ചൈനയിൽ മൂത്രമൊഴിച്ചതിനു പോലീസ് പൊക്കി; ഫൈനടച്ച ശേഷം വീണ്ടും കറക്കം

ചൈനയിലെ യിവു നൈറ്റ് മാർക്കറ്റിലും ഫുഡ് സ്ട്രീറ്റിലും കറങ്ങി നടക്കുന്നതിനിടെ ഞങ്ങൾക്ക് മൂന്നു പേർക്കും കലശലായ മൂത്രശങ്ക. അവിടെയാണെങ്കിൽ പബ്ലിക് ടോയ്‌ലറ്റ് നോക്കിയിട്ട് കണ്ടുമില്ല. അങ്ങനെ നോക്കിനടക്കുന്നതിനിടെയാണ് അപ്പുറത്ത് കുറച്ചുമാറി ചിലർ ഒതുക്കത്തിൽ കാര്യം സാധിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. അങ്ങനെ ഞങ്ങളും അവിടേക്ക് നടന്നു. നൈസായി ഞങ്ങൾ കാര്യം സാധിക്കുന്നതിനിടെയാണ് ഒരു പണി കിട്ടുന്നത്.

സംഭവം വേറൊന്നുമല്ല, പോലീസ് കൈയോടെ പൊക്കി. പാസ്സ്‌പോർട്ട് ചോദിച്ചപ്പോൾ അത് ഞങ്ങളുടെ കൈവശം ഉണ്ടായിരുന്നില്ല. അവസാനം സഹീർഭായി ഇടപെട്ട് സംഭവം ചെറിയൊരു പിഴയിൽ ഒതുക്കിത്തീർത്തു. ഫൈനടക്കേണ്ടി വന്നത് 200 രൂപ. നമ്മുടെ നാട്ടിലാണെങ്കിൽ പബ്ലിക് ടോയ്‌ലറ്റ് ഇല്ലാത്തതു കൊണ്ടാണെന്നൊക്കെ പറഞ്ഞു നിൽക്കാമായിരുന്നു. ഇതിപ്പോൾ മറ്റൊരു രാജ്യമായിപ്പോയില്ലേ? ഒന്നും പറഞ്ഞിട്ട് കാര്യമില്ല. ചെറിയൊരു തുകയേ ഫൈൻ അടക്കേണ്ടി വന്നുള്ളൂ എന്നു സമാധാനിക്കാം.

അങ്ങനെ ചെയ്ത തെറ്റിന് മാന്യമായി പിഴയടച്ച് ബാക്കി കാഴ്ചകളും തേടി ഞങ്ങൾ നടത്തം തുടർന്നു. അപ്പോഴതാ അവിടെയൊരു കടയുടെ മുന്നിൽ ഒരാൾക്കൂട്ടം. എന്താണ് സംഭവമെന്നറിയാൻ ആകാംക്ഷയോടെ ഞങ്ങൾ അവിടേക്ക് ചെന്നു. ചൈനക്കാരനായ കടക്കാരൻ ചേട്ടൻ പൊരിഞ്ഞ വാചകമടി നടത്തുകയാണ്. ചുറ്റും കൂടിനിൽക്കുന്നവരിൽ പല രാജ്യക്കാർ ഉണ്ടായിരുന്നതിനാൽ ചൈനീസ് ഭാഷയിൽ പറയുന്നതിനൊപ്പം എല്ലാവർക്കും മനസ്സിലാകുന്ന തരത്തിൽ ആക്ഷനുകളൊക്കെ കാണിക്കുന്നുണ്ടായിരുന്നു. സംഭവം ഒരു സൂപ്പർ ഗ്ലൂവിൻ്റെ (പശ) കച്ചവടമാണ്. നീളമുള്ള റബ്ബർ വള്ളി മുറിച്ചതിനു ശേഷം അത് സൂപ്പർഗ്ലൂ കൊണ്ട് ഒട്ടിച്ചതിനു ശേഷം ആ വള്ളികൊണ്ട് ഭാരമുള്ള ഒരു കല്ല് ഉയർത്തിയെടുക്കുന്നതാണ് അവിടെ പുള്ളി ചെയ്തിരുന്നത്. എന്തായാലും പുള്ളിയുടെ പ്രകടനം മോശമായില്ല, നല്ല കച്ചവടം തന്നെ ചേട്ടന് കിട്ടി.

ഞങ്ങൾ അവിടെ നിന്നും അടുത്ത കടകളിലേക്ക് നടന്നു. അതിനിടെ ഒരു മലയാളിയായ ഫോളോവറെ അവിടെ വെച്ച് പരിചയപ്പെടുകയുണ്ടായി. കണ്ണൂർ സ്വദേശിയായ അദ്ദേഹം ബിസ്സിനസ്സ് ആവശ്യങ്ങൾക്കായി ചൈനയിൽ വന്നതായിരുന്നു. നേരം അൽപ്പംകൂടി വൈകിയതോടെ ഷോപ്പിംഗ് സ്ട്രീറ്റിലെ തിരക്ക് അൽപ്പം കുറയുമെന്നു വിചാരിച്ചെങ്കിലും ആ സമയത്തും അവിടെ അത്യാവശ്യം ആളുകൾ ഉണ്ടായിരുന്നു. ഷൂസുകൾ, ചെരിപ്പുകൾ, വിവിധതരം ഡ്രസ്സുകൾ, മസ്സാജിംഗ് ഉപകരണങ്ങൾ, മൊബൈൽ ആക്സസറീസ്, ലേഡീസ് ഫാൻസി ഐറ്റംസ് തുടങ്ങി നമ്മുടെ ദൈനംദിന ജീവിതത്തിൽ ആവശ്യമായ എല്ലാംതന്നെ അവിടെ ലഭിക്കുമായിരുന്നു. നൈറ്റ് മാർക്കറ്റിന്റെ ഒരുവശത്ത് ഫുഡ് ഐറ്റംസും, മറ്റു വശത്ത് ഇതേപോലുള്ള ഷോപ്പുകളും ആയിരുന്നു.

അവിടത്തെ കാഴ്ചകൾ ശരിക്കും ആസ്വദിച്ചു നടന്നുകണ്ടതിനു ശേഷം ഞങ്ങൾ അവിടെ നിന്നും പുറത്തേക്ക്, സ്ട്രീറ്റിലേക്ക് ഇറങ്ങി. അവിടെ വഴിയരികിൽ കണ്ട ഒരു റെസ്റ്റോറന്റിൽ കയറി ഞങ്ങൾ വ്യത്യസ്തങ്ങളായ വിഭവങ്ങൾ ഓർഡർ ചെയ്തു. റെസ്റ്റോറന്റിനു മുന്നിൽത്തന്നെ അവർ വിഭവങ്ങൾ ഉണ്ടാക്കുന്നത് കാണാമായിരുന്നു. അതുകണ്ടിട്ടാണ്‌ ഞങ്ങൾ അവിടെ കയറിയത്. ഓപ്പൺ ടേബിളിലിരുന്നുകൊണ്ട് ഭക്ഷണം കഴിക്കുവാൻ തുടങ്ങുന്നതിനിടയിൽ ഒരു അമ്മൂമ്മ ഞങ്ങളുടെ അടുത്തെത്തി. സഹീർഭായി അവർ വന്നപ്പോൾ മൊബൈൽ ഫോണിൽ എന്തോ ചെയ്യുന്നതു കണ്ടപ്പോൾ ഞാൻ കാര്യമന്വേഷിച്ചു. അപ്പോഴാണ് അമ്പരപ്പിച്ച ആ കാര്യം മനസ്സിലാക്കിയത്. ആ അമ്മൂമ്മ അവിടത്തെ ഒരു ഭിക്ഷക്കാരി ആയിരുന്നു. ‘We Chat’ വഴിയായിരുന്നു അമ്മൂമ്മ പണം ഭിക്ഷയായി സ്വീകരിച്ചിരുന്നത്. ചുരുക്കിപ്പറഞ്ഞാൽ നമ്മുടെ നാടൻ ഭാഷയിൽ ‘ഹൈടെക് പിച്ചക്കാരി…’

വഴിയരികിലെ ഓപ്പൺ ടേബിളിലിരുന്നുകൊണ്ട് ഡിന്നർ കഴിച്ചതിനു ശേഷം ഞങ്ങൾ തിരികെ റൂമിലേക്ക് നീങ്ങി. അപ്പോൾ സമയം വെളുപ്പിന് രണ്ടുമണി ആയിരുന്നു. നല്ല തണുത്ത കാലാവസ്ഥയായിരുന്നു ചൈനയിൽ അപ്പോൾ. തണുപ്പത്ത് നടക്കുന്നതിനിടെ ബൈജു ചേട്ടന് ഐസ്ക്രീം തിന്നാൻ ഒരു പൂതി. ഒന്നും നോക്കിയില്ല, നേരെ അടുത്തുകണ്ട കടയിൽക്കയറി ഒരു ഐസ്ക്രീം വാങ്ങി ആ സ്ട്രീറ്റിലൂടെ നടന്നുകൊണ്ട് കഴിച്ചു. സഹീർഭായിയുടെ കാർ അവിടെ പാർക്കിംഗിൽ ഇട്ടിരുന്നതിനാൽ ഞങ്ങൾ അതെടുക്കാൻ നിൽക്കാതെ ഒരു ടാക്സി പിടിച്ച് ഹോട്ടലിലേക്ക് പോയി. To contact Saheer Bhai in China : https://www.instagram.com/saheerchn/, Whatsapp: 008615669591916.