന്നു. മുന്‍പ് ഞാന്‍ മുതലക്കുഞ്ഞിനെയാണ് മടിയില്‍ വെച്ച് ഇരുന്നത്. എന്നാല്‍ ഇവിടെയുള്ളത് നല്ല ഒന്നൊന്നര മുതലകള്‍ തന്നെയാണ്. ഷോ തുടങ്ങുന്നതിനു മുന്നേ ഞങ്ങള്‍ അവിടെ കയറി. ഈ സമയത്ത് സന്ദര്‍ശകരെ മുതലകളുടെ പുറത്തു കയറുവാനും ഫോട്ടോയെടുക്കുവാനും അനുവദിച്ചിരുന്നു. ഇതിനു പ്രത്യേകം പണം കൊടുക്കണം. ഞാനും ഒരു മുതലയുടെ മുകളില്‍ കയറി ഇരുന്നു ഫോട്ടോയെടുത്തു. ഈ സമയം മുഴുവനും മുതല വാ തുറന്നു പിടിച്ചിരിക്കുകയായിരുന്നു. വീഡിയോ കാണുമ്പോള്‍ നിങ്ങള്‍ക്കത് മനസ്സിലാകും.

അധികം വൈകാതെ ഷോ ആരംഭിച്ചു. രണ്ടു തായ് യുവാക്കള്‍ മുതലകളുടെ കൂടെ അതിഗംഭീരമായ അഭ്യാസങ്ങള്‍ നടത്തുന്നതാണ് ഈ മുതല ഷോ. വെറും അഭ്യാസങ്ങള്‍ അല്ല… സാധാരണ മനുഷ്യര്‍ അന്തംവിട്ടുപോകുന്ന ഐറ്റങ്ങളാണ് അവര്‍ അവിടെ ചെയ്യുന്നത്. കാണികളെല്ലാവരും ക്രോക്കഡൈല്‍ ഷോ നന്നായി ആസ്വദിക്കുന്നുണ്ടായിരുന്നു.

ക്രോക്കഡൈല്‍ ഷോയ്ക്കു ശേഷം ഞങ്ങള്‍ ടൈഗര്‍ ഷോ നടക്കുന്നിടത്തേക്ക് നടക്കുകയായിരുന്നു. പെട്ടെന്നാണ് അവിടേക്കുള്ള വഴിയില്‍ ഒരു കരിക്ക് കച്ചവടക്കാരന്‍ ഞങ്ങളെ ആകര്‍ഷിച്ചത്. ഞങ്ങള്‍ ഇന്ത്യക്കാര്‍ ആണെന്നു മനസ്സിലായപ്പോള്‍ “നാരിയല്‍ പാനി.. ബഹുത്ത് അച്ചാ ഹെ..” എന്നൊക്കെ പറഞ്ഞു തുടങ്ങി. കൂടാതെ പുള്ളിക്കാരന്‍ എനിക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തു. നന്നായി ബിസിനസ് ചെയ്യാന്‍ അറിയാവുന്ന ഒരു രസികനായിരുന്നു അയാള്‍. 50 ബാത്ത് ആണ് ഒരു കരിക്കിന്‍റെ വില. ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ച നല്ല ഫ്രഷ്‌ കരിക്കായിരുന്നു. നല്ല ഉശിരന്‍ കരിക്ക്… കരിക്കും കുടിച്ച് വയര്‍ നിറച്ചശേഷം ഞങ്ങള്‍ ടൈഗര്‍ ഷോ നടക്കുന്നയിടത്തേക്ക് കയറി.

പണ്ട് സര്‍ക്കസുകളിലൊക്കെ കണ്ടിട്ടുള്ളപോലത്തെ ഒരു കൂട്ടിലാണ് ഈ ഷോ നടക്കുന്നത്. ടൈഗര്‍ മാസ്റ്റര്‍ പറയുന്നതിനനുസരിച്ച് എല്ലാ കടുവകളും വളരെ അനുസരണയോടെ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. ഓരോ ആക്ടിവിറ്റി കഴിയുമ്പോഴും അതുചെയ്ത കടുവകള്‍ക്ക് ഭക്ഷണം സമ്മാനമായി നല്‍കുന്നുണ്ടായിരുന്നു. ഇവരെല്ലാം മൃഗങ്ങളെ ഉപദ്രവിക്കാതെ നന്നായി ട്രെയിനിംഗ് നല്‍കിയാണ്‌ ഇതുപോലെയാക്കുന്നത്. അത് ഇവിടത്തെ മൃഗങ്ങളെയെല്ലാം കാണുമ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലാകും. ടൈഗര്‍ഷോ കഴിഞ്ഞപ്പോള്‍ ചിലരൊക്കെ മാസ്റ്ററിന് പണം സമ്മാനമായി നല്‍കുന്നുണ്ടായിരുന്നു. ചിലരൊക്കെ കൂട്ടിനിപ്പുറത്തു നിന്നും സെല്‍ഫികളും പകര്‍ത്തുന്നുണ്ടായിരുന്നു. എന്തായാലും അവരെപ്പോലെ ഞാനും ഈ ടൈഗര്‍ ഷോ നന്നായി ആസ്വദിച്ചു.

ഈ ടൈഗര്‍ പാര്‍ക്കിലെ മറ്റൊരു പ്രത്യേകതയായി ഞാന്‍ കണ്ടത് ഫാന്‍ പ്രവര്‍ത്തിക്കുമ്പോള്‍ അതിനൊപ്പം ചെറുതായി വെള്ളം സ്പ്രേ ചെയ്യുന്ന രീതിയാണ്‌. ഇതുമൂലം അവിടെ ഒരു പ്രത്യേക തണുപ്പ് അനുഭവപ്പെടുന്നു. ചെറുതായി സ്പ്രേ ചെയ്യുന്നതുകൊണ്ട് ആളുകളുടെമേല്‍ വെള്ളം പതിക്കുന്നുമില്ല… നമ്മുടെ ആളുകള്‍ ഇതൊക്കെ കാണുന്നുണ്ടല്ലോ അല്ലേ???

ഇനിയുള്ളത് എലിഫന്റ് ഷോയാണ്. അതായത് ആനകളുടെ ഷോ… ഇതിനിടെ വീണുകിട്ടിയ കുറച്ചു സമയംകൊണ്ട് ഞാന്‍ ഞങ്ങളുടെ ഡ്രൈവര്‍ ചേച്ചിയുടെയും ഗൈഡായ ക്യാറ്റിന്‍റെയും പക്കല്‍ നിന്നു കുറച്ച് തായ് വാക്കുകളൊക്കെ പഠിക്കാന്‍ ശ്രമിച്ചു. നമ്മള്‍ നമസ്ക്കാരം എന്നു പറയുന്നതിന് തായ്‌ ഭാഷയില്‍ ‘സ്വതിഹാ’ എന്നാണു പറയുന്നത്.

അങ്ങനെ ആനകളുടെ ഷോ തുടങ്ങാറായി. ഞങ്ങള്‍ ഷോ നടക്കുന്നിടത്ത് ചെന്ന് നല്ലൊരു സ്ഥാനം നോക്കി ഇരുന്നു. വൈകാതെ തന്നെ ഷോ ആരംഭിച്ചു. ഇത്തിരിക്കുഞ്ഞന്‍ ആന മുതല്‍ വലിയവന്‍ വരെ അണിനിരക്കുന്നതായിരുന്നു ഷോ. ഇവിടെ ഞാന്‍ കണ്ട ഒരു പ്രത്യേകതയെന്തെന്നാല്‍ ഒരു ആനയ്ക്കും ചങ്ങലകൊണ്ടോ മറ്റോ ഉള്ള ബന്ധനം ഒന്നുമില്ലെന്നതാണ്. ആനകളുടെ ഓരോരോ അഭ്യാസങ്ങളും പാട്ടിനൊപ്പമുള്ള ഡാന്‍സും ഒക്കെ ഞാന്‍ ശരിക്ക് ആസ്വദിച്ചു. ഈ ഷോ കൂടുതലും ഇഷ്ടപ്പെടുന്നത് കുട്ടികള്‍ക്കാണ്. അതുകൊണ്ട് ഫാമിലിയായി വരുന്നവര്‍ എലിഫന്‍റ് ഷോ മിസ്സ്‌ ചെയ്യാറില്ല. ഷോ കഴിഞ്ഞ് ഈ ആനകള്‍ക്ക് പഴം വാങ്ങിക്കൊടുക്കുവാന്‍ കാണികള്‍ക്ക് അവര്‍ അവസരമൊരുക്കുന്നുണ്ട്. ആ അവസരം ഞാനും പാഴാക്കിയില്ല.

എലിഫന്‍റ് ഷോ കഴിഞ്ഞപ്പോള്‍ എനിക്കും ക്യാമറാമാന്‍ പ്രശാന്തിനുമൊക്കെ വിശപ്പിന്‍റെ വിളി വന്നുതുടങ്ങിയിരുന്നു. സൂവിനകത്തു തന്നെയുള്ള ഹോട്ടലിലേക്ക് ഞങ്ങള്‍ നടന്നു. ഭക്ഷണത്തിന്‍റെ ചാര്‍ജ് ടിക്കറ്റ് എടുത്തപ്പോള്‍ത്തന്നെ പ്രത്യേകം പറഞ്ഞു അതിനൊപ്പം ചേര്‍ത്തിട്ടുണ്ടായിരുന്നു. ഹോട്ടലിലേക്ക് നടക്കുന്നതിനിടെയാണ് ആ കാര്യം ഹാരിസ് ഇക്ക എന്നോട് ചോദിച്ചത്. മാഷേ നമുക്ക് മുതലയിറച്ചി കഴിച്ചാലോ എന്ന്… ആദ്യം ഞാന്‍ അയ്യേ എന്നായിപ്പോയി. പിന്നെ വിചാരിച്ചു ഇവിടെവരെ വന്നിട്ട് ഇവിടത്തെ രുച്ചുകളും സ്പെഷ്യലുകളും രുചിക്കാതെ പോകുന്നതെങ്ങനെ? അങ്ങനെ ഞങ്ങള്‍ മുതലയിറച്ചി ബാര്‍ബക്യൂ ഷോപ്പില്‍ ചെന്നു. ഒരു തായ് വനിതയായിരുന്നു അവിടത്തെ വില്‍പ്പനക്കാരി. ഫ്രൈ ചെയ്ത ഇറച്ചിക്കഷണങ്ങള്‍ ഒരു കമ്പില്‍ കോര്‍ത്ത് നമുക്ക് തരും. ഇതുപോലത്തെ അഞ്ചു കമ്പിനു 150 ബാത്ത് ആണ് വില. ആദ്യം തന്നെ ഞാന്‍ സാധനം വാങ്ങി രുചിച്ചു നോക്കി. വിചാരിച്ചതുപോലെയല്ല… സംഭവം ഉഗ്രനാ… പക്ഷേ കുറച്ചുകൂടി എരിവുണ്ടായിരുന്നെങ്കില്‍ ഇതിലും സൂപ്പറായേനെ…അങ്ങനെ മുതല ബാര്‍ബക്യൂ ഒക്കെ കഴിച്ചു ഞങ്ങള്‍ ഹോട്ടലില്‍ എത്തി. അവിടുന്ന് പരിപ്പും ചപ്പാത്തിയും ചിക്കനുമൊക്കെ കൂട്ടി ഇന്ത്യന്‍ സ്റ്റൈല്‍ ഭക്ഷണം കഴിച്ചു…

അങ്ങനെ ഞങ്ങള്‍ ടൈഗര്‍ സൂവിലെ കാഴ്ചകളൊക്കെ മൊത്തം കണ്ടുകഴിഞ്ഞു. ഇനി പട്ടായയിലേക്ക് യാത്ര തുടരണം. പുറത്ത് ഡ്രൈവര്‍ മോനോല വണ്ടിയുമായി കാത്തുനില്‍ക്കുകയാണ്… അപ്പോള്‍ ശരി… ഞാന്‍ പട്ടായയിലേക്ക് പോകട്ടേ? പട്ടായയിലെ വിശേഷങ്ങളുമായി നമുക്ക് അടുത്ത എപ്പിസോഡില്‍ കാണാം.