ബൈക്കുകാരനെ ഇപ്പോൾ ഇടിച്ചിട്ടേനെ; തൃശ്ശൂർ – പാലക്കാട് റൂട്ടിൽ ബസ്സുകൾ കാലനാകുന്നു

കേരളത്തിൽ ഏറ്റവുമധികം വാഹനങ്ങൾ കടന്നു പോകുന്ന ഒരു റൂട്ടാണ് തൃശ്ശൂർ – പാലക്കാട് റൂട്ട്. വടക്കഞ്ചേരി മുതൽ അങ്ങോട്ട് നല്ല കിടിലൻ ഹൈവേയാണെങ്കിലും കുതിരാൻ ഭാഗത്താണ് ഡ്രൈവർമാർക്കും യാത്രക്കാർക്കുമൊക്കെ പണികിട്ടുന്നത്. തുരങ്കം ഇന്നു തുറക്കും, നാളെ തുറക്കും എന്നൊക്കെ പറയുന്നുണ്ടെങ്കിലും ആർക്കും പ്രത്യേകിച്ച് പ്രതീക്ഷകൾ ഒന്നുംതന്നെ ഇല്ല.

കുതിരാനിൽ ബ്ലോക്ക് മുറുകുമ്പോൾ ഏറെ ഭയപ്പെടേണ്ടത് ഇരുചക്രവാഹനങ്ങളും, കാറുകാരുമാണ്. കാരണം ഇതുവഴി സർവ്വീസ് നടത്തുന്ന ബസ്സുകൾ ബ്ലോക്കിൽ നിന്നും രക്ഷപ്പെടാനായി റോംഗ് സൈഡിലൂടെ കുത്തിക്കയറി വരും. വരും എന്ന് പറഞ്ഞാൽ പോരാ, വന്നിരിക്കും. ബസ്സുകാരുടെ സമയം പോകും എന്ന ന്യായമാണ് അവർ പറയുന്നതെങ്കിലും ഇത്തരം പ്രവണതകൾ ഒട്ടും ന്യായീകരിക്കപ്പെടാവുന്നതല്ല.

കഴിഞ്ഞ ദിവസം ഹൈദരാബാദിൽ നിന്നും ബെംഗളൂരു, കോയമ്പത്തൂർ, പാലക്കാട് വഴി കൊല്ലത്തേക്ക് ട്രിപ്പ് നടത്തി വരികയായിരുന്ന ബൈക്ക് റൈഡറുടെ നേർക്ക് കുതിരാൻ ഭാഗത്തു വെച്ച് ഒരു സ്വകാര്യബസ് പാഞ്ഞു വന്നു. ബൈക്കിനു പിന്നിലുണ്ടായിരുന്ന സഹയാത്രികൻ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തുന്നതിനിടെയാണ് ബസ് കുത്തിക്കയറി അമിത വേഗത്തിൽ വന്നത്. ഈ ദൃശ്യങ്ങൾ വ്യക്തമായി ഇവരുടെ ക്യാമറയിൽ പതിയുകയും ചെയ്തു.

ആ ദൃശ്യങ്ങൾ ഫേസ്‌ബുക്കിൽ ഷെയർ ചെയ്തിട്ടുണ്ട്. “ഈ വണ്ടി ഏതാണെന്നു അറിയാവുന്നവർ, ഇതിന്റ ഡ്രൈവറോട് ആ കൊടും വളവിൽ ഞങ്ങളെ കൊല്ലാതെ വിട്ടതിനു ഒരു നന്ദി പറയണം. ഹൈദരാബാദ് മുതൽ കൊല്ലം വരെ drive ചെയ്ത് വന്നതിൽ ആകെ പേടിച്ച ഒരേ ഒരു സന്ദർഭം.” എന്നായിരുന്നു പേടിപ്പിക്കുന്ന ഈ വീഡിയോ ദൃശ്യത്തോടൊപ്പം അവർ കുറിച്ചത്. ആ ദൃശ്യങ്ങൾ താഴെ കൊടുക്കുന്നു.

തൃശ്ശൂർ – പാലക്കാട് റൂട്ടിലോടുന്ന KL 47 B 2710 എന്ന രജിസ്‌ട്രേഷൻ നമ്പറിലുള്ള, ZION എന്നു പേരുള്ള സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ് ആയിരുന്നു അമിതവേഗത്തിൽ ആളെക്കൊല്ലുവാനെന്നപോലെ പാഞ്ഞത്. ബൈക്ക് യാത്രികർ ഇടത്തേക്ക് പരമാവധി വെട്ടിച്ചൊതുക്കിയതിനാൽ ജീവൻ തിരികെ ലഭിച്ചു. ഇവർ ചെയ്യുന്ന ഈ പ്രവൃത്തിയ്‌ക്കെതിരെ ആരെങ്കിലും ചോദ്യം ചെയ്‌താൽ പിന്നെ ഒച്ചപ്പാടായി, ഗുണ്ടായിസമായി, അവരുടെ സ്ഥിര യാത്രക്കാരെല്ലാം ബസ്സുകാരോടൊപ്പം നിൽക്കുകയും ചെയ്യും. അവസാനം വാദി പ്രതിയാകുന്ന അവസ്ഥ വരും. ഇക്കാരണത്താൽ ബസ്സുകാരുടെ (പ്രൈവറ്റ് ആയാലും കെഎസ്ആർടിസി ആയാലും) നേർക്ക് പിടിച്ചിട്ട് ആരും ശബ്ദമുയർത്താറില്ല. അവനാണെങ്കിൽ ആളുകളുടെ ഈ ഭയം മുതലെടുക്കുകയും ചെയ്യും.

“ബ്ലോക്ക് അല്ലെ. സമയം വൈകി ഓടുന്നത് കൊണ്ടല്ലേ. അപ്പൊ ചിലപ്പോൾ ഇതുപോലെ വന്നെന്ന് ഇരിക്കും. പാവപെട്ട ബസ്സ് ജീവനക്കാർക്കും ജീവിക്കണ്ടേ” തുടങ്ങിയ ന്യായീകരണവുമായി ബസ് ജീവനക്കാരും ബസ് ആരാധകരുമെല്ലാം കമന്റ് ബോക്സിൽ നിറയാറുണ്ടെങ്കിലും അവരോടെല്ലാം ഒരു ചോദ്യം. നാളെ നിങ്ങൾക്കോ നിങ്ങളുടെ കുടുംബത്തിനോ ഇത്തരത്തിൽ ഒരു അപകടമുണ്ടായാൽ നിങ്ങൾ ഇങ്ങനെ തന്നെ ന്യായീകരിക്കുമോ? ഇല്ല.. അത്രേയുള്ളൂ. ബ്ലോക്കിൽ സമയം പോകുന്നതുകൊണ്ട് ട്രിപ്പ് മുടങ്ങുന്നതും കളക്ഷൻ കുറയുന്നതുമെല്ലാം ശരിതന്നെയാണ്. പക്ഷേ, ഇതിനേക്കാളൊക്കെ വലുതല്ലേ എതിരെ വരുന്ന മനുഷ്യ ജീവനുകൾ?

ബസ്സുകാർക്ക് മത്സരയോട്ടത്തിനു അവസരമൊരുക്കാതെ എത്രയും വേഗം കുതിരാനിലെ തുരങ്കം യാത്രാസജ്ജമാക്കുക എന്നതു മാത്രമാണ് ഇനിയുള്ള ഏക പോംവഴി. അതുവരെ ചിലപ്പോൾ ഇങ്ങനെയൊക്കെത്തന്നെ തുടരും. യാത്രക്കാർ സ്വന്തം ജീവൻ ശ്രദ്ധിക്കുക…