ആനപ്രേമികളുടെ ഇഷ്ടകേന്ദ്രമായ ശ്രീലങ്കയിലെ ‘പിനാവാല’ എന്ന ആനകളുടെ അനാഥാലയം

ശ്രീലങ്കയിലെ ഞങ്ങളുടെ രണ്ടാമത്തെ ദിവസം. ഞങ്ങൾ രാവിലെ തന്നെ എഴുന്നേറ്റു റൂമിലെ വിൻഡോയിലൂടെ പുറത്തേക്ക് നോക്കി. ആഹാ, മനോഹരമായ കടൽ… തീരത്തുകൂടി കടന്നുപോകുന്ന റോഡും റെയിൽപ്പാളവും.. വളരെ മനോഹരമായ ദൃശ്യങ്ങളായിരുന്നു ഞങ്ങൾക്ക് അവിടെ നിന്നും കാണുവാൻ സാധിച്ചത്. തലേന്ന് നേരം ഇരുട്ടിയായിരുന്നു ഞങ്ങൾ അവിടെ എത്തിയിരുന്നതിനാൽ ആ മനോഹര കാഴ്ചകളൊന്നും ആസ്വദിക്കുവാൻ സാധിച്ചിരുന്നില്ല.

ഞങ്ങൾ പെട്ടെന്നു റെഡിയായി മുകളിലെ നിലയിലുള്ള റെസ്റ്റോറന്റിലേക്ക് നടന്നു. അവിടെ നിന്നും കൊളംബോ നഗരത്തിന്റെ മനോഹരമായ ദൃശ്യം ഞങ്ങൾക്ക് കാണുവാൻ സാധിച്ചു. കുറച്ചു നേരം കാഴ്ചകളൊക്കെ കണ്ടതിനു ശേഷം ഞങ്ങൾ ബ്രേക്ക്ഫാസ്റ്റ് കഴിക്കുവാനായി ചെന്നു. ബുഫെ ബ്രേക്ക് ഫാസ്റ്റിനു ദോശ, ചമ്മന്തി, മീൻകറി, ചിക്കൻ കറി അടക്കമുള്ള ധാരാളം വിഭവങ്ങൾ ഉണ്ടായിരുന്നു.

ബ്രേക്ക് ഫാസ്റ്റിനു ശേഷം ഞങ്ങൾ ഹോട്ടലിൽ നിന്നും പുറത്തേക്ക് ഇറങ്ങി. കടൽത്തീരത്തും റെയിൽപ്പാളങ്ങളിലുമെല്ലാം ഞങ്ങൾ കാഴ്ചകൾ ആസ്വദിച്ചുകൊണ്ടു നടന്നു. അതിനിടയിൽ വളരെ വേഗത്തിൽ ഒരു ട്രെയിൻ ഞങ്ങൾക്കരികിലൂടെ കടന്നുപോയി. അങ്ങനെ കാഴ്ചകൾ കണ്ടുകൊണ്ടു നടക്കുന്നതിനിടെ ഞങ്ങളുടെ ഡ്രൈവർ കം ഗൈഡ് ആയ ജനക അവിടെ എത്തിച്ചേർന്നു. അവിടെ ഗൈഡ് ആക്കുന്നതിനുള്ള കോഴ്‌സുകളൊക്കെയുണ്ട്. അത് പാസ്സായി സർട്ടിഫിക്കറ്റ് നേടിയ വ്യക്തിയാണ് ജനക.

അങ്ങനെ ഞങ്ങൾ കാറിൽക്കയറി യാത്രയായി. ഒരു കിടിലൻ റോഡ് ട്രിപ്പ് ആയിരുന്നു പിന്നീട് ഞങ്ങളെ കാത്തിരുന്നത്. ശ്രീലങ്ക എന്നൊക്കെ കേൾക്കുമ്പോൾ മുൻപൊക്കെ എൻറെ മനസ്സിൽ വലിയ പ്രതീക്ഷകളൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ നേരിട്ടു കണ്ടപ്പോൾ ശരിക്കും ഞങ്ങൾ അന്തംവിട്ടുപോയി എന്നുവേണം പറയുവാൻ. ഒരു കിടിലൻ ഫോറിൻ രാജ്യം തന്നെ. പബ്ലിക് ട്രാൻസ്‌പോർട്ട് വാഹനങ്ങളെല്ലാം നമ്മുടെ നാട്ടിലേതു പോലത്തെ തന്നെയായിരുന്നുവെങ്കിലും ബസ്സുകളും ഓട്ടോകളുമെല്ലാം വെറൈറ്റി കളറുകളിൽ ഉള്ളവയായിരുന്നു. ബസ്സുകൾ എല്ലാം ഭൂരിഭാഗവും അശോക് ലെയ്‌ലാൻഡ് ആയിരുന്നു. ചുവന്ന കളറിലുള്ള ബസ്സുകൾ സർക്കാർ ബസ്സുകളും, അല്ലാത്ത കളറിലുള്ളവ പ്രൈവറ്റ് ബസ്സുകളും ആണെന്ന് ജനക ഞങ്ങളോട് പറഞ്ഞു.

നാലുവരിപ്പാതയിലൂടെയുള്ള കുറേസമയത്തെ യാത്രയ്ക്കു ശേഷം ഞങ്ങൾ പിന്നീട് രണ്ടുവരിപ്പാതയിലേക്ക് കയറി. നഗരത്തിൽ നിന്നും മാറി ഗ്രാമാന്തരീക്ഷത്തിലൂടെയുള്ളതായിരുന്നു പിന്നീടുള്ള യാത്ര. കേരളത്തിലെ ഏതോ ഒരു സ്ഥലത്തുകൂടി യാത്ര ചെയ്യുന്ന ഫീൽ ആയിരുന്നു അതിലൂടെ പോയപ്പോൾ ഞങ്ങൾക്ക് ലഭിച്ചത്. ശ്രീലങ്ക ഒരു ബുദ്ധമത രാഷ്ട്രം ആണെങ്കിലും നേപ്പാളിലും ഭൂട്ടാനിലുമൊക്കെ കാണുന്നതു പോലത്തെ മൊണാസ്ട്രികൾ അവിടെ ഞങ്ങൾക്ക് അങ്ങനെയൊന്നും കാണുവാൻ സാധിച്ചിരുന്നില്ല.

കാൻഡി എന്ന സ്ഥലത്തിനടുത്തുള്ള ‘പിനാവാല’ എന്നു പേരുള്ള ആനകളുടെ അനാഥാലയത്തിലേക്കായിരുന്നു ഞങ്ങൾ ആദ്യം പോയത്. ആനപ്രേമികൾ സന്ദർശിച്ചിരിക്കേണ്ട ഒരു സ്ഥലം തന്നെയാണ് പിനാവാല. എന്തുകൊണ്ടാണ് ഇതിനു ആനകളുടെ അനാഥാലയം എന്നു വിളിക്കുന്നത് എന്ന് നിങ്ങളെപ്പോലെ തന്നെ എനിക്കും സംശയമുണ്ടായിരുന്നു. അതിനുള്ള ഉത്തരം ജനകയായിരുന്നു ഞങ്ങൾക്ക് പറഞ്ഞു മനസിലാക്കി തന്നത്. കാടുകളിൽ നിന്നും വേർപെട്ടു പോകുന്ന ആനകളെ പിന്നെ കാട്ടാനകൾ അടുപ്പിക്കാറില്ല. അത്തരത്തിലുള്ളവയാണ് അക്രമകാരികളായ ഒറ്റയാന്മാർ ആയി മാറുന്നത്. ഇത്തരത്തിൽ ഒറ്റപ്പെടുന്ന ആനകളെ സംരക്ഷിക്കുന്ന ഒരു സ്ഥലമാണ് പിനാവാലയിലെ ഈ ആനകളുടെ ഓർഫനേജ്.

1975 ലായിരുന്നു ഈ എലിഫന്റ് ഓർഫനേജ് ആരംഭിക്കുന്നത്. തുടക്കത്തിൽ ഒറ്റപ്പെട്ട ആനകളെയായിരുന്നു സംരക്ഷിച്ചിരുന്നതെങ്കിൽ ഇന്ന് ഇവിടെ ആനകൾ ഫാമിലിയായി വസിക്കുകയാണ്. ശ്രീലങ്കയിലെ സുവോളജിക്കല്‍ ഗാര്‍ഡന്‍റ കീഴിലാണ് ഈ ഓർഫനേജ് പ്രവര്‍ത്തിക്കുന്നത്. ആനകളുടെ സംരക്ഷണത്തിനായി ഇവിടെ വെറ്റിനറി ഡോക്ടർമാരുടെ സേവനവും ലഭ്യമാണ്.

അവിടേക്ക് പ്രവേശിക്കുന്നതിന് വിദേശികൾക്ക് 1500 ശ്രീലങ്കൻ രൂപയാണ് ചാർജ്ജ്. ഇന്ത്യ ഉൾപ്പെട്ട സാർക്ക് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് 800 ശ്രീലങ്കൻ രൂപ കൊടുത്താൽ മതി. ഞങ്ങൾ അവിടെയെത്തിയപ്പോൾ കുറച്ചു വൈകിയിരുന്നതിനാൽ ആനകളുടെ നീരാട്ട് കാണുവാൻ പറ്റുമോയെന്നു സംശയമായിരുന്നു. എങ്കിലും ജനകയുടെ സഹായത്താൽ പെട്ടെന്നു നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കിയതിനാൽ ഞങ്ങൾക്ക് അവയുടെ നീരാട്ട് പൂർത്തിയാകുന്നതിനു മുൻപേ തന്നെ അവിടെയെത്തുവാൻ സാധിച്ചു.

കൂടുതലും പിടിയാനകൾ ആയിരുന്നു അവിടെയുണ്ടായിരുന്നത്. വല്ലാത്തൊരു ഓമനത്തമായിരുന്നു അവയ്ക്ക്. ഇത്രയധികം ആനകളെ അടുത്തു കാണുവാൻ അവിടെ സന്ദർശകർക്ക് അവസരമുണ്ട്. ആനകൾ നമ്മൾ നിൽക്കുന്ന ഉയർന്ന ഏരിയയുടെ താഴെ വന്നിട്ട് മുകളിലേക്ക് തുമ്പിക്കൈ നീട്ടും. ചിലരൊക്കെ പഴങ്ങൾ തുടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾ അവയ്ക്ക് തുമ്പിക്കൈയിൽ വെച്ച് നൽകും. അല്ലാത്തവർ അവയെ ഓമനിച്ചു തലോടും. വളരെ കൗതുകകരമായ ഒരു അനുഭവമായിരുന്നു അത്.

ഒരു സെറ്റ് ആനകൾ കുളി കഴിഞ്ഞു കയറിപ്പോയപ്പോൾ അതാ വരുന്നു അടുത്ത ടീം. ദേഹത്ത് ചെളിയും മണ്ണുമൊക്കെയായി ആസ്വദിച്ച് ആനയിച്ചു വരികയാണ്. ആനകളൊന്നും ഉപദ്രവകാരികൾ അല്ലാതിരുന്നതിനാൽ അവയെ ഫ്രീയായിട്ടായിരുന്നു നടത്തിക്കൊണ്ടു പോയിരുന്നത്. ആനകളെയൊന്നും ഉപദ്രവിക്കുകയോ, ഉപദ്രവിക്കുന്നതിന്റെ ലക്ഷണങ്ങളോ ഒന്നും ഞങ്ങൾക്ക് കാണുവാൻ സാധിച്ചിരുന്നില്ല.

അവിടെ ആനപ്പിണ്ഡത്തിൽ നിന്നും ഉണ്ടാക്കുന്ന പേപ്പർ വിൽക്കുന്ന ഒരു കട ഞങ്ങൾ കണ്ടു. അതു കണ്ടപ്പോൾ ‘പുണ്യാളൻ അഗർബത്തീസ്’ എന്ന സിനിമയും അതിലെ ജയസൂര്യയുടെ കഥാപാത്രവുമൊക്കെയായിരുന്നു ഞങ്ങളുടെ മനസ്സിൽ ഓടിയെത്തിയത്. എന്തായാലും ആനകളുടെ ഓർഫനേജ് അടിപൊളി തന്നെയായിരുന്നു. ഫാമിലിയായും കപ്പിൾസ് ആയും വരുന്നവർക്കൊക്കെ ആനന്ദം പകരുന്ന ഒരു സ്ഥലം. അവിടത്തെ കാഴ്ചകൾ കണ്ടതിനു ശേഷം ഞങ്ങൾ അവിടെ നിന്നും ഇറങ്ങി അടുത്ത സ്ഥലത്തേക്ക് പോകുവാനുള്ള ഒരുക്കമായി. ആ കാഴ്ചകളും വിശേഷങ്ങളുമൊക്കെ അടുത്ത എപ്പിസോഡിൽ കാണാം.