കേരളത്തിലെ പ്രധാനപ്പെട്ട ചില സ്ഥലങ്ങളുടെ അതേ പേരിലുള്ള അപരന്മാർ..

കേരളത്തിലെ സ്ഥലപ്പേരുകളെക്കുറിച്ചുള്ള രസകരമായ കാര്യങ്ങൾ നമ്മൾ മുൻപ് പല ലേഖനങ്ങളിൽക്കൂടി വായിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ പ്രധാനപ്പെട്ട ചില സ്ഥലങ്ങളുടെ അപരന്മാരായി അതേ പേരുള്ള ചില സ്ഥലങ്ങളും കേരളത്തിലുണ്ട്. അവയിൽ ചിലത് നമുക്കൊന്ന് അറിഞ്ഞിരിക്കാം.

കോട്ടയം – കേരളത്തിലെ 14 ജില്ലകളിൽ ഒന്നാണ് കോട്ടയം. കോട്ടയത്തിന്റെ പുസ്തക പ്രസിദ്ധീകരണ മേഖലയിലുള്ള പാരമ്പര്യം കണക്കിലെടുത്ത് ഈ നഗരം “അക്ഷര നഗരി” എന്ന അപരനാമത്തിലും അറിയപ്പെടുന്നു. ഇന്ത്യയിലാദ്യമായി സമ്പൂർണ്ണസാക്ഷരത കൈവരിച്ച നഗരമാണ് കോട്ടയം.

ഈ കോട്ടയത്തിന് ഒരു അപരൻ കേരളത്തിൽ തന്നെയുണ്ട്. കണ്ണൂർ ജില്ലയിലാണ് ഈ കോട്ടയം സ്ഥിതി ചെയ്യുന്നത്. കോട്ടയം (മലബാർ) (Cotiote) കേരളത്തിലെ പഴയ ജന്മികൾ ഭരിച്ച ഒരു ചെറിയ നാട്ടുരാജ്യമായിരുന്നു. പഴശിരാജാവിന്റെ ഭരണത്താൽ ഈ സ്ഥലം പ്രസിദ്ധമാണ്. ഇന്നത്തെ തലശ്ശേരി താലൂക്കിലെ 1000 ചതുരശ്രകിലോമീറ്ററും വയനാട് ജില്ലയിലെ 2000 ചതുരശ്രകിലോമീറ്ററും അടങ്ങിയ ഒരു പ്രദേശമായിരുന്നു കോട്ടയം (മലബാർ). പുന്നക്കാട്ട് സ്വരൂപം എന്നാണ് ഇവിടം ഭരിച്ചവർ അറിയപ്പെട്ടിരുന്നത്.

കോഴിക്കോട് – കേരളത്തിന്റെ വടക്കു ഭാഗത്തുള്ള ഒരു ജില്ലയാണ് കോഴിക്കോട്. ബ്രിട്ടീഷ്‌ ഭരണ കാലത്ത്‌ മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാർ ജില്ലയുടെ തലസ്ഥാനമായിരുന്നു കാലിക്കറ്റ് എന്നറിയപ്പെട്ടിരുന്ന കോഴിക്കോട്. കോഴിക്കോട് എന്ന പേരിന്റെ ആവിർഭാവത്തെപ്പറ്റി പല അഭിപ്രായങ്ങളും നിലവിലുണ്ട് കോ എന്നാൽ കോട്ട എന്നും അഴി എന്നാൽ അഴിമുഖം എന്നും കോട് എന്നാൽ നാട് എന്നും ആണ് അർത്ഥം ഈ മൂന്ന് വാക്കുകളും ചേരുമ്പോൾ കോഴിക്കോട് എന്നാവും ഇതല്ല കോയിൽ(കൊട്ടാരം) കോട്ട എന്നീ വാക്കുകളിൽ നിന്നാണ് കോഴിക്കോട് ഉണ്ടായത് എന്നും പറയപ്പെടുന്നു.

കോഴിക്കോടിന് ഒരു അപരൻ തെക്കൻ കേരളത്തിലാണ് ഉള്ളത്. കൊല്ലം ജില്ലയിൽ കരുനാഗപ്പളളി മുൻസിപ്പാലിറ്റിയുടെ കീഴിലുളള അയണിവേലിക്കുളങ്ങര വില്ലേജിലെ ഒരു ഗ്രാമമാണ് കോഴിക്കോട്. കരുനാഗപ്പളളി ടൗണിൽ നിന്നും ഒരു കിലോമീറ്റർ പടിഞ്ഞാറായിട്ടും അറബിക്കടലിന്റെ തീരങ്ങൾക്കും മദ്ധ്യേ ആയിട്ടാണ് ഈ നാട് സ്ഥിതി ചെയ്യുന്നു.തീരപ്രദേശമായ വെളളനാതുരത്തിനെയും കോഴിക്കോടിനെയും ബന്ധിപ്പിക്കുന്ന എസ് വി മാർക്കറ്റ് ബോട്ട് ജെട്ടി ഇവിടുത്തെ പ്രശസ്തമായ തുറമുഖങ്ങളിൽ ഒന്നായിരുന്നു. കാലക്രമേണ റോഡ് ഗതാഗതം സുലഭിതമായത് കൊണ്ട് അധികമായുള്ള ജലമാർഗ്ഗം കാലാഹരണപ്പെട്ടു. കേരളത്തിലെ തന്നെ കോഴിക്കോട് ജില്ലയുമായി പ്രാദേശിക സാദർശ്യമുണ്ടായത് കൊണ്ടാണ് ഈ സ്ഥലനാമം ലഭ്യമായത്. ഇക്കാര്യമൊന്നും അറിയാതെ കരുനാഗപ്പള്ളി ബസ് സ്റ്റാൻഡിൽ ചെന്നാൽ കോഴിക്കോട് ബോർഡ് വെച്ച ഓർഡിനറി ബസ്സുകൾ കണ്ട് നിങ്ങൾ അന്തംവിടും. ഇതുപോലെ കോഴിക്കോട് ജില്ലയിൽ കൊയിലാണ്ടിക്കടുത്ത് ഒരു കൊല്ലവും ഉണ്ട്.

ചിറ്റൂർ – പാലക്കാട് ജില്ലയിൽ ചിറ്റൂർ പുഴയുടെ കരയിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ പട്ടണമാണ് ചിറ്റൂർ‍. ചിറ്റൂർ പുഴയ്ക്ക് ശോകനാശിനി എന്നും പേരുണ്ട്. തുഞ്ചത്ത് രാമാനുജനെഴുത്തച്ഛൻ ഈ പുഴയുടെ തീരത്താണ് അവസാന കാലത്ത് താമസിച്ചിരുന്നത്. സഹ്യപർവതത്തിനു സമീപത്തായി കേരളത്തെയും തമിഴ്‌നാടിനെയും ബന്ധിപ്പിക്കുന്ന പരമ്പരാഗത പാതയാണ് ചിറ്റൂർ – പൊള്ളാച്ചി വഴി. ചിറ്റൂർ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിനോടനുബന്ധിച്ചുള്ള കൊങ്കൻ പട ചരിത്ര പ്രസിദ്ധമാണ്.

പേരുകേട്ട ചിറ്റൂർ പാലക്കാട് ജില്ലയിൽ ആണെങ്കിലും എറണാകുളം ജില്ലയിലും ഉണ്ട് ഒരു ചിറ്റൂർ. ചേരാനെല്ലൂർ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ട ഈ ചിറ്റൂരിലാണ് മൾട്ടിസ്പെഷ്യലിറ്റി ഹോസ്പിറ്റലായ ആസ്റ്റർ മെഡിസിറ്റി സ്ഥിതി ചെയ്യുന്നത്. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നും കച്ചേരിപ്പടി വരെയുള്ള റോഡിനു ചിറ്റൂർ റോഡ് എന്നാണു പേര്. ഇവയൊക്കെ കൂടാതെ ആന്ധ്രപ്രദേശിലെ ഒരു ജില്ലയുടെ പേരും ചിറ്റൂർ എന്നാണ്.

പറവൂർ – എറണാകുളം ജില്ലയുടെ വടക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്ന ചരിത്ര പ്രസിദ്ധമായ ഒരു സ്ഥലമാണ് പറവൂർ. എറണാകുളം ജില്ലയിലെ ആദ്യ നഗരസഭകളിൽ ഒന്നാണ് പറവൂർ നഗരസഭ. എറണാകുളം ജില്ലയുടെ തെക്കേ അറ്റത്തുള്ള മറ്റൊരു പറവൂർ തെക്കൻ പറവൂർ എന്നറിയപ്പെടുന്നതിനാൽ, ഈ പ്രദേശം വടക്കൻ പറവൂർ എന്നറിയപ്പെടുന്നു. തെക്കൻ പറവൂർ എറണാകുളം ജില്ലയിൽത്തന്നെ വൈക്കം എറണാകുളം റൂട്ടിൽ ഉദയം പേരൂരിന് അടുത്തുള്ള സ്ഥലമാണ്. കൊല്ലം ജില്ലയിൽ ഇതിനോടു സാമ്യം ഉള്ള പേരിൽ പരവൂർ എന്ന ഒരു പട്ടണവും ഉണ്ട്.

പാളയം – തിരുവനന്തപുരത്തെ ഒരു തിരക്കേറിയ സ്ഥലമാണ് പാളയം അഥവാ കണ്ടോന്റ്മെന്റ്. കണ്ണിമാറ ചന്ത, പാളയം രക്തസാക്ഷി മണ്ഡപം, ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം എന്നിവ ഇവിടെയാണു സ്ഥിതി ചെയ്യുന്നതു്. തിരുവിതാംകൂർ സൈന്യം ഇവിടെ താവളമടിച്ചിരുന്നതിനാലാണു് ഈ പേരു കിട്ടിയതെന്നു വിശ്വസിക്കുന്നു.

തിരുവനന്തപുരത്തെക്കൂടാതെ കോഴിക്കോട് ജില്ലയിലും ഒരു പാളയം ഉണ്ട്. കോഴിക്കോട്ടെ പ്രധാന കച്ചവട കേന്ദ്രങ്ങളിൽ ഒന്നാണ് പാളയം. പാളയം പച്ചക്കറി മാർക്കറ്റ്‌, പാളയം ബസ്സ്റ്റാൻഡ് എന്നിവ ഇവിടെ സ്ഥിതി ചെയ്യുന്നു. മുൻപ് കോഴിക്കോട്ടു നിന്ന് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലേക്ക് ബസ് സർവീസ് പാളയത്തു നിന്നായിരുന്നു. ഇപ്പോൾ പാളയം ബസ്സ്റ്റാൻഡിൽ നിന്നും കുന്ദമംഗലം, മാവൂർ, തിരുവമ്പാടി, താമരശ്ശേരി, മുക്കം തുടങ്ങിയ ജില്ലയുടെ ഉള്ളിൽ ഉള്ള സ്ഥലങ്ങളിലേക്കാണ് ബസ് സർവീസ് ഉള്ളത്.

ലക്കിടി – വയനാട് ജില്ലയുടെ പ്രവേശന കവാടമാണ് ലക്കിടി. ദക്ഷിണേന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശങ്ങളിലൊന്നാണ് ലക്കിടി. സമുദ്രനിരപ്പിൽ നിന്ന് 700 മീറ്റർ ഉയരത്തിൽ താമരശ്ശേരി ചുരത്തിനു മുകളിലായാണ് ലക്കിടി സ്ഥിതി ചെയ്യുന്നത്.

പാലക്കാട് ജില്ലയിലെ കിള്ളിക്കുറിശ്ശിമംഗലത്തിനും ലക്കിടി എന്ന അപരനാമം ഉണ്ട്. ഭാരതപ്പുഴയുടെ തീരത്തുള്ള ഈ സ്ഥലത്താണ് മലയാളത്തിലെ ഹാസ്യകവിയായ കുഞ്ചൻ നമ്പ്യാർ ജനിച്ചത്. തൃശ്ശൂർ – പാലക്കാട് ജില്ലയുടെ അതിർത്തി കൂടിയാണ് ലക്കിടി.

തിരൂർ – മലപ്പുറം ജില്ലയിലെ ഒരു നഗരസഭയാണ് തിരൂർ. കേരളത്തിലെ പ്രശസ്തമായ ഒരു സ്ഥലം കൂടിയാണിത്. എന്നാൽ തിരൂർ എന്ന പേരിൽ തൃശ്ശൂർ ജില്ലയിൽ വിയ്യൂരിനടുത്ത് ഒരു സ്ഥലം കൂടിയുണ്ട്. അതുപോലെ അത്താണി എന്ന പേരിൽ തൃശ്ശൂരിലും, എറണാകുളത്തെ നെടുമ്പാശ്ശേരിയ്ക്ക് സമീപത്തും, ഇതുകൂടാതെ കേരളത്തിലെ വിവിധ ഭാഗങ്ങളിലുമൊക്കെ സ്ഥലങ്ങളുണ്ട്.

പെരുമ്പടപ്പ് – മലപ്പുറം ജില്ലയിലെ ഒരു പഞ്ചായത്താണ് പെരുമ്പടപ്പ്. ചരിത്രപ്രസിദ്ധമായ ഒരു സ്ഥലം കൂടിയാണിത്. എന്നാൽ എറണാകുളം ജില്ലയിൽ പള്ളുരുത്തിയ്ക്കും കുമ്പളങ്ങിയ്ക്കും ഇടയിൽ പെരുമ്പടപ്പ് എന്നൊരു സ്ഥലം കൂടിയുണ്ട്. എറണാകുളം സിറ്റിയിൽ പെരുമ്പടപ്പ് ബോർഡ് വെച്ച ബസ്സുകൾ ധാരാളമായി നമുക്ക് കാണാവുന്നതാണ്.

ഇവയെക്കൂടാതെ കേരളത്തിൽ നിരവധി സ്ഥലങ്ങൾ ഒരേപേരിൽ സ്ഥിതി ചെയ്യുന്നുണ്ട്. അവയെക്കുറിച്ച് നിങ്ങൾക്ക് അറിയാവുന്ന കൂടുതൽ വിവരങ്ങൾ കമന്റിൽ രേഖപ്പെടുത്തുക.