മഴ പെയ്തു കുളമായി പത്തനംതിട്ട ബസ് സ്റ്റാൻഡ്; പ്രതിഷേധവുമായി ട്രോളന്മാർ…

മഴക്കാലമായതോടെ കഴിഞ്ഞ വർഷത്തെപ്പോലെ തന്നെ ഇത്തവണയും പത്തനംതിട്ട ബസ് സ്റ്റാൻഡ് വാർത്തകളിൽ നിറയുകയാണ്. പത്തനംതിട്ട നഗരസഭയുടെ മുനിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ ആനവണ്ടി കൂടി എത്തിയതോടെ കുളം കലങ്ങിയ അവസ്ഥയാണിപ്പോൾ. ഭരണപക്ഷമായാലും പ്രതിപക്ഷമായാലും ഇതിനൊരു പരിഹാരത്തിനായി മുറവിളി കൂട്ടാൻ ആരുമില്ലാത്ത അവസ്ഥയാണിപ്പോൾ. അങ്ങനെ ഇതിനൊരു പരിഹാരം തേടി സോഷ്യൽ മീഡിയയിലെ ട്രോളന്മാർ ഇറങ്ങിയിരിക്കുകയാണ്.

ബസ് സ്റ്റാൻഡിൽ വേനൽക്കാലത്ത് പൊടിശല്യവും എന്നാൽ ചെറിയൊരു മഴ പെയ്താല്‍ അടവി ഇക്കൊ ടൂറിസത്തിന്‍റെ കുട്ട വഞ്ചി ഇറക്കണ്ട സ്ഥിതിയുമാകും. പണ്ട് പ്രെെവറ്റ് ബസ് സ്റ്റാന്‍ഡ് റിങ് റോഡ് ഹൃദയ ഭാഗത്ത് നടുവില്‍ ആയിരുന്നു. എന്നാൽ ട്രാഫിക് ബ്ലോക്ക് കാരണം അതൊഴിവാക്കി റിങ്ങ് റോഡ് വശം തന്നെ വയൽ നികത്തിയ ചതുപ്പ് നിറഞ്ഞ സ്ഥലത്തേക്ക് പറിച്ചു പാകുകയായിരുന്നു. വണ്ടികള്‍ കയറിയിറങ്ങി വിത്ത് മുളക്കും പോലെ അടിസ്ഥാന ടാറിങ്ങും കോണ്‍ക്രീറ്റും മെറ്റലുകളും ഒക്കെ ചാഞ്ചാടിക്കിടക്കുകയാണ്.ഇതെല്ലാം അനുഭവിക്കുന്നതോ യാത്രക്കാരും പിന്നെ ബസ് ജീവനക്കാരും.

കഴിഞ്ഞ വർഷം പ്രളയം വന്നതുകാരണം ഇങ്ങനെയൊക്കെയായിപ്പോയി എന്നു സമാധാനിച്ചിരുന്ന പത്തനംതിട്ടക്കാർക്ക് ഇക്കൊല്ലവും അനുഭവം ഒന്നുതന്നെയാണ്. നഗരസഭയുടെ പത്തനംതിട്ട സ്റ്റാന്‍ഡ് മാത്രം തഥെെവാ.. ഭരണപക്ഷത്തിന്‍റെയും നഗരസഭ ഭരിക്കുന്നവരുടെയും പിടിപ്പുകേടിനെ രാഷ്ട്രീയഭേദം ഇല്ലാതെ അടപടലം ട്രോളുകയാണ് പത്തനംതിട്ടയിലെ അടക്കം കേരളത്തിലെ ട്രോളന്മാർ.

എന്തിനേറെ മഴ പെയ്ത് മഞ്ഞ, ഓറഞ്ച്, റെഡ് അലെർട്ടുകൾ പ്രഖ്യാപിച്ചപ്പോഴും പത്തനംതിട്ട കളക്ടര്‍ ബ്രോയുടെ പേജിലെ കമന്‍റ് ബോക്സില്‍ വരെ “ലീവ് വേണം” എന്ന് കമന്‍റ് ചെയ്യുമ്പോഴും #ഹാഷ് ടാഗ് പത്തനംതിട്ട ബസ് സ്റ്റാന്‍ഡ് ആണ്. എന്നിട്ടും അധികാരികൾക്ക് ഒരു കുലുക്കവും ഇല്ല. സംഭവം കളക്ടർ ബ്രോയുടെ ശ്രദ്ധയിൽപ്പെട്ടതോടെ ഇതിനൊരു പരിഹാരം കാണണമെന്ന തീരുമാനത്തിലാണ് അദ്ദേഹവും.

ബസ് സ്റ്റാൻഡിന്റെ കഷ്ടതകൾ നിറഞ്ഞ ചിത്രങ്ങളിൽ എഡിറ്റിങ് പുലികളായ ട്രോളന്മാർ അതിൽ സ്വിമ്മിംഗ് പൂൾ, കുട്ടവഞ്ചി, ആറന്മുള വള്ളംകളി, ടൈറ്റാനിക് ദുരന്തം, പലതരം കൃഷികൾ, ബൈക്ക് – ജീപ്പ് റേസിംഗ് തുടങ്ങി രസകരമായ ആവിഷ്ക്കാരങ്ങൾ നൽകി സംഭവത്തിലേക്ക് പൊതുജനശ്രദ്ധ ആകർഷിക്കുകയാണ്. ഡിപ്പോ ഒരു തുറമുഖമായി പ്രഖ്യാപിക്കേണ്ട സമയം അതിക്രമിച്ചു എന്നാണു ഇപ്പോൾ എല്ലാവരും ഒരേസ്വരത്തിൽ പറയുന്നത്.

ഇതെല്ലാം കണ്ട് വേണ്ടപ്പെട്ട അധികാരികളെല്ലാം ചിരിക്കുന്നുണ്ടാകും. സ്റ്റാൻഡിന്റെ അവസ്ഥ തഥൈവ… ആരോട് പറയാൻ? ആരു കേൾക്കാൻ? എന്തായാലും ഇതിനൊരു പരിഹാരം കാണുന്നതുവരെ ട്രോളന്മാർ പണിപ്പുരയിൽത്തന്നെയായിരിക്കും. എന്നെങ്കിലും അധികാരികളുടെ കണ്ണുതുറക്കും എന്ന പ്രതീക്ഷയിൽ… കൂടാതെ മിടുക്കനായ പത്തനംതിട്ട കളക്ടർ സംഭവത്തിൽ ഇടപെടുമെന്ന വിശ്വാസവും…

മഴ പെയ്താൽ പത്തനംതിട്ട കൂടാതെ കേരളത്തിലെ മറ്റു ചില ബസ് സ്റ്റാൻഡുകളുടെ അവസ്ഥയും ഇതൊക്കെ തന്നെയാണ്. അതിൽ ഏറ്റവും മുന്നിൽ നിൽക്കുന്നയാളാണ് എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡ്. മഴക്കാലമായാൽ എറണാകുളം സ്റ്റാൻഡ് ജലഗതാഗത വകുപ്പ് (SWTD) ഏറ്റെടുക്കും എന്നാണു ട്രോളന്മാർ പറയുന്നത്. പ്രളയം വരാതെ തന്നെ പ്രളയത്തെ അനുഭവിക്കേണ്ട അവസ്ഥ ഇനി നമ്മുടെ നാട്ടിലെ ബസ് സ്റ്റാൻഡുകൾക്കും പൊതുസ്ഥലങ്ങൾക്കും ഉണ്ടാകുവാൻ ഇടവരുത്തരുതേ എന്ന് വേണ്ടപ്പെട്ടവരോട് ഒരപേക്ഷ…

വിവരങ്ങൾക്ക് കടപ്പാട് – ജോമോൻ വി., ചിത്രങ്ങൾ – Yahiya H. Pathanamthitta, Troll Pathanamthitta, Troll KSRTC.