താമരശ്ശേരിക്ക് മുച്ചക്ര വാഹനം പരിചയപ്പെടുത്തിയ പ്രേമേട്ടൻ…

കടപ്പാട് – എസ്.വി.സുമേഷ്, താമരശ്ശേരി.

ഒരു ദിവസം വൈകുന്നേരം യാദൃശ്ചികമായാണ് താമരശ്ശേരി വട്ടക്കുണ്ട് പാലത്തിന് സമീപത്ത് നിന്ന് താമരശ്ശേരി പഴയ ബസ്റ്റാന്റിലേക്ക് പ്രേമേട്ടന്റെ ഓട്ടോയിൽ യാത്ര ചെയ്യാനിടയായത്. പ്രേമേട്ടനോട് കൊച്ചുവർത്തമാനങ്ങൾ പറഞ്ഞ് യാത്ര തുടരവെ കുട്ട്യാലിയുടെ ആശുപത്രിക്ക് മുൻവശത്തെത്തിയപ്പോഴേക്കും താമരശ്ശേരി ടൗൺ പതിവുപോലുള്ള വൈകുന്നേരത്തിരക്കിൽ അമർന്നിരുന്നു. പുതിയ ബസ്റ്റാന്റിൽ നിന്നും KSRTC യിൽ നിന്നും ദേശീയ പാതയിലേക്ക് പ്രവേശിക്കുന്ന ബസ്സുകളും, കാരാടി ജംഗ്ഷനിലെ ട്രാഫിക് ജാമും സൃഷ്ടിക്കുന്ന ഗതാഗതക്കുരുക്കിലൂടെ “നമ്മളിതെത്ര കണ്ടതാണെന്ന ഭാവത്തിൽ” പ്രേമേട്ടൻ അനായാസേന ഓട്ടോ ഓടിച്ച് മുന്നോട്ടു നീങ്ങി.

കാരാടി കയറ്റം കയറി താമരശ്ശേരി ഗവ:യു .പി.സ്കൂളിന് മുന്നിലെത്തിയപ്പോൾ സ്കൂൾ കുട്ടികൾക്ക് റോഡ് ക്രോസു ചെയ്യുവാൻ കുറച്ച് നേരം ഓട്ടോ നിർത്തിക്കൊടുത്തു. ഓട്ടോയിലിരുന്ന് ഞാൻ പഠിച്ച താമരശ്ശേരി ജി. യു.പി .സ്കൂൾ കണ്ടപ്പോഴാണ് മനസ്സ് ആ പഴയ സ്കൂൾ കാലത്തേക്ക് തിരികെ നടന്നത്. ഇവിടുത്തെ പഠനകാലത്താണ് പ്രേമേട്ടന്റെ ഓട്ടോ കാണുന്നത്. എന്റ ഓർമ്മ ശരിയാണെങ്കിൽ അക്കാലത്ത് താമരശ്ശേരിയിൽ മൂന്നോ, നാലോ ഓട്ടോകളാണ് ഉണ്ടായിരുന്നത്. അമ്പായത്തോട് സ്വദേശി ഇബ്രാഹിംക്കായുടെ അൽഅമീനും, വാവാട് സ്വദേശി ഭാസ്ക്കരേട്ടന്റെ മാട്ടാപ്പൊയിലും, പരപ്പൻ പൊയിലിലെ പുഷ്പേട്ടന്റെ അന്നേടത്തും പിന്നെ പ്രേമേട്ടന്റ പേരില്ലാത്ത KRD 2529 ഓട്ടോയും.

ഇതിൽ ഒട്ടേറെ പ്രത്യേകതകൾ ഉള്ളതായിരുന്നു പ്രേമേട്ടന്റെ ഓട്ടോ. മറ്റ് ഓട്ടോകളെല്ലാം കാണാനഴകുള്ള സുന്ദരന്മാരായിരുന്നെങ്കിൽ പ്രേമേട്ടന്റെ ഓട്ടോ കാണാൻ തീരെ മൊഞ്ചില്ലാത്ത ഒരു തരം കരിവണ്ട്. ഞങ്ങൾ കുട്ടികളിൽ ചിലർ സൗകര്യപൂർവ്വം ഇതിനെ ആമത്തൊണ്ടെന്നും ഉമ്മൻ തൊണ്ടെന്നും വിളിച്ച് പരിഹരിച്ചു. മറ്റ് ഓട്ടോകൾ കാലുകൊണ്ട് ചവിട്ടി സ്റ്റാർട്ടാക്കുമ്പോൾ പ്രേമേട്ടൻ മാത്രം ഇടത്തെ കൈകൊണ്ട് രണ്ടടിയോളം വരുന്ന ഒരു ലിവർ വലിച്ചെടുത്താണ് സ്റ്റാർട്ടാക്കിയിരുന്നത്. പഴയ ബസ്റ്റാൻറിനടുത്തെ ട്രഷറിക്ക് മുൻവശത്ത് ഊഴം കാത്ത് നിർത്തിയിടുകയും, താമരശ്ശേരി ടൗണിലൂടെ തലങ്ങും വിലങ്ങും ഓടുകയും ചെയ്യുന്ന ഈ ഓട്ടോകൾ ഞങ്ങൾ സ്കൂൾ കുട്ടികൾക്ക് എന്നുമൊരു കൗതുകമായിരുന്നു ..

താമരശ്ശേരിയുടെ നിരത്തുകളിൽ ഇന്നത്തെപ്പോലെ തിരക്കുകളില്ലാത്ത എൺപതുകളിൽ ഓട്ടോ ഓടിച്ച് തുടങ്ങിയതാണ് പ്രേമേട്ടൻ. ജന്മം കൊണ്ട് താമരശ്ശേരിക്കാരനാണെങ്കിലും പിന്നീട് കൈതപ്പൊയിലിലേക്ക് താമസം മാറിയ പ്രേമേട്ടൻ ഇന്നും ദിവസവും രാവിലെ താൻ ജനിച്ചു വളർന്ന, തന്റെ ബാല്യവും, കൗമാരവും, യൗവ്വനവും ജീവിതത്തിന്റെ സിംഹഭാഗവും ചിലവഴിച്ച താമരശ്ശേരിയുടെ ഹൃദയഭൂവിലൂടെ ഓട്ടോ ഓടിക്കാനായി, ഇന്നാട്ടുകാരുടെ ശുഭയാത്രകളിൽ പങ്കുചേരാനായി പതിവുപോലെ താമരശ്ശേരിയിലെത്തുന്നു.

പത്ത് നാൽപ്പതു വർഷമായി തുടർന്ന് വരുന്ന ഈ പതിവ് ഇതുവരെ പ്രേമേട്ടൻ തെറ്റിച്ചിട്ടില്ല. പ്രേമേട്ടന്റെ കൂടെ ഓട്ടോ ഓടിച്ചുതുടങ്ങിയവരും അതിനു ശേഷം വന്നവരും ഈ മേഖലയിൽ നിന്ന് പിൻവാങ്ങിയെങ്കിലും പ്രേമേട്ടൻ ഇന്നും യാത്രകൾ തുടരുന്നു. അൽ അമീൻ ഇബ്രാഹിംക്കായും ഇന്നും താമരശ്ശേരിയിലെ പഴയ ബസ്റ്റാന്റിൽ ഓട്ടോ ഓടിക്കുന്നുണ്ട്. നാൽപ്പതു വർഷമായി തുടരുന്ന യാത്രയിൽ തന്റെ സന്തത സഹചാരിയായ 1981ൽ 25000 രൂപയ്ക്ക് സ്വന്തമാക്കിയ പഴയ KRD 2592 ബജാജ് ഓട്ടോ കൈവിട്ടെങ്കിലും മറ്റൊരു ഓട്ടോയുമായി പ്രേമേട്ടൻ ഇന്നും താമരശ്ശേരിക്കൊപ്പമുണ്ട്. തന്റെ ജീവിതയാത്രയിൽ ഇതുവരെ ഒരു അപകടമോ, പോലീസ് കേസോ ഒന്നുമില്ലാതെ..

പ്രേമേട്ടൻ ഓട്ടോ ഓടിച്ച് തുടങ്ങിയ കാലത്ത് താമരശ്ശേരി ചുങ്കത്തെ പെട്രോൾ പമ്പിൽ നൂറ് മില്ലി ഓയിലടക്കം ലിറ്ററിന് മൂന്നര രൂപയാണ് വില. ഇന്നത് തൊണ്ണൂറു രൂപയിലേയ്ക്കെത്തിനിൽക്കുന്നു. പെട്രോൾ പമ്പ് ഒന്നിന് പകരം താമരശ്ശേരിയിൽ ആറെണ്ണമായി. മിനിമം ചാർജ് അന്നത്തെ ഒന്നര രൂപയിൽ നിന്ന് വളർന്ന് വളർന്ന് ഇന്നത്തെ ഇരുപത് രൂപയിലേക്കെത്തി. ട്രഷറിക്ക് മുന്നിൽ നിർത്തിയിരുന്ന നാലു ഓട്ടോകളിൽ നിന്ന് മുന്നൂറോളം ഓട്ടോകളിലേക്ക് താമരശ്ശേരിയുടെ യാത്രകൾ വികാസം പൂണ്ടു.

താൻ ഓട്ടോ ഓടിച്ചു തുടങ്ങിയ താമരശ്ശേരിയിന്ന് പരപ്പൻ പൊയിൽ മുതൽ ചുങ്കത്തെ ചെക്ക് പോസ്റ്റിനപ്പുറം വരെയും കോരങ്ങാടുവരെയും വളർന്നിരിക്കുന്നു. എല്ലാറ്റിനും മുക സാക്ഷിയായ് ഉപജീവനത്തിന്റെയും പഠിച്ച തൊഴിലിന്റെയും ഭാഗമായി പ്രേമദാസെന്ന ഈ കുറിയ മനുഷ്യൻ ഇന്നും താമരശ്ശേരിയിലുണ്ട്…