എന്റെ കണ്ണുകൾ നിറയുന്നുണ്ട്… അഭിമാനം ഞങ്ങളുടെ ആനിക്കുട്ടൻ

എഴുത്ത് – സനിത പാറാട്ട്.

ആനിയെപ്പറ്റി മുൻപും ഞാൻ എഴുതിയിട്ടുണ്ട്. നാലോ അഞ്ചോ വർഷങ്ങൾക്ക് മുൻപാണ് ആനിയെ ഞാൻ കാണുന്നത്. പോലീസ് അക്കാദമിയിലെ കൾച്ചറൽ പ്രോഗ്രാമിനിടെ മുടി ബോബ് ചെയ്ത പെൺകുട്ടി, ആൺകുട്ടിയുടെ ലുക്കിൽ.. ചിരിക്കുമ്പോഴും അവളിലെ മൂകതയാണ് ഞാൻ ശ്രദ്ധിക്കാൻ കാര്യം. പിന്നീട് ഞാൻ അവളെ കണ്ടത് പാസിങ് ഔട്ട് പരേഡ് കഴിഞ്ഞപ്പോൾ. അന്ന് എന്റെ കണ്ണുകൾ തേടിയിരുന്നത് അവളെ മാത്രമായിരുന്നു എന്നതാണ് സത്യം.

ബാക്കി ട്രെയിനികൾ എല്ലാം ഫാമിലിയുമൊത്ത് സന്തോഷം പങ്കിടുമ്പോൾ ഒരു മൂലയ്ക്ക് ഒതുങ്ങി മാറി മകനെ മാറോടണച്ച് അവൾ. ഞാൻ അവൾക്ക് അടുത്തെത്തി ഒന്നും പറയാതെ കൈ കൊടുത്തു. അവളിൽ അമ്പരപ്പ് ഉണ്ടായിരുന്നു. അവളുടെ ട്രെയിനർ ആയ റസാഖ് സാറിന്റെ ഭാര്യ എന്ന നിലയിൽ ബഹുമാനവും. പക്ഷേ അവളുടെ തണുത്ത ചെറുതായി വിറകൊള്ളുന്ന വിരലുകളുടെ നൊമ്പരം അന്നേ എനിക്ക് മനസ്സിലായി. അന്നേ അവൾ എന്റെ ആനിക്കുട്ടൻ ആയി. എന്റെ ഹൃദയത്തിൽ പറ്റി കൂടി. ഒരിക്കലും ഞാൻ അവളെ ആനിക്കുട്ടി എന്ന് വിളിച്ചില്ല.

പിന്നെ ഞങ്ങൾ കമ്പനിയായി. തിരുവനന്തപുരത്ത് അവൾ കോൺസ്റ്റബിളായപ്പോഴും ബന്ധം തുടർന്നു. ഒരിക്കൽ അവൾ എന്റെ കൂടെ എന്റെ വീട്ടിൽ മകനോടൊത്ത് അന്തിയുറങ്ങി.
എസ്ഐ ആകാനായി വീണ്ടും ട്രെയിനിങിന് പോലീസ് അക്കാദമി എത്തിയപ്പോഴും അവൾ ആദ്യം എന്നെ കണ്ടു. അവളുടെ ഓരോ ഉയർച്ചയും എന്റെ ഉയർച്ച ആയിരുന്നു.

ട്രെയിനിങ് കഴിഞ്ഞ് ആദ്യ പോസ്റ്റിംഗ് ഇടവേളയിൽ അവൾ വീണ്ടും വന്നു. അവളോട് ഒരേയൊരു ആഗ്രഹം പറഞ്ഞ എന്റെ ആഗ്രഹം സാധിപ്പിക്കാൻ, അവളോടൊത്ത് ഒന്ന് ബുള്ളറ്റിൽ കറങ്ങാൻ. അങ്ങനെ അതും നടന്നു.

അന്ന് അവൾ അവളുടെ കഥ എന്നോട് പറയുമ്പോഴൊക്കെ നിറഞ്ഞത് എന്റെ കണ്ണുകൾ ആയിരുന്നു. ഇന്നും എന്റെ കണ്ണുകൾ നിറയുന്നുണ്ട് അതുപക്ഷെ സന്തോഷം കൊണ്ട്, അഭിമാനം കൊണ്ട്. എന്റെ ആനിക്കുട്ടൻ ഇന്ന് എല്ലാവരുടെയും Anie Siva ആയതിലുള്ള സന്തോഷംകൊണ്ട്. അഭിമാനം ഞങ്ങളുടെ ആനി, ചില സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനുള്ളതാണ്.

സത്യത്തിൽ വൈറലായി കഴിയുമ്പോഴാണോ നമ്മൾ കഷ്ടപ്പാടുകൾ അനുഭവിക്കുന്നവരെ തിരിച്ചറിയേണ്ടത്. എത്രയോ പേർ നമുക്ക് മുന്നിലുണ്ട്. ഒരു വാക്കുകൊണ്ടോ, നോട്ടം കൊണ്ടോ നമുക്ക് അവരെ തിരിച്ചറിയാം. ആ തിരിച്ചറിവ് നേടാൻ വലിയ വിദ്യാഭ്യാസം ഒന്നും വേണ്ട. മനുഷ്യനായാൽ മതി. മറ്റ് ജീവികളിൽ പോലും ഞാനാ തിരിച്ചറിവ് കണ്ടിട്ടുണ്ട്. എന്റെ കുഞ്ഞുന്നാളിൽ മുതൽ തന്നെ. വയ്യാതായ ഉറുമ്പിനെ ചുമന്നു കൊണ്ടു പോകുന്ന ഉറുമ്പുകൾ നമ്മെ എന്താണ് പഠിപ്പിക്കുന്നത്. വരി തെറ്റാതെ നീങ്ങുന്ന അവർ എന്താണ് നമ്മോട് പറയാതെ പറയുന്നത്. വെള്ളത്തിൽ മുങ്ങിപ്പോയ കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തുന്ന എലിയുടെ വീഡിയോ കണ്ടപ്പോൾ എന്താണ് തോന്നിയത്. ചുമ്മാ കണ്ടു കളയാനുള്ളതല്ല പ്രകൃതിയിലെ ഓരോ ചലനവും.

നമ്മുടെ കൂട്ടുകാരിൽ, അയൽക്കാരിൽ, ബന്ധുജനങ്ങളിൽ, ഇനി ഒരിക്കൽ കണ്ട മുഖങ്ങളിൽ പോലും, അവരുടെ വ്യസനം അവരുടെ കണ്ണിലുണ്ടാകും, നാം ഒന്ന് നോക്കണമെന്നുമാത്രം. ഒന്ന് ചേർത്തുപിടിക്കാൻ, കേൾക്കാൻ അടുത്തിരിക്കാൻ അത്രയും മതിയാകും. എല്ലാവർക്കും ആവശ്യം സാമ്പത്തികം അല്ല എന്ന് തിരിച്ചറിയുക.

ഒരുപാട് കാലം വിഷമതകളിലൂടെ, അത് മാത്രം ചിന്തിച്ച് കടന്നുപോകുന്ന മനുഷ്യൻ, നമ്മളോട് പെട്ടെന്ന് ഇടപെടണം എന്നില്ല. അവർക്ക് നിർവികാരതയായിരിക്കും. പക്ഷേ ഒരാൾ ആശ്വസിപ്പിക്കാൻ ഉണ്ട്, അല്ലെങ്കിൽ കൂടെയുണ്ട്, അവരെ കേൾക്കാനുണ്ട് എന്ന് തിരിച്ചറിയുമ്പോൾ അതൊരു വലിയ ബലമാണ് അവർക്ക് നൽകുക.