വട്ടം വെച്ച കാറിൻ്റെ പിന്നിൽ ബസ് ഇടിപ്പിച്ച് ഡ്രൈവർ; വീഡിയോ ദൃശ്യങ്ങൾ

വാഹനവുമായി റോഡിലിറങ്ങുമ്പോൾ ഒരു ഡ്രൈവർക്ക് പലതരത്തിലുള്ള അനുഭവങ്ങൾ നേരിടേണ്ടി വരാറുണ്ട്. ബസ്, കാർ, ലോറി തുടങ്ങി വാഹനം ഏതുമായിക്കൊള്ളട്ടെ, ഇത്തരത്തിലുള്ള പല പ്രതിസന്ധികളും ക്ഷമയോടെ തരണം ചെയ്താണ് എല്ലാവരും ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുന്നത്. എന്നാൽ ചില സമയങ്ങളിൽ മോശം അനുഭവങ്ങൾ ഡ്രൈവർമാർക്ക് നേരിടേണ്ടി വരാറുണ്ട്. അത്തരം അനുഭവങ്ങളുണ്ടാകുമ്പോൾ ചിലരുടെ പ്രതികരണം എങ്ങനെയെന്ന് ആർക്കും പ്രവചിക്കുവാനുമാകില്ല.

പറഞ്ഞു വരുന്നത് കുറച്ചു മുൻപ് ഫേസ്‌ബുക്കിൽ ഷെയർ ചെയ്യപ്പെട്ട ഒരു വീഡിയോയെക്കുറിച്ചാണ്. നടുറോഡിൽ ഒരു പ്രൈവറ്റ് ബസ്സിനു വട്ടം വെച്ച് ഒരു കാർ നിൽക്കുന്നു. എന്തുകൊണ്ടാണ് കാറുകാരൻ ബസ്സിനു വട്ടം വെച്ചതെന്ന് വ്യക്തമല്ല. ചിലപ്പോൾ മുൻപ് പ്രസ്തുത ബസ് കാറുകാരന് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാക്കിക്കാണും എന്ന് കാഴ്ചക്കാർക്ക് അനുമാനിക്കാം. അതിൻ്റെ പ്രതിഷേധമെന്നോണമായിരിക്കുന്നിരിക്കാം കാറുകാരൻ ബസ്സിനു തടസ്സം സൃഷ്ടിച്ചത്.

എന്നാൽ സംഭവത്തിലെ ട്വിസ്റ്റ് വരാനിരിക്കുകയായിരുന്നു. ക്ഷമകെട്ട ബസ് ഡ്രൈവർ കാറിനു പിന്നിൽ ചെറുതായി കൊണ്ടുപോയി ബസ് മുട്ടിച്ചു. ഇതോടെ ഇടിയുടെ ആഘാതത്തിൽ കാർ മുന്നോട്ടു വേഗത്തിൽ നീങ്ങുകയും, കാറിന്റെ പിൻഭാഗം തരക്കേടില്ലാത്ത രീതിയിൽ ചളുങ്ങുകയും ഉണ്ടായി. ഈ സമയമത്രയും ബസ്സിലെ മറ്റൊരു ജീവനക്കാരൻ (കണ്ടക്ടറോ, ഡോർചെക്കറോ ആകാം) സംഭവങ്ങൾ മൊബൈൽഫോണിൽ വീഡിയോ പകർത്തി.

കാറിനു പിന്നിൽ ബസ് പിടിച്ചതോടെ കുറച്ചു ദൂരം മുന്നോട്ടു പോയ കാർ പിന്നീട് പതിയെ നിർത്തി. ബസ്സും മുന്നോട്ടെടുത്തു. ഈ സമയം കാർ ഡ്രൈവർ സീറ്റിൽ നിന്നും ഇറങ്ങാതെ തന്നെ ബസ്സിന്റെ വീഡിയോയും പകർത്തി. പിന്നീട ബസ് ഈ കാറിനെ മറികടന്നു പോകുന്നതായാണ് ബസ് ജീവനക്കാരൻ എടുത്ത വീഡിയോയിലെ അവസാന ദൃശ്യങ്ങളിൽ കാണുന്നത്.

സംഭവം നടന്നത് കോഴിക്കോട് ജില്ലയിലെ പാവങ്ങാട് എന്ന സ്ഥലത്തു വെച്ചാണ്. കണ്ണൂർ – കോഴിക്കോട് റൂട്ടിലോടുന്ന ഫാത്തിമാസ് എന്ന ബസ്സും, KL 58 T 8598 എന്ന രജിസ്ട്രേഷനിലുള്ള മാരുതി ഡിസയർ കാറുമാണ് സംഭവത്തിലെ കഥാപാത്രങ്ങൾ. ബസ് ജീവനക്കാർ ഷെയർ ചെയ്ത കുറിപ്പ് ഇങ്ങനെയാണ് – “ബസിന്റെ മുന്നിൽ ഒരുപാട് നേരമായി തുടങ്ങിയ കാറുകാരന്റെ അഹങ്കാരമാണ് അനാവശ്യമായി ബ്ലോക്കിടലും കുത്തിചവിട്ടലും. എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ സംസാരിച്ചു തീർക്കാൻ നോക്കുമ്പോ അതൊന്നും വേണ്ട അവന്. ബസ്സിനെ ബ്ലോക്കിട്ട് ട്രിപ്പ് പൊട്ടിക്കണം അത്ര മാത്രം.”

ഈ സംഭവത്തിൽ കാർ ഡ്രൈവറുടെ ഭാഗം കൂടി കേൾക്കാതെ ആരുടെ ഭാഗത്താണ് തെറ്റെന്ന് പറയുവാൻ പറ്റാത്ത അവസ്ഥയാണ് ഇപ്പോൾ. എന്തായാലും ഇത്തരത്തിലുള്ള റോഡ് തർക്കങ്ങളും, വട്ടം വെയ്ക്കലുകളും ഒഴിവാക്കി പരസ്പരം സംസാരിച്ചു വിഷയം തീർക്കണമായിരുന്നു. എന്നിട്ടും തീർന്നില്ലെങ്കിൽ പോലീസിനെ വിളിക്കണം. ഇതിപ്പോൾ കാറിന്റെ പിൻഭാഗം ചളുങ്ങുകയും ചെയ്തു, ബസ്സിന്റെ ട്രിപ്പ് സമയവും വൈകി. ഇനി ഈ കേസ് മിക്കവാറും പോലീസ് സ്റ്റേഷനിലും എത്തുമായിരിക്കും. നഷ്ടം ആർക്കാണ്? രണ്ടു പേർക്കും അതിന്റേതായ നഷ്ടം സംഭവിച്ചിട്ടുണ്ട്.