തൻ്റെ ഗ്രാമത്തിലെ പ്രായമായവർക്ക് യുവാവ് നൽകിയത് കിടിലൻ സർപ്രൈസ് ഗിഫ്റ്റ്…

നാം ചിലപ്പോഴൊക്കെ നമ്മുടെ പ്രിയപ്പെട്ടവർക്ക് സർപ്രൈസ് സമ്മാനങ്ങൾ നൽകാറുണ്ട്. അത് ചിലപ്പോൾ മാതാപിതാക്കൾക്കാകാം, ഭാര്യയ്ക്കാകാം, കാമുകിയ്ക്കാകാം, അല്ലെങ്കിൽ സഹോദരങ്ങൾക്കും ആകാം. ഇതെല്ലാം നമ്മൾ ഒത്തിരി കേട്ട കഥകളാണ്. എന്നാൽ തനിക്ക് സ്വപ്നതുല്യമായ ജോലി ലഭിച്ചതിന്റെ സന്തോഷത്തിൽ പഞ്ചാബ് സ്വദേശിയായ വികാസ് ജ്യാനി നൽകിയ സർപ്രൈസ് ഗിഫ്റ്റ് എല്ലാവരെയും ഞെട്ടിച്ചു കളഞ്ഞു.

പൈലറ്റായി ജോലി ലഭിക്കുക എന്നത് വികസിന്റെ ചെറുപ്പകാലം മുതലേയുള്ള ആഗ്രഹമായിരുന്നു. വികാസ് അതിനായി കഷ്ടപ്പെട്ട് പഠിച്ച് ഒടുവിൽ പൈലറ്റായി ജോലിയിൽ പ്രവേശിച്ചു. ഈ സന്തോഷം വികാസ് പങ്കുവെച്ചത് തൻ്റെ ഗ്രാമത്തിലെ പ്രായമായ 22 പേർക്ക് സൗജന്യമായി ഒരു സർപ്രൈസ് വിമാനയാത്ര നൽകിയായിരുന്നു. സരങ്പൂർ ഗ്രാമത്തിലെ എഴുപത് വയസ്സിനു മുകളിൽ പ്രായമുള്ള 22 പേർക്കാണ് ഇങ്ങനെയൊരു യാത്രയിൽ പങ്കുചേരുവാൻ ഭാഗ്യം ലഭിച്ചത്. ന്യൂഡൽഹിയിൽ നിന്നും അമൃത്സറിലേക്ക് ആയിരുന്നു ഇവരുടെ വിമാനയാത്ര. അമൃത്സറിൽ എത്തിയ ഇവർ സുവർണ്ണക്ഷേത്രം, വാഗാ അതിർത്തി തുടങ്ങിയവ സന്ദർശിക്കുകയും ചെയ്തു.

ബിമല (90 വയസ്സ്), രാമമുതി (78), കങ്കാരി ദേവി (78), ഗിരിദാവാരി ദേവി (75), അമർ സിംഗ് (80), സുർജാറാം (75), ഖേമാറാം (75) എന്നിവരടങ്ങിയതായിരുന്നു 22 പേരുടെ യാത്രാ സംഘം. എല്ലാവരും സാധാരണക്കാരായ ഗ്രാമീണരായിരുന്നു. ജീവിതത്തിൽ ആദ്യമായിട്ടായിരുന്നു ഇവരൊക്കെ വിമാനത്തിൽ കയറുന്നതും പട്ടണം കാണുന്നതും ഒക്കെ. ഇങ്ങനെയൊരു സർപ്രൈസ് സമ്മാനം നൽകിയതിന് എല്ലാവരും വികാസിനോട് നന്ദി പറയുകയുണ്ടായി. ജീവിതത്തിൽ ഒരിക്കലും ഈ ദിവസം മറക്കില്ലെന്നും അവർ ഒന്നടങ്കം പറയുന്നു.

ഡൽഹി വിമാനത്താവളം കണ്ടപ്പോൾത്തന്നെ പ്രായമായ ഈ യാത്രക്കാർ സ്തംഭിച്ചുപോയി. വിമാനത്തെ ആകാശത്തിൽ ഒരു പൊട്ടുപോലെ മാത്രം കണ്ടിട്ടുള്ള തങ്ങൾ അത് അടുത്തു കാണുവാൻ പോകുകയാണെന്നും അതിൽക്കയറി പറക്കാൻ പോകുകയാണെന്നുമുള്ള തിരിച്ചറിവ് അവരെ ആകാംക്ഷാഭരിതരാക്കി. ഡൽഹിയിൽ നിന്നും അമൃത്സറിലേക്ക് സർവ്വീസ് നടത്തുന്ന ഇൻഡിഗോ വിമാനത്തിലായിരുന്നു ഇവരുടെ യാത്ര. എല്ലാവരും തങ്ങളുടെ ട്രഡീഷണൽ വേഷങ്ങളിലായിരുന്നു വന്നിരുന്നത്. ഈ കാഴ്ച മറ്റു യാത്രക്കാരെയും വിമാനജീവനക്കാരെയും അമ്പരപ്പിക്കുകയുണ്ടായി. പിന്നീട് കാര്യമറിഞ്ഞപ്പോൾ അവരും ഇവരുടെ സന്തോഷത്തിൽ പങ്കുചേരുകയാണുണ്ടായത്. യാത്രയ്ക്ക് മുന്നോടിയായുള്ള എയര്ഹോസ്റ്റസുമാരുടെ സുരക്ഷാ നിർദ്ദേശങ്ങൾ നൽകുന്ന രീതിയൊക്കെ കണ്ട് പ്രായമായ ഇവരെല്ലാം ആശ്ചര്യപ്പെട്ടു.

വികാസ് തൻ്റെ ഏറ്റവും വലിയ ആഗ്രഹമാണ് പൈലറ്റായി ജോലിയിൽ പ്രവേശിച്ചതു മൂലം സാധിച്ചിരിക്കുന്നത്. അതിൽപ്പരം സന്തോഷം തനിക്ക് വേറെയില്ലെന്നാണ് വികസിന്റെ അച്ഛൻ മഹേന്ദ്ര പറയുന്നത്. എല്ലാ യുവാക്കളും വികസിനെ മാതൃകയാക്കണം എന്നും മുതിർന്നവരെ ബഹുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെയൊരു മകൻ തനിക്കുണ്ടായതിൽ താൻ അതീവ സന്തോഷവാനാണെന്നും അതിൽ അഭിമാനിക്കുന്നുവെന്നുമാണ് വികാസിന്റെ അച്ഛൻ ആനന്ദക്കണ്ണീരോടെ പറഞ്ഞത്.

അതെ.. ഇതായിരിക്കണം ഒരു സർപ്രൈസ് ഗിഫ്റ്റ്.. ആ സമ്മാനം സ്വീകരിച്ചവർ അവരുടെ ജീവിതത്തിൽ ഇത് മറക്കില്ല. അതല്ലേ സമ്മാനം നൽകിയവർക്ക് ഏറ്റവും വലിയ സന്തോഷം നൽകുന്നത്….