വയനാട്ടിലെ 100 വർഷം പഴക്കമുള്ള ബ്രിട്ടീഷ് ബംഗ്ളാവിൽ താമസിക്കാം..

വയനാട്ടിലെ രണ്ടാം ദിവസം ഞങ്ങൾ താമസിച്ചിരുന്ന റിസോർട്ടിൽ നിന്നും വെക്കേറ്റ് ചെയ്ത് ഇറങ്ങി. വയനാട്ടിലെ വ്യത്യസ്തങ്ങളായ താമസസൗകര്യങ്ങൾ എക്‌സ്‌പ്ലോർ ചെയ്യുക എന്നതാണ് ഇനി ഞങ്ങളുടെ ലക്‌ഷ്യം. വയനാട്ടിലെ സുഹൃത്തായ ഹൈനാസ്‌ ഇക്കയെ വിളിച്ച് അന്വേഷിച്ചപ്പോൾ ആണ് 100 വർഷം പഴക്കമുള്ള ഒരു ബ്രിട്ടീഷ് ബംഗ്ളാവിനെക്കുറിച്ച് അറിയുന്നത്. എന്നാൽപ്പിന്നെ ഇനി അവിടേക്ക് ആകാം യാത്ര.

വയനാട്ടിലെ മേപ്പാടിയ്ക്ക് അടുത്ത റിപ്പൺ എന്ന സ്ഥലത്താണ് ഈ ബ്രിട്ടീഷ് ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടു തന്നെ ‘റിപ്പൺ ഹെറിറ്റേജ് ബംഗ്ളാവ്’ എന്നാണ് ഇതറിയപ്പെടുന്നത്. പണ്ടുകാലത്ത് തേയിലത്തോട്ടങ്ങളിലെ മാനേജർമാരും മറ്റുമായ ബ്രിട്ടീഷുകാർ താമസിച്ചിരുന്ന ഒരു ബംഗ്ളാവ് ആണിത്. അങ്ങനെ ഹൈനാസ്‌ ഇക്കയുമായി ഞങ്ങൾ അവിടേക്ക് യാത്രയായി.

ഹൈനാസ്‌ ഇക്കയുടെ സുഹൃത്തായ കോട്ടയം സ്വദേശി വർഗീസേട്ടൻ ആണ് ഇപ്പോൾ ഈ ബംഗ്ളാവിൽ താമസിക്കുന്നത്. ഒരു ഹോംസ്റ്റേ ആയിട്ടാണ് വർഗ്ഗീസേട്ടൻ ബംഗ്ളാവ് സഞ്ചാരികൾക്കായി തുറന്നിട്ടിരിക്കുന്നത്. വർഗ്ഗീസേട്ടൻ വയനാട്ടിൽ വന്നിട്ട് ഏകദേശം 37 വർഷത്തോളമായി. ഹാരിസൺ കമ്പനിയിലെ ജീവനക്കാരനായിട്ടായിരുന്നു അദ്ദേഹം വയനാട്ടിലേക്ക് വരുന്നത്. ഞങ്ങൾ ചെന്നപാടെ ബംഗ്ളാവിന്റെ പ്രത്യേകതകളെക്കുറിച്ച് വർഗീസേട്ടൻ വാചാലനായി.

സാധാരണ കെട്ടിടങ്ങൾ നിർമ്മിക്കുന്നതു പോലെ സിമന്റ് ഉപയോഗിച്ചല്ല ഈ ബംഗ്ളാവ് ഉണ്ടാക്കിയിരിക്കുന്നത്. ഇടുക്കി, മുല്ലപ്പെരിയാർ തുടങ്ങിയ ഡാമുകൾ നിർമ്മിച്ചിരിക്കുന്ന സുർക്ക എന്ന മിശ്രിതമുപയോഗിച്ചാണ് ഈ ബംഗ്ളാവും നിർമ്മിച്ചിരിക്കുന്നത്. ബ്രിട്ടീഷുകാരുടെ ഓരോ കാര്യമേ.

ബംഗ്ളാവും പരിസരവും വളരെ വൃത്തിയോടെയാണ് ഇവർ പരിപാലിക്കുന്നത്. എല്ലാ തിരക്കുകളിൽ നിന്നും വളരെ മാറി സ്ഥിതി ചെയ്യുന്നതിനാൽ അവിടത്തെ അന്തരീക്ഷം എല്ലാവര്ക്കും ഒരു പോസിറ്റിവ് എനർജി നൽകും എന്നുറപ്പാണ്. അവിടെ വീശുന്ന കാറ്റിനുമുണ്ട് ഈ പറഞ്ഞ പോസിറ്റിവ് എനർജി.

അങ്ങനെ വിശേഷങ്ങൾ പറഞ്ഞുകൊണ്ട് വർഗ്ഗീസേട്ടൻ ഞങ്ങളെ ബംഗ്ളാവിനുള്ളിലേക്ക് കൂട്ടിക്കൊണ്ടു പോയി. ബംഗ്ളാവിന്റെ ഫർണ്ണീച്ചറുകളും മരം കൊണ്ടുള്ള മറ്റു നിർമ്മിതികളും ഏറെയും റോസ് വുഡ് കൊണ്ടുണ്ടാക്കിയിട്ടുള്ളവയാണ്. അതുപോലെ തന്നെ അവിടെ കണ്ട മറ്റൊരു പ്രത്യേകത എന്തെന്നാൽ ജനലുകൾക്ക് സാധാരണ കാണുന്നതു പോലെയുള്ള കമ്പികൾ ഇല്ലെന്നതാണ്.

റൂമുകൾ ആണെങ്കിൽ പറയുകയേ വേണ്ട ചില ഇംഗ്ലീഷ് സിനിമകളിൽ കണ്ടിട്ടുള്ളതു പോലത്തെ കിടിലൻ റൂമുകൾ. തണുപ്പ് കൂടുതലുള്ള സമയത്ത് തീയിട്ട് ചൂടാക്കുവാൻ പറ്റിയ സൗകര്യങ്ങളും റൂമുകളിലുണ്ട്. വലിയ റൂമുകൾക്ക് പുറമെ അതിനോട് ചേർന്ന് വസ്ത്രം മാറുന്നതിനായി സ്പെഷ്യൽ ഏരിയയും കൂടിയുണ്ട്. ബാത്ത്റൂമുകൾ ആണെങ്കിൽ നമ്മുടെ വീട്ടിലെ ഒരു റൂമിന്റെ വലിപ്പമുണ്ട്. അവിടെയുള്ള എല്ലാറ്റിലും ഒരു രാജകീയ പ്രൗഢി ഇന്നും നിലനിൽക്കുന്നുണ്ട്.

ബംഗ്ളാവിനു പുറത്തായി വർഗ്ഗീസേട്ടൻ അത്യാവശ്യം നല്ല രീതിയിൽ കൃഷികളും ചെയ്യുന്നുണ്ട്. ബംഗ്ളാവിൽ വേണ്ടുന്ന എല്ലാ സാധനങ്ങളും ഇവിടെത്തന്നെ കൃഷി ചെയ്താണ് എടുക്കുന്നത്. എല്ലാത്തിനും വർഗ്ഗീസേട്ടന്റെയൊപ്പം ഭാര്യയുമുണ്ട്. അതിനിടെ ഞങ്ങൾ ബംഗ്ളാവിന്റെ അടുക്കളയിലേക്ക് ചെന്നു.

വളരെ വലിയ ഒരു അടുക്കളയായിരുന്നു ബംഗ്ളാവിലേത്. മാനന്തവാടി സ്വദേശിയായ ഒരു ഷെഫും പിന്നെ വർഗ്ഗീസേട്ടന്റെ ഭാര്യ ഹെലെന ചേച്ചിയും കൂടിയാണ് ഇവിടെ ഭക്ഷണകാര്യങ്ങൾ നോക്കി നടത്തുന്നത്. ഞങ്ങൾ ചെല്ലുമ്പോൾ ചേച്ചി മീൻ ഫ്രൈ ചെയ്യുവാൻ തുടങ്ങുകയായിരുന്നു. ശരിക്കും നമ്മുടെ ഒരു ബന്ധുവിന്റെ വീട്ടിൽ ചെന്ന പോലത്തെ ഒരനുഭവമായിരുന്നു ഈ ബംഗ്ളാവിൽ ചെന്നപ്പോൾ ഞങ്ങൾക്ക് അനുഭവപ്പെട്ടത്. ഹോട്ടലുകളിൽ നിന്നും റിസോർട്ടുകളിൽ നിന്നും വ്യത്യസ്തമായ ഹോംസ്റ്റേകളുടെ പ്രത്യേകത ഇതുതന്നെയാണ്.

കുറച്ചു സമയത്തിനകം ഞങ്ങൾക്കുള്ള ഊണ് അവിടെ റെഡിയായി. വലിയൊരു ഡൈനിങ് റൂമിലാണ് ഭക്ഷണം കഴിക്കുവാനുള്ള സൗകര്യങ്ങളെല്ലാം സെറ്റ് ചെയ്തിരിക്കുന്നത്. ചോറ്, മീൻകറി, മീൻ വറുത്തത്, മലബാർ സ്പെഷ്യൽ ചിക്കൻ കറി, കാബേജ് തോരൻ, മോരുകറി, പപ്പടം തുടങ്ങിയവയായിരുന്നു ഞങ്ങളുടെ ലഞ്ച്. അസാധ്യ രുചിയായിരുന്നു ഓരോ വിഭവങ്ങൾക്കും. ചേച്ചിയെയും ഷെഫിനെയും അഭിനന്ദിക്കാൻ ഞങ്ങൾ മറന്നില്ല.

ഇവിടെ വരുന്നവർക്ക് ബംഗ്ളാവിനുള്ളിൽ മാത്രമല്ല പരിസര പ്രദേശങ്ങളിലും ആസ്വദിക്കുവാൻ തക്കവണ്ണമുള്ള കാര്യങ്ങളൊക്കെയുണ്ട്. നാല് വശവും തേയിലത്തോട്ടങ്ങൾക്ക് കൊണ്ട് ചുറ്റപ്പെട്ടതാണ് ഈ ബംഗ്ളാവും പരിസരവും. നേരത്തെ പറഞ്ഞതുപോലെ ബംഗ്ളാവ് പരിസരത്ത് വർഗ്ഗീസേട്ടനും ചേച്ചിയും കൂടി ധാരാളം കൃഷികൾ ചെയ്യുന്നുണ്ട്. ഞങ്ങൾ നോക്കി നിൽക്കെ ക്യാരറ്റ് ചെടി പറിച്ചെടുത്ത് കാണിച്ചു തന്ന് ചേച്ചി ഞങ്ങളെ അമ്പരപ്പിച്ചു. സാധാരണ ഊട്ടിയിലും മൂന്നാറുമൊക്കെയാണ് ക്യാരറ്റ് ചെടികൾ കണ്ടിട്ടുള്ളത്. ഇവിടെ ഇങ്ങനെയുള്ള വ്യത്യസ്തങ്ങളായ കൃഷികൾ ഉണ്ടെന്ന് ഞങ്ങൾ ഒരിക്കലും കരുതിയില്ല.

ബെംഗ്ളാവിന്റെ ഒരു വശത്തു നിന്നു നോക്കിയാൽ ദൂരെ പ്രശസ്തമായ ചെമ്പ്ര മല കാണാവുന്നതാണ്. അൽപ്പം നടന്നാൽ തേയിലത്തോട്ടങ്ങളുടെ മനോഹാരിത തൊട്ടടുത്തറിയുവാൻ സാധിക്കും. തേയിലത്തോട്ടങ്ങൾക്കിടയിലൂടെ നടന്നുകൊണ്ട് ആസ്വദിക്കുവാനും ഇവിടെ സൗകര്യങ്ങളുണ്ട്. രാത്രിയായാലും പകലായാലും ഷട്ടിൽ കളിക്കുവാനുള്ള സൗകര്യങ്ങൾ ബംഗ്ളാവ് പരിസരത്ത് ഒരുക്കിയിട്ടുണ്ട്. രാത്രിയായാൽ ക്യാമ്പ് ഫയറും ഗ്രിൽഡ് ചിക്കനുമൊക്കെയായി ആഘോഷൾക്ക് തിരി കൊളുത്തുവാനുള്ള എല്ലാം ഇവിടെയുണ്ട്. ഒപ്പം ഹെലെന ചേച്ചിയുടെ സ്പെഷ്യൽ ഫിഷ് കട്ലറ്റും രുചിച്ചറിയാം.

വയനാട്ടിൽ വന്നിട്ട് സ്വന്തം വീട്ടിലെപ്പോലെ സന്തോഷത്തോടെ താമസിക്കുവാൻ ആഗ്രഹിക്കുന്നവർക്ക് ധൈര്യമായി ഇവിടേക്ക് വരാം. വരുന്ന അതിഥികളെ സൽക്കരിച്ചും അവർക്ക് ഭക്ഷണം ഉണ്ടാക്കി നൽകിയും ഈ ദമ്പതികൾ അവരുടെ റിട്ടയർമെന്റ് ലൈഫ് ഇവിടെ ആസ്വദിക്കുകയാണ്. ഈ ബംഗ്ളാവിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്: 9072299665.