ഭൂമി സംഹാര താണ്ഡവമാടിയ പുത്തുമലയിൽ ചെന്നപ്പോൾ ഉണ്ടായ അനുഭവങ്ങൾ…

അനുഭവക്കുറിപ്പ് – Paachi Vallappuzha.

ഹൃദയത്തെ കീറി മുറിക്കുന്ന ഭയാനകമായ കാഴ്ചയാണ് ഭൂമി സംഹാര താണ്ഡവം ആടിയ പുത്തുമലയിൽ കാണാൻ കഴിഞ്ഞത്. എട്ടാം ദിവസവും ഏഴ് പേർക്ക് വേണ്ടിയുള്ള പോലീസിന്റെയും,ഫയർ ഫോഴ്സിന്റെയും, NDRF (National Disaster Response force) ന്റെയും നേതൃത്വത്തിൽ തിരച്ചിൽ നടക്കുന്നു. 300 ൽ അധികം പേരാണ് തിരച്ചിൽ നടത്തുന്നത്. സോഷ്യൽ മീഡിയയിലൂടെ കാണുന്നതിലും ഭീകരമാണ് അവസ്‌ഥ.

വീടുകൾ ഭൂമിക്ക് അടിയിലേക്ക് ഇറങ്ങി മുകളിലെ വാർപ്പ് മാത്രം ചെറിയ രീതിയിൽ കാണുന്നു. ഇനിയും കണ്ടുകിട്ടാനുള്ളവർക്ക് വേണ്ടി ഉറ്റവർ ഹൃദയം പൊട്ടി കരയുന്നു. കരഞ്ഞു കരഞ്ഞു മനസ്സ് മരവിച്ചു പോയവർ അങ്ങനെ നീണ്ടു പോകുന്നു. അത്രക്കും ഹൃദയത്തെ ആഴത്തിൽ സ്പർശിച്ച കാഴ്ചകൾ ആയിരുന്നു അവിടം കാണാൻ കഴിഞ്ഞത്.

കനിവിന്റെ വിഭവങ്ങൾ നേരിട്ട് അർഹതപ്പെട്ടവരുടെ കരങ്ങളിൽ എത്തിക്കുക എന്നുള്ള ഒരു ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. പുത്തുമല കഴിഞ്ഞു വേണം നമുക്ക് ഒറ്റപ്പെട്ട് കിടക്കുന്ന മേപ്പാടി, ചൂരമല എന്നിവിടങ്ങളിൽ എത്തിപ്പെടാൻ. പുത്തുമലയിൽ നിന്നും അങ്ങോട്ടുള്ള റോഡുകൾ തകർന്ന് കിടപ്പാണ് രക്ഷാ പ്രവർത്തനത്തിന് വേണ്ടി ഒരുക്കിയ താൽക്കാലിക റോഡ് മാത്രമാണ് ഉള്ളത്.

വാഹനം പുത്തുമലക്ക് മുന്നെ തന്നെ പോലീസ് തടഞ്ഞു. “പോകുന്ന വഴി അപകടമാണ് തിരിച്ചു പോകണം. ക്യാമ്പിലേക്ക് വിഭവങ്ങൾ ഇറക്കൂ” എന്നൊക്കെ. നേരിട്ട് അർഹരിലേക്ക് എത്തിക്കാനാണ് എന്ന് നിർബന്ധം പിടിച്ചപ്പോൾ പോകാൻ സമ്മതിച്ചു. പോകുന്ന വഴികളിൽ വാഹനം നിർത്തരുത് എന്നുള്ള ഉപദേശവും തന്നു.

സധൈര്യം വണ്ടി കൊണ്ടുപോകാൻ ലൈലന്റിന്റെ ഡ്രൈവർ പ്രിയപ്പെട്ട Hameed Vallapuzha യും Nisar Nishu വും തയ്യാറായി. കഴിഞ്ഞ വർഷ പ്രളയത്തിൽ ആലപ്പുഴയിൽ പോയപ്പോൾ ഭയാനകമായ വെള്ളകെട്ടിലൂടെയും സധൈര്യം പിന്മാരാതെ മുന്നോട്ട് പോയിരുന്നു.

മേപ്പാടി ചൂരൽ മല എന്നിവിടങ്ങളിൽ എത്തി. വീണ വീടുകൾ, താമസിക്കാൻ കഴിയാത്ത രീതിയിലായ വീടുകൾ, മണ്ണിടിഞ്ഞു പകുതി നശിച്ച വീടുകൾ എന്നിവ കാണാൻ കഴിഞ്ഞു. ക്യാമ്പിൽ നിന്നും വന്ന ചിലർ ചളിയും വെള്ളവും നിറഞ്ഞ വീടുകൾ വൃത്തിയാക്കുന്നു.

“കഞ്ഞി വെക്കണമെങ്കിൽ ഒരുമണി അരിപോലും ഇല്ല എല്ലാം നശിച്ചു. കറണ്ട് പോയിട്ടു 8 ദിവസമായി ഞങ്ങൾക്ക് ഒന്ന് പണിക്ക് പോകണമെങ്കിൽ എവിടെ പോകും? കടയിൽ നിന്നും എന്തെങ്കിലും വേടിക്കണമെങ്കിൽ കടകൾ എവിടെ? ക്യാമ്പുകളിൽ സാധനങ്ങൾ കെട്ടിക്കിടക്കുന്നു ആര് കൊണ്ടുവന്ന് തരും ഇങ്ങോട്ടൊക്കെ? പോയി ചോദിച്ചാൽ കിട്ടുകയും ഇല്ല. എങ്ങനെ ജീവിക്കും?” വിങ്ങിപ്പൊട്ടുന്ന ചോദ്യങ്ങൾക്ക് മുന്നിൽ ഉത്തരമില്ലാതെ.

നമ്മുടെ സഹായം അവർക്ക് മുന്നിൽ എത്തിച്ചപ്പോൾ മുഖത്ത് മിന്നിമറയുന്ന സന്തോഷത്തിന് അതിരില്ല. ഓരോ വീടുകളിലും നമ്മൾ ആദ്യം പോയി അർഹതപ്പെട്ടവർ ആണെന്ന് ബോധ്യപെട്ടത്തിന് ശേഷമാണ് വിഭവങ്ങൾ കൈ മാറിയത്. സങ്കട കടലിന്റെ തിരമാലകൾ അവരുടെ ഹൃദയങ്ങളിൽ ആഞ്ഞടിച്ചു മരവിച്ചു നിൽക്കുമ്പോഴും ആ മഴയത്ത് തണുത്ത് വിറച്ചു നിൽക്കുന്ന ഞങ്ങൾക്ക് അവർ നൽകിയ സ്നേഹത്തന്റെ കണ്ണീരിൽ ചാലിച്ച കട്ടൻചായക്ക് എന്തെന്നില്ലാത്ത അഭിമാനത്തിന്റെ മധുരമായിരുന്നു. കാരണം നിങ്ങൾ നൽകിയത് അർഹതപ്പെട്ട കരങ്ങളിൽ തന്നെ എത്തിക്കാൻ എന്നുള്ള ആത്മബോധം. സഹായിച്ച എല്ലാവർക്കും സ്നേഹം. ഇനിയും നമുക്ക് കൈ കോർക്കണം.