ലഡാക്ക് യാത്രയിൽ റെന്റ് ബൈക്ക് എടുക്കുമ്പോൾ ചതിയിൽപ്പെടാതിരിക്കാൻ…

വിവരണം: ജംഷീർ കണ്ണൂർ.

ഏതൊരു സഞ്ചാരിക്കും തന്റെ യാത്രാ ജീവിതത്തിൽ ഉണ്ടാക്കുന്ന ഏറ്റവും വലിയ സ്വപ്നമാണ് ലഡാക്ക് യാത്ര എന്നത്. ഒരു ലഡാക്ക് യാത്രക്ക് ഒരുങ്ങുന്ന ഒട്ടുമിക്ക സഞ്ചാരികളും അന്വേഷിക്കുന്ന ഒരു വിഷയമാണ് യാത്ര ചെയ്യാൻ റെന്റ് ബൈക്ക് എടുക്കുന്നതിനെ പറ്റി. റെന്റ് ബൈക്ക് സംവിധാനത്തെ കുറിച്ച് അന്വേഷിക്കുന്നവരിൽ കൂടുതലും സ്വന്തമായി ബൈക്കില്ലാത്തവർ ആണ്. അല്ലെങ്കിൽ ലഡാക്കിലേക്ക് യാത്ര ചെയ്യാൻ എൻഫീൽഡ് പോലുള്ള വണ്ടി തന്നെ വേണം എന്ന് തെറ്റിദ്ധരിച്ചവർ.

പിന്നെ പ്രവാസികൾ. അവർക്ക് വർഷത്തിൽ കിട്ടുന്ന ഒരു മാസം ലീവ്. ആ കുറഞ്ഞ ദിവസം കൊണ്ട് നാട്ടിൽ നിന്ന് വണ്ടി ഓടിച്ച് പോകുന്ന റിസ്ക്ക് ഒഴിവാക്കാൻ ഡൽഹിയിൽ നിന്ന് റെന്റ് ബൈക്ക് എടുത്ത് യാത്ര ചെയ്യാം എന്ന ആശയത്തിൽ എത്തുന്നു. എന്നാൽ റെന്റ് ബൈക്ക് എന്ന സംവിധാനത്തിൽ ഒളിഞ്ഞും, തെളിഞ്ഞും ഇരിക്കുന്ന ചതിക്കുഴികൾ ആണ് ഈ എഴുത്തിൽ ഞാൻ കുറിക്കുന്നത്‌.

ആദ്യമെ പറയാം ഞാൻ ലഡാക്കിലേക്ക് പോയത് എന്റെ സ്വന്തം ബൈക്ക് എടുത്താണ്. എന്നാൽ എന്റെ ലഡാക്ക് യാത്രയുടെ ഇടക്ക് റെന്റ് ബൈക്ക് എടുത്ത് വന്ന ഒരു പാട് കൂട്ടുകാരെ എനിക്ക് പരിചയപ്പെടാൻ സാധിച്ചു. അവരുടെ അനുഭവങ്ങൾ കോർത്തിണക്കിയാണ് ഈ കുറിപ്പ് ഞാൻ തയ്യാറാക്കിയത്. കാര്യത്തിലേക്ക് കടക്കുകയാണ്.

റെന്റ് ബൈക്ക് കൊണ്ട് ഒരു സഞ്ചാരി നേരിടുന്ന പ്രശ്നങ്ങൾ എന്തൊക്കെ.?

1. വണ്ടി കണ്ടിഷൻ ആയിരിക്കില്ല. ചിലപ്പോൾ നിരവധി പേർ ഉപയോഗിച്ച വണ്ടി ആയിരിക്കും നമുക്ക് കിട്ടുക. വാഹനം എടുത്ത് ഓടി ഒരു നിശ്ചിത ദൂരം എത്തി കഴിഞ്ഞാൽ വണ്ടിക്ക് പണി കിട്ടി തുടങ്ങും. ഞാൻ പരിചയപ്പെട്ട ഒരു കൂട്ടുകാരൻ എടുത്ത വണ്ടിയുടെ പിസ്റ്റൺ തകരാറിലായി അവസാനം ട്രിപ്പ് മുടങ്ങി.അതൊക്കെ ശരിയാക്കി ട്രിപ്പ് പൂർത്തിയാക്കി വണ്ടി തിരികെ ഏൽപ്പിക്കുന്ന സമയം പിസ്റ്റൺ മാറ്റി വലിയ തുക അവൻ ചിലവാക്കിയ കാര്യം റെന്റ് ടീമിനെ അറിയിച്ചു.

എന്നാൽ ചിലവാക്കിയ തുക അവന് അവർ കൊടുത്തില്ല. അത് നിങ്ങളുടെ കയ്യിൽ നിന്നും പറ്റിയതല്ലെ എന്ന് പറഞ്ഞ് അവർ കയ്യൊഴിഞ്ഞു.വാടകയ്ക്ക് പുറമെ 8000 രൂപയോളം അവന് ചിലവായി. അതുപോലെ ട്രിപ്പ് കഴിഞ്ഞ് തിരിച്ച് വണ്ടി ഏൽപ്പിക്കുന്ന സമയം അവർ വണ്ടി ചെക്ക് ചെയ്യും ആ സമയത്ത് വണ്ടിക്ക് സ്ക്രാച്ച് പറ്റി, ബാറ്ററി തകരാർ ആയി എന്നൊക്കെ പറഞ്ഞ് പണം നഷ്ട്ടപ്പെട്ടവർ പിന്നെയും ഉണ്ട്.

2. ബൈക്ക് റെന്റൽ ലോബികളുടെ ഭാഗത്ത് നിന്നുള്ള പ്രശ്നം. ഇതിന് കാരണക്കാർ ഹിമാജൽ പ്രദേശിലെ മണാലിയിലെ റെന്റൽ ലോബികളും, അതുപോലെ ജമ്മു കശ്മീരിലെ ലഡാക്കിലെ റെന്റൽ ലോബികളും ആണ്. ഈ രണ്ട് വിഭാഗവും ഗ്രൂപ്പുകളായി തിരിഞ്ഞ് അസോസിയേഷൻ വരെ ഉണ്ടാക്കിയിട്ടുണ്ട്. അതായത് നിങ്ങൾ ഡൽഹിയിൽ നിന്നോ മണാലിയിൽ നിന്നൊ വണ്ടി എടുത്ത് ലഡാക്കിൽ എത്തി കഴിഞ്ഞാൽ ലഡാക്കിൽ ബൈക്ക് റെന്റിന് കൊടുക്കുന്നവർ നിങ്ങളുടെ വണ്ടി തടയും. പിന്നെ അവിടെ സഞ്ചരിക്കാൻ അവരുടെ വണ്ടി എടുക്കേണ്ടി വരും.

സ്വന്തം വണ്ടിയുമായി പോയ ഞങ്ങളെ വരെ ലഡാക്കിൽ വെച്ച് റെന്റൽ ലോബി തടഞ്ഞു പിന്നെ വിശദമായ അവരുടെ ഇന്റെർവ്യു. ആരുടെ വണ്ടിയാണ്. ഈ വണ്ടിയുടെ ഉടമസ്ഥൻ ഈ വണ്ടിയിൽ ഉണ്ടോ എന്നൊക്കെ. ഞങ്ങൾ കേരളത്തിൽ നിന്ന് വണ്ടിയുമായി പോയത് കൊണ്ട് ഞങ്ങളെ വിട്ടു. എന്നാൽ ഞങ്ങളുടെ കൂടെ രണ്ട് സുഹുർത്തുക്കൾ ഉണ്ടായിരുന്നു. വരുൺ, തേജസ്, അവരെ വഴിയിൽ വെച്ച് പരിചയപ്പെട്ടതാണ്. അവർ ഡൽഹിയിൽ നിന്ന് വാടകയ്ക്ക് എടുത്ത വണ്ടിയുമായാണ് ലഡാക്ക് എത്തിയത്.

അവർക്ക് ആ വണ്ടിയുമായി ലഡാക്ക് കറങ്ങാൻ പറ്റിയില്ല. ഡൽഹിയിൽ നിന്ന് എടുത്ത് വന്ന ബൈക്ക് അവർ താമസിച്ച ഹോട്ടലിൽ പാർക്ക്’ ചൈതതിന് ശേഷം ലഡാക്കിലെ സ്ഥലങ്ങൾ കാണാൻ വേണ്ടി ലഡാക്കിലെ റെന്റൽ ബൈക്ക് വാടകയ്ക്ക് എടുക്കേണ്ടി വന്നു. അതിന് എക്ട്രാ പൈസ ചിലവായി. ഇതേ അവസ്ഥ തന്നെയാണ് മണാലി എത്തിയാലും ഉണ്ടാകുന്നത്.ഇതൊക്കെയാണ് റെന്റൽ ബൈക്ക് ഉപയോഗിക്കുമ്പോൾ ഉള്ള പ്രധാന പ്രശ്നങ്ങൾ.

ഇനി റെന്റൽ ബൈക്ക് എടുത്തു പോകുന്നവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഇവിടെ സൂചിപ്പിക്കുകയാണ്.

1) വാടകയ്ക്ക് വണ്ടി എടുക്കുന്ന സമയത്ത് അവർ നമ്മളെ കൊണ്ട് ഒരു എഗ്രിമെന്റിൽ ഒപ്പ് വെപ്പിക്കും. അതിൽ ഒപ്പ് ഇടുന്നതിന് മുമ്പ് എന്തൊക്കെയാണ് ആ എഗ്രിമെറ്റിൽ അവർ എഴുതി ചേർത്തിട്ടുള്ളത് എന്ന് ഒരു അവർത്തി വായിച്ച് മനസ്സിലാക്കണം.

2) നമ്മൾ എടുക്കുന്ന വണ്ടിയുടെ എൻഞ്ചിൻ പ്രവർത്തനക്ഷമമാണോ എന്ന് പരിശോധിക്കണം.എഞ്ചിനിൽ നിന്ന് വേറെ എന്തെങ്കിലും ശബ്ദമോ മറ്റോ വരുന്നില്ല എന്ന് ഉറപ്പ് വരുത്തുക.

3) വാഹനത്തിന്റെ, ചെയിൻ, മറ്റ് കേബിളുകൾ, സോകറ്റുകൾ എന്നിവയുടെ പ്രവർത്തനക്ഷമത കൂടി ചെക്ക് ചെയ്യുക.കാരണം ഇതൊക്കെ ശ്രദ്ധിക്കാതെ ആണ് വണ്ടി എടുത്ത് യാത്ര തുടങ്ങിയത് എങ്കിൽ വഴിയിൽ വെച്ച് തീർച്ചയായും നിങ്ങളുടെ വണ്ടിക്ക് പണി കിട്ടും. അത്തരം ഒരു അവസ്ഥ ഉണ്ടായാൽ വഴിയിലെ വർക്ക്ഷോപ്പിൽ കയറ്റി പുതിയ പാർട്ട്സ് ഇട്ട് യാത്ര തുടരേണ്ടി വരും. അപ്പോൾ നിങ്ങൾ ചിലവാക്കുന്ന പണം നിങ്ങൾക്ക് തിരികെ കിട്ടില്ല.

4) എൻജിൻ ഓയിൽ മാറ്റിയിട്ടുണ്ടോ, അതുപോലെ അതിന്റെ ലെവലും ചെക്ക് ചെയ്യണം. എൻജിൻ ഓയിൽ മാറ്റാത്ത വണ്ടി ആണ് നിങ്ങൾ എടുത്തത് എങ്കിൽ അവസാനം ഓയലിന്റെ കുറവ് കൊണ്ട് പിസ്റ്റൺ സ്റ്റക്ക് ആയി വണ്ടി വഴിയിൽ കിടക്കും.പിന്നെ പിസ്റ്റൺ പുതിയത് മാറ്റി ഇടേണ്ടി വരും അതിനൊക്കെ ചിലവാകുന്ന തുക നിങ്ങളുടെ പോക്കറ്റിൽ നിന്നും പോകും.

5) നിങ്ങൾ വാടകയ്ക്ക് എടുക്കാൻ ഉദ്ദേശിക്കുന്ന വാഹനം നിങ്ങൾക്ക് മുമ്പ് നിരവധി ആളുകൾ ഉപയോഗിച്ച വാഹനം ആകാം. അപ്പോൾ സ്വഭാവികമായിട്ടും സ്ക്രാച്ച്, ചളുക്ക്‌, ഒക്കെ ഉണ്ടാകാം. വാഹനം നിങ്ങൾ കണ്ടു എന്നിട്ട് അത് ഓടിച്ച് നോക്കി വണ്ടിക്ക് കുഴപ്പമൊന്നുമില്ല എന്ന് ഉറപ്പ് വരുത്തി ഈ വണ്ടി തന്നെ മതി എന്ന് തീരുമാനിച്ച് ഓടിച്ച് പോകാതെ വണ്ടിക്ക് ഉണ്ടായിരിക്കുന്ന സ്ക്രാച്ചും, ചളുക്കും നിങ്ങൾക്ക് വണ്ടി തരുന്ന ടീമിന്റെ ശ്രദ്ധയിൽപ്പെടുത്തുക. വേണമെങ്കിൽ ഫോണിൽ ഫോട്ടോ എടുത്ത് വെച്ചാലും പ്രശ്നമില്ല.

ഇതൊന്നും ശ്രദ്ധിച്ചില്ലാ എങ്കിൽ നിങ്ങൾ വണ്ടി തിരികെ കൊടുക്കുന്ന സമയത്ത് ആ വണ്ടിക്ക് ഓൾ റെഡി ഉള്ള പരിക്കുകൾക്ക് നിങ്ങൾ പണം നൽകേണ്ടി വരും. ഒരുപാട് സുഹുർത്തുക്കൾ ഇത്തരം ചൂഷണങ്ങൾക്ക് ഇരയായിട്ടുണ്ട്.

6) ഗവൺമെന്റ് അംഗീകൃതമായ റെന്റൽ ഷോപ്പ് ഉണ്ട് എന്ന് അറിയാൻ കഴിഞ്ഞു. പക്ഷേ അതിനെ കുറിച്ച് കൂടുതൽ ഒന്നും എനിക്കറിയില്ല. വാടകയ്ക്ക് ബൈക്ക് എടുക്കുന്നവർ ഇത്തരം സ്ഥാപനങ്ങളിൽ നിന്ന് എടുത്താൽ നിയമസാധുത ഉണ്ട് എന്ന് അറിയാൻ കഴിഞ്ഞു.ഇത്തരം സ്ഥലത്ത് നിന്ന് ബൈക്ക് വാടകയ്ക്ക് എടുത്തവർ തങ്ങളുടെ അറിവ് ഇതിന്റെ അടിയിൽ കമന്റായി ഇട്ടാൽ ഒരുപാട് സഞ്ചാരികൾക്ക് അത് ഗുണം ചെയ്യും.

7) നിങ്ങൾ റെന്റിന് വാഹനം എടുക്കുമ്പോൾ ആ സ്ഥാപനത്തിൽ നിന്നും നിങ്ങൾക്ക് വാഹനത്തിന് വേണ്ട ട്ടൂൾസ് ഒക്കെ ചിലപ്പോൾ തരും. അങ്ങനെ തരുന്നുണ്ട് എങ്കിൽ എന്തൊക്കെയാണ് അവർ നമുക്ക് തരുന്നത് എന്ന് അവരുടെ കയ്യിൽ നിന്ന് ഒരു തെളിവ് എന്ന രീതിയിൽ എഴുതി വാങ്ങുക. ട്രിപ്പ് കഴിഞ്ഞ് വണ്ടി തിരികെ കൊടുക്കുന്ന സമയം അവർ ഏൽപിച്ച സാധനങ്ങൾ ഒന്നും നഷ്ട്ടപ്പെടാതെ തിരികെ ഏൽപ്പിക്കുക. നമ്മുടെ കയ്യിൽ നിന്ന് നഷ്ട്ടപ്പെട്ടാൽ അവർ പറയുന്ന തുക നമ്മൾ നൽകേണ്ടി വരും.

ഇനി ഞാൻ അതൊന്നും കൊടുക്കാൻ പോകുന്നില്ല എന്ന് പറഞ്ഞ് നിങ്ങൾക്ക് ഊരി പോരാം എന്ന് നിങ്ങൾ വിചാരിക്കുന്നുണ്ടാവാം. എന്നാൽ അത്ര എളുപ്പം നിങ്ങൾക്ക് അവരുടെ കയ്യിൽ നിന്ന് രക്ഷപ്പെടാൻ പറ്റില്ല.കാരണം വണ്ടി എടുക്കുമ്പോൾ നമ്മൾ ഒപ്പിട്ട എഗ്രിമെന്റ് പേപ്പറും, ഐഡി കാർഡ് കോപ്പിയും അതുപോലെ വാഹനത്തിന്റെ വാടകയ്ക്ക് പുറമെ അഡ്വാൻസായി ഒരു തുകയും അവരെ ഏൽപ്പിച്ചിട്ടാണ് നമ്മൾ വണ്ടി എടുത്ത് പോകുന്നത്. അപ്പോൾ അവർക്ക് നമ്മളെ നിശ്പ്രായാസം കുടിക്കിലാക്കാൻ പറ്റും. അല്ലങ്കിൽ തന്നെ അവിടുള്ള ആളുകളിൽ പലരും ഒരു ദയയും കാണിക്കാത്തവരാണ്.

അപ്പോൾ ഈ ഇൻഫർമേഷൻ നിങ്ങൾക്ക് ഇഷ്ട്ടമായി എന്നു കരുതുന്നു. ഇഷ്ട്ടപ്പെട്ടാൽ, ഇതു പോലെ ലഡാക്ക് യാത്രക്ക് ഒരുങ്ങുന്ന സഞ്ചാരികൾക്ക് ഉപകാരപ്പെടും എന്ന് തോന്നിയാൽ ഈ വിവരണം ഷെയർ ചെയ്യുക.