റഷ്യയുടെ ദേശീയ പാനീയമായ ‘വോഡ്‌ക’യുടെ വിശേഷങ്ങൾ

റഷ്യൻ തലസ്ഥാനമായ മോസ്‌ക്കോയിൽ വെച്ച് എനിക്ക് ഏറെ കൗതുകം തോന്നിയ ഒന്നാണ് വോഡ്‌കാ മ്യൂസിയം. ഇവിടം സന്ദര്ശിച്ചപ്പോളാണ് വോഡ്‌കയെക്കുറിച്ചും അതിന്റെ ചരിത്രത്തെക്കുറിച്ചുമൊക്കെ ഒന്ന് അറിയുവാൻ താല്പര്യമുണ്ടായത്. എന്താണ് ശരിക്കും വോഡ്ക? വോഡ്കയെക്കുറിച്ചുള്ള ചില വിവരങ്ങൾ പങ്കുവെയ്ക്കാം.

ലോകത്തിലെ ഏറ്റവും പ്രശസ്തമായ മദ്യങ്ങളിലൊന്നാണ് വോഡ്ക. വോഡ്‌കയുടെ ഉദ്ഭവം റഷ്യ, പോളണ്ട് എന്നിവിടങ്ങളിൽ നിന്നാണ്. വോഡ്‌കയ്ക്ക് ഈ പേരു ലഭിച്ചത് വെള്ളം എന്ന് അർത്ഥമുള്ള “വോഡ” എന്ന റഷ്യൻ പദത്തിൽ നിന്നാണ്. പതിനേഴാം നൂറ്റാണ്ടോടെ വോഡ്ക റഷ്യയുടെ ദേശീയ പാനീയമായി മാറി. വോഡ്കയുടെ വില്പനയിൽ നിന്ന് ലഭിക്കുന്ന നികുതി ഭരണകൂടത്തിന് വലിയ തോതിൽ ലാഭം നേടിക്കൊടുത്തു.

രണ്ടാം ലോകമഹായുദ്ധത്തിൽ സോവിയറ്റ് പടയിൽ ഓരോ പട്ടാളക്കാരനും യുദ്ധസമയത്തു റേഷൻ ആയി 100 ഗ്രാം വോഡ്കയാണ് കൊടുത്തിരുന്നത്. ഒടുവിൽ ഈ റേഷൻ വിഹിതം കൂട്ടുവാനായി പട്ടാളക്കാർക്കിടയിൽ പ്രതിഷേധങ്ങൾ ഉണ്ടായി എന്നും പറയപ്പെടുന്നു. കൂടാതെ വോഡ്‌ക ക്ഷാമം ഉണ്ടായ ചരിത്രം വരെയുണ്ട് റഷ്യയിൽ. 1945 ൽ നാസിപ്പട ജർമനിയെ പരാജയപ്പെടുത്തിയ സന്തോഷ വേളയിൽ ഒരു തുള്ളി വോഡ്ക പോലും റഷ്യയിൽ കിട്ടാനില്ലാരുന്നു. കാരണം മറ്റൊന്നുമല്ല, യുദ്ധം ജയിച്ചതിൻ്റെ സന്തോഷത്തിൽ ഒരു തുള്ളി പോലും ബാക്കി വെക്കാതെ എല്ലാം അവർ കുടിച്ചു തീർത്തത്രേ. റഷ്യക്കാരുടെ വോഡ്‌കാ പ്രേമം തെളിയിക്കുന്നതിന് ഇതിൽക്കൂടുതൽ ഉദാഹരണങ്ങൾ വേണ്ടല്ലോ.

അതെ, റഷ്യക്കാർക്ക് അവരുടെ ജീവിതത്തിൽ ഒട്ടും ഒഴിസിച്ചുകൂടാനാവാത്ത ഒരു വസ്തുവാണ് വോഡ്ക. സന്തോഷത്തിലും സങ്കടത്തിലും എന്നുവേണ്ട എല്ലാ അവസരങ്ങളിലും അവർ വോഡ്ക കുടിക്കുന്നു. ഒരു പക്ഷെ റഷ്യയുടെ ഏറ്റവും വലിയ സന്തോഷവും അതേപോലെ തന്നെ ശാപവും ആണ് വോഡ്ക എന്ന് പൊതുവെ പറയപ്പെടുന്നു. കാരണം മറ്റൊന്നുമല്ല, വോഡ്കയുടെ അമിതമായ ഉപയോഗം കാരണം ഒരുപാടു പേർക്ക് ചെറുപ്രായത്തിൽ തന്നെ അവരുടെ ജീവൻ നഷ്ടപെടുന്ന അവസ്ഥയാണ്.

ഇനി തിരികെ വോഡ്‌കാ മ്യൂസിയത്തിലേക്ക് വരാം. അത്യാവശ്യം വലിയൊരു കോംബൗണ്ടിലാണ് ഈ മ്യൂസിയം സ്ഥിതിചെയ്യുന്നത്. കെട്ടിടങ്ങൾക്കാണെങ്കിൽ ഒരു പ്രത്യേക ഭംഗിയാണ്. ഫോട്ടോസ് എടുത്തു തകർക്കുവാൻ പറ്റിയ എല്ലാം ഉണ്ട് ഈ സ്ഥലത്ത്.

500 ഇന്ത്യൻ രൂപയാണ് വോഡ്ക മ്യൂസിയത്തിലേക്കുള്ള എൻട്രി ഫീ. റഷ്യൻ വോഡ്കകൾ മുതൽ പല രാജ്യങ്ങളിൽ നിന്നുള്ള വോഡ്കകൾ വരെ നമുക്ക് ഇവിടെ കാണാം. ഏകദേശം അയ്യായിരത്തോളം വോഡ്‌കാ ബ്രാൻഡുകളാണ് മ്യൂസിയത്തിൽ വെച്ചിരിക്കുന്നത്. ഇവയുടെയെല്ലാം ചരിത്രവും വിവരങ്ങളും വിലയുമെല്ലാം നമുക്ക് അവിടെ കാണാവുന്നതാണ്. കൂടാതെ വോഡ്‌ക ഉണ്ടാക്കുന്നത് എങ്ങനെയാണ് എന്നൊക്കെ നമുക്ക് ഈ മ്യൂസിയത്തിൽ നിന്നും മനസിലാക്കാം.

ഇനി ഇതെല്ലാം കണ്ടു കഴിഞ്ഞാൽ അൽപ്പം വോഡ്ക രുചിക്കുവാനുള്ള അവസരവും മ്യൂസിയത്തിലുണ്ട്. 200 രൂപ കൊടുത്താൽ മ്യൂസിയത്തികത്തുള്ള ഒരു പ്രത്യേക കൗണ്ടറിൽ നിരത്തി വെച്ചിരിക്കുന്ന വോഡ്കകളിൽ നിന്നും ഏതു വേണമെങ്കിലും നമുക്ക് തിരഞ്ഞെടുക്കാം. അവയിൽ നിന്നും മൂന്ന് ഷോട്സ് വരെ (മൊത്തം) കുടിക്കാൻ ലഭിക്കുകയും ചെയ്യും. എന്തായാലും റഷ്യ സന്ദർശിക്കുന്നവർ ഒരിക്കലും മിസ് ചെയ്യാതിരിക്കാൻ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് വോഡ്‌കാ മ്യൂസിയത്തിലെ സന്ദർശനം. പ്രവേശന സമയം – രാവിലെ 10 മുതൽ രാത്രി 8 മണി വരെ. മ്യൂസിയത്തിൽ പ്രവേശിക്കുന്നതിനു മുൻപായി കൂടുതൽ വിവരങ്ങൾ ആവശ്യമെങ്കിൽ ഗൈഡിൻ്റെ സേവനം തേടാവുന്നതാണ്. ഇതിന് ഫീസും ഉണ്ടായിരിക്കും.